മലയാളി സായുധസമരം നടത്തി അധികാരം പിടിച്ചെടുത്ത വിപ്ലവത്തിന്‍റെ ചരിത്രം
ചരിത്രം ബോധപൂര്‍വം മറന്ന കടയ്ക്കല്‍ വിപ്ളവം, എന്തുകൊണ്ടാണ് കടയ്ക്കലിന്‍െറ ഐതിഹാസികമായ വിപ്ളവവീര്യം വിസ്മരിക്കപ്പെട്ടത് ? എന്താണ് ഈ സമരത്തിന്‍െറ രാഷ്ട്രീയ പ്രസക്തി ?
_ ആര്‍ കെ ബിജുരാജ്
മലയാളി അക്രമോത്സുകമായി (സായുധമായി) അധികാരം പിടിച്ചുപറ്റി ജനകീയ അധികാരം സാധ്യമാക്കിയ എത്ര രാഷ്ട്രീയ വിപ്ളവങ്ങള്‍ നടത്തിയിട്ടുണ്ട് ? ഈ ചോദ്യത്തിന് ഉത്തരം പലപ്പോഴും തെറ്റിപ്പോകാനാണിട. ചരിത്രബോധത്തില്‍ നിന്ന് കേരളം വളരെ അകലെയാണെന്നതിനാല്‍ അതില്‍ അദ്ഭുതമില്ല. കുറച്ചുനാളുകള്‍ക്കാണെങ്കില്‍ പോലും, കേരള ചരിത്രത്തില്‍ രണ്ടു തവണയാണ് ജനം അധികാരം പിടിച്ചെടുത്ത് ബദല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തില്‍ ആലി മുസ്ലിയാര്‍ ഭരണാധികാരിയായി സ്വതന്ത്രരാജ്യപ്രഖ്യാപനം നടന്നതാണ് ആദ്യത്തേത്. 1938ല്‍ കടയ്ക്കലിലാണ് അടുത്ത വിപ്ളവം നടന്നത്. തിരുവിതാംകൂര്‍ രാജവാഴ്ചയുടെയും ബ്രിട്ടീഷ് അധിനിവേശത്തിന്‍െറയും എല്ലാ അധികാര രൂപങ്ങളും എട്ട് ദിവസം കടയ്ക്കലില്‍ നിന്ന് തുരത്തപ്പെട്ടു. 1721 ല്‍ അഞ്ചുതെങ്ങില്‍ ജനം കലാപം നടത്തിയിരുന്നെങ്കിലും അത് ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നു. ഭരണാധികാരിയായിരുന്ന ആറ്റിങ്ങല്‍ റാണി എതിര്‍പക്ഷത്തായിരുന്നില്ല.
കടയ്ക്കലിലെ ജനകീയ വിപ്ളവത്തിന് സെപ്റ്റംബറില്‍ 80 വയസാകുന്നു. പക്ഷേ, കടയ്ക്കലിന്‍െറ ചരിത്രം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ന് അധികം ആരുമില്ല. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തകരാണ് നടത്തിയതെങ്കിലും ‘അക്രമം’ തങ്ങളുടെ മാര്‍ഗമല്ലാത്തതിനാലാവണം കോണ്‍ഗ്രസുകാര്‍ക്കും ഗാന്ധിയന്‍മാര്‍ക്കും കടയ്ക്കല്‍ ആവേശം ജ്വലിപ്പിക്കുന്ന ഓര്‍മയല്ല. കമ്യൂണിസ്റ്റ് പങ്കാളിത്തത്തിലല്ലാത്തതിനാല്‍ ഇടതുപക്ഷത്തിനും കടയ്ക്കലിനോട് താല്‍പര്യക്കുറവ്. കടയ്ക്കലില്‍ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ചതും ആ മേഖലയില്‍ ഇന്ന് സമരത്തിന്‍െറ അനുസ്മരണം നടത്തുന്നതും സി.പി.എമ്മാണ് എന്നു മറക്കുന്നില്ല. പക്ഷേ, അവരുടെ ആവേശം പ്രാദേശികമായി ഒതുങ്ങുകയാണ് പതിവ്. അങ്ങനെ അഗവണിക്കപ്പെടേണ്ട ഒന്നല്ല കടയ്ക്കലിലെ കാര്‍ഷിക വിപ്ളവം.
