ബ്രിട്ടീഷ് കാലം മുതൽ തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ

“ഇന്ത്യയിലെ മൂന്നാമത്തെ ദരിദ്ര സംസ്ഥാനമാണ് മണിപ്പൂര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച്, ഏകദേശം 36.89% ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് കീഴെ ആണ്. പ്രതിശീര്‍ഷ വരുമാനം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും താഴ്‍ന്ന നിരക്കിലാണ്. ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ജീവിക്കുന്നവര്‍ പോലും വളരെ ദുര്‍ബലമായ ജീവിതമാണ് നയിക്കുന്നത്…”

മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍
നോര്‍ത്ത്-ഈസ്റ്റില്‍ ഉടക്കിയ കോർപ്പറേറ്റ് കണ്ണുകള്‍


കെ സഹദേവന്‍

പാർട്ട് 2

ബ്രിട്ടീഷ് കാലം മുതൽ തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ

ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ വിവിധങ്ങളായ ഗോത്ര സമൂഹങ്ങള്‍ പരസ്പരം അടുത്തിടപഴകി താമസിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം ഗോത്രവര്‍ഗ വിഭാഗങ്ങളും മലയോര പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. ആധുനിക ഭരണകൂട രീതികളില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു ആദിവാസി സമൂഹങ്ങളുടെ രാഷ്ട്രീയ സംഘാടനം.

ഗോത്ര ജനതമായുള്ള കൊളോണിയല്‍ ഭരണകൂട ബന്ധം വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമുള്ളതായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഗവൺമെന്റ് ചില പ്രദേശങ്ങളെ നിയന്ത്രിത പ്രദേശങ്ങളായി നിശ്ചയിക്കുകയും 1874-ലെ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്റ്റ്‌സ് ആക്ടില്‍ ക്രോഡീകരിക്കുകയും ചെയ്തു. 1935 മുതല്‍ കൊളോണിയല്‍ ക്രമത്തിന്റെ അന്ത്യം വരെ, വിവിധ ഗോത്ര വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങളെ ‘ഒഴിവാക്കപ്പെട്ട” എന്നും ‘ഭാഗികമായി ഒഴിവാക്കപ്പെട്ട” എന്നും തരംതിരിച്ചു. ‘ഒഴിവാക്കപ്പെട്ട’ പ്രദേശങ്ങള്‍’, നേരിട്ട് ഭരിക്കപ്പെടുന്നതും, ഭാഗികമായി ഒഴിവാക്കപ്പെ’തിന് പരിമിതമായ പ്രാതിനിധ്യ സംവിധാവും ആണ്. ഈ പ്രദേശങ്ങളെ സംബന്ധിച്ച കൊളോണിയല്‍ വീക്ഷണം ബാക്കിയുള്ളവയില്‍ നിന്ന് വ്യത്യസ്തവുമാണെന്ന് കാണാം. കൊളോണിയാനന്തര ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളും ഈയൊരു മനോഭാവത്തില്‍ നിന്ന് ഭിന്നമല്ലെന്ന് കാണാന്‍ സാധിക്കും.

കൊളോണിയല്‍ ഭരണം അവസാനിച്ചതിനുശേഷം, അന്നത്തെ ഇന്ത്യന്‍ നിയമനിര്‍മ്മാതാക്കള്‍ വടക്കു-കിഴക്കന്‍ പ്രദേശങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ പ്രദേശങ്ങളെ ഒരൊറ്റ അസ്തിത്വമായി സംയോജിപ്പിക്കാനും സ്വാംശീകരിക്കാനും ശ്രമിച്ചപ്പോള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ സ്വയംഭരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് ജനങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും അവലംബിച്ചു. പലതരത്തിലുള്ള അടിച്ചമര്‍ത്തലുകളിലൂടെ ഈ പ്രസ്ഥാനങ്ങളെ നേരിടാനായിരുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമിച്ചുപോന്നത്. സായുധസേനയുടെ പ്രത്യേക അധികാര നിയമം (AFSPA) ചുമത്തുന്നത് ഈ സാഹചര്യത്തിലാണ്. എതിര്‍പ്പിനെ നേരിടാന്‍ സംസ്ഥാനം ഉപയോഗിച്ച മറ്റൊരു മാര്‍ഗം, മലയോരമേഖലയില്‍ സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിലുകൾ (Autonomous District Councils) അനുവദിക്കുക എതായിരുന്നു. 1950-ല്‍ ഇന്ത്യയുടെ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, വടക്കുകിഴക്കന്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ആറ് പ്രദേശങ്ങള്‍ ADCകളായി നിയോഗിക്കപ്പെട്ടു. ഈ കൗൺസിലുകൾക്ക് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികാരം കുറവാണ്, അതേസമയം, പ്രാദേശിക സര്‍ക്കാരുകളേക്കാള്‍ കൂടുതലാണ് താനും. ഏങ്കില്‍ക്കൂടിയും പരമാധികാരം എന്നത് ഇന്നും ഒരു പ്രശ്നമായി തുടരുകയാണ്. വിവിധ ഗോത്ര വിഭാഗങ്ങള്‍ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ക്കുമേൽ ഭരണം അടിച്ചേല്‍പ്പിച്ച ദേശ-രാഷ്ട്രത്തിനെതിരെ ഇപ്പോഴും ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തുകയാണ്.

