യുപിയില്‍ തിരിച്ചെത്തിയത് ലക്ഷക്കണക്കിന് ആളുകള്‍

ഉത്തര്‍പ്രദേശ് കടന്നുപോയ കടമ്പയിലൂടെയായിരിക്കും ഇനി മറ്റ് സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ കടന്നുപോവുക…
#SocialMedia

_ബി എസ് ബാബുരാജ്

ഇന്ത്യന്‍ റയില്‍വേ നല്‍കുന്ന കണക്കനുസരിച്ച് മെയ് 11 വരെ ഉത്തര്‍പ്രദേശിലേക്ക് 154 ശ്രമിക് ട്രയിനുകളാണ് സര്‍വീസ് നടത്തിയത്. അതില്‍ 2.26 ലക്ഷം പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തി. മെയ് 11 നു ശേഷം അത്രതന്നെ ട്രയിനുകള്‍ സംസ്ഥാനത്തേക്ക് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. അതേസമയം ഈ സമയത്തിനുള്ളില്‍ 1 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ മറ്റ് മാര്‍ഗം ഉപയോഗിച്ച് സംസ്ഥാനത്ത് തിരികെയെത്തിയിരുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തി പറഞ്ഞു.

മെയ് 1 മുതല്‍ 642 ശ്രമിക് ട്രയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തിയത്. ഇന്നത്തെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശിലേക്ക് 301 ശ്രമിക് ട്രയിനുകള്‍ വന്നിട്ടുണ്ട്. അതില്‍ എത്തിയവരുടെ എണ്ണം കൂടി കൂട്ടിയാല്‍ ലക്ഷങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കും. മെയ് 11നു ശേഷം അത്തരം കണക്കുകള്‍ സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ സമയത്തു തന്നെ ഉത്തര്‍പ്രദേശിലേക്ക് പ്രത്യേക അനുമതിയോടെ നിരവധി പേര്‍ തിരിച്ചെത്തിയിരുന്നു. അനധികൃതമായി എത്തിയതിനു പുറമേയാണ് ഇത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ലോക്ക് ഡൗണ്‍ മൂര്‍ദ്ധന്യത്തിലെത്തിയ ഏപ്രില്‍ 20ന് ബസ്സിലും മറ്റ് വാഹനങ്ങളിലുമായി 10500ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തിരിച്ചെത്തിച്ചിരുന്നു. ഒരു പരിധിവരെ ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം കൂടുന്നതിനു കാരണവും അതായിരുന്നു. അതായത് ഉത്തര്‍പ്രദേശ് കടന്നുപോയ കടമ്പയിലൂടെയായിരിക്കും ഇനി മറ്റ് സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ കടന്നുപോവുകയെന്നാണ് ഇതിനര്‍ത്ഥം.

കേരളം എത്ര തടഞ്ഞുനിര്‍ത്തിയാലും തിരിച്ചുവരണമെന്ന് കരുതുന്ന പ്രവാസികള്‍ ഏതു നിലയ്ക്കും സംസ്ഥാനത്ത് തിരികെയെത്തുക തന്നെ ചെയ്യും. അതുവഴി രോഗവ്യാപനം വര്‍ധിക്കുകയും ചെയ്യും. വരുന്നവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് നമുക്ക് ചെയ്യാവുന്നത്. ഇത് യുപി സര്‍ക്കാര്‍ എത്ര ശ്രദ്ധാപൂര്‍വ്വം ചെയ്തുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ, ഒന്ന് പറയാം. കേരളം ഇനി കടന്നുപോകാനിരിക്കുന്നത് യുപിയുടെ കഴിഞ്ഞ മാസത്തെ അനുഭവങ്ങളാണ്. മറ്റൊന്നുകൂടിയുണ്ട്. മറ്റിടങ്ങളില്‍ രോഗവ്യാപനം കൂടും മുമ്പ് വരാനുള്ളവരെ വരാന്‍ അനുവദിക്കുക, ക്വാഷ്വാലിറ്റി അത്രയും കുറയും.

Click Here