വിപ്ലവപാതയിലൂടെ മുന്നോട്ട് എന്നതാണ് വർഗീസ് സ്മരണ

മലകയറി വന്ന ആൺകുട്ടിയാണവൻ എന്നാണ് വർഗീസിനെ കുറിച്ച് ആദിവാസി അമ്മമാർ പറഞ്ഞിരുന്നത്. മൂപ്പൻമാർ അദ്ദേഹത്തിന് പെരുമൻ സ്ഥാനം നൽകി. ആത്മാർത്ഥതയും സത്യസന്ധതയും മനുഷ്യസ്നേഹവും തിരുത്തൽവാദത്തോടുള്ള രോക്ഷവുമായിരുന്നു സഖാവിൻ്റെ കൈമുതൽ…

അജയൻ കുമാർ

വർഗീസ് രക്തസാക്ഷിത്വത്തിൻ്റെ 51 വർഷങ്ങൾ വിപ്ലവത്തിൻ്റെയും പ്രതിവിപ്ലവത്തിൻ്റെയും വർഷങ്ങൾകൂടിയാണ്, കേരളത്തിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രവുമാണ്. വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ ആദ്യത്തേതും, സുപ്രീം കോടതി നിർദ്ദേശങ്ങൾ വരുന്നതിന് മുൻപെ പൊലീസ് ശിക്ഷിക്കപ്പെട്ടതും, വെടിവെച്ച പൊലീസുകാരൻ മാപ്പുസാക്ഷിയായ കേസും സഖാവ് വർഗീസിൻ്റെ രക്തസാക്ഷിത്വമായിരുന്നു.

കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ എക്കാലത്തേയും മികച്ച ധീരനായ നേതാവ് എ വർഗീസ് ആണെന്ന് വാസു ഏട്ടനും ഓർമ്മകുറിപ്പിൽ അജിതയും പറയുന്നു. 1947ന് ശേഷം ജനിച്ച നമ്മുടെ തലമുറയെ ജനങ്ങൾക്കിടയിൽ നടക്കുവാനും നേര് കാണാനും പറയുവാനും പഠിപ്പിച്ച സഖാവ്. അദ്ദേഹം രക്തസാക്ഷിയാവുമ്പോൾ വയസ് 32 ആയിരുന്നു. സാമൂഹ്യജീവിതവും, സ്വകാര്യജീവിതവും രണ്ടായികൊണ്ടു നടക്കുന്ന ഇന്നത്തെ രാഷ്ടീയ നേതൃത്വമല്ലായിരുന്നു സഖാവ് വർഗീസിൻ്റെത്, വർഗീസിൻ്റെ സഹപ്രവർത്തകനായിരുന്ന വാസുവേട്ടൻ ഓർത്തെടുക്കുന്നു. അണികളോട് കുടുംബസഹിതം രാഷ്ടീയത്തിൽ ഇറങ്ങാൻ പറയുകയും, തൻ്റെ ഭാര്യ, കുട്ടികൾ എന്നിവരെ സുരക്ഷിത അകലത്തിൽ നിർത്തി വിപ്ലവധീരൻമാർ നടത്തുന്ന വാചകമടിയെ പരിഹസിച്ചുകൊണ്ട് വാസുവേട്ടൻ, അടിയോരുടെ പെരുമൻ വീട്ടിലേക്കയച്ച കത്തിനെ കുറിച്ച് പരാമർശിക്കാറുണ്ട്. നക്സൽ ദിനങ്ങൾ എന്ന പുസ്തകത്തിൽ പ്രദ്ധീകരിച്ച വർഗീസിൻ്റെ കത്തിലെ പ്രധാന ഭാഗം; “എന്നോട് വലിയ ദേഷ്യം ഉണ്ടല്ലെ? എനിക്കറിയാം ഉണ്ടാകുമെന്ന്. ഇത്രയധികം കഷ്ടപ്പെട്ട് വളർത്തി എന്നിട്ട് യാതൊരു ഉപകാരവുമില്ലാതെ നശിച്ചുപോയെന്ന് ചിന്തിച്ചു വേദനിക്കുന്നുണ്ടാകും. ശരിയാണ്, നമ്മൾ ഒരുവിധം നന്നായി ജീവിച്ചു പോകുന്നുണ്ടല്ലോ (ദൈവം സഹായിച്ചിട്ടാണോ, പണിയെടുത്തിട്ടാണോ). അത്രവരെ ഇല്ലാത്ത എത്രയോ പേർ പട്ടിണി കിടക്കുന്നു. അവരെ ഓർക്കുക. അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സുഖമായ ജീവിതം, സാരമില്ല, അതുപോകട്ടെ, മറ്റാരുടേയും അടിമയായി ജീവിക്കരുത്. സത്യമായി ന്യായത്തിന് മാത്രം തലകുനിച്ച് ജീവിക്കുക. തന്നിൽ താണവൻ്റെ ശബ്ദം കേൾക്കുക. അങ്ങിനെ വരുമ്പോൾ കഷ്ടങ്ങൾ ഉണ്ടാകും അതു സാരമില്ല, എന്നെ അങ്ങനെ വിടു, ഒരുനാൾ നല്ലത് കേൾക്കാം.”

