കോവിഡ്‌-19 ദുരിതകാലത്ത് അഭിഭാഷകര്‍ക്ക് നീതി നിഷേധിച്ചു ബാർ കൗൺസിൽ

കോവിഡ്‌-19 ദുരിതകാലത്ത് കേരളത്തിലെ അഭിഭാഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ബാർ കൗണ്സിൽ ഓഫ് കേരള സാമ്പത്തിക സഹായം നൽകണം എന്നാവശ്യപ്പെട്ടു അഭിഭാഷകർ പ്രത്യക്ഷമമായ സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് പ്രത്യക്ഷമായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ നടന്നിരിക്കുന്നത്. എന്താണീ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എന്നു പരിശോധിച്ചു നോക്കാം. കച്ചവടക്കാരനെന്ന ഒറ്റ വാക്കിൽ അംബാനിയെയും മസാല കച്ചവടക്കാരനെയും ഉൾപ്പെടുത്തുന്നതു പോലെയാണ് വക്കീൽ എന്ന വാക്കിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നത്. 90 ശതമാനം ആൾക്കാരും ദിവസ വേതനത്തിൽ 12 മണിക്കൂറിലധികം ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. 45 ദിവസം കൊണ്ട് കൈയ്യിലുണ്ടായിരുന്നതൊക്കെ തീർന്ന ഇവരെ സഹായിക്കുവാൻ ബാർ കൗൺസിൽ മുന്നോട്ടുവന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.

അഭിഭാഷകർ കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ അധികമായി അവരുടെ വിഹിതവും പലവിധ സ്റ്റാമ്പുകളായി സർക്കാരിലേയ്ക്ക് അടച്ചു വന്നിട്ടുള്ള വൻ തുകയാണ് ‘കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട്’. നാളിതുവരെയായി മേൽ ഫണ്ടിന്റെ ഉപയോഗം ഒരു മരണ ഫണ്ട് എന്ന രീതിയിലാണ് കൈകാര്യം ചെയ്തു പോരുന്നത്. അതായത് ഒരു അഭിഭാഷകൻ അഭിഭാഷകവൃത്തി രാജിവെച്ചു പോകുമ്പോളോ, അഭിഭാഷകവൃത്തിയിൽ നിലനിൽക്കുമ്പോൾ മരണപ്പെട്ടു പോയാലോ മാത്രമേ ധനസഹായം അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയിരിക്കെ അഭിഭാഷകരുടെ പ്രതിഷേധത്തെ തുടർന്ന് റൂളുകൾ ഭേദഗതി ചെയ്യാൻ ബാർ കൗണ്സിൽ ഓഫ് കേരള തയ്യാറാകേണ്ടി വന്നു. അതു പ്രകാരം വെൽഫെയർ ഫണ്ടിൽ നിന്നു ധനസഹായം നൽകുന്നതിന് തടസ്സമില്ലെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെയായി ബാർ കൗണ്സിൽ ഓഫ് കേരള നിലപാട് വ്യക്തമാക്കുകയോ സഹായ ധനം അഭിഭാഷകരിൽ അർഹരായവരുടെ കൈകളിലേയ്ക്ക് എത്തിക്കുകയോ ചെയ്തിട്ടില്ല.

ബാർ കൗണ്സിൽ ഓഫ് കേരളയുടെ കീഴിൽ തന്നെ അവരുടെ നിയന്ത്രണതത്തിലുള്ള മൂന്നു തരം ഫണ്ടുകളാണ് നിലവിലുള്ളത്.
1. അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട്
2. ലീഗൽ ബെനഫിറ്റ് ഫണ്ട്
3. ബാർ കൗണ്സിൽ ഫണ്ട്

