കുട്ടികള്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന തെളിവുകൾ കേട്ടറിയട്ടെ


_ സിറാജ് പി

നവീകരിച്ച 34 സ്‌കൂളുകൾ തുറന്ന അതേ ദിവസമാണ് ഇതുവരെ തെറ്റുകാരെന്നു കണ്ടെത്താൻ കേരള പോലീസും എൻ.ഐ.എ യും ആവതു ശ്രമിച്ചിട്ടും നടക്കാത്ത കാരണം അലനും ത്വാഹക്കും ജാമ്യം കിട്ടിയ ദിവസമെന്നതും ഒരു പക്ഷെ യാദൃശ്ചികമാവാം.

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന, നിയമവും ജേര്‍ണലിസവും പഠിക്കുന്ന യുവാക്കളെ പുസ്തകം വായിച്ചതിന്‍റെ പേരിലും ജനകീയ സമരങ്ങളിൽ സജീവമായതിന്‍റെ പേരിലും കള്ളക്കേസെടുത്ത് കരിനിയമമായ യു.എ.പി.എയും ചാർജ് ചെയ്തു അവരുടെ വിദ്യാഭ്യാസവും ഭാവിയും നശിപ്പിക്കാൻ ഏതോ കുബുദ്ധി പ്രവർത്തിച്ചപ്പോൾ ഒപ്പം കൂടിയ ഇടതുപക്ഷ ഭരണകൂടം തന്നെയാണ് മറുപടി പറയേണ്ടത്.

കരിനിയമത്തെ കുറിച്ച് തെരുവുകളിൽ അലറി വിളിച്ചവരെല്ലാം സ്വന്തം ഭരണകൂടം സഹപ്രവർത്തകർക്ക് നേരെ തന്നെ ഉപയോഗിച്ചപ്പോൾ മൗനം പാലിച്ചു എന്നതും ഈ കേസിലൂടെ സമൂഹത്തിനു തിരിച്ചറിയാനായി. അലന്‍റെയും ത്വാഹയുടെയും വിഷയത്തിൽ മാത്രമല്ല, കേരളത്തിലെ ഒട്ടനേകം കേസുകളിൽ ആഭ്യന്തര വകുപ്പിന്‍റെ കഴിവില്ലായ്മയെ കൃത്യമായി അടയാളപ്പെടുത്താനാകും. എന്നിട്ടും പാർട്ടിക്കുള്ളിൽ പോലും ഒരു അനക്കവമുണ്ടാകുന്നില്ലല്ലോ എന്നതാണ് ഖേദകരം.

സ്‌കൂളുകൾ നവീകരിച്ചത് അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്, എന്നാൽ അലന്‍റെയും ത്വാഹയുടെയും നീതി നിഷേധത്തിനപ്പുറത്തേക്കു അത് ചർച്ച ചെയ്യാൻ യോഗ്യതയില്ല. ഇന്നത്തെ പ്രൈം ടൈം ചർച്ച ആ ചെറുപ്പക്കാരുടെ അനുഭവങ്ങൾ തന്നെയാകണം. ഇന്ന് ഉദ്ഘാടനം ചെയ്ത സ്‌കൂളിലുള്ള കുട്ടികളടക്കമുള്ളവർ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന തെളിവുകൾ കേട്ടറിയട്ടെ.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail