ക്രൈസ്തവസഭയും ഭരണവർഗ്ഗപ്പരിഷകളും നടത്തുന്ന ബ്രാഹ്മണ്യസേവ
മതസൗഹാർദ്ദത്തിൻ്റെ പേരിൽ ഭരണവർഗ്ഗപ്പരിഷകൾ നടത്തുന്ന ബ്രാഹ്മണ്യസേവയെ തിരിച്ചറിയുക. ഇസ്‌ലാം കുറ്റകൃത്യങ്ങളുടെ മതമാണ് എന്ന് വിദ്വേഷ പ്രസംഗം നടത്തിയ സീറോ മലബാർ പാലാ രൂപതയുടെ അദ്ധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യുക…
_ ബ്രാഹ്മണ്യ – ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി
“ആക്രമാസക്തമായ വാക്കുകളിൽ തെറ്റുപറ്റിയാൽ അതിന് ഉടൻ ഒരു തിരുത്തൽ കൊടുത്താൽ മതിയാവും. എന്നാൽ മുറിപ്പെട്ട മനുഷ്യൻ്റെ അന്തസ്സ് തിരിച്ചു കൊടുക്കാൻ അതിനാവില്ല.” എന്ന് ലോക സാഹചര്യത്തെ വിലയിരുത്തി ക്രൈസ്തവ സഭാദ്ധ്യക്ഷൻമാരോടായി 2021 മെയ് മാസത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറയുകയുണ്ടായി. (കടപ്പാട് – മാധ്യമം)
കുറ്റകൃത്യങ്ങളുടെ മതമാണ് ഇസ്‌ലാം, ലോകത്തെ ഭീകരത അവരിൽ നിന്നാണ് എന്ന അമേരിക്കൻ – പശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ സംഘടിത പ്രചരണത്തിനെതിരെ ക്ലമൻ്റി ഹാളിൽ നടന്ന പ്രഭാഷണത്തിൽ മാർപാപ്പ ചൂണ്ടി കാട്ടി നാല് മാസം പിന്നിടുമ്പോഴാണ് ഒരു സഭാദ്ധ്യക്ഷൻ വിദ്വേഷത്തിൻ്റേയും, വിഭജനത്തിൻ്റെയും പ്രേക്ഷിതവേല കുറവിലങ്ങാട് നടത്തിയത്. ഈ പ്രസംഗം നടന്ന് പത്ത് ദിവസം പിന്നിടുമ്പോൾ കേരളത്തിൻ്റെ സാമൂഹ്യമണ്ഡലത്തിൽ പല തരത്തിലുള്ള ചർച്ചക്ക് വഴി തുറന്നിരിക്കുന്നു.
വിദേശ കച്ചവടവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ക്രിസ്ത്യാനികളുടെ കടന്നുവരവ്. ബ്രിട്ടീഷ് ആധിപത്യത്തിലും അതിനുശേഷവും ഈ അവസ്ഥ ക്രിസ്ത്യാനികളില്‍ തുടര്‍ന്നു.
കൊച്ചി, തിരുവിതാംകൂര്‍ മേഖലകളില്‍ ക്രൈസ്തവര്‍ക്കും മലബാര്‍ മേഖലയില്‍ മുസ്‌ലിങ്ങള്‍ക്കുമായി കേരളത്തില്‍ കച്ചവട ആധിപത്യം. കേരള നവോത്ഥാന ഘട്ടത്തിലും അതേ തുടര്‍ന്നുവന്ന നിവര്‍ത്തന പ്രക്ഷോഭങ്ങളിലുമെല്ലാം സമുദായ പ്രാതിനിധ്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്ത അവര്‍ മൂന്ന് പതിറ്റാണ്ടായുള്ള ആഗോള മൂലധന ശക്തികളുടെ നയങ്ങള്‍ക്ക് അനുഗുണമായി ആഗോള- അഖിലേന്ത്യാ മൂലധന ശക്തികള്‍ക്ക് വേണ്ടി നടത്തുന്ന ദല്ലാള്‍ പണിയിലൂടെ തങ്ങളുടെ ഇടം സുരക്ഷിതമായി ഉറപ്പിക്കുകയാണവര്‍.
