ഫാഷിസ്റ്റുകാലത്തെ അഭിസംബോധന ചെയ്യുന്ന അടിയന്തരാവസ്ഥയിലെ കഥകൾ

“സൂക്ഷ്മതകൊണ്ടും ഘടനാവൈശിഷ്ട്യം കൊണ്ടും ലാവണ്യശിൽപ്പങ്ങൾ കൊണ്ടും ആവിഷ്കരിക്കപ്പെട്ട അതിമനോഹരമായ കഥയാണ് ഒ വി വിജയന്റെ ” അരിമ്പാറ” എന്ന കഥ. സനാതനവും ലിബറലുമായ മൂല്യങ്ങളെ ഗൃഹാതുരതയോടെ പിന്തുടരുന്നവനും രാഷ്ട്രീയ നിരപേക്ഷമായി ജീവിക്കുകയും ചെയ്യുന്ന സവർണനായ കൃഷ്ണനുണ്ണിയുടെ കീഴ്ചുണ്ടിൽ പതുക്കെ പതുക്കെ വളരുന്ന അരിമ്പാറ അയാളെ അടിമുടി നിയന്ത്രിക്കുന്നതാണ് മായികമായ ഭാഷയിലൂടെ ഒ വി വിജയൻ ആവിഷ്ക്കരിക്കുന്നത്…”

ടി ആർ രമേഷ്

ഓർമ്മിക്കുക എന്നത് ഒരു തരത്തിലുള്ള പ്രതിരോധമാകുന്നു. അടിയന്തരാവസ്ഥ പ്രമേയമാക്കി എഴുതപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത കഥകൾക്ക് അതുകൊണ്ടു തന്നെ വർത്തമാന കാലത്തും ഏറെ പ്രസക്തിയുണ്ട്. ആ അർത്ഥത്തിൽ “അടിയന്തരാവസ്ഥയിലെ കഥകൾ” വർത്തമാന ഫാസിസവത്ക്കരണത്തെ മറികടക്കാനുള്ള ഊർജ്ജം സംവഹിക്കുന്നുണ്ടെന്ന് പറയാം.

ഇന്ത്യൻ രാഷ്ട്രീയ സ്മരണയിലെ ഭീതിപ്പെടുത്തുന്ന അദ്ധ്യായമായിരുന്നു 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ ശുപാർശ ശിരസ്സാവഹിച്ച് കൊണ്ട് പ്രസിഡന്റ് ഫക്രൂദ്ദീൻ അലി അഹമ്മദ് രാജ്യത്തിന്മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു. അന്ന് മുതൽ 21 മാസം രാജ്യം ലോക്ഡൗണിൽ അമർന്നു. ഭരണഘടന പൗരന് ഉറപ്പ് നൽകിയ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. പരിപൂർണ്ണ ഭീതിയുടെ കമ്പളം കൊണ്ട് രാജ്യം മൂടപ്പെട്ടു . മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. തൊഴിൽ സമരങ്ങളടക്കം മുഴുവൻ പ്രതിഷേധങ്ങൾക്കും വിലക്ക് വീണു. ചേരികൾ പൊളിക്കൽ, നിർബ്ബന്ധിത വന്ധ്യംകരണം വരെ അരങ്ങേറി. ഒരു ലക്ഷത്തിലധികം ആളുകൾ തടവറയിൽ അടക്കപ്പെട്ടു. മാംസത്തിൽ നിന്ന് അസ്ഥികൾ വേർപ്പെട്ടും നെഞ്ചിൻ കൂട് തകർന്നും അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1975ലെ അടിയന്തരാവസ്ഥ യുദ്ധത്തിന്റേയോ, വിദേശ ആക്രമണത്തിന്റെയോ പേരിലല്ലായിരുന്നില്ല. രാജ്യത്ത് ജനകീയാസ്വസ്ഥതകൾ പൊട്ടിപുറപ്പെട്ടതിനാലായിരുന്നു അത്.