ഒന്നാമത്തേത് ട്രസ്റ്റായും രണ്ടാമത്തേത് സർക്കാർ നിയന്ത്രത്തിൽ പ്രത്യേക അക്കൗണ്ടിലും ആണുള്ളത്. നിയമ മന്ത്രിയും അഡ്വക്കേറ്റ് ജനറലും, ബാർ കൗണ്സിൽ ട്രഷറർ മറ്റും ഉൾപ്പെടുന്നതാണ്. അഡ്വക്കേറ്റ്സ് വെൽഫെയർ ട്രസ്റ്റ് ഫണ്ട്. ഓരോ കക്ഷിയുടെ കേസ് ഫയൽ ചെയ്യുന്ന സമയത്തും നിരവധി സ്റ്റാമ്പുകളായി പണമടയ്ക്കാൻ നിയമമുണ്ട്. ഇന്നത്തെ അവസ്ഥയിൽ ഇരുപത്തഞ്ച് രൂപ സ്റ്റാമ്പ് അഭിഭാഷക വെൽഫെയർ ഫണ്ടിലേയ്ക്കും, പന്ത്രണ്ട് രൂപ സ്റ്റാമ്പ് ക്ലർക്ക് വെൽഫെയർ ഫണ്ടിലേയ്ക്കും, കൂടാതെ ലീഗൽ ബെനഫിറ്റ് ഫണ്ടിലേയ്ക്കും എന്ന രീതിയിലാണ് നൽകി വരുന്നത്.

ബാർ കൗണ്സിലിന്റെ തനതായ ഫണ്ട് വേറെയുണ്ട്. എൻറോൾമെന്റു പോലുള്ള സമയങ്ങളിലും ബാർ എക്‌സാമിനു വേണ്ടിയും അഭിഭാഷകരിൽ നിന്ന് പിരിച്ചെടുക്കുന്ന തുകയടക്കം ലക്ഷക്കണക്കിന് രൂപയാണ് ഓരോ വർഷവും ബാർ കൗണ്സിലിലേയ്ക്ക് വരുന്നത്. ഒരാളിൽ നിന്നും പതിനയ്യായിരം രൂപയിലധികം എന്ന കണക്കിൽ എൻറോൾമെൻറ് ഫീസായി ഏകദേശം നാല്പത് ലക്ഷത്തോളം രൂപയാണ് ബാർ കൗണ്സിലിലേയ്ക്ക് എത്തിച്ചേരുന്നത് എന്നാണ് പുതുതായി എൻറോൾ ചെയ്ത ആൾക്കാർ പറയുന്നത്. അതെല്ലാം കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ലീഗൽ ബെനഫിറ്റ് ഫണ്ട് നാല്‍പത്തിനാലര കോടി രൂപയാണെന്ന് കേരള സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകരുടെ ക്ഷേമത്തിനുള്ള പണംകണ്ടെത്താനാണ് കേരള ലീഗൽ ബെനിഫിറ്റ് ഫണ്ട് രൂപവത്‌കരിച്ചിരിക്കുന്നത്.
ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ 65 ശതമാനം അഭിഭാഷകരുടെയും ബാക്കി 35 ശതമാനം അഭിഭാഷക ക്ലാർക്കുമാരുടെയും ക്ഷേമത്തിനുള്ളതാണ്. ഇതിൽ അഭിഭാഷകരുടെ വെൽഫെയർ ഫണ്ടിൽ നിലവിൽ എത്ര രൂപയുണ്ടെന്ന് ഇതുവരെ സർക്കാരോ ബാർ കൗണ്സിലോ വ്യക്തമാക്കിയിട്ടില്ല. മരണപ്പെട്ടതോ, തൊഴിൽ നിർത്തി പോകുന്നതോ ആയ അഭിഭാഷകർക്ക് മാത്രം നൽകി വരുന്ന പൈസയിനത്തിൽ വളരെ കുറച്ചു പണം മാത്രമേ ഇതിനോടകം ചിലവായിട്ടുള്ളൂ.

കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായ് നിലനിൽക്കുന്ന അഡ്വക്കേറ്റ്‌സ് വെൽഫെയർ ഫണ്ടിലേയ്ക്ക് കേരളത്തിലെ അമ്പതിനായിരത്തിലധികം വരുന്ന അഭിഭാഷകർ നിരന്തരമായി പണമടച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അതിന്റെ വലുപ്പം കോടികളാണന്നല്ലാതെ കൃത്യതയില്ല. ബാർ കൗൺസിൽ അച്ചടക്ക നടപടിയെ പേടിച്ച് ആരും നിയമമാർഗങ്ങൾ ഉപയോഗിച്ചിട്ടില്ല. കേരളത്തിൽ അച്ചടക്ക നടപടി നേരിട്ടവർ വളരെ വിരളമാണ്. കഴിഞ്ഞ വർഷങ്ങളിൽ അത്തരം നടപടി നേരിടേണ്ടി വന്നവർ ഇല്ലത്രെ.

