ഭരണകൂടത്തിന്‍റെ സവർണ്ണ താൽപര്യങ്ങളും കീഴാളരുടെ അനൈക്യവും

കീഴാളർ തമ്മിലുള്ള ഐക്യത്തെ പരമപ്രധാനമായി കാണുന്നവർക്ക് പരമ്പരാഗതമായ ലിബറൽ ഉട്ടോപ്യകളിൽനിന്നും മാറിപോകേണ്ടതായി വരും എന്നതാണ് വസ്തുത. എന്നാൽ ‘ഭരണഘടന സംരക്ഷിക്കുക’ എന്ന യാന്ത്രിക യുക്തിക്കു പിന്നിൽ അണിനിരക്കുന്നതിലൂടെ മേല്‍പറഞ്ഞ ഐക്യം ഉണ്ടാക്കാൻ കഴിയുന്നതല്ല…


കെ കെ ബാബുരാജ്

ജനസംഖ്യയിൽ പതിനഞ്ചു ശതമാനം മാത്രം വരുന്ന സവർണ്ണ ആഭിജാത സമുദായങ്ങൾക്ക്‌ അനുകൂലമായി ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടു സാമ്പത്തിക സംവരണം നടപ്പിലാക്കാൻ വിവിധ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നതെന്തുകൊണ്ടാണ് ? വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ബലതന്ത്രം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കണക്കുകൂട്ടലുകൾ അത്ര ശരിയല്ല എന്നാണ് തോന്നുന്നത്. മറിച്ചു, സവർണ്ണർ പരമ്പരാഗതമായി അധികാരം കയ്യാളുന്നവരാണ്. ഏതു പ്രസ്ഥാനത്തെയോ ആശയത്തെയോ പ്രതിനിധാനം ചെയ്താലും തങ്ങളുടെ അധികാര ശോഷണത്തെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ആന്തരികമായ ഐക്യം അവർ തമ്മിലുണ്ട്. പ്രസിദ്ധ മനുഷ്യാവകാശ തത്വചിന്തകനായ കെ.ബാലഗോപാൽ, മണ്ഡൽ കമ്മീഷനെതിരെ ഉണ്ടായ സവർണ്ണ ഏകീകരണത്തെ ചൂണ്ടികാട്ടികൊണ്ടു ഇത്തരം ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്.

ഇതേ സമയം, എണ്‍പത്തഞ്ചു ശതമാനം വരുന്ന കീഴാളർ അധികാരത്തിനു പുറത്തായതിനാൽ അവർ തമ്മിൽ ആന്തരികമായ ഐക്യം നിലനിൽക്കുന്നില്ല. അല്ലെങ്കിൽ, അവർ തമ്മിലുള്ള ഐക്യം ഇനിയും ഉണ്ടാകേണ്ടി ഇരിക്കുന്നു. ഈ തടസം തിരിച്ചറിയുന്നതിനാലാണ് അധികാരശക്തികൾക്കു ബഹുഭൂരിപക്ഷത്തിനുമേൽ വരേണ്യ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങൾ അടിച്ചേൽപിക്കാൻ കഴിയുന്നത്.

കീഴാളർ തമ്മിലുള്ള ഐക്യത്തെ പരമപ്രധാനമായി കാണുന്നവർക്ക് പരമ്പരാഗതമായ ലിബറൽ ഉട്ടോപ്യകളിൽനിന്നും മാറിപോകേണ്ടതായി വരും എന്നതാണ് വസ്തുത. എന്നാൽ ‘ഭരണഘടന സംരക്ഷിക്കുക’ എന്ന യാന്ത്രിക യുക്തിക്കു പിന്നിൽ അണിനിരക്കുന്നതിലൂടെ മേല്പറഞ്ഞ ഐക്യം ഉണ്ടാക്കാൻ കഴിയുന്നതല്ല. കാരണം, ഭരണഘടന കേന്ദ്രീകരിച്ചുള്ള അധികാര വിമർശനം വളരെ കുറച്ചുമാത്രം ഫലം നൽകുന്ന ഒന്നാണ്.മാത്രമല്ല, ദളിത് ക്രൈസ്‌തവർ അടക്കമുള്ള പല സമുദായങ്ങളും ഭരണഘടനാ പരിരക്ഷകൾക്കു പുറത്താണ്. ദീർഘകാലത്തെ മതേതര അധികാരം പല ന്യൂനപക്ഷ സമുദായങ്ങളെയും അന്യവൽക്കരിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ജനാധിപത്യത്തെ ഘടനാപരമായി അഴിച്ചുപണിയുന്നതാവണം കീഴാള ഐക്യം എന്ന് തോന്നുന്നു. ഇതിനർത്ഥം ഭരണഘടന തിരസ്ക്കരിക്കപ്പെടണം എന്നല്ല.

എന്തുതന്നെ ആയാലും, മോദി ഭരണകൂടത്തിന് നഷ്ടമേ സംഭവിക്കുകയുള്ളൂ. കാരണം, സാമ്പത്തിക സംവരണവാദികളായ സവർണരും നാഗരിക മധ്യവർഗ്ഗവും പണ്ടേ സംഘപരിവാറിനൊപ്പമാണ്. എന്നാൽ പുതിയ തീരുമാനം അവർക്കൊപ്പം നിൽക്കുന്ന പിന്നാക്കക്കാരെ അകറ്റാനേ സഹായിക്കുകയുള്ളൂ. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ വിരോധവും, പ്രാദേശിക കക്ഷികളുടെ വഴിപിരിയലും, കീഴാളരുടെ കൊഴിഞ്ഞുപോകലും- എന്നിവ എല്ലാംകൂടി മോദി ഭരണത്തിന്റെ പതനം ഉറപ്പാക്കിയിരിക്കുന്നു.

Leave a Reply