കോട്ടയം മീനച്ചില്‍ താലൂക്കില്‍ പാലാ രൂപതാ ക്രൈസ്തവര്‍ ബ്രാഹ്മണ്യവാദികളും കടുത്ത യാഥാസ്ഥിതികരുമാണ്. സെന്റ് തോമസ് നേരിട്ടുവന്ന് ജ്ഞാനസ്നാനം ചെയ്ത് ബ്രാഹ്മണ കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കിയ ചരിത്രം മെനഞ്ഞെടുത്തിട്ടുണ്ട്. അങ്ങനെ സീറോ മലബാര്‍ കത്തോലിക്കര്‍ ബ്രാഹ്മണരാണെന്ന് സ്വയം പ്രഖ്യാപിക്കുകയും അങ്ങനെവരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ശബരിമല വിഷയത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത സാമൂഹ്യ വിഭജനം കേരളത്തിൽ സൃഷ്ടിക്കാൻ ഈ പ്രേക്ഷിത വേലക്ക് കഴിഞ്ഞു .ഒരു അപരനെ ശത്രുപക്ഷത്ത് ഉറപ്പിക്കുകയും ചെയ്തു എന്ന അപകട മുനമ്പിലാണ് ഇന്ന് നാം.
കേരളത്തിലെ ഭരണകൂടവും ഭരണ-പ്രതിപക്ഷ കക്ഷികളും നിയമ സംവിധാനങ്ങളും കുറ്റകരമായ മൗനത്തിലാണ് എന്ന് മാത്രമല്ല , ഞങ്ങൾ സഭക്കൊപ്പമാണന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സഭയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചവർ മതസൗഹാർദ്ദം തകർക്കുന്നവരും, തീവ്രവാദികളുമാണ് എന്നതിൽ ഈ കക്ഷി രാഷ്ടീയ നേതൃത്വങ്ങൾക്ക് ഒരു സംശയവും ഇല്ല. രണ്ട് മുന്നണികളും ബിജെപിയെ ഞെട്ടിക്കുകയും സിപിഎം സംഘപരിവാരിനെ തൃപ്തിപ്പെടുത്തുകയും ചെയ്തു.
വിദ്വേഷ പ്രചരണത്തിനായി സഭ നാർകോട്ടിക്സ് ജിഹാദുമായി വരുന്നതിനു മുമ്പേ, സിപിഎം അതിൻ്റെ സമ്മേളന ചർച്ചക്കായി തയ്യാറാക്കിയ രേഖയിൽ ഉയർന്ന വിദ്യാഭ്യാസ മേഖലയിൽ അമുസ്‌ലിം പെൺകുട്ടികളെ വശീകരിക്കാനുള്ള ശ്രമം നടത്തുന്ന തീവ്രവാദികൾക്കും, ഭീകരവാദികൾക്കും എതിരെ ജാഗ്രത പാലിക്കാൻ വിദ്യാർത്ഥി, യുവജന സംഘടനകളോട് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ വിവിധ കോടതികൾ, വനിത, മനുഷ്യാവകാശ ,ന്യൂനപക്ഷ കമ്മീഷനുകൾ, കേന്ദ്ര അന്വേഷണ സംഘങ്ങൾ, കേന്ദ്ര സർക്കാർ, പാർലമെൻ്റ് എന്നിവ തള്ളികളഞ്ഞ ലൗ ജിഹാദ് എന്ന ഇല്ലാത്ത ഒന്നിനെ വീണ്ടും സ്ഥാപിക്കാനുള്ള സിപിഎം-ആർ.എസ്.എസ് ശ്രമത്തിന് കരുത്ത് പകരുകയും പുതിയ തലത്തിലേക്ക് ലൗജിഹാദിനെ സ്ഥാപിക്കുകയും ചെയ്യുന്നതിനെ പുരോഗമന ശക്തികൾ എതിർത്തേ മതിയാവു.
