ഞങ്ങളുടെ ജീവിതം പറയുമ്പോ നിങ്ങൾക്കത് കോംപ്ലക്സ്, നിങ്ങളുടെ പറഞ്ഞാൽ കുഴപ്പമില്ലല്ലോ
ഇതുവരെ ബുദ്ധി ഉണ്ടെന്ന് തെളിയിച്ചവർ ആരൊക്കെയാണ് ? തീർച്ചയായും അത് ബ്രാഹ്മണരായിരിക്കും. അന്നത്തെ മെറിറ്റ് വാദികൾ അപ്പാടെ ചുവട് പറിഞ്ഞ് സവർണ്ണ സംവരണവാദികളാകുന്നതിൻ്റെ പിന്നിലെ കാരണവും ഇത് തന്നെയാണല്ലോ? എങ്കിൽ ഇതുവരെ അവർ ഉപയോഗിച്ച ബുദ്ധി എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം…
തൊമ്മിക്കുഞ്ഞ് രമ്യ
ഒരു പൊതുപരിപാടിയിൽ സെൻകുമാർ പറയുന്നത് ദളിതർ നൂറ്റാണ്ടുകളായി ബുദ്ധി ഉപയോഗിക്കാതിരുന്ന്, അവർ മന്ദബുദ്ധികളായി പോയി എന്നാണ്. അത് പറയുന്നത് MAയ്ക്കും BAയ്ക്കും ഒന്നാം റാങ്ക് വാങ്ങിച്ച ദളിതനായ സണ്ണി എം കപിക്കാടിൻ്റെ അടുത്തിരുന്നാണ്. സെൻകുമാറിനെ പോലെയുള്ളവരുടെ സർവ്വീസ് ജീവിതം ഭാവനയിൽ കാണുമ്പോഴേ ഭയമാകുന്നു. ഇതിനെ കേവലം ഒരു സംഘി ബുദ്ധിയായി തള്ളിക്കളയാനാവില്ല.
ദളിതരുടെ സ്കൂൾ പ്രവേശന ഉത്തരവുണ്ടായപ്പോൾ “കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുകയാണ്” എന്ന് പറഞ്ഞ രാമക്യഷ്ണപിള്ളയും സംവരണം മെറിറ്റിനെ ബാധിക്കും എന്ന് പറഞ്ഞ ഇഎംഎസും ഇത് ഉറപ്പിക്കുന്നുണ്ട്. ബീനിഷ് ബാലൻ തനിക്ക് കിട്ടേണ്ട സ്കോളഷിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ചെല്ലുമ്പോൾ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ വക സ്പെഷ്യൽ യോഗ്യത ടെസ്റ്റ് നേരിടേണ്ടി വരുന്നതിൻ്റെ പിന്നിലും ഇതൊക്കെ തന്നെയാണ് കാരണം.
എങ്കിൽ ഇതുവരെ ബുദ്ധി ഉണ്ടെന്ന് തെളിയിച്ചവർ ആരൊക്കെയാണ് ? തീർച്ചയായും അത് ബ്രാഹ്മണരായിരിക്കും. അന്നത്തെ മെറിറ്റ് വാദികൾ അപ്പാടെ ചുവട് പറിഞ്ഞ് സവർണ്ണ സംവരണവാദികളാകുന്നതിൻ്റെ പിന്നിലെ കാരണവും ഇത് തന്നെയാണല്ലോ?
എങ്കിൽ ഇതുവരെ അവർ ഉപയോഗിച്ച ബുദ്ധി എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഈ ലോകം മുഴുവൻ ബ്രാഹ്മണന് തോന്നിയവാസം കാണിക്കാൻ ഉള്ളതാണ് എന്ന് ഉറപ്പിച്ച് പറയുന്ന സ്മൃതി നിയമങ്ങൾ ഉണ്ടാക്കി. ബ്രാഹ്മണനാണ് ഒരു നിധി കിട്ടുന്നതെങ്കിൽ ആ നിധിക്ക് അവകാശി ബ്രാഹ്മണൻ തന്നെ, രാജാവിനാണ് ലഭിച്ചതെങ്കിൽ പകുതി രാജാവിന് പകുതി ബ്രാഹ്മണനും. ബാലനും വൃദ്ധനും പറയനും മദ്യപാനും സാക്ഷിപറയാൻ യോഗ്യരല്ല. ബ്രാഹ്മണർ ചെയ്ത തെറ്റ് എന്ത് തന്നെയായാലും ബ്രഹ്മണഹത്യ അനുവദനീയമല്ല. ഇങ്ങനെ പോകുന്നതാണ് സ്മൃതി നിയമങ്ങൾ. ആ സമുദായത്തിലെ സ്ത്രികൾക്ക് സംസ്ക്യതം പഠിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല . സ്വന്തം ജീവിതം ജീവിക്കാനുള്ള അവകാശവും ഇല്ലായിരുന്നു എന്നതാണ് സത്യം.