ഗോത്രപരമായ ഭിന്നതകള്‍ നിലനിൽക്കുമ്പോഴും, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് മണിപ്പൂരില്‍ താമസിക്കുന്ന, ആളുകള്‍ ഒരേ വംശീയ വിഭാഗത്തില്‍പ്പെട്ടവരാണ്. കുക്കികള്‍, നാഗന്മാര്‍, മെയ്റ്റികള്‍, മിസോകള്‍ തുടങ്ങിയ വിവിധ സമുദായങ്ങള്‍, വിശാലമായ ഇന്തോ-ടിബറ്റന്‍-ബര്‍മീസ് ജനതയുടെ വിദൂര ബന്ധുക്കളാണ്. വടക്ക്-കിഴക്കന്‍ മേഖല ‘മിശ്രരക്തം’ ഉള്ള ഗോത്രങ്ങളുടെ ഒരു വലിയ ശേഖരമാണെന്ന് വിവിധ പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ശാരീരിക സവിശേഷതകളിലോ ഭാഷയിലോ മതത്തിലോ ആചാരങ്ങളിലോ ഏതെങ്കിലും ഒരു ഗോത്രത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നത് മിക്കവാറും അസാധ്യമാണെന്ന് കാണാം. ഗോത്രങ്ങളുടെ വംശീയ സ്വഭാവങ്ങളില്‍ സ്ഥിരമായ ഭിന്നതകളുണ്ടെന്ന പൊതുധാരണ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വ്യത്യാസങ്ങള്‍ പണ്ടുമുതലേ ഉള്ളതല്ല, വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളില്‍ അവ അതേപടി നിലനിന്നിട്ടുമില്ല. വിവിധ സംഘങ്ങളും സമുദായങ്ങളും തമ്മിലുള്ള ഭിന്നതകളും പൊതുതത്വങ്ങളും വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളില്‍ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്.

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍, ഈ ഗോത്ര സമൂഹങ്ങളില്‍ പലതും വട്ടിപ്പലിശക്കാര്‍ (സാഹുകാര്‍), ജമീന്ദാര്‍മാര്‍, ഭരണകൂടം എന്നിവയുടെ ചൂഷണപരമായ ബന്ധത്തിനെതിരെ പോരാടി. ചരിത്രപരമായി, ഈ വംശീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവും കൂടുതല്‍ വികസിത സാമൂഹിക രൂപീകരണങ്ങളുടെ ഭാഗമായി നിലനിന്നിരുന്നു. അവരുടെ പോരാട്ടങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ കൂടിയും ഭരണഘടനയിലെയും നിയമത്തിലെയും പ്രത്യേക വ്യവസ്ഥകളിലൂടെ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കി.

ഭരണകൂടവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് വര്‍ത്തമാനകാലത്തെ ഗോത്രവിഭാഗങ്ങളുടെ മുഖ്യശത്രുക്കള്‍ എന്ന് കാണാം. കാര്‍ഷികമായി പിന്നോക്കം നിൽക്കുന്നതും ആദിവാസി സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പല പ്രദേശങ്ങളിലും ധാതുക്കളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും വന്‍ശേഖരമുണ്ടെന്ന കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലകളിലെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ വിപുലവും വിശാലവുമാണ്. വിഭവ സമൃദ്ധമായ ഭൂമി, ആദിവാസി സമൂഹങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും പരിഗണിക്കാതെ, തുച്ഛമായ വിലയ്ക്ക്, പലപ്പോഴും ബലപ്രയോഗങ്ങളിലൂടെ കൈക്കലാക്കപ്പെടുന്നു. പ്രാദേശിക സമൂഹങ്ങള്‍ തങ്ങളുടെ ഉപജീവനമാര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായി പോരാടിയതിന്റെ കാരണം ഇതാണ്.

അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ ആദിവാസി സമൂഹങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ കാരണം, കോളണിയാനന്തര കാലഘട്ടത്തില്‍, നിരവധി ഇടപെടലുകളിലൂടെ അവര്‍ക്ക് പ്രത്യേക സംരക്ഷണം ലഭ്യമാക്കുന്നതിലേക്ക് നയിച്ചു. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ഇന്ത്യന്‍ ഭരണഘടനയില്‍ വിവിധ വകുപ്പുകള്‍ ഉണ്ട്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പറയുന്നത്, പട്ടികവിഭാഗങ്ങളില്‍ “പട്ടികവര്‍ഗക്കാരുടെയോ അംഗങ്ങളുടെയോ ഭൂമി കൈമാറ്റം നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ” സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങള്‍ രൂപീകരിക്കണം. ആറാം ഷെഡ്യൂള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എിവിടങ്ങളിലെ ആദിവാസി മേഖലകള്‍ ഭരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. (സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക അധികാര പദവികളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഏകസിവില്‍കോഡും ആദിവാസി സമൂഹവും എന്ന ലേഖനം വായിക്കാം).

ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 371 സി പ്രകാരമാണ് മണിപ്പൂര്‍ ഭരണസംവിധാനം നിയന്ത്രിക്കപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഗോത്രവര്‍ഗ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഹില്‍ ഏരിയാസ് കമ്മിറ്റി (എച്ച്.എ.സി) രൂപീകരിക്കുക മാത്രമല്ല, അവരുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഗവൺമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും ഈ വ്യവസ്ഥ നിര്‍ബന്ധിതമാക്കുന്നു. കൂടാതെ, ആര്‍ട്ടിക്കിള്‍ 371 സി (2) അനുസരിച്ച് എച്ച്.എ.സികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പ്രസിഡന്റിന് വര്‍ഷാവര്‍ഷം അല്ലെങ്കില്‍ ആവശ്യമുള്ളപ്പോഴെല്ലാം അയക്കാന്‍ സംസ്ഥാന ഗവര്‍ണറെ ബാധ്യതപ്പെടുത്തുകയും ചെയ്യുുന്നു.

പരമ്പരാഗതമായി മെയ്‌തേയ് സമൂഹം തിങ്ങിപ്പാര്‍ക്കുന്ന താഴ്വര പ്രദേശങ്ങള്‍ ഫലഭൂയിഷ്ഠവും ചുറ്റുമുള്ള കുന്നുകളേക്കാള്‍ വികസിതവുമാണ്. താഴ്വരയിലെ ഒരു പ്രദേശത്തിന്റെ വികസനം ഇതിന് സാക്ഷ്യം വഹിക്കുന്നു. ഇതര സമൂഹങ്ങളുമായി ബന്ധപ്പെടാനും അധികാരകേന്ദ്രങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും അതുകൊണ്ടുതന്നെ മെയ്‌തേയ് സമൂഹത്തിന് സാധിച്ചി’ുണ്ട്. അതുകൊണ്ടുതന്നെ മലയോര നിവാസികളായ ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സംരക്ഷണം മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് നല്‍കുകയെന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കുന്നതിന് കാരണമാകും എന്നത് ഉറപ്പാണ്.

ഗോത്ര-താഴ്‌വാര ജനതയുടെ വര്‍ത്തമാന അവസ്ഥ

ഇന്ത്യയിലെ മൂന്നാമത്തെ ദരിദ്ര സംസ്ഥാനമാണ് മണിപ്പൂര്‍. സര്‍ക്കാര്‍ കണക്കനുസരിച്ച്, ഏകദേശം 36.89% ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് കീഴെ ആണ്. പ്രതിശീര്‍ഷ വരുമാനം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും താഴ്‍ന്ന നിരക്കിലാണ്. ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ജീവിക്കുന്നവര്‍ പോലും വളരെ ദുര്‍ബലമായ ജീവിതമാണ് നയിക്കുന്നത്. പൊടുനെയുള്ള ചികിത്സാ ചെലവുകള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുതലായവ മുഖേന അഭിമുഖീകരിക്കേണ്ടി വന്നാൽ അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. സമ്പത്തിന്റെയും വികസനത്തിന്റെയും അസമമായ വിതരണം മണിപ്പൂരിന്റെ സാമാന്യ ജീവിതം ദുഃസ്സഹമാക്കുന്നുണ്ട്. താഴ്വരയിലും മലമ്പ്രദേശങ്ങളിലും ജീവിക്കുന്നവര്‍ തമ്മിലുള്ള ദാരിദ്ര്യത്തിന്റെ വ്യാപ്തിയിലും സ്വഭാവത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം ഭൂരിഭാഗം മലയോര പ്രദേശങ്ങളിലും കുറവാണ്. ചില സവിശേഷ മേഖലകള്‍ ഒഴികെയുള്ള ഭൂരിഭാഗം മലയോര പ്രദേശങ്ങളിലും താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ അനുപാതം കൂടുതലാണ്. മലനിരകളിലെ ഗതാഗത തടസ്സം ജീവിതത്തിന്റെ അടിസ്ഥാന ആവശ്യത്തെ കൂടുതല്‍ ചെലവേറിയതാക്കുന്നു. കുന്നിന്റെ/താഴ്വര വിഭജനത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍ എന്തായിരുന്നാലും വര്‍ത്തമാനാവസ്ഥ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