ഫണ്ടുകൾ അതെത്രയാണെന്നു വ്യക്തമാക്കാൻ ബാർ കൗണ്സിൽ തയ്യാറായിട്ടില്ല. ഈ കാര്യത്തിൽ കൃത്യമായ കണക്കുകൾ കാണിക്കാൻ ബാർ കൗണ്സിൽ തയ്യാറാകണം. ബാർ കൗണ്സിൽ ഫണ്ടിൽ അഭിഭാഷകരുമായി ബന്ധപ്പെട്ട എല്ലാ ഫണ്ടുകളെ കുറിച്ചും ധവളപത്രം പുറപ്പെടുവിക്കുക എന്നത് അടിയന്തിരമായ ആവശ്യമായിരിക്കുന്നു. അംഗങ്ങളുടെ സംശയ ദൂരീകരണത്തിനായി ധവളപത്രം ബാർ കൗണ്സിൽ പുറപ്പെടുവിക്കണം. അതിലൂടെ മാത്രമേ കൃത്യമായ കാര്യങ്ങൾ ബോധ്യപ്പെടുകയും കൗൺസിൽ സംശയത്തിൻ്റെ മുൾമുനയിൽ നിന്നും രക്ഷപെടുകയുള്ളു. ക്ഷേമ നിധിയിലേയ്ക്ക് അഭിഭാഷകർ അടച്ച പണത്തിൽ നിന്നും സുമാർ 8 കോടിയോളം രൂപ ഒരു ക്ലാർക്ക് എടുത്തു മാറ്റി എന്നതിൽ വിജിലൻസ് കേസുള്ളതും കൗൺസിലിൽ സംശയമുണ്ടാകാൻ കാരണമായിട്ടുണ്ട്. മാത്രമല്ല ഈ ഫണ്ടിന്റെ കാര്യത്തിലും ഇതിന്റെ കൈകാര്യ നടപടികളിലും ഉള്ള സുതാര്യതയില്ലായ്മ സംശയാസ്പദവുമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ബാർ കൗണ്സിലിന്റെ വെബ്സൈറ്റിലോ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഫണ്ടിന്റെ കൈകാര്യത്തിൽ സുതാര്യതയില്ലാത്ത ഒരു സംവിധാനമായി കേരളത്തിലെ വ്യവസ്ഥാപിതമായ സംവിധാനമെന്ന നിലയിൽ ബാർ കൗണ്സിൽ ഓഫ് കേരള മാറിയിരിക്കുന്നു.

മുഴുവൻ ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ഒരു വെല്ലുവിളിയായിട്ടാണ് ഇതിനെ കാണാൻ കഴിയുന്നത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഈ കോവിഡ്‌ കാലഘട്ടത്തിൽ കഴിഞ്ഞ നാല്‍പത്തിയഞ്ചു ദിവസങ്ങളായി അഭിഭാഷകർ യാതൊരു ജോലിയുമില്ലാതെ വീട്ടിലിരിക്കുന്ന അവസ്ഥയിലാണ്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം അഭിഭാഷകർക്കും അവരുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാണുള്ളത്. ഈ പ്രതിസന്ധിയിൽ നിന്നും അഭിഭാഷകരെ കരകയറ്റേണ്ട ഉത്തരവാദിത്തം ബാർ കൗണ്സിലിനും അതു നിയന്ത്രിക്കുന്ന ഫണ്ടുകൾക്കുമുണ്ട്. ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതിനായാണ് നിയമപരമായി വെൽഫെയർ ഫണ്ടുകൾ കേരളത്തിൽ രൂപപ്പെടുത്തിയിട്ടുള്ളത്. ബാർ കൗൺസിൽ 10,000 രൂപ വരെ പലിശരഹിത വായ്പ നൽകാൻ തീരുമാനിച്ചിരുന്നു. പക്ഷെ വായ്പ ലഭിക്കാനുള്ള നിബന്ധനകൾ ശ്രദ്ധിച്ചാൽ ഭൂരിഭാഗം അഭിഭാഷകർക്കും ലോൺ നൽകാതിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ബാർകൗൺസിൽ നടത്തുന്നത് എന്ന് കാണാൻ കഴിയും. വെൽഫെയർ ഫണ്ടിൽ നിന്നും ചെറിയൊരംശം താൽക്കാലികമായി വിതരണം ചെയ്യണമെന്നു മാത്രമാണ് സമരവുമായി മുന്നോട്ടു വന്ന അഭിഭാഷകർക്ക് പറയാനുള്ളത്.