1938 സെപ്റ്റംബര്‍ 26 നാണ് (1114 കന്നി 10) കടയ്ക്കലില്‍ കലാപം തുടങ്ങിയത്. കടയ്ക്കല്‍ ചന്തയില്‍ കരാറുകാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്‍െറ തുടക്കം. കാര്‍ഷിക വിളകളായിരുന്നു ചന്തയിലെ മുഖ്യവില്‍പന വസ്തു. അതിനാല്‍ തന്നെ കര്‍ഷകരുടെ രോഷമാണ് കലാപത്തില്‍ അണപൊട്ടിയത്. അന്യായമായ പിരിവിനെതിരെ ഒരുഘട്ടത്തില്‍ നാട്ടുകാര്‍ സംഘടിച്ച് കരാറുകാരോട് നികുതി വിവരപ്പട്ടിക എഴുതിവയക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അത് കണക്കിലെടുക്കാതെ നാലും അഞ്ചും ഇരട്ടിത്തുക ചന്തക്കരമായി കരാറുകാര്‍ ചുമത്തി. അന്യായമായ പിരിവിന് വിധേയമാകാതെ സാധനങ്ങള്‍ ചന്തക്ക് അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ചന്തയിലത്തെുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരോട് കരാറുകാരും ഗുണ്ടകളും മോശമായാണ് പെരുമാറിയത്. കടുത്ത മര്‍ദനം പല രൂപത്തില്‍ അരങ്ങേറി.പൊലീസും ഭരണകൂടവും കരാറുകാര്‍ക്കൊപ്പമാണ് നിലകൊണ്ടത്.
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമായിരുന്നു കടയ്ക്കല്‍. കുമ്മിള്‍ പകുതിയുടെ ആസ്ഥാനം. കുമ്മിള്‍ പകുതിയിലെ ഒരു മുറിയാണ് കടയ്ക്കല്‍. അക്കാലത്ത് സാമാന്യം തിരക്കേറിയ കൊച്ചുപട്ടണം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കടയ്ക്കല്‍ കേസില്‍ വിധി പറഞ്ഞ 1939 ലെ കൊട്ടാരക്കര സ്പെഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നതുപോലെ ‘‘ഈ ഗ്രാമം മറ്റ് സാധാരണ ഗ്രാമങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണ്. അവിടെ ഒരു പൊലീസ് ഒൗട്ട് പോസ്റ്റ്, ഒരു ചന്ത, പ്രവര്‍ത്തി കച്ചേരി, ഒരു അഞ്ചല്‍ ഓഫീസ്, രണ്ട് വനം റേഞ്ച് ഓഫീസുകള്‍, രണ്ട് സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രി, ഒരു മലയാളം മീഡില്‍ സ്കൂള്‍ എന്നിവയുണ്ട്’’. കോടതി ഉത്തരവില്‍ സ്ഥലത്തെ വിശേഷിപ്പിക്കുമ്പോള്‍ പറയുന്ന സ്കൂള്‍ വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍ (വി.എം.സ്കുള്‍) ആണ്. കൂടാതെ കടയ്ക്കലില്‍ പ്രശസ്തമായ ഭഗവതി ക്ഷേത്രം, ഒരു ആല്‍ത്തറ എന്നിവയും ഉണ്ടായിരുന്നു. പൊലീസ് ഒൗട്ട് പോസ്റ്റിന് വടക്കുവശത്താണ് ചന്ത. തിങ്കളും വ്യാഴവും പ്രവര്‍ത്തിക്കുന്ന ചന്തയിലേക്ക് ആറ്റിങ്ങല്‍, ചിറയന്‍കീഴ്, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ എത്തിയിരുന്നു. ചന്തയ്ക്കും പൊലീസ് ഒൗട്ട്പോസ്റ്റിനും മധ്യേ പോകുന്ന റോഡ് ഒരറ്റത്ത് എം.സി റോഡിലെ നിലമേല്‍ കവലയിലും മറ്റേ അറ്റം ചെങ്കോട്ട് റോഡില്‍ മടത്തറ ജംഗ്ഷനില്‍ ചേരും.വനത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ തന്നെ കാര്‍ഷികവൃത്തിയായിരുന്നു കടയ്ക്കലിന്‍െറ മുഖ്യവരുമാന മാര്‍ഗം. വനം പലരീതിയില്‍ കടയ്ക്കലിനെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തു. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെയും ജീവനെയും രക്ഷിക്കാനുള്ള ഉപാധിയെന്ന നിലയിലും നായാട്ട് വ്യാപകമായതിനാലും തോക്കുകള്‍ പലരുടെ കൈയിലുമുണ്ടായിരുന്നു.