എല്ലാ ഒറ്റപ്പെട്ട സമൂഹങ്ങളെയും പോലെ ജയിലിലും കാലം മരവിച്ചിരിക്കുന്നു

രാഷ്ട്രീയത്തടവുകാരൻ അരുൺ ഫെറേരയുടെ പുസ്തകം “കളേഴ്സ് ഓഫ് ദ് കെയ്ജ്” വായന- അനുഭവങ്ങൾ

ത്വാഹ ഫസൽ

ഭീമാ കൊറേഗാവ് കേസിലെ ആദ്യഘട്ട അറസ്റ്റ് നടന്നപ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു പേരായിരുന്നു അരുൺ ഫെറേര. എന്നാൽ അദ്ദേഹത്തെ കുറിച്ച് അത്ര കാര്യമായി അന്വേഷിക്കാനൊന്നും മെനക്കെടാതെ, കേസിനെ കുറിച്ച് ഒരു ധാരണയും അറസ്റ്റ് ചെയ്യപ്പെട്ട ആക്ടിവിസ്റ്റുകളുടെ പേരുകളും ഓർത്തുവെച്ചു. പന്തീരാങ്കാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട ഞാനും അലനും ജാമ്യം ലഭിച്ചു പുറത്തുവന്നു. അലനും ഞാനും ഒരുമിച്ചു പത്ത് മാസവും, ജാമ്യം റദ്ദായതിനെ തുടർന്ന് ഞാൻ വീണ്ടും പത്ത് മാസവും ജയിലിൽ കഴിഞ്ഞു. ജയിലിലിൽ നിന്നും മോചിതനായതിന് ശേഷമാണ് അരുൺ ഫെറേരയെ കുറിച്ച് വായിച്ചറിയുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനവും പശ്ചാത്തലവും, 2007ൽ അറസ്റ്റിലായതും നാല് വർഷവും എട്ടു മാസവും ജയിലിൽ കഴിഞ്ഞതും, ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ജയിലടച്ചതും, തുടർന്ന് 12 വ്യാജകേസുകളിൽ കോടതി വെറുതെ വിട്ടതും ഞാൻ അമ്പരപ്പോടെയാണ് വായിച്ചത്. അരുൺ ഫെറേര എഴുതിയ “കളേഴ്സ് ഓഫ് ദ് കെയ്ജ് (Colours of the Cage: A Prison Memoir by Arun Ferreira,)” എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹത്തെ കൂടുതലറിയുന്നത്.

ഒരു കേസിൽ അരുൺ ഫെറേരയെ പൊലീസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീടാണ് വ്യാജകേസുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ തടവുകാരെ സംബന്ധിച്ച് ജയിൽ ഒരു സുഖവാസ കേന്ദ്രമല്ല. മറിച്ചു, അവനെ/ അവളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ആയുധമാണ്. പുസ്തകത്തിലുടനീളം അരുൺ ഫെറേര അനുഭവിച്ച ക്രൂരമായ മർദ്ദനങ്ങളുടെയും പീഢനങ്ങളുടെയും അദ്ദേഹത്തിന്റെ സമരങ്ങളുടെയും സാക്ഷ്യപത്രമാണ്. പുസ്തകം വായിച്ച പലരും മനസ് മരവിച്ചു എനിക്ക് മെസ്സേജ് അയച്ചിരുന്നു. ആ വിവരണങ്ങൾ വായിക്കുമ്പോൾ വായനക്കാരിൽ ആർക്കെങ്കിലും അവിശ്വസനീയാമായി തോന്നാം. അത് സ്വാഭാവികമാണ്. ബെന്യാമിൻ പറഞ്ഞപോലെ, നമ്മൾ അനുഭവിക്കാത്തതെന്തും നമ്മുക്കൊരു കെട്ടുക്കഥയാണല്ലോ. പക്ഷെ ജീവിതം പലപ്പോഴും ഒരു സിനിമയെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ പോലെ അനുഭവപ്പെടുന്ന സന്ദർഭങ്ങളുണ്ട്.