മണിപ്പൂരിന്റെ ഭൂവിസ്തൃതിയുടെ 90% മലമ്പ്രദേശങ്ങളാണ്. എന്നാല്‍ 10% ഭൂവിസ്തൃതി മാത്രമുള്ള താഴ്വരയില്‍ ഏകദേശം 60% ആളുകള്‍ താമസിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം മണിപ്പൂരിലെ ജനസംഖ്യ 2,855,794 ആണ്. ഇതില്‍ 57.2% സമതല ജില്ലകളിലും ബാക്കി 42.8% മലയോര ജില്ലകളിലുമാണ് താമസിക്കുന്നത്. സമതലങ്ങളില്‍ താമസിക്കുന്നത് പ്രധാനമായും മെയ്‌തേയ് വിഭാഗങ്ങളാണ്. മലമ്പ്രദേശങ്ങളില്‍ പ്രധാനമായും അധിവസിക്കുന്നത് നാഗന്മാര്‍, കുകികള്‍, മറ്റു ചെറുഗോത്രവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുന്ന നിരവധി വംശീയ-ഭാഷാപരമായ വൈവിധ്യമുള്ള ഗോത്ര വിഭാഗങ്ങളാണ്. മണിപ്പൂര്‍ സംസ്ഥാനത്തിലെ ജനസംഖ്യയുടെ ഏകദേശം 53% മെയ്തേയ് ആളുകള്‍ പ്രതിനിധീകരിക്കുന്നു, വിവിധ നാഗ വംശീയ വിഭാഗങ്ങളും (24%), കുകി/സോമി ഗോത്രങ്ങളും (16%) (ചിന്‍-കുക്കി-മിസോ ആളുകള്‍ എന്നും അറിയപ്പെടുന്നു) അടങ്ങുന്നതാണ് മണിപ്പൂര്‍ ജനത.

മണിപ്പൂരിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. മണിപ്പൂരിലെ ഇന്നത്തെ കാര്‍ഷിക നില ചൂണ്ടിക്കാണിക്കുന്നത് താഴ്വരയിലെ ഫലഭൂയിഷ്ഠമായ പ്രദേശത്ത് വന്‍തോതില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വിളകളുടെ ഉല്‍പാദനത്തിലേക്കാണ്. മണിപ്പൂരിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരും കര്‍ഷകരില്‍ ഭൂരിഭാഗവും നാമമാത്ര ഉത്പാദകരും (1 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍) ആണ്. പൊതുവില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്രാവസ്ഥ, വിഭവങ്ങളുടെ പരിമിതി എന്നിവ കാരണം ഭൂമിക്ക് വേണ്ടിയുള്ള അവകാശവാദം മണിപ്പൂരില്‍ വര്‍ദ്ധിച്ചുവരികയാണ്. മെയ്‌തേയ് സമൂഹത്തിനിടയില്‍ ചെറിയൊരു വിഭാഗത്തില്‍ മാത്രമാണ് ഭൂമി വലിയതോതില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ ഭൂമി വാങ്ങാനുള്ള അവകാശ ലഭ്യതയ്ക്കായി പട്ടികവര്‍ഗ്ഗ പദവി ആവശ്യപ്പെടുന്നതിന് മെയ്‌തേയ് വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷത്തെയും അണിനിരത്തുന്ന പൊതുഘടകം ഇതാണ്.

തുടരും…

(കടപ്പാട്: ഈ ലേഖനം തയ്യാറാക്കുന്നതില്‍ പ്രധാനമായും ആശ്രയിച്ചത് നോര്‍ത്ത്-ഈസ്റ്റ് ഫോറം ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റിയുടെ പഠനങ്ങളെയാണ്. മണിപ്പൂര്‍ സംസ്ഥാനം നേരിടുന്ന ചരിത്രപരമായ പിന്നോക്കാവസ്ഥകളെ സംബന്ധിച്ച് അവര്‍ നടത്തിയ വിശദമായ പഠനം ഈ ലേഖനത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇംഫാല്‍ റിവ്യൂ, കൂടാതെ പ്രൊഫ. ആദിത്യ നിഗം, മഹ്‌ദേനോ, ഗുലാബ് ദാസ് ഗുപ്ത എന്നിവരുമായുള്ള ആശയവിനിമയങ്ങളും ലേഖനം തയ്യാറാക്കുന്നതില്‍ സഹായകമായിട്ടുണ്ട്.)

ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ
മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍

Follow us on | Facebook | Instagram Telegram | Twitter