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കടയ്ക്കലിലെ വിപ്ളവത്തിന് നേതൃത്വം കൊടുത്തത്. 1938 ഫെബ്രുവരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23 ന് തന്നെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. ഉത്തരവാദിത്വഭരണമായിരുന്നു സ്ഥാപക സമ്മേളനം മുതല്‍ സ്റ്റേറ് കോണ്‍ഗ്രസിന്‍െറ ആവശ്യം. തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണത്തിനുള്ള പ്രത്യക്ഷ പ്രക്ഷോഭം 1938 ആഗസ്റ്റ് 26 ന് തുടങ്ങി. ദിവാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചു. ഈ നിരോധനത്തെ മറികടന്നാണ് കടയ്ക്കലില്‍ കര്‍ഷകരുള്‍പ്പെടുന്ന നാട്ടുകാര്‍ സമരം തുടങ്ങിയത്. കടയ്ക്കലിലെ വിപ്ളവം നടക്കുന്നതിന് തൊട്ടുമുമ്പ് അധികം ദൂരെയല്ലാത്ത കല്ലറ-പാങ്ങോട് മേഖലയിലും ചന്തക്കരത്തിനെതിരെ ജനത്തിന്‍െറ വലിയ പ്രക്ഷോഭം തുടങ്ങിയിരുന്നു. 1938 സെപ്റ്റംബര്‍ 22 മുതല്‍ സെപ്റ്റംബര്‍ 30 വരെ കല്ലറ-പാങ്ങോട് സമരം പൊലീസുമായി ഏറ്റുമുട്ടി ഐതിഹാസികമായി തുടര്‍ന്നു. കടയ്ക്കലില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ അപ്പുറമുള്ള ഈ സമരം കടയ്ക്കലിനെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.
1114 കന്നി അഞ്ചിന് (1938 സെപ്റ്റംബര്‍ 21ന്) സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു.കടയ്ക്കലില്‍നിന്നുള്ള ചെറുപ്പക്കാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, യോഗം ‘അഞ്ചുരൂപ’ പൊലീസും സിംസണ്‍ പടയും ചേര്‍ന്ന് പൊളിച്ചു. ഇതേ തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. ഇതില്‍ പ്രതിഷേധിച്ച് കടയ്ക്കലിലെ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആല്‍ത്തറയില്‍ യോഗം ചേര്‍ന്നു. ചാങ്കുവിള ഉണ്ണി, താണുവന്‍ വൈദ്യര്‍, തെങ്ങുവിള ഭാസ്കരന്‍, പറയാട്ട് വാസു, മേടയില്‍ സദാനന്ദന്‍, കൂവത്താളി നാരായണന്‍ തുടങ്ങിയവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തികള്‍. ചാങ്കുവിള ഉണ്ണിയാണ് മുഖ്യ സംഘാടകന്‍. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രക്ഷോഭം കടയ്ക്കലും തുടങ്ങണമെന്നും കടയ്ക്കലിലെ ചന്തക്കരത്തിനും മറ്റ് അനീതികള്‍ക്കുമെതിരെ ആയിരിക്കണം സമരം എന്നും തീരുമാനമായി. അടുത്ത ചന്തയുടെ തലേദിവസം, കന്നി ഒമ്പതിന് ആല്‍ത്തറയില്‍ വീണ്ടും യോഗം ചേരാനായിരുന്നു ധാരണ. ഈ സമയത്ത് തിരുവിതാംകൂറില്‍ മൊത്തം സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. കല്ലറയും പാങ്ങോടും ജനങ്ങള്‍ പൊലീസിനെ പരാജയപ്പെടുത്തിയെന്ന വാര്‍ത്തകള്‍ എത്തി. ഈ സമയത്ത് ‘ബീഡി’വേലും, തോട്ടുംഭാഗം ഉമ്മിണി സദാനന്ദന്‍ തുടങ്ങിയവര്‍ കൂടി സമരത്തോട് ഒപ്പം ചേര്‍ന്നു. കന്നി 10 ന് ചന്തയില്‍ പ്രതിഷേധിക്കാനും കരാറുകാര്‍ അടിച്ചാല്‍ തിരിച്ച് നേരിടാനുമായിരുന്നു തീരുമാനം. ചിലര്‍ തോക്കുകള്‍ രഹസ്യമായി സൂക്ഷിച്ചു.