പൊതുമണ്ഡലത്തിൽ മതേതരവാദിയും, സ്വകാര്യ ജീവിതത്തിൽ ഹിന്ദുവായി നെടുകെ പിളർന്ന ശരാശരി മലയാളിയുടെ ശബ്ദമാണ് ലൗജിഹാദ്. 2020 – 2021ലും ഇതു ചർച്ച ചെയ്യപ്പെടുന്നു. ഇസ്‌ലാമിക ഭീകരതയുടെ ഇരകളാണ് നമ്മൾ എന്ന ആർ.എസ്.എസ് വാദം കൂടുതൽ ആഴത്തിലാക്കാന്‍ സിപിഎം പോലുള്ള ഹിന്ദു പാർട്ടിക്ക് കഴിഞ്ഞു. അതാണ് ബിജെപിയുടെ പ്രതിസന്ധിയും, കോൺഗ്രസിൻ്റെ തകർച്ചയും.
തങ്ങളുടെ അനുയായികളെ നേർവഴിക്ക് നടത്താനും, അപഥ സഞ്ചാരങ്ങൾ ഒഴിവാക്കാനുള്ള സങ്കീർത്തനങ്ങളാണ് ഞങ്ങൾ പറയുന്നതെന്ന് വിശ്വസിക്കാൻ മതമേധാവികൾ അനുയായികളെ നിർബന്ധിക്കും. ഇന്ന് സഭക്കുള്ളിൽ ജനാധിപത്യ അവകാശങ്ങൾക്കായി ശക്തമായ സമരങ്ങൾ നടക്കുന്നു. അഴിമതിക്കും സാമ്പത്തിക തട്ടിപ്പിനും, ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ കന്യാസ്ത്രീകൾ, കുട്ടികൾ, എന്നിവർ ശബ്ദിക്കുന്നു, സഭാംഗങ്ങളായ സ്ത്രീകളുടെ പരാതിയിൽ പുരോഹിതർ ജയിലിൽ നിന്ന് ജയിലുകളിലേക്കും, മെത്രാൻമാർ ഭൂമി തട്ടിപ്പിലും, വിദേശ ഫണ്ട് തിരിമറികളിൽ നിന്ന് രക്ഷനേടാൻ കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കുന്നതിനുമാണ് നാർക്കോട്ടിക്ക് ജിഹാദ് എന്ന് പറഞ്ഞതെന്നും ആന്തരിക പ്രതിസന്ധിയിൽ നിന്ന് രക്ഷതേടലാണ് സഭയുടെ ലക്ഷ്യമെന്നും വിശകലന വിദ്വാൻമാർ പറയുകയും, സഭ നടത്തുന്ന ബ്രാഹ്മണ്യ സേവയെ മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ക്രൈസ്തവരെ ആട്ടിൻ പറ്റങ്ങളെപ്പോലെ സംഘപരിവാർ കൂടാരത്തിലേക്ക് ആട്ടിതെളിക്കുകയാണ് സഭ ചെയ്യുന്നത്. വർഗീയ വിദ്വേഷം പടർത്തിയ പ്രസ്താവനകൾ എന്നാരോപിച്ച് വെള്ളാപ്പള്ളി നടേശനേയും, സലഫി പ്രഭാഷകനായ ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എയും ചുമത്തി കേസെടുത്ത സർക്കാർ മാതൃകാപരമായി മെത്രാനെതിരെ വിദ്വേഷ, വർഗ്ഗീയ പ്രചരണത്തിനെതിരെ കേസെടുക്കുകയാണ് ചെയ്യേണ്ടത്.
വിഭജനവും വിദ്വേഷവും ബ്രാഹ്മണ്യവാദത്തിൻ്റെ മുഖമുദ്രയാണ്. ഇതിനെതിരെ സാഹോദര്യവും, സംവാദവും പുലരുവാൻ യഥാർത്ഥ ജനാധിപത്യം സാധ്യമാക്കാൻ വിവിധ നിറങ്ങളിൽ വരുന്ന ബ്രാഹ്മണ്യവാദത്തിനെതിരെ ഉയരുന്ന പോരാട്ടത്തിൽ ഉറച്ചു നിൽക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
_ ബ്രാഹ്മണ്യ – ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി