ഇത് തികച്ചും ഒരു മുസ്‌ലിം പ്രശ്നം തന്നെയാണ്; ജോളി ചിറയത്ത്
“മുസ്‌ലിം സ്വത്വത്തിലുള്ളവർക്ക് ആധിയെടുത്ത് തെരുവുകളിൽ ഇരിക്കേണ്ടി വരികയും മനുഷ്യത്വ രാഷ്ട്രീയ ധാർമ്മികതയുടെ പുറത്ത് ഐക്യപ്പെട്ട് മറ്റു മതസ്ഥർക്ക് വീടുകളിൽ കിടന്നുറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ ഇത് തികച്ചും ഒരു മുസ്‌ലിം പ്രശ്നം തന്നെയാണെന്നാണ് നാം പറയാതെ പറയുന്നത്… ” നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത് എഴുതുന്നു…
കുട്ടിക്കാലം ’70- ’80 കാലയളവിൽ നാസിക്ക് ജില്ലയിലെ ഒരറ്റത്തുള്ള സത്താണ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ. മാലേഗാവ് എന്ന സ്ഥലത്ത് ഇടയ്ക്ക് കലാപം പൊട്ടിപ്പുറപ്പെടും, അത് സത്താണയുടെ അതിര് വരെ പടരും. മുൻസിപ്പാലിറ്റി മാർക്കറ്റിന് എതിർവശമാണ് ഞങ്ങളുടെ റസ്റ്റോറന്റ്. അടുത്ത് തന്നെ മറ്റു പല കടകളും. അപ്പച്ഛന്റെ സുഹൃത്തും കാശ്മീരിയുമായ,ഞാൻ ചാച്ച എന്നു വിളിക്കുന്ന ഒരു മനുഷ്യനും കുടുംബവും ഉണ്ടായിരുന്നു. 6 പെൺമക്കളും ഒരു മകനും ഉപ്പാപ്പയും ഉമ്മൂമ്മയുo അടങ്ങുന്ന വലിയ കുടുംബം. എനിക്കിപ്പോ സുൽത്താന ഇത്തയുടെ പേര് മാത്രമേ ഓർമ്മയുള്ളു. ആദ്യമായി കാശ്മീരി പുലാവ് കഴിച്ചതും ബിരിയാണി കഴിച്ചതും അവിടെ നിന്നാണ്.
കലാപം പൊട്ടി പുറപ്പെടുമ്പോ, കടകൾ എല്ലാം അടക്കും, ചാച്ചയുടെ കുടുംബത്തെ ഞങ്ങളുടെ കടയിലാണ് താമസിപ്പിക്കുക, കടക്ക് മുന്നിൽ അപ്പച്ചനും മറ്റു കൂട്ടുകാരും മുട്ടൻ വടികളുമായി കാവൽ നിൽക്കും. തൊട്ടടുത്ത സൈക്കിൾ കടക്കാരൻ ഒരൽപം സംഘിയായതുകൊണ്ട് അയാൾ ഒറ്റുമോ എന്ന ഭയവും അപ്പച്ചനുണ്ടായിരുന്നു. അയാൾക്ക് ആവശ്യത്തിന് കള്ളും കാശും കൊടുത്ത് ഈ കൂട്ടത്തിൽ തന്നെ നിർത്തും. പക്ഷേ ഇടക്ക് വീട്ടിവരുമ്പ അപ്പച്ചൻ അയാൾ ഒറ്റുമോന്ന് ആശങ്ക പറയും. കടയുടെ മുൻവാതിൽ തുറക്കാതെ പുറകിലെ ജനലിലൂടെയാണ് അവർക്കുള്ള ഭക്ഷണം കൊടുക്കുക. ദിവസങ്ങളോളം ശ്വാസം വിടാൻ പോലും പേടിച്ച് അവരവിടെ കഴിയും.
മറ്റൊരിക്കൽ രാത്രി ബസ്സിൽ സത്താണയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോളാണ് വിജനമായ ഒരു സ്ഥലത്ത് വണ്ടി തടഞ്ഞത്. ഞാൻ നല്ല ഉറക്കത്തിലായിരുന്നു, എല്ലാവരേയും വണ്ടിയിൽ നിന്നും ഇറക്കി. എനിക്കൊന്നും മനസ്സിലായില്ല, അപ്പച്ചൻ എന്നെ തോളത്തിട്ട് ഉറങ്ങിക്കോളാൻ പറഞ്ഞു, എന്തുണ്ടായാലും ഒച്ച വെക്കരുത് എന്നും.
ബസ്സിൽ നിന്നിറങ്ങിയ മനുഷ്യരുടെ മുണ്ടുരിഞ്ഞ് നോക്കുകയായിരുന്നു അവർ. ഇരുട്ടിലെവിടെയോ നിന്ന് അലർച്ചയും കരച്ചിലും, അപ്പച്ചൻ എന്റെ വായ പൊത്തി പിടിച്ചു, അമ്മയെ പിന്നിലേക്ക് നിറുത്തി. കുറച്ച് കഴിഞ്ഞ് ഞങ്ങളെയൊക്കെ കയറ്റി ബസ്സ് പുറപ്പെട്ടു. കുറച്ച് പേരെ എങ്ങോട്ടോ കൊണ്ടുപോയി. അപ്പച്ചന്റെ ഹൃദയമിടിപ്പും, ശരീരം പൂക്കുല പോലെ വിറക്കുന്നതും എന്തിനാന്ന് എനിക്കന്ന് മനസ്സിലായില്ല.
ഇന്ന് ഇന്ത്യയിൽ നടക്കുന്ന വിഷയങ്ങൾ ഭരണഘടനാ പ്രശ്നം ആവുന്നത് തന്നെ ഭരണഘടന അനുവദിക്കുന്ന മത, വിശ്വാസ പൗരവകാശങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന്, അതായത് ഇന്ത്യൻ മുസ്‌ലിമിന് നിഷേധിക്കപ്പെടുന്നത് കൊണ്ടു മാത്രമാണ്. ആബാല വൃദ്ധ മുസ്‌ലിം സ്വത്വത്തിലുള്ളവർക്ക് ആധിയെടുത്ത് തെരുവുകളിൽ ഇരിക്കേണ്ടി വരികയും മനുഷ്യത്വ രാഷ്ട്രീയ ധാർമ്മികതയുടെ പുറത്ത് ഐക്യപ്പെട്ട് മറ്റു മതസ്ഥർക്ക് വീടുകളിൽ കിടന്നുറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ ഇത് തികച്ചും ഒരു മുസ്‌ലിം പ്രശ്നം തന്നെയാണെന്നാണ് നാം പറയാതെ പറയുന്നത്.
#MuslimLivesMatters
#BANRSS
Photo Courtesy_ PTI