Buy Now – Colours Of The Cage: A Prison Memoir by Arun Ferreira

ഭരണകൂടത്തിന്റെ ആരോപണങ്ങളെയും മാധ്യമ വിചാരണയെയും ജയിലിന്റെ മതിലിനെയും മറികടന്നു, തന്നെ കള്ളക്കേസിലാണ് അവർ കുടുക്കിയതെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്ന അരുൺ ഫെറേര എന്ന മകനെയും പ്രിയപ്പെട്ടവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ആ പങ്കാളിയെയും അഞ്ചു വർഷത്തോളം മകന്റെ വേർപാട് അനുഭവിക്കുന്ന ഒരച്ഛനെയും നമ്മുക്ക് പുസ്തകത്തിലൂടെ അടുത്തറിയാം. നിരന്തരമായ സംഘർഷങ്ങളിലൂടെയാണെങ്കിലും തന്റെ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു പോരാളിയെ “കളേഴ്സ് ഓഫ് ദ് കെയ്ജി”ൽ കാണാം. ആഴത്തിൽ പതിയുന്ന വാക്കുകൾക്കൊപ്പം പുസ്തകത്തിലെ ചിത്രങ്ങൾ അദ്ദേഹമാണ് വരച്ചതെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.

ഒരു കത്തിലൂടെയാണ് അരുൺ ഫെറേര ആ തീക്ഷ്ണമായ അനുഭവങ്ങൾ പറഞ്ഞു തുടങ്ങുന്നത്. ഭാര്യക്കും കുടുംബാംഗങ്ങൾക്കും വക്കീലിനുമൊക്കെയായി എഴുതുന്ന കത്തുകളിൽ ജയിലിലെ വിശേഷങ്ങളും കേസിന്റെ കാര്യങ്ങളും തൊട്ട് ലോകരാഷ്ട്രീയത്തെ കുറിച്ചും ചർച്ച ചെയ്യുന്നു. കൊട്ടിഘോഷിക്കുന്ന ആധുനിക നിയമസംവിധാനത്തിനും ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രത്തിനും അകത്ത് നടക്കുന്ന ഏറ്റവും നീചമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ഓരോ അധ്യായങ്ങളിലും പറയുന്നു. ജയിലിൽ വെച്ച് അനുഭവങ്ങൾ എഴുതിയാൽ ഉദ്യോഗസ്ഥർ അത് കണ്ടുപിടിക്കുന്നത് ഒഴിവാക്കാനായിരുന്നു കത്തുകളിലൂടെ എഴുതി അയച്ചത്. ജയിൽ മോചിതനായ ശേഷം ആ കത്തുകളിൽ നിന്നും ജയിലോർമ്മകൾ അദ്ദേഹം വീണ്ടെടുക്കുന്നു.

ജയിൽ ജീവിതത്തെ ഇത് വായിക്കുന്ന ഏതൊരു വ്യക്തിക്കും പെട്ടെന്ന് മനസിലാക്കാൻ കഴിയും. ഞാൻ ഇത് വായിച്ചത് സ്വാഭാവികമായും ഞങ്ങളുടെ ജയിൽ ജീവിതത്തോട് താരതമ്യപ്പെടുത്തിയാണ്. അരുൺ ഫെറേര ജയിലിലടക്കപ്പെടുകയും തുടർന്നുള്ള ജയിൽ ജീവിതവും വിവരിക്കുമ്പോൾ ഞാൻ ഞെട്ടുമായിരുന്നു, ഇത് തന്നെയല്ലേ ഇവിടെയും അവസ്ഥ എന്ന് ആലോചിച്ചായിരുന്നു അത്. അദ്ദേഹം നാഗ്പൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ഞാനും അലനും കോഴിക്കോട് ജില്ലാ ജയിൽ, വിയ്യൂർ അതിസുരക്ഷാ ജയിൽ, കാക്കനാട് ജില്ലാ ജയിൽ എന്നിവിടങ്ങളിലും.