1114 കന്നി 10 ന് (1938 സെപ്റ്റംബര്‍ 26 തിങ്കള്‍) ജനം ചന്തക്ക് പുറത്ത് ഒത്തുകൂടി. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് കിളിമാനൂര്‍ ശങ്കരപ്പിള്ള ചന്തക്ക് മുന്നില്‍ ജനങ്ങളോട് സംസാരിച്ചു. നിയമലംഘനം നടത്തണമെന്നും സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കണമെന്നുമായിരുന്നു ആഹ്വാനം. പ്രശ്ന സാധ്യത കണക്കിലെടുത്ത് സ്ത്രീകളെ ചന്തയിലേക്ക് വരാതെ മറ്റി നിര്‍ത്തിയിരുന്നു. അന്ന് ചന്തയിലേക്ക് ആരും കടന്നില്ല. പകരം ചന്തക്ക് പുറത്ത് സമാന്തര ചന്ത നടത്തി. പാതയുടെ ഇരുവശങ്ങളിലുമിരുന്ന് ആളുകള്‍ സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ആദ്യം കുറേ സമയം കരാറുകാരും ഗുണ്ടകളും നോക്കി നിന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ പ്രകടനം അതുവഴി പോയതോടെ കരാറുകാര്‍ പ്രകോപിതരായി. അവര്‍ സമാന്തര ചന്തയെ ആക്രമിച്ചു. ജനങ്ങളെ ആക്രമിക്കാന്‍ പൊലീസും ഒപ്പം ചേര്‍ന്നു. ജനം തിരിച്ചടിച്ചു. കല്ളെറിഞ്ഞു. ജനക്കൂട്ടം വില്ളേജ് ഓഫീസ്, വനം റേഞ്ച് ഓഫീസ്, വി.എം. സ്കൂള്‍, അഞ്ചലോഫീസ് എന്നിവ അടപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ജനം പൊലീസ് ഒൗട്ട് പോസ്റ്റിനെതിരെ കല്ളെറിഞ്ഞു. എന്നാല്‍, ഇത് സമരക്കാരില്‍ ചിലര്‍ തന്നെ തടഞ്ഞു.
ആളുകള്‍ കടയ്ക്കലിലെ ആല്‍ത്തറയില്‍ വീണ്ടും ഒന്നിച്ചു. അടുത്ത ചന്തദിവസമായ കന്നി 13 ന് (സെപ്റ്റംബര്‍ 29 ന്) വീണ്ടും ഒന്നിച്ച്, ക്ഷേത്രമൈതാനിയില്‍ പൊതുയോഗം നടത്താനായിരുന്നു തീരുമാനം. ഇതിന് വേണ്ട പ്രചാരണം നടത്തുന്നതിനൊപ്പം അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും തീരുമാനിച്ചു. കേസിലെ 31ാം പ്രതി ശങ്കരപിള്ളയായിരുന്നു ആല്‍ത്തറയില്‍ നടന്ന ഒത്തുചേരലിലെ മുഖ്യ പ്രസാംഗികന്‍. കടയ്ക്കല്‍ കേസിന്‍െറ വിധി പ്രസ്താവത്തില്‍ ആളുകളോട് ഇരിക്കാന്‍ പറഞ്ഞ ശേഷം ഒരു മരപ്പെട്ടിയുടെ (വീഞ്ഞപ്പെട്ടി)യുടെ മുകളില്‍ കയറിനിന്ന് ശങ്കരപ്പിള്ള സമരാഹ്വാനം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന് നികുതിയോ ചന്തക്കരമോ കൊടുക്കരുതെന്ന് തോക്കുധാരികളായ ആളുകളുടെ നടക്കു നടന്ന യോഗത്തില്‍ ശങ്കരപിള്ള പ്രസംഗിച്ചതായാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയ ഒരു കുറ്റം. കാട്ടില്‍ നിന്ന് തടികള്‍ വെട്ടിയെടുത്ത് ഇഷ്ടമനുസരിച്ച് വീടുകള്‍ പണിയാനും സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തതായും പറയുന്നു.
