ബർ യുഹാനോൻ റമ്പാന്‍റെ ജീവൻ രക്ഷിക്കുക

യാക്കോബായ വിശ്വാസികൾക്ക്‌ അവകാശപ്പെട്ട പള്ളികൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിടിച്ചെടുക്കുന്ന ഓർത്തഡോക്സ് – സർക്കാർ നടപടി നിർത്തിവയ്ക്കണമെന്നും ചർച്ച് ആക്ട്-2009 നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബർ യുഹാനോൻ റമ്പാൻ 20 ദിവസമായി നിരാഹാരം സമരം നടത്തുന്നു.

ഓഗസ്റ്റ് 19നാണ് പിറമടം ദയറയില്‍ റമ്പാൻ നിരാഹാര സമരം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു ഓഗസ്റ്റ് 24നു പൊലീസ് മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരുന്നുകളും ഡ്രിപ്പും നല്‍കുന്നത് റമ്പാൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങി സ്വീകരിച്ചു. മൂവാറ്റുപുഴ ആര്‍.ഡി.ഒ, തഹസില്‍ദാര്‍ തുടങ്ങിയ അധികൃതരും പുരോഹിതന്മാരും സന്ദര്‍ശിച്ചപ്പോഴും നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു റമ്പാൻ നിരാഹാര സമരം തുടരുകയാണ്.

ഫ്ലൂയിഡും അവശ്യ മരുന്നുകളും നല്‍കുന്നുണ്ടെങ്കിലും ഇതേ സ്ഥിതി തുടരുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ചു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റമ്പാൻ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കേണ്ടത് സര്‍ക്കാരാണെന്നാണ് ന്യൂനപക്ഷ കമ്മീഷന്‍റെ നിലപാട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ റമ്പാൻ ഉന്നയിച്ച ആവശ്യങ്ങളിൽ എടുത്ത നടപടി അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അവശ്യപ്പെട്ടിരുന്നു.

റമ്പാന്‍റെ ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ് കയറുവാൻ ബുദ്ധിമുട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ സാധ്യതയുണ്ടെന്നും MACCABI(Malankara Action Council for Christian Church Act Bill Implementation)യുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. “സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ദേശീയ മനുഷ്യവകാശ കമ്മീഷനും ഇടപെടൽ നടത്തിയ ഈ സമരം ഇതുവരെ കണ്ടില്ലന്നു നടിക്കുകയാണ് സർക്കാരും സഭാ നേതൃത്വവും. സഭക്ക് നീതി ലഭിക്കും വരെയും സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് വന്ദ്യ ബാർ യൂഹാനോൻ റമ്പാച്ചൻ.”, MACCABIയുടെ അറിയിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കണമെന്നും ചര്‍ച്ച് ആക്ട്-2009 നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു MACCABIയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

റമ്പാച്ചന്‍റെ ആരോഗ്യസ്ഥിതി നിരാഹാര സമരത്തോടെ ഏറെ മോശമായിരിക്കുന്നുവെന്നു മനുഷ്യാവകാശ പ്രവര്‍ത്തകയും മറുവാക്ക് മാഗസിന്‍ എഡിറ്ററുമായ അംബിക പറയുന്നു. ജനാധിപത്യ ബോധവും ആഴത്തിലുള്ള അറിവും ഗൗരവമേറിയ സാമൂഹ്യബോധവും മതേതരത്വവും ദീർഘവീക്ഷണവുമുള്ള പുതിയ കാലത്തിന്‍റെ പരുമല തിരുമേനി എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. 15 ലക്ഷത്തോളം വരുന്ന വിശ്വാസി സമൂഹത്തിന്‍റെ ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനായുള്ള റമ്പാച്ചന്‍റെ പോരാട്ടത്തെ പിന്തുണക്കേണ്ടതുണ്ട്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി കൈക്കൊള്ളണം, അംബിക ആവശ്യപ്പെട്ടു.

അംബിക സംസാരിക്കുന്നു

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail