പോപ്പുലർ ഫ്രണ്ടിന് നേർക്കുള്ള ഫാഷിസ്റ്റ് ആക്രമണവും പ്രതിഷേധങ്ങളും

പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള ജനാധിപത്യവിരുദ്ധമായ ഹിന്ദുത്വ സംഘിവൽകൃത ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു
_ സേതു സമരം, ജനകീയ മുന്നേറ്റ സമിതി
“പോപ്പുലർ ഫ്രണ്ടിനെ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്തുകയും ആർഎസ്എസിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സവർണ്ണ ആധിപത്യ ഭരണകൂട മനുവാദികളുടെ ഇരട്ടത്താപ്പ് ജനാധിപത്യവിരുദ്ധമായ സംഘിവൽകൃത സവർണ്ണ ആധിപത്യ ഭരണകൂട നീക്കത്തെ എല്ലാ ജനാധിപത്യവിശ്വാസികളും തിരിച്ചറിയൂ, സേതുസമരം ✊🏿”

പ്രതിഷേധങ്ങൾ ഉജ്വലമാകട്ടെ ! പ്രതിഷേധത്താൽ തെരുവുകൾ നിറയട്ടെ
_ ബ്രാഹ്മണ്യ -ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി

രാജ്യത്തെ ഒന്നാകെ സൈനികരാജിന് കീഴിലാക്കി ഫാസിസവൽക്കരണത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിന് തടസ്സം നിൽക്കുന്ന എല്ലാ ശക്തികളേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം നടത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ ഭാഗമാണ് ഇന്ത്യയിലെമ്പാടും ഒരേ സമയം സംസ്ഥാന സർക്കാരുകളെ ഇരുട്ടിൽ നിർത്തി NIA എന്ന സാമൂഹ്യവിരുദ്ധ സേനയെ ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളും അറസ്റ്റുകളും. ഇത് 2002ൽ നടന്ന മുസ്‌ലിം വംശഹത്യയുടെ തുടർച്ചയിൽ ഉയർന്നുവന്ന ചെറുത്തുനിൽപ്പുകളെ ഭീതിയിൽ നിർത്താനും നിശബ്ദമാക്കുന്നതിനുമുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്.

ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കൾ മുസ്‌ലിം, ആദിവാസി, ദളിത് ജനതയാണ് എന്ന് പരസ്യ പ്രസ്താവന പുതുക്കുന്നതിന്റെ ഭാഗമാണ് ഈ റെയ്ഡുകൾ. തങ്ങളുടെ അധികാരവും മാധ്യമ സ്വാധീനവുമുപയോഗിച്ച് വിമതശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന പരീക്ഷണമായിരുന്നു 7 വർഷം മുൻപ് കെട്ടിചമച്ച ഭീമാ കൊറേഗാവ് കേസ്. ഈ കേസ് അഖിലേന്ത്യ സ്വഭാവം കൈവരിക്കുകയും, ജനാധിപത്യവാദികളെ നിശബ്ദരാക്കാൻ നടത്തിയ പരീക്ഷണം വിജയകരമായി എന്ന് NIAയും ഫാസിസ്റ്റുകളും വിലയിരുത്തുന്നു. അതിന്റെ അടുത്ത ഘട്ടമാണ് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നീക്കം.

അധികാര സമൂഹം മൗലിക അവകാശങ്ങളെ എതിർത്താൽ ഒരു നിയമത്തിനോ, പാർലമെന്റിനോ, നിയമസംവിധാനത്തിനോ മൗലിക അവകാശങ്ങളെ ശരിയായ അർത്ഥത്തിൽ സംരക്ഷിക്കാമെന്ന് നിലവിലുള്ള നിയമസംവിധാനങ്ങൾക്ക് ഒരു ഉറപ്പും നൽകാൻ കഴിയില്ല എന്ന് തുറന്ന് സമ്മതിക്കുന്ന അനുഭവവും ഭീമാ കൊറേഗാവ് കേസിന്റെ നാൾവഴികൾ നമ്മോട് സംസാരിക്കുന്നു. ഇതിന്റെ ബലത്തിലാണ് ED, NIA എന്നീ ഏജൻസികളെ ഉപയോഗിച്ച് എല്ലാ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെട്ടുകൊണ്ടുള്ള സ്വയം പ്രതിരോധ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തുകൊണ്ട് ജനകീയ ചെറുത്തുനിൽപ്പുകൾ ശക്തമാക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

പോപ്പുലർ ഫ്രണ്ട് നേതൃത്വങ്ങളെ നിരുപാധികം വിട്ടയക്കുക.
റെയ്ഡുകളെന്ന പേരിൽ നടത്തുന്ന പോലീസ് ഭീകരത അവസാനിപ്പിക്കുക.
_ ബ്രാഹ്മണ്യ -ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി

“ഇന്ത്യൻ ജനാധിപത്യമെന്നത് ജനാധിപത്യവിരുദ്ധ ഭരണകൂടത്തിന് മേലുള്ള മേൽവസ്ത്രം മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് പോപ്പുലർ ഫ്രണ്ട് സംഘടനക്കെതിരെ നടക്കുന്ന റെയ്ഡുകളും കൂട്ട അറസ്റ്റുകളും. പ്രതിഷേധങ്ങൾ ഉജ്വലമാകട്ടെ !
അജയൻ കുമാർ, റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് – RDF കേരളം”

പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കം സംഘപരിവാർ അജണ്ട.
ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കുക, പ്രതിഷേധിക്കുക
_ പുരോഗമന യുവജന പ്രസ്ഥാനം -PYM