Buy Now – Colours Of The Cage: A Prison Memoir by Arun Ferreira

തട്ടികൊണ്ടുപോകൽ, നീണ്ട പൊലീസ് കസ്റ്റഡി എന്നിവക്ക് ശേഷം അരുൺ ഫെറേര ജയിലിൽ പ്രവേശിക്കുമ്പോൾ ജയിൽ എന്ന സ്ഥാപനത്തെ കുറിച്ച് അദ്ദേഹം പറയുന്നത്, “എല്ലാ ഒറ്റപ്പെട്ട സമൂഹങ്ങളെയും പോലെ ജയിലിലും കാലം മരവിച്ചിരിക്കുകയാണ്” എന്നാണ്. അത് സൂചിപ്പിക്കുന്നത് ഒരു പരിധിക്കപ്പുറം ജയിലിൽ ഒരു പുരോഗതി ഉണ്ടായിട്ടില്ല എന്നാണ്. ഉദ്യോഗസ്ഥരുടെ സമീപനമായാലും അടിസ്ഥാന സൗകര്യങ്ങൾ ആണെങ്കിലും ഒരു 60 വർഷമെങ്കിലും പുറകിലാണ്! അദ്ദേഹത്തിന്റെ ജയിൽ കുറിപ്പുകളിൽ എങ്ങനെയാണ് ജാതിയും അധികാരവുമെല്ലാം തടവറയിൽ പ്രവർത്തിക്കുന്നത് എന്ന് നമ്മുക്ക് വായിച്ചെടുക്കാം. ഞാനും അലനും വിയ്യൂർ ജയിലിൽ കഴിയുമ്പോഴാണ്, സവർണ്ണ ബോധം പേറുന്ന ഒരു ഉദ്യോഗസ്ഥൻ കറുത്ത നിറത്തിന്റെ പേരിൽ ഒരു തടവുകാരനെ അടുക്കള പണിയിൽ നിന്നും മാറ്റിയത്. വർഗ്ഗപരവും ജാതിപരവുമെല്ലാമായി ഭീകരമായ വൈരുദ്ധ്യത്തിൽ നിൽക്കുന്ന സമൂഹത്തിൽ അധികാരം സാമ്പത്തികവും സാമൂഹികവുമായി ഉയർന്നവരുടെ കൈയിലാണ്. ഈ അധികാരഘടനയൊന്നും മാറാതെയുള്ള ചാരിറ്റി പ്രവർത്തനമൊക്കെ അർത്ഥശൂന്യമാണ് എന്നാണ് അരുൺ ഫെറേര ജയിലിന് പുറത്തെ സാമൂഹ്യപ്രവർത്തനത്തിന്റെയും തടവറയിലെ അനുഭവങ്ങളും മുൻനിർത്തി പറയുന്നത്.

ഭീമാ കൊറേഗാവ് കേസിൽ എഴുത്തുകാരൻ വെർണ്ണൻ ഗോൺസാൽവസും അരുൺ ഫെറേരയുടെ കൂടെ കെട്ടിച്ചമച്ച കേസുകളിൽ ഉൾപ്പെട്ടു. അവർക്കൊപ്പം മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും കലാകാരന്മാരും അഭിഭാഷകരും സമാനമായ അവസ്ഥയിൽ ജയിലിലാണ്. അവർ നാർക്കോ അനാലിസിസ് ടെസ്റ്റിന് വരെ വിധേയമാക്കപ്പെടുന്നു. ആ മനുഷ്യസ്നേഹികളുടെ കൂട്ടത്തിൽ ഫാദർ സ്റ്റാൻ സ്വാമിക്ക്, അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെ വിദഗ്ധ ചികിത്സയും പരിചരണവും ലഭിക്കാതെ ജീവൻ നഷ്ടമായി. നക്സൽ ബന്ധമാരോപിച്ചു കഴിയുന്ന മറ്റു തടവുകാരും, ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിൽപ്പെട്ടവരും അവരോടൊപ്പം ജയിലിലുണ്ടായിരുന്നു. അവരെ കുറിച്ചും അവരുമായുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും അരുൺ ഫെറേര വിശദീകരിക്കുന്നുണ്ട്. വിഷാദത്തിന്റെയും ഏകാന്തതയുടെയും അനിശ്ചിതാവസ്ഥയുടെയും ഭരണകൂട ഭീകരത ഒരേ അളവിൽ അനുഭവിക്കുന്ന മനുഷ്യർ തമ്മിൽ രാഷ്‌ടീയ വിയോജിപ്പുകൾ നിലനിർത്തികൊണ്ടുള്ള സൗഹൃദങ്ങൾ വായിച്ചെടുക്കാൻ കഴിയും “കളേഴ്സ് ഓഫ് ദ് കെയ്ജി”ൽ.

