എക്സിറ്റ് പോൾ നിഷ്കളങ്കമായ ഒരേർപ്പാടല്ല!

#Election

സർവ്വേകൾക്ക് മറ്റു ചില താൽപര്യങ്ങളുണ്ട്. വമ്പൻ കമ്പനികളുടെ ഓഹരികൾക്ക് വിപണിയിൽ താൽക്കാലികമായ പ്രതീക്ഷ നൽകുകയോ ഇടിവുണ്ടാകാതെ നോക്കുകയോ ചെയ്യുക. അതിലുപരി തങ്ങൾ ആഗ്രഹിക്കുന്ന സഖ്യങ്ങളെ അധികാരത്തിലെത്തിക്കാൻ സഹായിക്കുക…


കെ സുനിൽ കുമാർ

എക്സിറ്റ് പോളുകൾ ഊഹക്കച്ചവടം കൂടിയാണ്. മാധ്യമസ്ഥാപനങ്ങളുടെയും അതിനെ നിയന്ത്രിക്കുന്നവരുടെയും രാഷ്ട്രീയ ആഗ്രഹങ്ങൾ കൂടിച്ചേർന്നതാണ് പുറത്തു വരുന്ന ഫലങ്ങൾ. ഒട്ടും നിഷ്കളങ്കമായ ഒരേർപ്പാടല്ല. പല വിധ താൽപ്പര്യങ്ങൾ കൂടിക്കലർന്ന ഒരു കച്ചവടം കൂടിയാണ്.

ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കർഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സർവ്വേക്കാർ അവരുടെ അടുത്തേക്ക് എത്താറില്ല. നഗര മധ്യവർഗത്തിന്റെ ആഗ്രഹങ്ങളും ഏജൻസികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും താൽപര്യങ്ങൾ കൂടിച്ചേരുന്നതാണ് മിക്കവാറും എക്സിറ്റ് പോൾ ഫലങ്ങൾ. ചിലപ്പോഴൊക്കെ ശരിയാകാറുണ്ടെന്ന് മാത്രം.

സർവ്വേകൾക്ക് മറ്റു ചില താൽപര്യങ്ങളുണ്ട്. വമ്പൻ കമ്പനികളുടെ ഓഹരികൾക്ക് വിപണിയിൽ താൽക്കാലികമായ പ്രതീക്ഷ നൽകുകയോ ഇടിവുണ്ടാകാതെ നോക്കുകയോ ചെയ്യുക. അതിലുപരി തങ്ങൾ ആഗ്രഹിക്കുന്ന സഖ്യങ്ങളെ അധികാരത്തിലെത്തിക്കാൻ സഹായിക്കുക.

ഇപ്പോഴത്തെ സർവെ ഫലങ്ങൾ സ്വാഭാവികമായി പ്രതിപക്ഷ പാർട്ടികളെ പിടിച്ചുലക്കുന്നതാണ്. തെരഞ്ഞെടുപ്പനന്തര സഖ്യങ്ങളെക്കുറിച്ചുള്ള ആലോചനകളിൽ നിന്ന് അവരെ പിന്നോട്ടുവലിക്കും. തൂക്ക് സഭയുണ്ടായാൽ ചിതറി നിൽക്കുന്ന പാർട്ടികളെ അധികാരത്തിൽ വരാൻ സാധ്യതയുള്ള പ്രബല സഖ്യത്തിലേക്ക് ആകർഷിക്കും. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതകളെയും മാനിപ്പുലേഷനുകളെയും കുറിച്ചുള്ള പരാതികളെയും സംശയങ്ങളെയും അസ്ഥാനത്താണെന്ന് വരുത്തുക. ഇത്തരം ചില കച്ചവടങ്ങൾ കൂട്ടിക്കലർന്നതാണ് സർവേകൾ.

ഇപ്പോഴത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അപ്പടി തെറ്റാണെന്ന പ്രവചനമല്ല നടത്തുന്നത്. എക്സിറ്റ് പോളുകളും ഒപ്പനിയൻ പോളുകളും വോട്ടർമാരുടെ തീരുമാനത്തെ പലപ്പോഴും പ്രതിഫലിപ്പിക്കാറില്ല എന്ന് സൂചിപ്പിച്ചെന്ന് മാത്രം. യഥാർത്ഥ ജനവിധി തന്നെ 23 ന് വരുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply