എത്ര നീതിരഹിതമായ ഭരണകൂട ഉപകരണമായാണ് എൻഐഎ പ്രവർത്തിക്കുന്നത്?

ദേശീയ അന്വേഷണ എജൻസിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഉപകരണങ്ങളാക്കി കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയ വിമതർക്കും വിമർശകർക്കും എതിരെ നടത്തുന്ന അടിച്ചമർത്തൽ നടപടിയുടെ തുടർച്ചയാണ് പോപ്പുലർ ഫ്രണ്ട് -എസ്.ഡി.പി.ഐ സംഘടനകൾക്കെതിരെ ഇപ്പോൾ നടത്തിയിട്ടുള്ള നീക്കം. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും കാറ്റിൽ പറത്തികൊണ്ടുള്ള ഈ അടിച്ചമർത്തൽ നടപടിയെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.
_ സുജഭാരതി, കൺവീനർ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

എൻഐഎ രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന ഏറ്റവും വലിയ നിയമ നടപടിയെന്നാണ് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡുകളെയും അറസ്റ്റിനെയും എൻഐഎ കേന്ദ്രങ്ങൾ തന്നെ വിശേഷിപ്പിച്ചത്. ഒരേ സമയം 11 സംസ്ഥാനങ്ങളിലായി നടന്ന നടപടികളിൽ 106 പോപ്പുലർ ഫ്രണ്ട് -എസ്.ഡി.പി.ഐ നേതാക്കളും പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടതായാണ് പ്രാഥമിക വാർത്തകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 5 കേസ്സുകളിലായാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്നും വാർത്തകളിൽ പറയുന്നു. കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 8 പേരെ ഡൽഹി കേസിലാണ് പ്രതി ചേർത്തിരിക്കുന്നത്. 9 പേരെ കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും പ്രതി ചേർത്തിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ സ്വമേധയാ ഉള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എൻഐഎ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രത്യേക വിഭാഗം ജനങ്ങൾക്കിടയിൽ ഭരണകൂടത്തിനും അതിന്റെ ഉപകരണങ്ങൾക്കും എതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഇന്ത്യക്കെതിരെ കൂറില്ലായ്മ പ്രചരിപ്പിക്കുന്നു. എന്നതാണ് ഈ കേസിലെ ആരോപണങ്ങളിൽ ഒന്ന്. സുപ്രീംകോടതി ഈയിടെ മരവിപ്പിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ കുറ്റത്തിന്റെ (S.124 A ) ചേരുവയാണിതെന്നു സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഐപിസിയിലെ രാജ്യദ്രോഹം ഇല്ലാതെ തന്നെ അതേ കുറ്റം ആരോപിക്കാവുന്ന വിധം യുഎപിഎ നിയമം ഉണ്ടെന്നും അതുകൊണ്ട് സുപ്രീം കോടതിയുടെ രാജ്യദ്രോഹ കുറ്റത്തിനെതിരായ വിധി കൊളോണിയൽ നിയമത്തിനെതിരായ പ്രതീകാത്മക നടപടി എന്നതിനപ്പുറം മൗലികാവകാശ സംരക്ഷണത്തിന് ഉതകുന്നതല്ല എന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് ഈ ആരോപണം. സമൂഹത്തിലെ വിവിധ മത സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തി മത സാമുദായിക ഐക്യം തകർക്കാനും ഗൂഡാലോചന നടത്തിയെന്നും അക്രമ ബലപ്രയോഗങ്ങൾ വഴി ബദൽ നീതി നിർവ്വഹണ വ്യവസ്ഥക്കായി പ്രചരണം നടത്തി, ലഷ്‌ക്കർ ഇ ത്വയ്ബ, ഐഎസ്, അൽക്വയിദ തുടങ്ങിയ ഭീകര സംഘടനകളിൽ ചേരാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചു. ജിഹാദിലൂടെ ഭീകരാക്രമണങ്ങൾ വഴി ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായി ഗൂഡാലോചനയിൽ ഏർപ്പെട്ടു എന്നിവയാണ് മറ്റ് ആരോപണങ്ങൾ. ഏറെക്കുറെ ഇതേ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് മറ്റു കേസുകളും എന്നാണു മനസ്സിലാക്കാനാകുന്നത്.