അഡ്വക്കേറ്റ് വെൽഫെയർ സ്റ്റാമ്പിൻ്റെ അച്ചടിയിലും വിതരണത്തിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നതിനാൽ വ്യക്തത വരുത്തുന്നതിനായി സർക്കാർ അച്ചടിച്ച് ട്രഷറികളിലുടെ വിതരണം ചെയ്താൽ മാത്രമേ കൃത്രിമങ്ങളെ തടയാൻ കഴിയുകയുള്ളൂ എന്നും അഭിഭാഷകർ പറയുന്നു.

ബാർ കൗൺസിൽ ക്ഷേമ പ്രവൃത്തിയുടെ മാതൃക പഠിക്കേണ്ടത് അഭിഭാഷകരുടെ ഗുമസ്തരെന്നു വിളിക്കുന്ന അഡ്വക്കേറ്റ്സ് ക്ലർക്കുമാരെയാണ്. കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്‌സ് വെൽഫെയർ ഫണ്ട് എന്നു പറയുന്ന ഒരു റെജിസ്ട്രേഡ് സംഘടനയുണ്ടാവുകയും അതിനെ രാഷ്ട്രീയ-മത-ജാതി താൽപര്യങ്ങളില്ലാത്ത സംഘടനയാക്കി തീർക്കുകയും അവരുടെ വെൽഫെയർ ഫണ്ടിനു വേണ്ടി പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ വെൽഫെയർ ഫണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ക്ലർക്കുമാർക്കും യാതൊരു പലിശയുമില്ലാതെ മൂവായിരം രൂപ വീതം എല്ലാവരുടെയും അ‌ക്കൗണ്ടു വഴിയും വീടുകളിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ മറ്റു സാമ്പത്തിക സഹായങ്ങളും കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്‌സ് അസോസിയേഷൻ ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സാധാരണക്കാരുടെ നീതിക്കു വേണ്ടി പോരാടുന്ന അഭിഭാഷകരുടെ നീതി യഥാർത്ഥത്തിൽ നിഷേധിക്കപ്പെട്ടിരിക്കുന്നത്. അഭിഭാഷകരുടെ വെൽഫെയർ ഫണ്ടും ബാർ കൗണ്സിലും മാതൃകയാക്കേണ്ടത് ക്ലർക്കുമാരുടെ വെൽഫെയർ ഫണ്ടിനെയും സംഘടനാ രീതികളെയുമാണ് എന്നു പറയേണ്ടി വരുന്നത് ഖേദകരമാണ്.

നിലവിൽ ഇന്ത്യൻ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള single transferable vote രീതിയാണ് നിലവിലുള്ളത്. ലോകത്തിൽ മറ്റൊരു ജനാധിപത്യ ബോഡിയിലേയ്ക്കും ഇങ്ങനെ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. മാത്രവുമല്ല സംവരണതത്വങ്ങളെല്ലാം പാടെ അവഗണിച്ചിരിക്കുന്നതിനാൽ സ്ത്രീ സംവരണം, പിന്നോക്ക വിഭാഗങ്ങൾ എന്നിവരും അവഗണിക്കപ്പെട്ടിരിക്കുന്നു. അഡ്വക്കേറ്റ്സ് ആക്ട് കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതാണെന്ന് സമരത്തെ പിൻതുണക്കുന്ന സീനിയർ അഭിഭാഷകർ പറയുന്നു.കേരളമൊട്ടാകെ അഭിഭാഷകർ സടകുടഞ്ഞെഴുന്നേറ്റ സാഹചര്യത്തില്‍ വരും നാളുകളിൽ മറ്റ് രീതിയിലുള്ള സമരത്തിലേയ്ക്ക് പോകുമെന്നതിനാൽ ആശങ്കാകുലരാണ് ബാർ കൗൺസിൽ.
_ മൂവ്മെന്‍റ് ഫോർ ലോയേര്‍സ്

Related News

* സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന അഭിഭാഷകര്‍ക്ക് ബാർ കൗൺസിൽ ധനസഹായം നല്‍കണം

Click Here