ഗസ്സയും ബസ്തറും | സീമ ആസാദ് | Part 1
ഉത്തർപ്രദേശിലെ എഴുത്തുകാരിയും കവിയും ആക്ടിവിസ്റ്റും Dastak എന്ന മാസികയുടെ എഡിറ്ററുമാണ് സീമ ആസാദ്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) സെക്രട്ടറിയായിരുന്നു. ആദിവാസി, ദലിത്, മുസ്‌ലിം തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ കുറിച്ചും കർഷകരെ കുറിച്ചും എഴുതുന്ന സീമ ആസാദിനെ മാവോയിസ്റ്റ് എന്നാരോപിച്ചു 2010ൽ കോൺഗ്രസ് സർക്കാരും 2023ൽ ബിജെപി സർക്കാരും യുഎപിഎ ചുമത്തി വേട്ടയാടി. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന അധിനിവേശ ആക്രമണവും ഇന്ത്യയിലെ വനമേഖലകളിൽ ആദിവാസികൾക്കെതിരെ സർക്കാർ നടത്തുന്ന ആക്രമണവും ആണ് കവിതയുടെ പശ്ചാത്തലം. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളിൽ വിഭവക്കൊള്ള നടത്തുന്ന അതിസമ്പന്നരായ കോർപ്പറേറ്റുകൾക്കെതിരെ സമരം ചെയ്യുന്ന ആദിവാസികളെ ഡ്രോൺ ഉപയോഗിച്ച് വ്യോമാക്രമണം വരെ നടത്തിയാണ് സർക്കാർ നേരിടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് സർക്കാരിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. സ്വന്തം ഭൂമിയും കാടും നദികളും ജീവനും കവർന്നെടുക്കപ്പെടുന്ന അവസ്ഥയിൽ ആദിവാസികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്.
ഗസ്സയും ബസ്തറും
സീമ ആസാദ്
വിവർത്തനം_ കെ മുരളി
കവിത – Part 1
ഗസ്സേ, എത്ര മക്കളാ നിനക്ക് പോയത്?
ബോംബ് വർഷത്തിൽ ചിതറിയ പിള്ളേരുടെ ശവങ്ങൾ എണ്ണാനായില്ല,
ആയിരകണക്കിനുണ്ടാകും.
നിന്റെ കാര്യമോ, ബസ്തറേ?
നിനക്കും നഷ്ടപ്പെട്ടില്ലേ കുട്ടികളെ?
എണ്ണുന്നത് ഞാനും നിർത്തി
ആ, ആറ് മാസമുള്ള കുഞ്ഞിനെ ഈയിടെയാണ് നഷ്ടപ്പെട്ടത്,
അവൾക്ക് വെടിയേറ്റു.
കഷ്ടം!
ബസ്തറെ, നിന്റെ സങ്കടം നീ ആരോടാ പറയുന്നത്?
പുഴയോട്,
എന്റെ സങ്കടം ഓർത്ത് അതിന്റെ കണ്ണുനീർ വറ്റുന്നേയില്ല,
പിന്നെ, വാരിപുണർന്ന് എന്നെ ആശ്വസിപ്പിക്കുന്ന
കാടിനോട്.
ഗസ്സേ!
ആരുമായിട്ടാണ് നീ നിന്റെ ദുഖം പങ്കുവയ്ക്കുന്നത്?
ഒലീവ് മരങ്ങളുമായി,
എന്റെ കണ്ണുനീരാണ് അതിന്റെ കായ്കൾ നിറയെ,
പിന്നെ, തന്റെ ഉപ്പുനീരിൽ സകല ദുഖങ്ങളെയും ഒതുക്കുന്ന
സാഗരവുമായി.
ആരാണ് നമ്മളെ നശിപ്പിക്കുന്നത്, ബസ്തറെ?
ഗസ്സേ, നീന്നേപ്പോലെ ഇത് അറിയുന്ന വേറെ ആരുണ്ട്!
നമ്മുക്ക് ഒന്നു കൂടിയാലോ, ബസ്തറെ?
മക്കളെ ഓർത്ത് ഒന്നിച്ച് വിലപിക്കാം
കുറച്ച് മരങ്ങളും, കാടും, പുതിയ കുഞ്ഞുങ്ങളെയും നടാം,
നമ്മുടെ ഭൂമി തരിശായി ഇടാൻ സമ്മതിക്കരുത്,
എന്താ, നീ വരില്ലേ ബസ്തറേ?
തീർച്ചയായും, ഗസ്സ!
നമ്മൾ ഒത്തുകൂടും
നമ്മുടെ പോരാട്ടം പങ്കുവയ്ക്കാൻ
നമ്മൾ ഉറപ്പായും ഒത്തുകൂടും.
_ സീമ ആസാദ്
ഗസ്സയും ബസ്തറും | സീമ ആസാദ് | Part 2
Follow us on | Facebook | Instagram | Telegram | Twitter | Threads