പിന്നെ ദാനം വാങ്ങുന്ന കാര്യം ആണ്, “ഭൂമിയിലുള്ള എല്ലാം തന്നെ ബ്രാഹ്മണൻ്റെ സ്വത്താണ്. ദാനങ്ങൾ കൊണ്ട് ബ്രാഹ്മണനെ നിലനിർത്തണം ഔദാര്യം എന്ന നിലയ്ക്കല്ല പാവനമായ ധർമ്മം എന്ന നിലയ്ക്ക്. 1801ൽ ഡോക്ടർ ബുക്കാനിൻ എന്താ ജോലി എന്ന് ചില നമ്പൂതിരിമാരോട് ചോദിച്ചതിന് “കോവിലകങ്ങളും കുടുംബങ്ങളും കയറിയിറങ്ങുന്നതാണ്” എന്ന മറുപടിയാണ് കിട്ടിയതെന്ന് ഡിസ്ക്രിപ്ഷൻ ഓഫ് ദി ഹിന്ദുസ്ഥാൻ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് (ഡോ. കെ സുഗതൻ്റെ പുസ്കത്തിൽ വായിച്ചതാണ്) ഇത്രയും അന്തസ്സില്ലാത്ത ജീവിതം ജീവിച്ച ചരിത്രത്തെയാണോ മെറിറ്റ് എന്ന് പറയുന്നത്?
ബ്രാഹ്മണൻ ചെയ്യുന്ന 2 കാര്യങ്ങളിൽ ഒന്ന് യാഗമാണ്. തിരുവിതാംകൂറിൽ ഹിരണ്യഗർഭം പോലെയുള്ള ചടങ്ങുകളിൽ (രാജാവിന് ജാതീയമായി സംശുദ്ധിയും തൻ്റെ പ്രജകളെ ഭരിക്കുന്നതിന് അവകാശവും സിദ്ധിക്കുന്ന ചടങ്ങാണ്), ഈ ചടങ്ങിൽ 16,000 പവൻ സ്വർണമാണ് ബ്രാഹ്മണർക്ക് വീതിച്ച് കൊടുത്തുകൊണ്ടിരുന്നത്. രാജാവിൻ്റെ ഖജനാവിൽ ഇതിനുള്ള പണം വരുന്നതെങ്ങനെ എന്ന് ചരിത്രം വായിക്കുന്നവർക്ക് അറിയാം.
1750ൽ ആദ്യത്തെ മുറജപം നടന്നപ്പോൾ അതിൻ്റെ ചിലവ് രണ്ട് ലക്ഷം രൂപയായിരുന്നു. തിരുവിതാംകൂറിൽ ഊട്ടുപുരകൾ, അഗ്രശാല, ഓത്തൂട്ടുകൾ, ജപദക്ഷിണ ഇവയ്ക്കൊക്കെ കൂടി 1909ൽ മാത്രം 7 ലക്ഷം രൂപയാണ് ചെലവാക്കിയത്. അന്ന് വളരെ ചെറിയ രാജ്യമായിരുന്ന കൊച്ചിയിൽ ഉണ്ടായിരുന്ന 13 ഊട്ടുപുരകൾക്ക് മാത്രമായി സർക്കാർ വർഷംതോറും അര ലക്ഷം രൂപ ചെലവാക്കിയിരുന്നു. ഇങ്ങനെ തിന്ന് തീർക്കണമെങ്കിൽ വിശപ്പിന് മാത്രം തിന്നാൽ പോരാ മറിച്ച് സ്വന്തം രാജ്യത്തെ മൊത്തം വൈരാഗ്യബുദ്ധിയോടെ കണ്ടാലെ ഇത് സാധിക്കു.
പിന്നെ രണ്ടാമത്തെ കാര്യം ലൈംഗികബന്ധം ഉണ്ടാക്കുക എന്നതാണ്. ബ്രാഹ്മണ സമുദായത്തിൽ മൂത്ത ആൾക്ക് മാത്രമേ വേളി കഴിക്കാൻ പറ്റുകയുള്ളൂ. മറ്റുള്ളവർക്ക് അനുവദിച്ചിട്ടുള്ളത് സംബന്ധമാണ്. ശൂദ്ര സ്ത്രികൾക്ക് പാതിവ്രത്യം അരുതെന്നും ബ്രാഹ്മണ ബീജത്തിനാൽ സന്താനം ഉണ്ടാക്കിയാലേ നല്ല സന്തതികൾ ജനിക്കുകയുള്ളൂ എന്നതുമാണ് സ്മൃതിയിൽ പറയുന്നത്. രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദരാകാത്ത സന്മാർഗ ഹീനകളായ സ്ത്രീകൾ (അന്ന് അതായിരുന്നു സന്മാർഗ ഹീനതയുടെ ഡെഫനിഷൻ) ഉണ്ടെങ്കിൽ അവരെ ഉടനെ വധിക്കേണ്ടതാണ് എന്ന് വിളംബരം വരെ നടന്നിട്ടുള്ള മണ്ണാണ് കേരളം. ബ്രാഹ്മണർ ആകെ തങ്ങളുടെ ശരീരം ഉപയോഗിച്ചത് ഈ കാര്യങ്ങൾക്കാണ്. ഇതും കൂടിയില്ലായിരുന്നെങ്കിൽ പിത്തം വന്ന് വംശനാശം സംഭവിച്ചാനേ എന്നതാണ് സത്യം.