അടുത്ത ചന്തദിവസം കന്നി 13 ന് (സെപ്റ്റംബര്‍ 29) രണ്ട് പ്ളാറ്റൂണ്‍ പട്ടാളം കടയ്ക്കല്‍ എത്തി.രാവിലെ ഒമ്പതുമണിക്ക് ബസില്‍ നിന്നിറങ്ങി പൊലിസ് ജനത്തെ തല്ലിയോടിക്കാനും മര്‍ദിക്കാനും തുടങ്ങി. നിരവധി പേര്‍ക്ക് പൊലീസിന്‍െറ മര്‍ദനവും അക്രമവും നേരിടേണ്ടിവന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയാണ് ഈ അക്രമത്തിന് നേതൃത്വം കൊടുത്തത്. ജനം ഓടി രക്ഷപ്പെട്ടതോടെ പൊലീസ് മാത്രമായി കടയ്ക്കലില്‍. ഈ സമയത്ത് ചിതറയില്‍ നിന്ന് ജാഥയായി സമരക്കാര്‍ കടയ്ക്കല്‍ ഭഗവതി ക്ഷേത്രമൈതാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ആയിരത്തിലേറെ പേര്‍ ജാഥയില്‍ അണിനിരന്നു. ‘ബീഡി’ വേലുവായിരുന്നു ജാഥാ ക്യാപ്റ്റന്‍. തോട്ടുംഭാഗം സദാനന്ദന്‍, തോട്ടുംഭാഗം രാഘവന്‍, ചരുവിള രാഘവന്‍പിള്ള, കൃഷ്ണ വൈദ്യര്‍, പണിയില്‍ വേലായുധന്‍ എന്നിവരാണ് ജാഥ നയിച്ച മറ്റ് ചിലര്‍. ഗാന്ധിയന്‍ വേഷമായിരുന്നു മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഈ ജാഥ തൃക്കണ്ണാപുരം പാങ്ങല്‍കാട് വച്ച് ജാഥ പൊലീസ് തടഞ്ഞു.
തഹസില്‍ദാര്‍ പത്മനാഭ അയ്യര്‍ ജാഥ നിയമവിരുദ്ധമാണ്, പിരിഞ്ഞ് പോകണം, വെടിവയ്ക്കും എന്ന് ജാഥാംഗങ്ങളെ അറിയിച്ചു. പിരിഞ്ഞുപോകാന്‍ സാധ്യമല്ളെന്ന് ‘ബീഡി’വേലു അറിയിച്ചതോടെ തഹസില്‍ ദാര്‍ ബീഡിവേലുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉത്തരവ് നല്‍കി. തന്നെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ അസ്സറിയയുമായി ‘ബീഡി’വേലു ഇടഞ്ഞു. ഈ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ പുതിയവീട്ടില്‍ രാഘവന്‍ പിള്ള (പിന്നീട് കടയ്ക്കല്‍ രാജാവ് എന്നറിയപ്പെട്ട ഫ്രാങ്കോ രാഘവന്‍പിള്ള) പൊലീസ് ഇന്‍സ്പെക്ടറെ ആഞ്ഞടിച്ചു. താഴെ വീണ ഇന്‍സ്പെകടര്‍ ബസില്‍ ഓടിക്കയറി ലാത്തിചാര്‍ജിന് നിര്‍ദേശം നല്‍കി. പാങ്ങല്‍കാടിനെ സവിശേഷ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സമരക്കാര്‍ പൊലീസിനെ കല്ളെറിഞ്ഞു. ഇതിനിടയില്‍ മജിസ്ട്രേറ്റിന്‍െറ ഡഫേദാര്‍ കൃഷ്ണക്കുറുപ്പിനെ ചന്തിരന്‍ കാളിയമ്പി കുത്തി (കുത്തിയ കാളിയമ്പി കേസില്‍ പ്രതിയായില്ല). ഇതോടെ പൊലീസ് പിന്തിരിഞ്ഞ് ബസില്‍ കയറി സ്ഥലം വിട്ടു.