സെല്ലിൽ ചാരിയിരുന്നു പുറത്തെ ചുവന്ന പൂക്കളെ നോക്കിയിരിക്കുന്ന യുവാവായി പലപ്പോഴും അലൻ അവനെ സ്വയം കാണാറുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് അതൊരു യാഥാർത്ഥ്യമാവുകയായിരുന്നു. എന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട അലൻ വിഷാദത്തിന്റെ കടുത്ത അവസ്ഥകളിലൂടെയാണ് ജയിൽ ജീവിതത്തിലേക്ക് കടന്നതും ചിലവഴിച്ചതും. പക്ഷെ എന്തൊക്കെ വന്നാലും ആ അവസ്ഥയെ മനസിലാക്കി അതിനെ മറികടക്കുക എന്നതായിരുന്നു പ്രധാനം. അത് ജയിലിന് പുറത്തും അകത്തും അങ്ങനെ തന്നെയാണ്. എത്ര വായിച്ചാലും ആളുകളോട് ഇടപഴകിയാലും ജയിലിൽ ചിന്തകൾ പിടിവിട്ടു ഓടും. അരുൺ ഫെറേര അതിനെ കുറിച്ച് പറയുന്നത്, അങ്ങനെ വന്നാൽ പിന്നെ ഒരു രക്ഷയുമില്ല. ആ സമയം കടന്നുപോകാൻ കാത്തിരിക്കുക തന്നെ. ആ സമയങ്ങളിൽ അരുൺ ഉറുമ്പുകളെ മണിക്കൂറുകളോളം നിരീക്ഷിക്കുകയായിരുന്നു.

കളേഴ്സ് ഓഫ് ദ് കെയ്ജ്, ഈ പുസ്തകം ഒരു പാഠപുസ്തകമാണ്. നാല് വർഷത്തിൽ കൂടുതൽ ഒരാളുടെ തടവറയിലെ ജീവിതസമരങ്ങൾ, ജയിൽ എന്ന മാനസികവും ശാരീരികവുമായ അടിച്ചമർത്തലിനെ മറികടന്നുവന്ന ഒരു മനുഷ്യന്റെ അനുഭവങ്ങൾ. അരുൺ ഫെറേര എങ്ങനെയാണ് ആ ഓരോ അവസ്ഥയും നിശ്ചയദാർഢ്യത്തോടെ മറികടന്നുവെന്നത് നമ്മുക്ക് വായിച്ചെടുക്കാം. ജയിലിൽ നിന്നും അയച്ചു കിട്ടുന്ന ചിത്രങ്ങളിലൂടെ മാത്രം അച്ഛനെ അറിഞ്ഞ മകനെയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതം കടന്നുപോയതെങ്ങനെയെന്നറിയാം.

Buy Now – Colours Of The Cage: A Prison Memoir by Arun Ferreira

ഈ ലേഖനം എഴുതുമ്പോഴും അരുൺ ഫെറേര ജയിലിലാണ്. ഇപ്പോൾ അദ്ദേഹം എന്തുചെയ്യുകയാണ് എന്നാണ് ഞാൻ ആലോചിക്കുന്നത്. സമരത്തിലാണോ, പുസ്തകം വായിക്കുകയാണോ? അതോ സെല്ലിലേക്ക് കേറാനുള്ള ഓട്ടത്തിലോ? ഒരു ജയിൽവാസത്തിന് ശേഷം ഭീമാ കൊറേഗാവ് കേസിൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‍ലിങും തടവിലാക്കപ്പെട്ടിരുന്നു. അരുൺ ഫെറേര ഉൾപ്പെടെ സമൂഹത്തിന്റെ നല്ല മാറ്റത്തിനായി പ്രവർത്തിച്ച നിരവധി മനുഷ്യസ്നേഹികൾ നീതി നിഷേധിക്കപ്പെട്ട് തടവറയിലാണ്. നമ്മുക്ക് അവരെ മറക്കാതിരിക്കാം, അവരുടെ മോചനത്തിനായി നിരന്തരം ശബ്ദമുയർത്താം.
_ ത്വാഹ ഫസൽ

Follow us on | Facebook | Instagram Telegram | Twitter