അടിയന്തരാവസ്ഥയെ മനസ്സിലാക്കാനുള്ള താക്കോലായി പലരും പലതും നിരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് സിൻഹ ഇന്ദിരാഗാന്ധിയെ പാർലമെന്റിൽ അയോഗ്യയാക്കുകയും അവരുടെ പദവികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങൾ ഫലവത്താകാതെ പോയി. രൂക്ഷമായ വിലക്കയറ്റം, പട്ടിണി, തൊഴിലില്ലായ്മ പണപ്പെരുപ്പം ഇവ മൂലം ജനങ്ങൾ വലഞ്ഞു. വടക്ക് കിഴക്കൻ മേഖലകളിൽ ദേശീയ വിമോചന സമരങ്ങളും അലയടിച്ചു. അതേസമയം സഹസ്രാബ്ദങ്ങളായി സാമൂഹ്യ സാമ്പത്തിക മേഖലകളിൽ മേധാവിത്വം പുലർത്തിയ സവർണ വരേണ്യ വർഗ്ഗം പഴയകാല ചൂഷണം തീവ്രമാക്കി. ഭരണകൂട സ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനങ്ങൾ കയ്യടക്കിയ അവർ അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണം നടപ്പിലാക്കി. ഭൂപരിഷ്ക്കരണത്തിനും തൊഴിൽ ശക്തിയെ കെട്ടഴിച്ചു വിടുന്നതിനും പകരം സാമൂഹ്യ പുരോഗതിക്ക് കൂച്ച് വിലങ്ങിടുന്ന നപടിയുമായി മുന്നോട്ടുപോയി. ഈ സന്ദർഭത്തിലാണ് രാജ്യത്തെമ്പാടും തെരുവുകൾ പ്രക്ഷോഭങ്ങളാൽ നിറഞ്ഞത്. അടിയന്തരാവസ്ഥ ഹ്രസ്വ കാലത്തേക്കായിരുന്നെങ്കിലും അത് ഭരണകൂടത്തിന് അനുകൂലമായി വികസിച്ചു കൊണ്ടിരുന്ന ഫാസിസവത്ക്കരണത്തിന്റെ ഭാഗം തന്നെയായിരുന്നു.

ഇന്നാകട്ടെ രാജ്യം അടിയന്തരാവസ്ഥയുടെ നിന്ദ്യമായ പൈതൃകത്തേക്കാൾ അപകടകരമാം വിധം ഫാസിസ്റ്റ് വാഴ്ചയിലേക്ക് നിപതിച്ചിരിക്കയാണ്. ഇതിനെ അടിയന്തരാവസ്ഥയെപ്പോലെ ഹ്രസ്വമായ ഒന്നായോ, ആകസ്മികമായ പ്രകൃതി ദുരന്തം പോലെയോ കാണാനാവില്ല. കോൺഗ്രസ്സിന് അടിമുടി ഫാസിസവത്ക്കരിക്കപ്പെട്ട അർദ്ധസൈനിക സംവിധാനം ഉണ്ടായിരുന്നില്ല. കോൺഗ്രസ്സ് ഫിനാൻസ് മൂലധനത്തേയും ബ്രാഹ്മണിസത്തേയും സേവിക്കുമ്പോൾ തന്നെ അതിന് വ്യക്തമായ പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അധികാരത്തിലിരിക്കുന്ന ഹൈന്ദവ ഫാസിസം അഥവ സവർണ ഹിന്ദുത്വ ഫാസിസം യൂറോപ്പിലേതുപോലെ ആകസ്മികമായി പെട്ടിമുളച്ചതു പോലുമല്ല. അത് പതുക്കെ പതുക്കെ ഘട്ടം ഘട്ടമായി വികസിച്ചു വന്ന ഒന്നാണ്.

