ഗൗതം നവ്‌ലാഖ നേരിടുന്ന വയലൻസും ഫാഷിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും

മാധ്യമപ്രവർത്തകനും എക്കണോമിക്കൽ ആൻഡ്‌ പൊളിറ്റിക്കൽ വീക്‌ലി എഡിറ്റോറിയൽ അംഗവുമായിരുന്ന സഖാവ് ഗൗതം നവ്‌ലാഖയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന എൻ.ഐ.എയുടെ വാദം സുപ്രീം കോടതി തള്ളിയിരുന്നു. ആദിവാസികളുടെയും കശ്‌മീരികളുടെയും ജനകീയ ചെറുത്തുനിൽപ്പിന്റെയും ധീരമായ ശബ്ദമാണ് സഖാവ് നവ്‌ലാഖ. ഗുരുതരമായ രോഗാവസ്ഥയിൽ സുഖവാസമൊന്നും അല്ല നിയമപോരാട്ടത്തെ തുടർന്ന് അദ്ദേഹം നേടിയെടുത്തത്.

സഖാവിന് അനുവദിച്ച വീട്ടുതടങ്കൽ പോലും എതിർക്കണമെങ്കിൽ കമ്മ്യുണിസ്റ്റുകളോടുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പക എത്ര വലുതായിരിക്കണം. ചിന്തിച്ചു നോക്കൂ, സവർണ്ണ ഭരണകൂടത്തിനെ വാത്സല്യ ശാസനയോടെ വിമർശിച്ച്, അതിന്റെ പുരസ്കാരങ്ങൾ കൈപ്പറ്റി, ഭരണകൂടത്തിനോട് കുടിപക വേണ്ടെന്ന് അടിച്ചമർത്തപ്പെട്ട ജനങ്ങളെ ഇക്കാലത്തും ഉപദേശിക്കുന്ന മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും സുരക്ഷിതരായിരിക്കുന്നു.

നവ്‌ലാഖ ചികിത്സക്കായി ഒരു മാസത്തെ താത്കാലിക ജാമ്യത്തിൽ ഇന്ന് ജയിൽമോചിതാനായിരിക്കുന്നു. ഇനി വീട്ടുതടങ്കലിൽ കഴിയണം. ആ ഒരു മാസം പോലും അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ കഴിയാൻ ഫാഷിസ്റ്റുകൾ അനുവദിച്ചില്ല. മുംബൈയിൽ രണദിവെയുടെ പേരിലുള്ള സിപിഎമിന്റെ ലൈബ്രറി ഹാളിലാണ് വീട്ടുതടങ്കൽ. സ്മാർട്ട് ഫോൺ, ലാപ്ടോപ്, ഇന്റർനെറ്റ് തുടങ്ങിയവ അനുവദിക്കില്ല. കർശന നിയന്ത്രണത്തിൽ ബന്ധുക്കൾക്ക് കാണാം.

ഒരു മാസത്തെ വീട്ടുതടങ്കലിൽ സുരക്ഷാ ചിലവും സിസിടിവി സ്ഥാപിക്കുന്നതിന്റെയും രണ്ടര ലക്ഷത്തിലേറെ രൂപയുടെ ചിലവുകൾ അദ്ദേഹം നൽകണം. മുൻപ് മഅദനിക്ക് കർണ്ണാടകയിൽ നിന്നും നാട്ടിലേക്ക് വരുന്നതിന്റെ ചിലവുകൾ ജിഎസ്ടി ഉൾപ്പെടെ അന്നത്തെ കോൺഗ്രസ് സർക്കാർ അദ്ദേഹത്തിൽ നിന്നും ഈടാക്കിയിരുന്നു. ആ മാതൃകയാണ് ആർ.എസ്.എസിന്റെ സർക്കാരും പിന്തുടരുന്നത്.

കശ്മീരികൾ നേരിടുന്ന വയലൻസിനെ കുറിച്ചും, കോർപ്പറേറ്റുകൾക്കുവേണ്ടി ഇന്ത്യക്ക് അകത്ത് ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും എതിരെ ഭരണകൂടം നടത്തുന്ന യുദ്ധത്തെ കുറിച്ചും, ആദിവാസികളെ കുറിച്ചും അവർക്കിടയിൽ താമസിച്ച് വിവരങ്ങൾ ശേഖരിച്ചും, ആർ.എസ്.എസിന്റെ ആയുധധാരികളായ ഏറ്റവും വലിയ സ്വകാര്യസേനയെ കുറിച്ചും ഭയമില്ലാതെ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ച പ്രശസ്ത മാധ്യമപ്രവർത്തകനോട് ഫാഷിസ്റ്റുകൾ കാണിക്കുന്ന വയലൻസിനെ ഏത് മാധ്യമവും മാധ്യമപ്രവർത്തകരുമാണ് ചർച്ച ചെയ്യുന്നത്? കേവലം ഒരു വാർത്ത എന്നതിലുപരി? ആർക്ക് കുഴലൂത്ത് നടത്തുകയാണ് കേരളത്തിലെയുൾപ്പെടെ ഫാഷിസ്റ്റ് ഭീഷണി നേരിട്ട മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അവർക്കൊപ്പം നിന്നവരും? അവരുടെ ഭയമല്ല, അവരുടെ നിലപാടാണ് ഈ മൗനം! തീർച്ചയായും സഖാവിന്റെ രാഷ്ട്രീയം തന്നെയാണ് അവർക്കും ഫാഷിസ്റ്റുകൾക്കും പ്രശ്നം!

രാഷ്ട്രീയ തടവുകാരനും രോഗിയുമായ 70 വയസുകാരന് കുറച്ചു ദിവസത്തേക്ക് നേർത്ത ഒരു ആശ്വാസം ലഭിക്കണമെങ്കിൽ പോലും നിയമപേരാട്ടം നടത്തേണ്ടി വന്ന സഖാവ് ഗൗതം നവ്‌ലാഖക്ക് ലാൽസലാം❤️✊🏽
#FreeBK16 #RepealUAPA #RepealAFSPA #FreeAllPoliticalPrisoners

_ പ്രശാന്ത് സുബ്രഹ്മണ്യൻ

Follow us on | Facebook | Instagram Telegram | Twitter