കൊറോണകാലത്തും ജലീലിലിന്‍റെ കുടുംബത്തെ വേട്ടയാടി ഭരണകൂടം

കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയാണ് ബി.ജെ.പി ഭരണകൂടം. പൗരത്വവിരുദ്ധ നിയമങ്ങൾക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ, ജെ.എന്‍.യു വിദ്യാര്‍ത്ഥികളും പ്രമുഖ ആക്ടിവിസ്റ്റുകളായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ, കശ്മീരി മാധ്യമ പ്രവർത്തകരായ മസ്രത്ത് സഹ്റ ഗൗഹർ ഗീലാനി തുടങ്ങിയവര്‍ ഭരണകൂട നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണകാലത്ത് വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളേയും രാഷ്ട്രീയപ്രവർത്തകരെയും യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. കോവിഡ് വ്യാപിക്കുന്നതു കണക്കാക്കി മറ്റ് തടവുകര്‍ക്ക് ജാമ്യം അനുവദിക്കുന്ന പോലെ രാഷ്ട്രീയ തടവുകര്‍ക്കും ജാമ്യം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും ഭരണകൂടവും കോടതിയും അവഗണിച്ചു. പകരം ഭരണകൂട വേട്ട തുടരുകയും ചെയ്യുന്നു.

വയനാട് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്‍റെ കുടുംബത്തെ എന്‍.ഐ.എ വേട്ടയാടുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. മെയ് ദിനത്തിൽ ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചാണ് രക്തസാക്ഷിയായ സി.പി. ജലീലിന്റെ വീട്ടിൽ എൻ. ഐ.എ റെയ്ഡ് നടത്തിയയത്.

വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ജലീല്‍ അന്ത്യവിശ്രമം കൊള്ളുന്ന പാണ്ടിക്കാട്ടെ വളരാടുള്ള തറവാട്ടു വീട്ടിലും ജലീലിന്റെ ഉമ്മയും സഹോദര ഭാര്യയും കുടുംബവും താമസിക്കുന്ന കക്കുളത്തെ വാടക വീട്ടിലും എൻ.ഐ.എ – യുടെ നേതൃത്വത്തിൽ ലോക് ഡൗൺ വ്യവസ്ഥകളെല്ലാം ലംഘിച്ച് മുപ്പതോളം പോലീസുകാർ ഇരച്ചുകയറുകയായിരുന്നു. ഫോണുകളും ഇ-റീഡർ അടക്കമുള്ള സാധനങ്ങളും എടുത്തു കൊണ്ടുപോവുകയും ചെയ്തു.

2016ൽ നടന്നതെന്നു പറയുന്ന ഒരു കേസിലാണ് ഈ റെയ്ഡ് എന്നാണ് പൊലീസ് ഭാഷ്യം. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്ന Cr. No: 471/16 – എന്ന പാണ്ടിക്കാട് സ്റ്റേഷനിലെ ഈയൊരു കേസിനെ കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവും ഇതുവരെയില്ലെന്ന് ജലീലിന്‍റെ സഹോദരന്മാർ പറയുന്നു. ഇത്രയും വർഷങ്ങൾ മുൻപുള്ള ഈ കേസിൽ ഇപ്പോൾ പൊടുന്നനെ ഇങ്ങനെ ഒരു റെയ്ഡ് ഈ ലോക്ഡൗൺ സമയത്തു തന്നെ ധൃതി പിടിച്ചു നടത്തുന്നതിലും ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത, ഇത് രജിസ്റ്റർ ചെയ്ത സമയത്ത് ജയിലിലായിരുന്ന, ജലീലിന്റെ സഹോദരൻ ഇസ്മായിലിന്റെ കുറച്ചു കാലം മുമ്പു മാത്രം വാങ്ങിയ മൊബൈൽ ഫോൺ ഇതിന്റെ പേരിൽ പിടിച്ചെടുത്തതിലും ദുരൂഹതയുണ്ടെന്ന് ജലീലിന്റെ കുടുംബം വ്യക്തമാക്കുന്നു.

ജനങ്ങൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കാനാവാത്ത സാഹചര്യം ഭരണകൂടം മുതലെടുക്കുന്നു; അഡ്വ ഷൈന പി എ
” കോവിഡ് മഹാമാരിയുടെ പേരിൽ ഇന്ത്യയിൽ ആകമാനം നടപ്പിലാക്കിയ ലോക്ഡൗണിന്റെ മറവിൽ മോഡി സർക്കാരിന്റെ വർഗ്ഗീയ, ഫാസിസ്റ്റ് അജണ്ടകൾക്കെതിരേ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വെയ്ക്കുകയും ജയിലിലടക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. CAA – ക്കെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജാമിയ – മിലിയ വിദ്യാർത്ഥികളേയും ഉമർ ഖാലിദടക്കമുള്ളവരേയും ആനന്ദ് തെൽതുംബ്ദേ. ഗൗതംനവലാഖ തുടങ്ങിയ രാജ്യത്തെ പ്രധാന ബുദ്ധിജീവികളേയും ജയിലിലടച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കാനാവാത്ത ഈ സാഹചര്യം മുതലെടുത്തു നടത്തുന്ന ഈ അടിച്ചമർത്തലുകളെ നാം പോരാടി തോൽപ്പിക്കേണ്ടതുണ്ട്. മോഡിയുടേയും അമിത്ഷായുടേയും പിറകെ വാലാട്ടി നടക്കുന്ന കേരളത്തിലെ പിണറായി പോലീസ് അലന്റേയും താഹയുടേയും കാര്യത്തിൽ എടുത്ത നിലപാടുകൾ നമ്മൾ കണ്ടു. ഇന്ത്യൻ വിപ്ലവത്തിന്റെ മഹത്തായ പാതയിൽ രക്തസാക്ഷിത്വം വഹിച്ച ജലീലിന്റെ വീട് റെയ്ഡ് ചെയ്യാൻ ഈ മെയ് ദിനം തന്നെ തെരഞ്ഞെടുത്ത പിണറായിയുടെ സംവേദനത്വം അഭിനന്ദനാർഹം തന്നെ!” ഭരണകൂട വേട്ടയില്‍ പ്രതിഷേധിച്ചുകൊണ്ട് ആക്ടിവിസ്റ്റ് അഡ്വ ഷൈന പി എ പറയുന്നു.

Click Here