ഇന്നത് സമൂഹത്തിന്റെ എല്ലാ അടരുകളിലും വേരാഴ്ത്തിയ ശേഷം പുറത്ത് വന്നിരിക്കുന്നു എന്ന് മാത്രം. ഇന്ത്യൻ ഫാസിസം ഫിനാൻസ് മൂലധനത്തിന്റേയും ബ്രാഹ്മണിസത്തിന്റേയും സംരക്ഷകരാകുന്നു. ബ്രാഹ്മണിസം എന്നത് വർണ -ജാതിയിലധിഷ്ടിതമായ മതപരവും ദാർശനികവും സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക വീക്ഷണത്തിലധിഷ്ടിതവുമായ മൂല്യ വ്യവ്യസ്ഥയാകുന്നു. ഭരണഘടനയുടെ കരട് പരിഗണിക്കവെ 1948 നവംബർ 4ന് ഡോ. ബി ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിക്ക് മുന്നറിയിപ്പ് നൽകി: “ഭരണഘടനാപരമായ ധാർമ്മികത ഒരു സ്വാഭാവിക വികാരമല്ല. അത് വളർത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജനാധിപത്യം ഇന്ത്യൻ മണ്ണിനു മേലുള്ള ഒരു മേൽ വസ്ത്രം മാത്രമാണ്”. ഇന്ന് ഹൈന്ദവ ഫാസിസ്റ്റുകൾ ആ മേൽവസ്ത്രം നിലനിർത്തിക്കൊണ്ടു തന്നെ അതിനെ കീറി പറിക്കുകയാണ്.

മാധ്യമങ്ങളെ മുഴുവൻ വരുതിയിലാക്കുകയോ മാധ്യമങ്ങൾ സ്വയം നിരായുധരായോ ചെയ്തിരിക്കുന്നു. അടിയന്തരാവസ്ഥയിലേതുപോലെ ഭയം തന്നെയാണ് ഇന്ന് നമ്മെ ഭരിക്കുന്നത്. ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥയുടെ ഓർമ്മ പ്രജ്ഞയെ ജാഗ്രത്താക്കുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ അടിയന്തരാവസ്ഥയെ രാഷ്ട്രീയമായി തന്നെ പ്രമേയമാക്കിയ “അടിയന്തരാവസ്ഥയിലെ കഥകൾ” വർത്തമാന കാലത്തേയും അഭിസംബോധന ചെയ്യാൻ കെൽപ്പുള്ളതാകുന്നു.

കേരളത്തിലെ മദ്ധ്യവർഗ്ഗ അനുഭവതലങ്ങളെ അടിയന്തരാവസ്ഥ കാര്യമായി സ്പർശിക്കുകയുണ്ടായില്ല. അതുകൊണ്ടു തന്നെ അടിയന്തരാവസ്ഥ കലാകാരന്മാരിലും സാഹിത്യകാരന്മാരിലും കാര്യമായ പ്രതികരണവുമുയർത്തിയില്ല. പലരും നിശബ്ദത പാലിക്കുകയോ സമരങ്ങളൊന്നുമില്ലാത്ത സാമൂഹ്യാന്തരീക്ഷത്തെ പ്രകീർത്തിച്ച് രചനകൾ നടത്തുക പോലും ചെയ്തു. എങ്കിലും ഈ മഹാവിപത്തിനെ ചോദ്യം ചെയ്യാൻ ചെറു ന്യൂനപക്ഷം തയ്യാറാവുകയുണ്ടായി. അതിൽ കവികളും കഥാകാരന്മാരും മറ്റു നീതിവാദികളും ഉൾപ്പെടും. അടിയന്തരാവസ്ഥയുടെ മുദ്രകൾ ആഴത്തിൽ പതിഞ്ഞ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ട “അടിയന്തരാവസ്ഥയിലെ കഥകൾ”.