വളരെ അവ്യക്തവും അമൂർത്തവുമായ ആരോപണമാണിതെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. അമൂർത്തമായ ആരോപണങ്ങൾക്കപ്പുറം വ്യക്തമായ ഒരു സംഭവം പോലും ആയിരക്കണക്കിന് അനുയായികളുള്ള ഒരു രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ ഭരണകൂടത്തിന് അവതരിപ്പിക്കാനില്ല എന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. കേന്ദ്ര സർക്കാർ നടപടിയിലെ അധികാര ഗർവ്വും ജനാധിപത്യ വിരുദ്ധതയും എത്രമാത്രമാണെന്നു ഇത് ചൂണ്ടിക്കാണിക്കുന്നു.

1960 കളിൽ ആണ് ആർ.എസ്.എസ് നേതാവായ മാധവ് സദാശിവറാവു ഗോൾവാൾക്കർ രചിച്ച വിചാരധാരയിൽ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യുണിസ്റ്റുകളെയും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി വിശേഷിപ്പിക്കുന്നത്. ഭീകര വിരുദ്ധ നിയമങ്ങളുടെ ആവിർഭാവത്തോടെ ആർഎസ്എസിന്റെ ആഭ്യന്തര ശത്രു സിദ്ധാന്തം ഇന്ത്യൻ നിയമ വ്യവസ്ഥയിലേക്കു ഉൾച്ചേർക്കപ്പെട്ടു എന്ന വിമർശനം തള്ളിക്കളയാവുന്നതല്ല. നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടിക അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിരവധി ഭീകരാക്രമണങ്ങൾക്കു കാരണക്കാരായ തീവ്ര ഹിന്ദു സംഘടനകൾ യാതൊരു നിയമ നടപടികളും നേരിടാതെ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് അവ്യക്തമായ ആരോപണങ്ങൾ ഉന്നയിച്ചു ഇത്തരം റെയ്ഡുകളും അറസ്റ്റുകളും നടക്കുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭരണഘടനാപരമായി കൊണ്ടുവന്ന അധികാര വിഭജനത്തെ അട്ടിമറിച്ചു കൊണ്ടാണ് എൻഐഎ എന്ന കേന്ദ്ര അന്വേഷണ ഏജൻസി സ്ഥാപിക്കപ്പെട്ടത്. ക്രമസമാധാന പാലനം, പോലീസ് എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളായാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ആ അധികാര വിഭജനത്തെ മാനിക്കാതെയാണ് കേന്ദ്രതലത്തിൽ എൻഐഎ എന്ന അന്വേഷണ ഏജൻസി രൂപീകരിച്ചത്.

കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം യുപിഎ സർക്കാർ കാലത്ത് ആഭ്യന്തരമന്ത്രി പി ചിദംബരമാണ് എൻഐഎ ബില്ല് കൊണ്ടുവന്നത്. കേന്ദ്ര-സംസ്ഥാന അധികാര ബന്ധത്തിൽ നിർണ്ണായകമായ മാറ്റം വരുത്തുന്ന ആ ബില്ല് അന്ന് കാര്യമായ ചർച്ചകൾ ഇല്ലാതെ മിനിട്ടുകൾക്കകം പാസ്സാക്കുകയായിരുന്നു. അതിനുശേഷം ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ കേന്ദ്ര സർക്കാരിന്റെ ലക്ഷണമൊത്ത രാഷ്ട്രീയ ഉപകരണമായി എൻഐഎ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഭീമാ കോരേഗാവ് കേസിൽ സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കെട്ടിച്ചമച്ച കള്ള തെളിവുകൾ ഒന്നൊന്നായി അന്താരാഷ്‌ട്ര ഫോറൻസിക് ഏജൻസികൾ തുറന്നു കാണിക്കുമ്പോഴും സാമൂഹ്യപ്രവർത്തകരെ ജയിലിൽ ഇട്ട് പീഡിപ്പിക്കാനാണ് എൻഐഎ ശ്രമിക്കുന്നത്. തടവിൽ കഴിയുന്നവർക്ക് ചികിത്സ നിഷേധിച്ചതും, കണ്ണടയും, സ്ട്രോയും, കൊതുകുവലയും പോലും നൽകുന്നതിനെ എതിർത്തും എത്ര നീതിരഹിതമായ ഭരണകൂട ഉപകരണമാണ് തങ്ങളെന്ന് എൻഐഎ തെളിയിച്ചിട്ടുള്ളതാണ്. യുഎപിഎ-എൻഐഎ ഭീകരതയുടെ രക്തസാക്ഷിയാണ് ചികിത്സയും ജാമ്യവും നിഷേധിക്കപ്പെട്ട് മരണമടഞ്ഞ ഫാ. സ്റ്റാൻ സ്വാമി.

