ഗുലിഫ്ഷാക്കെതിരെ തെളിവുകളില്ല, യുഎപിഎ ചുമത്തി ജയിലില്‍

ഗുലിഫ്ഷാ, ഗാസിയാബാദിലെ ഒരു സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാർഥിനിയും വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ ജാഫറാബാദില്‍ നടന്ന പൗരത്വ സമരത്തിന്റെ സംഘാടകയുമാണ്. കഴിഞ്ഞ ഏപ്രിൽ 9ന് ഗുലിഫ്ഷായെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്ക് ശേഷമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. UAPA അടക്കം നിരവധി കെട്ടിച്ചമച്ച കുറ്റങ്ങളാണ് ഗുലിഫ്ഷാക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്നു.

ഫെബ്രുവരി അവസാന വാരത്തിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന ആൾക്കൂട്ട അക്രമത്തെ ക്കുറിച്ചുള്ള അന്വേഷണത്തിന്റെ മറവിൽ ഡൽഹി പൊലീസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അറസ്റ്റുകളുടെ ഭാഗമാണ് ഗുലിഫ്ഷായുടേതും.

അറസ്റ്റിലായ വിദ്യാർത്ഥികൾ സമാധാനപരമായി പ്രതിഷേധിച്ചവരാണ് എന്ന് ഗുൽഫിന്റെ സഹോദരൻ പറഞ്ഞു. “എന്റെ സഹോദരിക്കെതിരെ മാത്രമല്ല, മറ്റുള്ളവർക്കെതിരായ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. വിദ്യാർത്ഥി പ്രക്ഷോഭകർ അക്രമത്തിൽ ഏർപ്പെട്ടതായി കാണിക്കുന്ന തെളിവുകളൊന്നുമില്ല. ”

സമരപ്രവർത്തകർക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പോലും തുറന്നുപറയാതെ അറസ്റ്റ് ചെയ്യുന്ന ഡൽഹി പൊലീസ് ലോക്ക്ഡൗൺ കാലാവസ്ഥ പ്രയോജനപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അല്ലാഹുവിൽ ക്ഷമയും വിശ്വാസവുമർപ്പിക്കാനല്ലാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്കാവുന്നില്ല. പ്രക്ഷോഭ പ്രവർത്തകർ സത്യമാർഗത്തിലാണ് എന്നതിനാൽ ഭയപ്പെടേണ്ട കാര്യമില്ല എന്നു വിശ്വാസമുള്ളതിനാൽ കേസ് ജയിക്കുമെന്ന് അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

ഗുലിഫ്ഷായുടെ മോചനത്തിനും പൗരത്വ സമരപോരാളികളെ വേട്ടയാടിപ്പിടിച്ച് ജയിലിൽ തള്ളുന്ന ഡൽഹി പൊലീസ് ക്രൂരതക്കെതിരെയും ജനരോഷമുയർന്നില്ലെങ്കിൽ കൊറോണയെക്കാൾ മാരകമായ ഹിന്ദുത്വ ഫാഷിസ്റ്റ് അടിമത്തത്തിലേക്കാവും എത്തിപ്പെടുക.


_ എ എം നദ്‌വി

Click Here