സൂക്ഷ്മതകൊണ്ടും ഘടനാവൈശിഷ്ട്യം കൊണ്ടും ലാവണ്യശിൽപ്പങ്ങൾ കൊണ്ടും ആവിഷ്കരിക്കപ്പെട്ട അതിമനോഹരമായ കഥയാണ് ഒ വി വിജയന്റെ ” അരിമ്പാറ” എന്ന കഥ. സനാതനവും ലിബറലുമായ മൂല്യങ്ങളെ ഗൃഹാതുരതയോടെ പിന്തുടരുന്നവനും രാഷ്ട്രീയ നിരപേക്ഷമായി ജീവിക്കുകയും ചെയ്യുന്ന സവർണനായ കൃഷ്ണനുണ്ണിയുടെ കീഴ്ചുണ്ടിൽ പതുക്കെ പതുക്കെ വളരുന്ന അരിമ്പാറ അയാളെ അടിമുടി നിയന്ത്രിക്കുന്നതാണ് മായികമായ ഭാഷയിലൂടെ ഒ വി വിജയൻ ആവിഷ്ക്കരിക്കുന്നത്. എച്ചുമേനവൻ എന്ന ആധുനിക ഡോക്ടർ അത് മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഒരു ചെറു മറുകല്ലേ എന്ന നിഷ്കളങ്ക മനോഭാവം അയാളെ അതിൽ നിന്ന് വിലക്കുന്നു. മാത്രമല്ല, സനാതനനും ആയൂർ മുർത്തിയായ ധന്വന്തരിയെ ധ്യാനിക്കുന്നവനുമായ അയാൾക്കതിന് സാധ്യവുമായിരുന്നില്ല. ഒടുവിലൊടുവിൽ അരിമ്പാറ വളർന്ന് അയാൾ എവിടെ പോകണം, എന്ത് ചെയ്യണം, എന്ത് ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിലേക്ക് ഒരു വിചിത്രജീവിയെപ്പോലെ അരിമ്പാറ എന്ന സ്വത്വം വളരുന്നു. പാരമ്പര്യബോധം പേറുന്ന ലിബറൽ സമൂഹത്തിന്റെ നിഷ്ക്രിയവും യുക്തിരഹിതവുമായ ചിന്തക്ക് മേൽ ഹൈന്ദവ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് വേരുറപ്പിക്കാനും മേൽക്കോയ്മ സ്ഥാപിക്കാനും കഴിയുമെന്ന് സർറിയലിസ്റ്റിക്കായ ഈ കഥ സൂചിപ്പിക്കുന്നു. മാത്രമല്ല, ഫാസിസ്റ്റ് മനോഘടനയുടെ പുരുഷാധിപത്യപരവും ജുഗുപ്സാഹവുമായ ലൈംഗിക തൃഷ്ണയേയും ഈ കഥ അനാവരണം ചെയ്യുന്നുണ്ട്.

രാഷ്ട്രീയാധുനികതയുടെ വക്താവായ എം സുകുമാരന്റെ “ജലജീവികളുടെ മർമ്മരം” ഭയവും ഭീകരതയും തേർവാഴ്ച നടത്തിയ കാലത്തിന്റെ അടയാളപ്പെടുത്തലാകുന്നു. ഫാസിസ്റ്റ് കാലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മർദ്ദനമുറകളേയും ഫാസിസ്റ്റ് മനസ്സിന്റെ അധികാര തൃഷ്ണകളേയും സാഹസികമായി തന്നെ ഇതിൽ അനാവരണം ചെയ്യുന്നു. എത്ര കഠിനമായ മർദ്ദനമുറകൾക്കും മനുഷ്യന്റെ ഇച്ഛാശക്തിയെ തോൽപിക്കാനാവില്ലെന്ന് ഈ കഥ സൂചിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയോടുള്ള എതിർപ്പിന്റെ മറപറ്റി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ അള്ളിപ്പിടിച്ച് തങ്ങളുടെ സ്വാധീനം എങ്ങിനെ ഉറപ്പിച്ചു എന്നും ഈ കഥ അനാവരണം ചെയ്യുന്നു.

അടിയന്തരാവസ്ഥയിൽ നടമാടിയ വെള്ള ഭീകരതയെ പ്രതിരൂപാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് യു പി ജയരാജിന്റെ മഞ്ഞ്. വിചിത്രവും അതിഭീകരവുമായ ഒരു സാഹചര്യത്തിന് നേരെ മദ്ധ്യവർഗ്ഗം കൈകൊണ്ട സമീപനവും പിന്നീട് സ്വാനുഭവത്തിലൂടെ അത് തിരിച്ചറിയുന്നതും കലാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് മഞ്ഞ്. ആസന്നമായ വിപത്തിനിടയിലും പ്രത്യാശയുടെ ഒരടിയൊഴുക്ക് ഈ കഥ സംവഹിക്കുന്നു.

