പുതിയ കാർഷിക നിയമത്തിൻ്റെ പ്രത്യാഘാതങ്ങൾ

ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റ് കുത്തകകൾക്ക് അടിയറവ് വെക്കുമ്പോൾ സംഭവിക്കുന്നത്…

ടി ആർ രമേശ്

കൃഷിക്കാരെ സഹായിക്കാനെന്ന വ്യാജേന പാർലിമെന്റ് സബ്‌ കമ്മിറ്റിക്ക് പോലും വിടാതെ ഓർഡിനൻസിലൂടെ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമം കർഷക ജനതയെ കോർപ്പറേറ്റ് കുത്തകകൾക്ക് അടിയറവ് വെക്കുന്നതും സാധരണ ജനങ്ങളുടെ റേഷൻ വരെ ഇല്ലാതാക്കുന്നതുമാണ്. നീതിരഹിതവും ക്രൂരവുമായ ഈ നിയമമാണ് മോദി സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ പോലും തമസ്ക്കരിച്ചുകൊണ്ട് അപ്പം ചുട്ടെടുക്കുന്ന വേഗത്തിൽ ഇരുസഭകളിലും പാസ്സാക്കിയെടുത്തത്.

കാർഷിക വിപണി വൻകിട കുത്തകകളിലേക്ക്

പുതിയ നിയമം നിലവിൽ താങ്ങുവില നിശ്ചയിച്ച് ഉല്പന്നങ്ങൾ സംഭരിച്ചു കൊണ്ടിരിക്കുന്ന കാർഷിക ഉൽപ്പന്ന വിപണന കമ്മിറ്റികളെ തന്നെ (അഗ്രികൾച്ചറൽ പ്രൊഡ്യൂസ്ഡ് മാർക്കറ്റ് കമ്മിററി) നിഷ്പ്രഭമാക്കുന്നതാണ്. ഇത്തരം സംവിധാനം ഇല്ലാതാകുന്നതോടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ലഭ്യമല്ലാതെ വരും. ഇത് ഫലത്തിൽ കർഷകരേയും കാർഷിക ഉത്പ്പന്നങ്ങളേയും അംബാനി, അദാനി തുടങ്ങിയ കുത്തകകൾക്കും മറ്റു വിദേശ കുത്തകകൾക്കും അടിയറവ് വെക്കുന്നതായിരിക്കും. സർക്കാരിന്റെ വില നിയന്ത്രണം ഇല്ലാതാകുന്നതോടെ കാർഷികോത്പ്പന്നങ്ങളുടെ മാർക്കറ്റ് അപ്പാടെ കുത്തകകൾക്ക് കയ്യടക്കാനും അതുവഴി കർഷകരെ കടുത്ത ചൂഷണത്തിന് വിധേയമാക്കാനും കഴിയും.

