ഡൽഹി പൊലീസിനെ പോലെ കേരള പോലീസിന്റെ തേർവാഴ്ചയെന്ന് സംയുക്ത സമരസമിതി

ഇന്ന് നടക്കുന്ന ജനകീയ ഹർത്താലിനെ സംസ്ഥാന പോലീസ് മർദനങ്ങളിലൂടെയും അറസ്റ്റുകളിലൂടെയും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സംയുക്ത സമരസമിതി. സർക്കാറിന്റെ ഇത്തരം പ്രതികാര നടപടികൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു. ഹർത്താൽ അനുകൂല പ്രകടനം നടത്തിയവരെ പോലും വ്യാപകമായി അറസ്റ്റ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ജനങ്ങളെ ഭീതിയിലാഴ്ത്തിയും സമാധാനപൂർണമായ നടത്തിവരുന്ന ജനകീയ ഹർത്താലിനെ പോലീസ് സംഘർഷത്തിലേക്ക് തള്ളി വിടുകയാണ്.

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ ഡൽഹി പൊലീസിന് സമാനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന കേരള പോലീസിന്റെ തേർവാഴ്ചക്കെതിരിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ഹർത്താലിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഇന്നലെ മുതൽ തന്നെ സംയുക്ത സമിതി നേതാക്കളെ പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സമരചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ഇതെന്നും സംയുക്ത സമരസമിതിയുടെ പത്രപ്രസ്താവനയില്‍ പറയുന്നു.

വ്യത്യസ്ത ജില്ലകളിൽ സമരസമിതി പ്രവർത്തകരെ തെരഞ്ഞുപിടിച്ചു മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അംഗീകരിച്ചു തരാനാവില്ല. അമിത് ഷായുടെ പൊലീസ് ഡൽഹിയിലെ സമരക്കാരെ നേരിട്ടതിന് സമാനമായ രീതിയിലാണ് കേരളത്തിലെ പിണറായി വിജയന്റെ പോലീസും സമരക്കാരെ നേരിടുന്നത്. അതിക്രമങ്ങളിൽ നിന്നും അന്യായമായ അറസ്റ്റുകളിൽ നിന്നും പോലീസിനെ പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ അടിച്ചമർത്തുന്നതിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപ്രവർത്തനങ്ങളുമായി സംയുക്ത സമിതിക്ക് മുന്നോട്ടു പോകേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചു.

Leave a Reply