അടിയന്താരാവസ്ഥയെ പ്രമേയമാക്കുന്ന ദൃഷ്ടാന്ത കഥയാണ് സി വി ശ്രീരമന്റെ ” മീശ.” ഗൃഹാന്തരീക്ഷത്തിൽ നടക്കുന്ന കഥയാണിത്. ഇല്ലത്തിന്റെ അധികാരം പിടിച്ചെടുക്കുന്ന വിധവയായ ഇട്ടിച്ചിരി ഹിറ്റ്ലർ മീശ വെച്ച് അവിടെയുള്ളവരുടെ മേൽ അധികാര വാഴ്ച നടത്തുന്നതാണ് ഇതിലെ പ്രമേയം. അവസാനം തന്ത നമ്പൂതിരിയെ ഊട്ടുപുരയിൽ തടവിലാക്കുന്നു. ഇട്ടിച്ചിരി ഇന്ദിരാ ഗാന്ധിയേയും തന്ത നമ്പൂതിരി ജയപ്രകാശ് നാരയണനേയും പ്രതിനിധാനം ചെയ്യുന്നു. അയത്ന ലളിതമായ റിയലിസ്റ്റിക് ആഖ്യാന രീതി പിന്തുടരുന്ന ഈ കഥയിൽ സാമൂഹ്യ . സഘർഷങ്ങളൊന്നും കടന്നുവരുന്നില്ല.

എം.പി നാരയണപിള്ളയുടെ “കടിഞ്ഞൂൽ” എന്ന കഥ രാജ്യത്ത് പിറവിയെടുത്ത ഭീകരതയെ സാമാന്യവത്കൃത രൂപകളിലൂടെ ആവിഷ്ക്കരിക്കുന്നു. ബക്കുളം ദാമോദരന്റെ “ആഷാഢത്തിലെ അടിയന്തരം” ജീവിത യാഥാർത്ഥ്യങ്ങളുടെ വൈരുദ്ധ്യാത്മകമായ അനുഭവതലങ്ങളെ വ്യാകുലതകളോടെ തന്നെ അനുഭവവേദ്യമാകുന്നു.

അധികാര വ്യവസ്ഥയെ എക്കാലത്തും വിമർശന വിധേയമാക്കിയ കഥാകാരനാണ് വി കെ എൻ. അടിയന്തരാവസ്ഥയെ തന്റെ കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന കഥയാണ് “ഓട്ടോ മെയ്ഷൻ”. ഫാസിസത്തിന് മുന്നിൽ തല കുനിച്ചു നിൽക്കുന്ന മാധ്യമങ്ങളേയും പൊതുസമൂഹത്തിന്റെ മറവിയേയും കപടാവബോധത്തേയുമൊക്കെ വി കെ എൻ ശൈലിയിൽ ഈ കഥ ആവിഷ്ക്കരിക്കുന്നു. ഭരണകൂടത്തിനെതിരെ ഉരിയാടുന്നതെന്തും ക്രൂരമായ പ്രതികാര നടപടികൾക്ക് വിധേയമാകുന്ന കാലത്ത് മിത്തും പുരാണങ്ങളും ദൃഷ്ടാന്തങ്ങളും ഫാന്റസിയുമാക്കെ ഉപയോഗിച്ചുകൊണ്ട് ഫാസിസ്റ്റ് കാലത്തെ അതിവിദഗ്ധമായി ഈ കഥകൾ മറികടക്കുന്നു.

“അടിയന്തരാവസ്ഥയിലെ കഥകൾ” തപാലിൽ ലഭിക്കാൻ തപാൽ ചാർജ് ഉൾപ്പെടെ 240 രൂപ 6235178393 എന്ന നമ്പറിലേക്ക് Google Pay/ Phone Pay ചെയ്ത് റെസീപ്റ്റും പൂർണ്ണമായ മേൽവിലാസവും (പിൻ കോഡ് ഉൾപ്പെടെ) ഇതേ നമ്പറിൽ വാട്സാപ് ചെയ്യുക. വി പി പിക്കും ഇതേ നമ്പറിൽ ബന്ധപ്പെടുക.

Follow us on | Facebook | Instagram Telegram | Twitter