ഭരണഘടനാ വിരുദ്ധമായ എൻഐഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസി ആയതുകൊണ്ട് തന്നെ വിപുലമായ അധികാര പ്രയോഗ സാധ്യതകൾ ഉള്ള ഒന്നാണ് എൻഐഎ. ഒരു സംസ്ഥാനത്തു നിന്നുള്ള ആളുകളെ മറ്റൊരു സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാക്കാൻ എൻഐഎക്കു വളരെ എളുപ്പം കഴിയും. അപ്രകാരം പ്രതികളാക്കപ്പെട്ടവരെ തങ്ങളുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സാമീപ്യത്തിൽ നിന്നും അകറ്റാനും സാമൂഹ്യമായി ഒറ്റപ്പെടുത്തി പീഡിപ്പിക്കാനും കഴിയുംവിധമാണ് ഈ അധികാരം വിനിയോഗിക്കപ്പെടുന്നത്. ഭീമ കോരേഗാവ് കേസിൽ പ്രതി ചേർത്തു മഹാരാഷ്ട്രയിൽ തടവിലാക്കപ്പെട്ട പ്രശ്‌സത കവി വരവരറാവു ബന്ധുക്കൾക്കയച്ച കത്തിൽ തൻ്റെ മാതൃഭാഷയായ തെലുങ്ക് സംസാരിക്കാനും കേൾക്കാനും കഴിയാത്തതിൽ ഖിന്നനാണ് എന്ന് എഴുതിയത് ഓർക്കുക. ഇപ്രകാരം മാതൃഭാഷയിൽ നിന്നും സാംസ്ക്കാരിക ജീവിത പരിസരത്തു നിന്നും ബന്ധുമിത്രാദികളിൽ നിന്നും രാഷ്ട്രീയ വിമതരെയും വിമർശകരെയും അകറ്റി അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.

നമ്മുടെ സമൂഹത്തിൽ ശക്തി പ്രാപിച്ചു വരുന്ന ബ്രഹ്മണ്യവാദ – ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും മുസ്ലിം ജനതയുടെ നാൾക്കു നാൾ വർദ്ദിച്ചു വരുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ വേണം പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ ആവിർഭാവത്തെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കാൻ. മുസ്ലിം അപരവത്ക്കരണത്തെ മുൻനിറുത്തി ഹിന്ദുത്വ ഫാസിസ്റ്റുകൾ ശക്തിപ്പെടുമ്പോൾ അതിലൂടെ അപകടത്തിലാകുന്നത് ജനാധിപത്യവും മനുഷ്യാവകാശങ്ങളും തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സംഘടനകൾക്ക് മേൽ കേവലമായി മതവർഗ്ഗീയതയുടെ മുദ്ര കുത്തുന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുസ്ലിം വിരുദ്ധ പ്രചരണത്തിന് ഇന്ധനം നൽകുകയെ ചെയ്യൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം അപരവത്ക്കരണത്തിനു അധികാരം ഉപയോഗിക്കുന്ന അത് വഴി തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപി – സംഘപരിവാർ നീക്കങ്ങൾക്കെതിരെ ഒന്നിച്ചണിനിരക്കുക എന്നതാണ് ജനാധിപത്യ വിശ്വാസികളോട് കാലം ആവശ്യപ്പെടുന്ന കടമ. അതേറ്റെടുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

_ സുജഭാരതി, കൺവീനർ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
24-09-2022

Follow us on | Facebook | Instagram Telegram | Twitter