ഇതാണ് ചരിത്രമെന്നിരിക്കെയാണ് കോവിഡ് കാലത്ത് സോഷ്യൽ ഡിസ്റ്റൻസ് എന്ന് പറയുന്നത് പണ്ട് നടന്നുപോന്ന അയിത്തമാണ്. പഴയ ആചാരങ്ങൾക്ക് ശാസ്ത്രീയവശമുണ്ടെന്നും അതുകൊണ്ട് അവ തിരിച്ചു കൊണ്ടുവരേണ്ടതാണെന്നും പറഞ്ഞ് ഒരു നായർ സ്ത്രീ ഫേസ്ബുക്കിൽ എഴുതിയിട്ടത്. ഇത് വായിച്ച് ഐറണി സ്വയം വെടിവെച്ചതിന് ശേഷം തൂങ്ങി മരിച്ചു കാണും. ചില നായന്മാർ ബ്രാഹ്മണ്യത്തിന് വേണ്ടി വാദിക്കുമ്പോൾ “ടൈം ട്രാവലർ ഉപയോഗിച്ച് ഒരു നായർ വേദം പഠിക്കാൻ പുറകോട്ട് പോയപ്പോൾ കാതിൽ ഈയം ഒഴിച്ച് ബ്രാഹ്മണർ ആ ശ്രൂദ്രനെ പഞ്ഞിക്കിടുന്ന” ബാലമോഹൻ്റെ ട്രോൾ ആണ് ഓർമ്മ വരാറുള്ളത്.
“ഒരു വ്യക്തി ബ്രാഹ്മണനായ് ജനിക്കുന്നത് മുൻ ജന്മ സുകൃതത്താലാണ്. അതുകൊണ്ട് എല്ലാ കാര്യത്തിൻ്റെ തലപ്പത്തും അവർ ഉണ്ടാകേണ്ടതുണ്ട്. എല്ലാ സൽഗുണങ്ങളും ഒത്തുചേർന്നതിനെ ബ്രാഹ്മണൻ എന്ന് വിളിക്കാം.” എല്ലാ മനുഷ്യരും തുല്യരാണെന്നും നീതിക്ക് അവകാശമുണ്ടെന്നും ഉറപ്പ് നൽകുന്ന ഭരണഘടന അനുശാസിച്ച് വിധി പറയേണ്ട ജസ്റ്റിസ് പി ചിതബരേശൻ്റ വാക്കുകളാണിത്. ഈ മനസ്സ് കൊണ്ട് ഒരാൾ പറഞ്ഞ വിധികളിലൊക്കെ എന്ത് നീതിയായിരിക്കും നടപ്പിലാക്കിയിട്ടുണ്ടാവുക. മനസ്സ് കൊണ്ടാണോ നീതി നടപ്പിലാക്കുന്നത് എന്ന് ചോദിക്കാൻ തോന്നുന്നുണ്ടെങ്കിൽ ബൻവാരി ദേവി ഗ്യാങ്ങ് റേപ്പ് കേസിൻ്റെ വിധി ഓർത്താൽ മതി.
പൂണുലിട്ടവരെ ഒക്കെ ദൈവമായി കാണണമെന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിക്കാനാഗ്രഹിക്കുന്നുവെന്നും സകലമതജാതിയിലുമുള്ളവരുടെ നികുതി പണം വാങ്ങിക്കുന്ന എംപി സുരേഷ്ഗോപി പറയുമ്പോൾ മറ്റുള്ള ജാതിക്കാരേ പുള്ളി എവിടെയാണ് നിർത്തിയിരിക്കുന്നതെന്ന് വ്യക്തമാണല്ലോ?
മനുഷ്യൻ ഇന്ദ്രിയം കൊണ്ട് നേടുന്നതിനെയല്ലേ ജ്ഞാനമെന്ന് പറയേണ്ടത്. അല്ലാതെ സംസ്കൃതത്തിൽ അന്താക്ഷരി കളിക്കുന്നതിനെയാണോ?
ഞങ്ങളുടെ ജീവിതം പറയുമ്പോൾ നിങ്ങൾക്കത് കോംപ്ലക്സും കെട്ടുകഥയുമൊക്കെയായി തോന്നുന്ന സ്ഥിതിക്ക്, ഇനി നിങ്ങളുടെ ജീവിതം അങ്ങ് പറഞ്ഞ് തുടങ്ങാമെന്ന് വിചാരിച്ചു. ഇപ്പോ കുഴപ്പമില്ലല്ലോ?