ഹിന്ദുരാഷ്ട്രത്തിന്‍റെ അവസാന മിനുക്കുപണിക്ക് ദലിതരുടെയും മുസ്‌ലിങ്ങളുടെയും ചോര വേണമിവര്‍ക്ക്
ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത്ത് വെമുലയെ കൊന്ന് കെട്ടി തൂക്കി കൊണ്ടാണ് ഇന്ത്യൻ ബ്രാഹ്മണിസ്റ്റ് ഭരണകൂടം അതിന്റെ ഹൈന്ദവ അപ്രമാദിത്വം സർവ്വകലാശാലകൾക്ക് മേൽ ഭീകരമായി പ്രയോഗിച്ചത്. അതിന് മുൻപും ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിരുന്നെങ്കിലും, “അംബേദ്ക്കർ സ്റ്റുഡൻസ് അസോസിയേഷൻ ” ഭാരവാഹിയായിരുന്ന രോഹിത്തിന്റെ ഇൻസ്റ്റുഷണൽ മർഡർ എന്നത് ഇന്ത്യൻ ബ്രാഹ്മണിസ്റ്റ് അധികാരത്തിന്റെ പ്രകടമായ വെളിപ്പെടുത്തലായിരുന്നു.
എതിർശബ്ദങ്ങളെ ഉൻമൂലനം ചെയ്യുന്ന ബ്രാഹ്മണിസ്റ്റ് രീതി ശാസ്ത്രത്തോട് നേർക്കുനേർ നിൽക്കാൻ പ്രാപ്തമായ പൊളിറ്റിക്കൽ മോഡലായിരുന്നു ദലിത്-ആദിവാസി- മുസ്‌ലിം -പിന്നോക്ക ബഹുജൻ വിദ്യാർത്ഥികളെ ഏകോപിപ്പിച്ചു കൊണ്ട് രൂപികരിക്കപ്പെട്ട ASA . വൈവിധ്യങ്ങളുടെ സഹവർത്തിത്വം ” എന്ന അംബേദ്ക്കറുടെ ആശയം ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ജനത ” എന്ന ബ്രാഹ്മണിസ്റ്റ് അജണ്ടയ്ക്ക് എതിരായതുകൊണ്ട് കൊണ്ടാണ് അഞ്ച് ദലിത് വിദ്യാർത്ഥികൾ പുറത്താക്കപ്പെട്ടതും. ഒരാൾക്ക് ജീവൻ തന്നെ നഷ്ടമായതും.അംബേദ്ക്കർ വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രത്തിന്റെ ആശയത്തെ ഉയർത്തിപ്പിടിച്ച അതിസമർത്ഥനായ ഒരു ദലിത് വിദ്യാർത്ഥിയുടെ ചോരയിലാണ് ഹിന്ദുരാഷ്ട്രത്തിന്റെ ആദ്യത്തെ കല്ല് പാകിയത്.
അതൊരു തുടർച്ചയായിരുന്നു. 1967ലെ ഗോവധ നിരോധന ബില്ല് മുതൽ ഇങ്ങോട്ട് ബാബരി മസ്ജിദ്, കാശ്മീർ, പൗരത്വ ഭേദഗതി ബിൽ ഇതെല്ലാം പരിശോധിക്കുമ്പോൾ ഒന്നു മനസിലാവും, ബ്രാഹ്മണിക്കൽ ഒട്ടോണമിക്ക് അനുഗുണമായി പ്രവർത്തിക്കുന്ന ഒരു ഇൻസ്ട്രുമെൻസ് മെക്കാനിസം കൃത്യമായും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ബാബ സാഹേബ് അംബേദ്ക്കർ 1956ൽ ഭരണഘടന സമർപ്പിച്ച് നടത്തുന്ന പ്രസംഗത്തിൽ അടിവരയിട്ട് പറയുന്ന കാര്യം, ഇന്ത്യയിലെ ബഹുസ്വരത നിലനിൽക്കേണ്ടതിന് ഭൂരിപക്ഷ – ന്യൂനപക്ഷ ഇലക്ട്രറൽ സംവിധാനം അനുയോജ്യമല്ല. പകരം പ്രോപോഷണേറ്റ് ഇലക്ട്രൽ സംവിധാനമാണ് വേണ്ടത്. ഇതിന് ആനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന വിധത്തിൽ കോൺസ്റ്റിറ്റ്യുവൻസികൾ ഉണ്ടാവണം എന്ന്.
എന്നാൽ ഇതൊന്നും പിന്നിട് ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ ജാഗ്രതയുള്ള ഒരു രാഷട്രീയ സമൂഹം ഇൻഡ്യയിൽ വികസിച്ചു വന്നില്ല. മാത്രമല്ല ഇത്തരം ആശയങ്ങളെ പ്രചരിപ്പിച്ച ദലിത് പാന്തേഴ്സ് പോലുള്ള പ്രസ്ഥാനങ്ങളെ ജാതിവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി അടിച്ചമർത്താനാണ് എല്ലാ പൊളിറ്റിക്കൽ പാർട്ടികളും ശ്രമിച്ചത്.
ദലിത് രാഷട്രീയത്തെ, ദലിത് ക്വസ്റ്റ്യനെ അഭിസംബോധന ചെയ്യാനുള്ള പ്രബുദ്ധത ഇന്ത്യൻ സിവിൽ സമൂഹത്തിന് ഇല്ലാതെ പോയി. ജാമിയ മിലിയ, അലിഗഢ്, ജെ.എൻ.യു എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പോലിസ് ബ്രൂട്ടിലിറ്റിക്ക് വിധേയമാകുന്നു. യു പിയിൽ കുഞ്ഞുങ്ങളെ പോലിസ് ബലാത്സംഗം ചെയ്യുന്നു. മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നു. ഇത്രയേറെ ക്രൂരമായ പീഡനങ്ങൾ അരങ്ങു തകർത്തിട്ടും രാജ്യത്തിന്റെ പ്രഥമ പൗരനോ, സുപ്രീം കോടതിയോ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഈ രാജ്യം എങ്ങോട്ടാണ് ? എന്നു ചോദിച്ചാൽ അതൊരു ഹിന്ദു രാഷ്ട്രത്തിന്റെ അവസാന മിനുക്കുപണിയിലാണ്, അതിന് ദലിതരുടെ ചോര വേണം
മുസ്‌ലിങ്ങളുടെ ചോര വേണം.
ഭരണഘടനയിൽ നിന്ന് ” പരമാധികാര സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്ക് എന്നത് അമൻമെൻഡ് ചെയ്യേണ്ടതുണ്ട്. ഹിന്ദുരാഷ്ട്രമെന്ന് പ്രഖ്യാപിക്കേണ്ടതുമുണ്ട്.
_ സതി അങ്കമാലി