ഉര്‍ദുഗാന്‍റെ ഭരണകൂട ഭീകരതക്കെതിരെ ഇബ്രാഹിമിന്‍റെ നിരാഹാര സമരം 311 ാം ദിവസം

തുർക്കിയിലെ ഉർദു ഗാൻ സർക്കാർ രാഷ്ട്രീയ എതിരാളികളോട് സ്വീകരിച്ചിരിക്കുന്ന ജനാധിപത്യ വിരുദ്ധവും സ്വേഛാപരവുമായ നയങ്ങൾക്കെതിരെ 311 ദിവസമായി നിരാഹാര സമരം ചെയ്യുന്ന ഗിറ്റാറിസ്റ്റ് ഇബ്രാഹിം ഗോക്സെക്.

അദ്ദേഹം അംഗമായ വിപ്ലവ സംഗീത ബാൻഡായ ഗ്രൂപ് യോറത്തിന്റെ നിരോധനം പിൻവലിക്കുക, സർക്കാർ ജയിലിലടച്ചിരിക്കുന്ന സംഘാം​​ഗങ്ങളെ വിട്ടയക്കുക, ഗ്രൂപ് യോറത്തിനെതിരായ കേസുകൾ പിൻവലിക്കുക, സം​ഗീത പരിപാടികൾ അവതരിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇബ്രാഹിം ഗോക്സെക് നിരാഹാര സമരം ചെയ്യുന്നത്.

അദ്ദേഹത്തിനൊപ്പം ഇതേ ആവശ്യമുന്നയിച്ചു നിരാഹാരസമരം തുടങ്ങിയ വിപ്ലവ ഗായിക ഹെലിന്‍ ബോലെക് നിരാഹാര സമരത്തിന്‍റെ 288 ാം ദിവസം ഏപ്രില്‍ 3നു രക്തസാക്ഷിയായി. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും ഹെലിന്‍റെ മാതാവിനെയും സുഹൃത്തുക്കളെയും ഉര്‍ദുഗാന്‍ അനുവദിച്ചില്ല.

ജയിലില്‍ വെച്ചാണ് ഇബ്രാഹിമും ഹെലിനും നിരാഹാരസമരം ആരംഭിച്ചത്. ഇരുവരുടെയും ആരോഗ്യസ്ഥിതി വഷളായപ്പോള്‍ ലോകമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നു ഇരുവരെയും നവംബറില്‍ വിട്ടയച്ചുവെങ്കിലും നിരാഹാര സമരം തുടര്‍ന്നു. ഇബ്രാഹിമിന്‍റെ ഭാര്യയെയും സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുകയാണ്.

Click Here