മലകയറി വന്ന ആൺകുട്ടിയാണവൻ എന്നാണ് വർഗീസിനെ കുറിച്ച് ആദിവാസി അമ്മമാർ പറഞ്ഞിരുന്നത്. മൂപ്പൻമാർ അദ്ദേഹത്തിന് പെരുമൻ സ്ഥാനം നൽകി. ആത്മാർത്ഥതയും സത്യസന്ധതയും മനുഷ്യസ്നേഹവും തിരുത്തൽവാദത്തോടുള്ള രോക്ഷവുമായിരുന്നു സഖാവിൻ്റെ കൈമുതൽ. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തൽവാദത്തിനും പാർലമെൻ്ററി വ്യാമോഹത്തിനും വർഗ്ഗവഞ്ചനക്കുമെതിരെ ഇന്ത്യയിലെമ്പാടും വീശിയടിച്ച തീക്കാറ്റിൻ്റെ പൊരികൾ കേരളത്തിലെ ഗ്രാമങ്ങൾ ഏറ്റെടുക്കുകയും ചെയ്ത കാലമായിരുന്നു. പ്രസ്ഥാനം വളരാൻ തുടങ്ങുന്ന സമയത്ത് നക്സലൈറ്റുകളെ നേരിടാനായി അന്നത്തെ ഐ ജി ഗോപാലൻ നേരിട്ട് ഒരു ടീമിനെ രൂപീകരിച്ചു. ഗറില്ലകളെ നേരിടാൻ പ്രത്യേക പരിശീലനം സിദ്ധിച്ച കേന്ദ്രസേന അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു സംഘം. ഏറ്റവും ജൂനിയറായ ഒരു ഡി.വൈ.എസ്.പിക്കായിരുന്നു ചുമതല. അവർ വയനാട്ടിലെത്തി ക്യാമ്പ് തുറന്ന് അക്രമണങ്ങൾ അഴിച്ചുവിട്ടു. മാവോയിസ്റ്റുകളെ തിരയാനെന്ന പേരിലായിരുന്നു ആക്രമണങ്ങൾ. 1970 ഫെബ്രുവരി 17ന് ബ്രഹ്മഗിരി താഴ്‌വരയിൽ സേനയും വിപ്ലവകാരികളും മുഖാമുഖം കണ്ടുമുട്ടി. വെടിവെപ്പ് നടന്നെങ്കിലും വിപ്ലവകാരികളെ ചിതറിക്കാൻ മാത്രമേ പൊലീസിന് കഴിഞ്ഞുള്ളു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് പിടികൂടിയ വർഗീസിനെ, അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ കെ ലക്ഷ്മണ, ഡി.ഐ.ജി ആയ പി വിജയൻ എന്നിവരുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി 18ന് താൻ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ 1998ൽ വെളിപ്പെടുത്തി. തുടർന്ന് പൊലീസ് മേധാവി കെ ലക്ഷ്മണക്ക് ജയിൽവാസം. പശ്ചിമഘട്ടത്തിൽ വീണ്ടും ആ വസന്തത്തിൻ്റെ ചുവപ്പ് ചക്രവാളത്തിൽ തെളിയുന്നത് ഭയന്ന ഭരണകൂടം 2016ന്‌ ശേഷം 8 വിപ്ലവകാരികളെ വെടിവെച്ചുകൊന്നു. നിലമ്പൂർ, വൈത്തിരി, മഞ്ചക്കണ്ടി എന്നിവിടങ്ങളിൽ കൊലപാതകങ്ങൾ നടത്തിയതും, രാജമൗലിയെ കൊല്ലത്ത് വെച്ച് കൊലപ്പെടുത്തിയതും കപട കമ്മ്യുണിസ്റ്റുകൾ ആയിരുന്നു, സോഷ്യൽ ഫാസിസ്റ്റുകൾ, ചരിത്രം അവർക്ക് മാപ്പ് നൽകില്ല.