എല്ലാ നിയന്ത്രണവും കുത്തകകളിലേക്ക്

ഒരു രാഷ്ട്രം, ഒരു വിപണി, ഏകീകൃത വില എന്നതാണ് രാജ്യാന്തര കുത്തകകൾക്ക് വേണ്ടി പുതിയ കാർഷിക നിയമത്തിലൂടെ മോദി സർക്കാർ മുന്നോട്ടു വെക്കുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് കുത്തകകൾ വില നിശ്ചയിക്കുന്നതുപോലെ കാർഷികോൽപ്പന്നങ്ങൾക്കും കുത്തകകൾ തന്നെ വില നിശ്ചയിക്കുന്ന സ്ഥിതി ഇതോടെ ഉണ്ടാകും. എല്ലാ നിയന്ത്രണങ്ങളും കുത്തകകളുടെ കൈയ്യിൽ വന്ന് ചേരുമെന്ന് ചുരുക്കം. പുതിയ നിയമപ്രകാരം ഉല്പാദനത്തിന് മുൻപായി രേഖാമൂലള്ള കരാറുകളിൽ കർഷകൻ ഒപ്പു വെക്കേണ്ടതുണ്ട്. ഗുണനിലവാരത്തിനുള്ള ഗ്യാരണ്ടിയും മുൻകൂട്ടിയുള്ള വിലയും കരാറിൽ ഉൾപ്പെടുത്തണം. ഏതെങ്കിലും കാരണത്താൽ വിളകൾക്ക് കരാറനുസരിച്ചുള്ള ഗുണം ഇല്ലാതെ പോയാൽ അത് കരാർ ലംഘനമാവുകയും ചെയ്യും. ഗുണനിലവാരം പരിശോധിക്കാൻ രൂപീകരിക്കപ്പെടുന്ന ക്വാളിറ്റി കൺട്രോൾ സമിതി പോലും കുത്തകകൾക്ക് വേണ്ടിയായിരിക്കും പ്രവർത്തിക്കുക. പ്രകൃതിക്ഷോഭം മൂലം വിള നശിച്ചാലോ കുത്തകകൾക്ക് ഒരു ബാധ്യതയുമില്ല. കർഷകനും കുത്തകകളുമായി തർക്കമുണ്ടായാൽ പുതിയ നിയമമനുസരിച്ച് അപ്പീൽ അതോറ്റി ജില്ലാ കളക്ടറാണ്. കളക്ടർ ആരുടെ പക്ഷത്തായിരിക്കും നിലയുറപ്പിക്കുക എന്നതും ഊഹിക്കാവുന്നതാണ്.

സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കപ്പെടുന്നു

കൃഷിയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും വിപണികളും ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 2 പ്രകാരം സംസ്ഥാനങ്ങളുടെ വിഷയമായിരുന്നു. എന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന്റെ നഗ്നമായ ലംഘനമാകുന്നു. അതുകൊണ്ടു തന്നെ അത് ഭരണഘടനാവിരുദ്ധവുമാണ്. വാസ്തവത്തിൽ ഈ നിയമം വൻകിട കുത്തകകൾക്ക് അന്തർ സംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാൻ കൂടിയുള്ളതാണ്. പുതിയ നിയമം മൂലം കാർഷിക ഉൽപ്പന്ന വ്യാപാരത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് കിട്ടിക്കെണ്ടിരുന്ന മാർക്കറ്റ് ഫീസ്‌, സെസ് തുടങ്ങി ഇനത്തിൽ കിട്ടുന്ന വരുമാനങ്ങളും ഇല്ലാതാകും. അതും കുത്തകകൾക്ക് നേട്ടമാകും.

കാർഷികോത്പ്പന്ന സംഭരണം സർക്കാർ കയ്യൊഴിയുന്നു

ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുരുക്ക് ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണത്തെ സംബന്ധിച്ചതാണ്. ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ഉത്പ്പാദനം, വിതരണം എന്നിവ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം പോലും കുത്തകകൾക്ക് വേണ്ടി മോദി സർക്കാർ പരിമിതപ്പെടുത്തിയിരിക്കുന്നു. അതാണ് ഈ നിയമത്തിലെ മറ്റൊരു വിപത്ത്. മാത്രമല്ല, അവശ്യവസ്തു സംരക്ഷണ നിയമപ്രകാരം ഉണ്ടായിരുന്ന അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവ ഈ നിയമപ്രകാരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണിതെന്ന് വ്യക്തം.

