ആരുടെ അടിയന്തിരത്തിന് ചെലവാക്കാനാണ് കരുതൽനിധി ഉണ്ടാക്കിവെച്ചിരിക്കുന്നത്?

ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് മോദിജിയോട് ബഹുമാനം തോന്നുക.

രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി മോശമാകുമെന്നു മുൻകൂട്ടിക്കണ്ട് അദ്ദേഹം എന്തൊക്കെ നടപടികളാണ് എടുത്തത് ! ഒരു കാരണവശാലും സംസ്‌ഥാനങ്ങളുടെ കൈയിൽ ഒരു രൂപ പോലും എത്തരുത് എന്ന ലക്ഷ്യത്തോടെ എത്ര കരുതലോടെയാണ് അദ്ദേഹം കാര്യങ്ങൾ നീക്കിയത്! ഓരോ നടപടിയും എടുക്കുമ്പോഴും ആ മനസ്സ് എന്തുമാത്രം വേദനിച്ചിരിക്കും!

ഈ പട്ടിക നോക്ക്.

* എം പി മാർ വഴി ഓരോ നിയോജകമണ്ഡലത്തിലും എത്തുന്ന പണം മുഴുവൻ കടുത്ത വിഷമത്തോടെ കേന്ദ്രം ഏറ്റെടുത്തു.

* നാട്ടിലുള്ള കോർപറേറ്റുകൾ അവർ ഓപ്പറേറ്റ് ചെയ്യുന്ന നാടുകളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കു കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ടിൽനിന്ന് സംഭാവന ചെയ്താലോ എന്ന് ഭയന്ന് അതിനുള്ള വകുപ്പ് ഇല്ലാതാക്കി. എല്ലാം പ്രധാനമന്ത്രിയുടെ കരുതൽ നിധിയിലേക്ക് മതി ഇനി.

* ജി എസ ടി നടപ്പാക്കുമ്പോഴുള്ള നഷ്ടം സാംസ്‌ഥാനങ്ങൾക്കു കൊടുക്കാൻ ബാധ്യതയുണ്ടായിരുന്നു. അതിലൊരു ഭാഗം പിടിച്ചുവച്ചിട്ടുണ്ട്. സങ്കടമുണ്ട്. അവർക്കു സുപ്രീം കോടതിയിൽ കേസിനു പോകാൻ പ്രത്യേക അലവൻസ് വല്ലോം വേണമെങ്കിൽ കൊടുക്കാം.

*കോവിഡ് പ്രതിരോധത്തിന് മുൻപിൽ നിൽക്കുന്ന സംസ്‌ഥാനങ്ങൾ ഓരോന്നും കാശില്ലാതെ നെട്ടോട്ടവും കുറിയോട്ടവും ഓടുകയാണ്. എല്ലാരും പാക്കെജ്ഉം ആവശ്യപ്പെടുന്നുണ്ട്. വിഡിയോ കോൺഫ്രൻസിൽ പഞ്ചാബുമുതൽ തമിഴ്‌നാടുവരെയുള്ള മുഖ്യമന്ത്രിമാർ ചോദിക്കുന്നുണ്ടായിരുന്നു. . വേദനയോടെ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു.

* വേലയും കൂലിയും ഭക്ഷണവുമില്ലാതെ വലയുന്ന അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ തീവണ്ടിയോടിച്ചപ്പോൾ സൂപ്പർ ഫാസ്റ്റ് ട്രെയിൻ തന്നെ കൊടുത്ത്. നീറിപ്പിടിക്കുന്ന വേദനയോടെയാണ് സാധാരണ നിരക്കിനൊപ്പം 50 രൂപ കൂടുതൽ വാങ്ങിയത്. റെയിൽവേയെ പിന്നെ ആര് നോക്കും മേഹുൽ ചോക്‌സിയോ?

* ഇപ്പോളിതാ ഗൾഫിൽനിന്നും പ്രവാസികളെ എത്തിക്കാൻ വിമാനമയക്കുന്നു. തികഞ്ഞ അന്തക്ഷോഭത്തോടെയാണ് ടിക്കറ്റിനു ഇരട്ടിയും മൂന്നിരട്ടിയുമൊക്കെ രൂപ വിലയിട്ടിരിക്കുന്നത്. അതില്ലാതെ എയർ ഇന്ത്യയെ എങ്ങിനെ ലാഭത്തിലാക്കും, വിജയ് മല്യ വരുമോ?

ആരുടെ അടിയന്തിരത്തിനു ചെലവാക്കാനാണ് ഒരു കരുതൽനിധി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. പക്ഷെ ഞാൻ ചോദിക്കില്ല.

എന്റെ മോദിജിയെ എനിക്കറിയാം.
_ കെ ജെ ജേക്കബ്

Cartoon Courtesy_ Satish Acharya

Click Here