ജനാധിപത്യ – മനുഷ്യാവകാശത്തിന് വേണ്ടി ജനങ്ങൾ സംഘടിതമായ സമരത്തിലാണ് ഇന്ന്. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകളും സോഷ്യൽ ഫാസിസ്റ്റുകളും ഒന്നായി തീരുന്ന സവിശേഷതക്കും നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരുന്ന കാലമാണ്. ഭരണഘടനയെ സസ്പെപെൻ്റ് ചെയ്യാതെ തന്നെ പാർലമെൻ്ററി സംവിധാനത്തിൻ്റെ ഔപചാരികത നിലനിർത്തികൊണ്ട് ഹിന്ദുത്വ ഫാസിസ്റ്റുകൾ ജനങ്ങൾക്കെതിരായ യുദ്ധം (ഓപ്പറേഷൻ ഗ്രീൻ ഹണ്ട്, സമാധൻ 19) സജീവമാക്കിയിരിക്കുന്നു. കമ്മ്യുണിസ്റ്റ് വിപ്ലകാരികളെ, ജനാതന സർക്കാരുകളെ എല്ലാം തുടച്ചു നീക്കുമെന്നാണ് ശാസനം. കഴിഞ്ഞ 6 വർഷത്തിൽ, കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുകയും UAPA ഭേദഗതി, NEP 2020, CAA, NRC, NPR, തൊഴിൽ നിയമം, സാമ്പത്തിക സംവരണം, കർഷക വിരുദ്ധ നിയമങ്ങളും നിർമ്മിച്ചു. മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തി, മാധ്യമങ്ങളെ വിലക്കി, കർഷകസമരത്തെ ചോരയിൽ മുക്കാൻ മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്ടിക്കാനുളള സൈനികനീക്കം നടക്കുന്നതിനിടയിലാണ് സഖാവ് വർഗീസ് രക്തസാക്ഷി ദിനം കടന്നുവരുന്നത്.

ആദിവാസികൾ ഭൂമിക്കുവേണ്ടി നടത്തിയ മുത്തങ്ങ സമരത്തിൻ്റെ വാർഷികവും ജോഗിയുടെ രക്തസാക്ഷി ദിനവും ഫെബ്രുവരി 17,18,19 ദിനങ്ങളിലാണ്. അതും യാദൃശ്ചികമല്ല. ഒരു ചരിത്ര നീതിപോലെ സഖാവ് വർഗീസിൻ്റെ കടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും, മുത്തങ്ങ സമരത്തിൽ പൊലീസ് പീഢനത്തിന് ഇരയായ അധ്യാപകനും എഴുത്തകാരനും ആയ സുരേന്ദ്രന് 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിച്ചതും ഈ മാസത്തിലായിരുന്നു. ജനങ്ങളുടെ – വിപ്ലവകാരികളുടെ മുന്നിൽ ഏകമാർഗ്ഗം സമരം ചെയ്യുക, കരുത്താർജിക്കുക എന്നത് മാത്രമാണ്. UAPAയെ ഭയക്കാതെ, രക്തസാക്ഷിത്വങ്ങൾ ഉയർത്തിപ്പിടിച്ച് വിപ്ലവപാതയിലൂടെ മുന്നോട്ട് എന്നതാണ് വർഗീസ് സ്മരണ.

Like This Page Click Here

Telegram
Twitter