സമരക്കാര്‍ വീണ്ടും ഒന്നിക്കുകയും ജാഥയായി കടയ്ക്കലിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ വീട്ടില്‍ രാഘവന്‍പിള്ളയുടെ നെറ്റില്‍ മുറിവേറ്റിരുന്നു. കടയ്ക്കലിലെ ആശുപത്രിയില്‍ കയറി മുറിവിന് ശുശ്രൂഷകള്‍ ചെയ്തു. മുറിവ് വച്ച് കെട്ടി പുറത്തിറങ്ങുമ്പോള്‍ രാഘവന്‍പിള്ള അവിടെ കൂടിയിരുന്നവരോട് ‘‘ഞരമ്പുകളില്‍ ഒരു തുള്ളി രക്തം ശേഷിക്കുംവരെ പോരാട്ടം തുടരാന്‍ ’’ആഹ്വാനം ചെയ്തു. ജാഥ കടയ്ക്കലില്‍ എത്തിയപ്പോള്‍ പൊലീസ് ഒൗട്ട് പോസ്റ്റ് ആക്രമിക്കാന്‍ നിശ്ചയിച്ചു. പൊലീസുകാര്‍ ആരുമില്ലാതിരുന്ന ഒൗട്ട് പോസ്റ്റ് പ്രക്ഷോഭകര്‍ ആക്രമിച്ചു. സ്റ്റേഷന്‍െറ മുഴുവന്‍ ഓടുകളും എറിഞ്ഞു തകര്‍ത്തു. വളപ്പിലെ മരങ്ങള്‍ വെട്ടി വീഴത്തി. ഒൗട്ട് പോസ്റ്റിലെ രേഖകള്‍ നശിപ്പിച്ചു. വിലങ്ങളുകളും തോക്കുകളും പുറത്ത് കിണറ്റില്‍ ഇട്ടു. സ്റ്റേഷന്‍െറ സമീപമുണ്ടായിരുന്ന ഷെഡ് അഗ്നിക്കിരയാക്കി. ‘‘അതോടെ കടയ്ക്കലില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഇല്ലാതായി.
പൂര്‍ണമായ അരക്ഷിതാവസ്ഥ നിലവില്‍ വന്നു.സ്കൂളുകള്‍ അടച്ചു. പൊലീസ് സ്റ്റേഷന്‍ കൊള്ളയടിക്കുകയും ഭാഗികമായി നശിപ്പിക്കപ്പെടുകയും ചെയ്തു’’( കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ വിധി പ്രസ്താവത്തിലെ 10ാം ഖണ്ഡിക). ആശയവിനിമയ സംവിധാനം മൊത്തത്തില്‍ തകര്‍ന്നു. പിന്നീട് ചന്തക്ക് അകത്ത് ഒന്നിച്ച് കൂടി ഭാവി കാര്യങ്ങള്‍ തീരുമാനി. പട്ടാളം കടയ്ക്കലിലേക്ക് വരുന്നത് തടയാന്‍ മടത്തറയിലും നിലമേലും ഗതാഗതം തടസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബാരിക്കേഡുകള്‍ക്ക് പിന്നില്‍ തോക്കുമായി ആളുകള്‍ നില്‍ക്കും. കാര്യത്തുള്ള കലുങ്ക് പൊളിക്കാനും ധാരണയായി. കാര്യത്തെ കുന്നിന്‍പുറത്തുള്ള മിഷ്യന്‍ സ്കൂള്‍ വളപ്പില്‍ തോക്കുകാരുടെ ക്യാമ്പ് സ്ഥാപിക്കാനും നിശ്ചയിച്ചു.
കന്നി 14 ന് (സെപ്റ്റംബര്‍ 20) 1500 പേര്‍ കാര്യത്ത് മിഷന്‍ സ്കൂളില്‍ എത്തിചേര്‍ന്നു. കുറേയേറെ തോക്കുകള്‍ എത്തിയവരുടെ കൈവശമുണ്ടായിരുന്നു. അവര്‍ എം.സി. റോഡിലേക്ക് നീങ്ങി. നിലമേലിന് അല്‍പം മാറിയ വാഴോട് എന്ന സ്ഥലത്തെ കുന്നിന്‍മുകളില്‍ തമ്പടിച്ചു. നാടന്‍ ബോംബുകളുമായി ചിലര്‍ തട്ടത്തുമല കയറി കാട്ടില്‍ മറഞ്ഞുനിന്നു. പട്ടാള വണ്ടികള്‍ കണ്ടാല്‍ നാടന്‍ബോംബ് എറിയാനും പിന്നെ പതിയിരുന്ന് എല്ലാവരും ചേര്‍ന്ന് ആക്രമിക്കാനുമായിരുന്നു പദ്ധതി. പട്ടാളത്തിന് വിവരം ചോര്‍ന്നുകിട്ടിയിട്ടുണ്ടാവണം. പട്ടാളം വന്നില്ല. അവര്‍ മൂന്നാം ദിവസമാണ് വന്നത്. പട്ടാളം വന്നപാടെ കലാ%E