വ്യാജരേഖകൾ ചമച്ച് 14,000 ജ്യൂതരെ വംശഹത്യയില്‍ നിന്നും രക്ഷിച്ച ഒരു മനുഷ്യന്‍റെ കഥ

ഒരു മണിക്കൂറിൽ 30 വ്യാജ രേഖകളുണ്ടാക്കാനാവും, അത്രയും സമയം ഞാൻ ഉറങ്ങിയാൽ 30 പേർ മരിക്കും…
_ അഡോൾഫോ കമിൻസ്കി

യുദ്ധങ്ങളിൽ നിന്നും വംശഹത്യകളിൽ നിന്നും സാധാരണക്കാരെ രക്ഷിച്ച ധീരൻമാരെ പറ്റി ഒരുപാട് കഥകളുണ്ട്. മാനവികതക്കു വേണ്ടി വ്യാജ രേഖകൾ ചമച്ച് നിരവധി പേരെ രക്ഷിച്ച ഒരാളാണ് അഡോൾഫോ കമിൻസ്കി.

നാസികളുടെ മരണ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം രണ്ടാം ലോക മഹായുദ്ധകാലത്ത് ഫാസിസ്റ്റുകൾക്കെതിരായ ഫ്രെഞ്ച് പ്രതിരോധത്തിൽ അംഗമായിരുന്നു അഡോൾഫോ. വ്യാജരേഖ വഴി 14000 ജ്യൂതരെയാണ് നാസി നേതൃത്വത്തിലുള്ള വംശഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത്.

ഹോച്ചിമിന്റെ വിയറ്റ്നാമിന് നേരെ ഫ്രാൻസ് നടത്തിയ കൊളോണിയൽ യുദ്ധത്തിൽ പ്രതിഷേധിച്ച് അഡോൾഫോ സൈന്യത്തിൽ നിന്ന് രാജിവെച്ചു. ഫ്രെഞ്ച് അധിനിവേശത്തിനെതിരെ പോരാടുന്ന അൾജീരിയയിലെ ദേശീയ വിമോചന മുന്നണി(എഫ്എൽഎൻ)ക്കു വ്യാജരേഖ ചമക്കാൻ പാരിസിൽ രഹസ്യ സങ്കേതം തുടങ്ങി. 1962ൽ 100 ദശലക്ഷം ഫ്രാങ്കിന്റെ വ്യാജ കറൻസിയുണ്ടാക്കി. എഫ്എൽഎന്നിനെ സഹായിക്കുന്നതിനോടൊപ്പം ഫ്രാൻസിന്റെ സമ്പദ് വ്യവസ്ഥ തകർക്കലും ലക്ഷ്യമായിരുന്നു.

1963 മുതൽ ബ്രസീൽ, അർജൻറീന, എൽ സാൽവഡോർ, നിക്വാരഗ്വ, കൊളംബിയ, പെറു, യുറുഗ്വേ, ചിലി, മെക്സിക്കോ, സൈയിന്റ് ഡൊമിംഗ്, ഹൈത്തി തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയും ആഫ്രിക്കയിലെ ഗിനിയ-ബിസോ, അംഗോള, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെയും പോർച്ചുഗലിലെയും സ്പെയിനിലെയും ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ഇടത് പ്രസ്ഥാനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. പോരാട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോവാൻ നിരവധി പേർക്ക് പരിശീലനം നൽകി. തുടർന്ന് ഗ്രീസിലെ സൈനിക ഭരണകൂടങ്ങൾക്കെതിരായ പോരാട്ടങ്ങളെ സഹായിച്ചു. വിയറ്റ്നാം യുദ്ധത്തിൽ നിന്ന് പിൻമാറുന്ന അമേരിക്കൻ സൈനികർക്കും വ്യാജ രേഖകളുണ്ടാക്കി നൽകി.

ജ്യൂതൻമാർക്കു വേണ്ടി വ്യാജരേഖയുണ്ടാക്കിയ കാലത്തെ കുറിച്ച് അദ്ദേഹം പറയുന്നു “ഒരു മണിക്കൂറിൽ ഞാൻ 30 വ്യാജ രേഖകൾ ചമക്കും. ഉറങ്ങിയാൽ 30 പേർ മരിക്കും” 30 വർഷം ലോകത്തെമ്പാടുമുള്ള വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾക്കു വേണ്ടി വ്യാജരേഖ ചമച്ചെങ്കിലും ഒരു പൈസ പോലും പ്രതിഫലമായി വാങ്ങിയില്ല. 1925 ഒക്ടോബർ ഒന്നിന് അർജന്റീനയിൽ ജനിച്ച അഡോൾഫ് ഇന്നും ജീവിച്ചിരിപ്പുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
_ അനീബ് അബ്ദുല്ല

ന്യൂയോർക്ക് ടൈംസ് നിര്‍മ്മിച്ച ഡോക്യുമെന്ററി കാണാം:

മറ്റു ഡോക്യുമെന്ററികൾ :
ഫോർജിങ് ഐഡന്റിറ്റി
ദ ഫോർജർ
ഓട്ടോ ബയോഗ്രാഫി: Adolfo Kaminsky, une vie de faussaire

Leave a Reply