പുതിയ നിയമ പ്രകാരം ഭക്ഷ്യ സുരക്ഷയും റേഷൻ സമ്പ്രദായവും നിലനിൽക്കുന്നതല്ല

പൊതുമേഖലയിൽ സംഭരിക്കുന്ന ഉത്പ്പന്നങ്ങളാണ് സബ്സിഡിയോടെ പൊതുവിതരണത്തിനെത്തുന്നതും ഭക്ഷ്യ സുരക്ഷയെ നിലനിർത്തുന്നതും. കാർഷിക വിപണിയുടെ നിയന്ത്രണം കുത്തകകളുടെ കൈകളിൽ എത്തുന്നതോടെ റേഷൻ സമ്പ്രദായം തന്നെ അട്ടിമറിക്കപ്പെടും. 2014ൽ അധികാരത്തിലേറിയ മോദി, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബി.ജെ.പിയുടെ തന്നെ എംപിയായ ശാന്തകുമാർ അദ്ധ്യക്ഷനായിട്ടുള്ള ഉന്നതതല കമ്മിറ്റി രൂപീകരിക്കുകയുണ്ടായല്ലോ. ഭക്ഷ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു റിപ്പോർട്ടായിരുന്നു അന്ന് ആ കമ്മിറ്റി മുന്നോട്ടുവെച്ചത്. അന്ന് 67 ശതമാനം ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന റേഷൻ 40 ശതമാനമായി ചുരുക്കിയത് ആ റിപ്പോർട്ടിൻ പ്രകാരമായിരുന്നു. മാത്രമല്ല, സർക്കാർ നടത്തുന്ന ധാന്യ സംഭരണം പൂർണമായി ഇല്ലാതാക്കി സംഭരണം മുഴുവൻ സ്വകാര്യവത്ക്കരിക്കണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അന്നത്തെ റിപ്പോർട്ട് പ്രകാരം 2020ൽ റേഷൻ കടകൾ ഇല്ലാതാക്കാനും സബ്സിഡി ആധാർ മുഖേന ബാങ്ക് വഴി വിതരണം ചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങൾ മറയില്ലാതെ വ്യക്തമാവുകയാണ് പുതിയ കാർഷിക നിയമത്തിലൂടെ.

എല്ലാം അന്താരാഷ്ട്ര ഫിനാൻസ് ഏജൻസികളുടെ നിർദ്ദേശാനുസരണം

ഇന്ത്യയിലെ കാർഷിക സംരക്ഷണ നിയമങ്ങൾ കോർപ്പറേറ്റ് മൂലധന താൽപ്പര്യങ്ങൾക്കനുസൃതമായി തിരുത്തുകയും അന്താരാഷ്ട ഏജൻസികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവത്തിക്കുകയുമാണ് മോദി സർക്കാർ. മോദി വിളമ്പുന്ന രാജ്യസ്നേഹം വിദേശ കോർപ്പറേറ്റ് ദാസ്യത്തെ മറയ്ക്കാനുള്ള മൂടുപടം മാത്രമാണ്. പ്രതിരോധ മേഖലയിലടക്കം 100 ശതമാനം വിദേശ മൂലധനം അനുവദിക്കുന്ന ഒരു ഭരണാധികാരിക്ക് എന്ത് രാജ്യസ്നേഹം. റെയിൽവെ, എയർപോർട്ടുകൾ, ഇന്ത്യയിലെ പൊതുജന ആരോഗ്യമേഖലയിൽ 50 ശതമാനം സ്വകാര്യ മേഖലക്ക് നൽകണമെന്ന് അനുശാസിക്കുന്ന മെഡിക്കൽ ബില്ല്, എല്ലാ സംസ്ഥാനങ്ങളിലേയും വൈദ്യുതി സ്വകാര്യവത്ക്കരിക്കണമെന്ന് നിർദ്ദേശിക്കുന്ന വൈദ്യുതി ബില്ല്, കുത്തകകൾക്ക് ഏകീകൃത വിപണിയൊരുക്കാൻ കൊണ്ടുവന്ന ജി.എസ്.ടി, ബാങ്കിംങ് മേഖല, എൽ.ഐ.സി, ബി.എസ്.എൻ.എൽ തുടങ്ങിയ ഇന്ത്യയുടെ പൊതുസ്വത്തുക്കൾ മുഴുവൻ വിദേശ കുത്തകകളെ ഏൽപിക്കുന്ന നടപടി, ഇതെല്ലാം രാജ്യസ്നേഹമാണത്രെ. മോദി സർക്കാരിന്റെ ഈ വഞ്ചന നാം തിരിച്ചറിയണം.

രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായ കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറവ് വെക്കുന്നതിനെതിരെ പൊരുതുന്ന കർഷക ജനതക്ക് അഭിവാദ്യങ്ങൾ.

Like This Page Click Here

Telegram
Twitter