PFI നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ തുടർച്ച
_ വിപ്ലവ ജനകീയി മുന്നണി

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന PFI നേതാക്കളെ തിവ്രവാദ ചാപ്പ കുത്തുന്നതും ദളിതരുടെ ഭാഗത്ത് നിൽക്കുന്നവരെ ഭീമ കൊറെഗാവ് – അർബൻ നക്സൽ മുദ്രകുത്തി ജയിലിലടക്കുന്നതും ആദിവാസികളുടെ പക്ഷത്ത് നിന്ന് ഇടപെടൽ നടത്തുന്നവരെ മാവോയിസ്റ്റ് മുദ്രകുത്തി വെടിവെച്ച് കൊല്ലുന്നതും ഭരണകൂട ഭികരതയുടെ പൂർണ രൂപമാമാണ്. ആസ്ത്രേലിയൻ മിഷനറി ഗ്രഹാംസ്റ്റേയിനേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും പച്ചക്ക് കത്തിച്ച് കൊന്നവരെയും, ഗുജറാത്തിൽ ഗർഭിണികളുൾപ്പെടെ രണ്ടായിരത്തോളം മുസ്‌ലിങ്ങളെ കൊന്നു തള്ളിയവരും, മാലേഗാവ് – മക്ക മസ്ജിദ് – സംജോതാ എക്സ്പ്രസ്സ് എന്നിവിടങ്ങളിൽ ബോംബ് പെട്ടിച്ച് ഒട്ടേറെ പേരെ കൊന്നുതള്ളിയവരും ജനാധിപത്യവാദികളും മിതവാദികളുമായി വേഷം കെട്ടുകയാണ്. ഇത് പൗരസമുഹം തിരിച്ചറിയണം.

എന്‍ഐഎ, ഇഡി മുതലായ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയവിമതരെ അടിച്ചമർത്താനുള്ള നീക്കം അപലപനീയം
_ യുഎപിഎവിരുദ്ധ ജനകീയ കൂട്ടായ്മ
എന്‍ഐഎ, ഇഡി മുതലായ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയവിമതരെ അടിച്ചമർത്താനുള്ള നീക്കം അപലപനീയമാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക റെയ്ഡും അറസ്റ്റും കേന്ദ്രസര്‍ക്കാരിന്റെ ഈ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കള്ളപ്പണം വെളുപ്പിച്ച് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിച്ചു, ഭീകര സംഘടനകളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഭരണകൂട നടപടി എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. രാജ്യവ്യാപകമായി നടന്ന റെയ്ഡുകളെ തുടര്‍ന്ന് 11 സംസ്ഥാനങ്ങളില്‍ നിന്നായി 106 ഓളം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഉണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ നിന്ന് തന്നെ ഈ ആരോപണങ്ങളിലേയും അറസ്റ്റിലേയും രാഷ്ട്രീയതാല്പര്യം വെളിവാകുന്നുണ്ട്.

ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് ജനാധിപത്യരീതിയല്ല. മനുഷ്യാവകാശ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച ഭിമാ കൊറേഗാവ് കേസില്‍ ഹാജരാക്കിയ വ്യാജ തെളിവുകള്‍ ഒന്നൊന്നായി അന്താരാഷ്ട്ര ഫോറൻസിക് ഏജൻസികളുടെ പരിശോധനയില്‍ പൊളിഞ്ഞുവീണുകൊണ്ടിരിക്കുമ്പോഴും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് എന്‍ഐഎ ചെയ്തിട്ടുള്ളത്. എന്‍ഐഎയുടെ ഈ ക്രൂരതയുടെ ഇരയായിട്ടാണ് ഫാ. സ്റ്റാന്‍സാമി തടവില്‍ കിടന്നുകൊണ്ട് രക്തസാക്ഷിത്വം വരിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നുവെന്ന് വ്യാപകമായ വിമർശനം ഉയർന്നു വന്നിട്ടുണ്ട്.

മുസ്‌ലിം സമുദായാംഗങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കു ശേഷം സാമാന്യ മുസ്‌ലിം ജനതയ്ക്കിടയില്‍ രൂപപ്പെട്ട അരക്ഷിതാവസ്ഥ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 2014ല്‍ കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. അതോടൊപ്പം മുസ്‌ലിം വിരുദ്ധ വര്‍ഗ്ഗീയ ഉള്ളടക്കത്തോടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഭേദഗതിനിയമം, മുതലായവ മുസ്‌ലിം ജനതയുടെ അരക്ഷിതാവസ്ഥ കൂടിയിട്ടുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനായി സ്വീകരിച്ച നടപടികളും പ്രതിഷേധക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും ജനാധിപത്യ വിശ്വാസികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിരുന്നു. ഇത്തരം ഭരണകൂട നടപടികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായിട്ടുള്ള നടപടി എന്ന് കരുതേണ്ടിയിരിക്കുന്നു. എതിരാളികളെ രാഷ്ട്രീയമായി അടിച്ചമർത്തുവാനും നിയമവാഴ്ച്ചയെ കാറ്റില്‍ പറത്തുവാനും ഭരണകൂട ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണത വ്യാപമായ പ്രതിഷേധം ഉയർത്തേണ്ടതുണ്ട്. അക്രമങ്ങളെയും വിധ്വംസകപ്രവർത്തനങ്ങളെയും അപലപിക്കുന്നതോടൊപ്പം അകാരണമായി യുഎപിഎ ചുമത്തി വിമത ചിന്തകളെ പാടെ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെ നയത്തെ ഈ സമിതി അപലപിക്കുന്നു.
24-09-2022

Follow us on | Facebook | Instagram Telegram | Twitter