എല്ലാവരും ഇൻശാ അല്ലാഹ്‌ ഉമ്മായ്ക്ക് വേണ്ടി ദുആ ചെയ്യണം

അന്തരിച്ച തന്റെ ഉമ്മ അസ്മാ ബീവിയോട് വിട പറഞ്ഞുകൊണ്ട് അബ്ദുൽ നാസർ മഅ്ദനി നടത്തിയ പ്രസംഗം

”ഉമ്മായ്ക്ക് വേണ്ടി കഴിയുന്ന എല്ലാവരും ഒരു ഖത്തം ഓതി ഹദിയ ചെയ്യണം. അതിനു കഴിയാത്തവർ കുറേശ്ശേ ഏങ്കിലും ഖുർആൻ ഓതി ഹദിയ ചെയ്യണം. അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് നിങ്ങൾ ഓതി ഉമ്മായ്ക്ക് വേണ്ടി ഹദിയ ചെയ്യണം. അതാണ്‌ നിങ്ങൾക്ക് എന്നോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ഇത്രയും കാലം കഷ്ടപ്പാടുകൾ സഹിച്ച എന്‍റെ പ്രിയപ്പെട്ട ഉമ്മായ്ക്ക് വേണ്ടി, ഞാനനുഭവിച്ച പ്രയാസങ്ങൾക്കും ഉപരിയാണ് ഉമ്മ അനുഭവിച്ച മാനസിക സംഘർഷങ്ങൾ.

സമാധാനത്തിന് പ്രതീക്ഷയുണ്ടായിരുന്ന ഒരു ഘട്ടത്തിൽ വീണ്ടും രണ്ടാമത്തെ ജയിൽവാസം. നിങ്ങൾക്കെല്ലാവർക്കും അറിയുന്നതുപോലെ എല്ലാ വേദനയും കടിച്ചുപിടിച്ചു വളരെ വിഷമങ്ങൾ താങ്ങി ആദ്യ കാലത്ത് ഞാൻ പ്രവർത്തിച്ചിരുന്ന സംഘടനയുടെ നിരോധന സമയത്തു എന്‍റെ വീട് അടച്ചുപൂട്ടി സീൽ ചെയ്തപ്പോൾ എന്റെ ഉമ്മ എന്‍റെ പ്രായപൂർത്തിയായ സഹോദരിയെയും കൊണ്ട് താമസിച്ചത് വീടിനടുത്തുണ്ടായ ഒരു കുളിമുറിയിലായിരുന്നു. ആ കുളിമുറിയിൽ ഭക്ഷണം പാകം ചെയ്ത് അവിടെ താമസിക്കാൻ ശ്രമിക്കുമ്പോൾ അധികാരികൾ വന്ന് ആ കുളിമുറിയും പൂട്ടി സീൽ ചെയ്തു. അതിനുശേഷം ഉമ്മായും എന്‍റെ വാപ്പായും വീട്ടിനടുത്ത് ഒരു ഷെഡ് കെട്ടി. ഷെഡ് പൊളിച്ചുകളഞ്ഞു.

ഇങ്ങനെയൊക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുമ്പോഴും വിവാഹപ്രായമെത്തിയ എന്‍റെ അനിയത്തിയെയും അനിയന്മാരെയും സംരക്ഷിച്ചു. അതെല്ലാം കഴിഞ്ഞതിനുശേഷം എന്‍റെ കാൽ നഷ്ടപ്പെട്ടപ്പോഴും അതിനുശേഷമുള്ള നീണ്ട ജയിൽവാസ സമയത്തും ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയി.

കാൻസർ രോഗത്തിന് അടിമപ്പെട്ട ഉമ്മ ഒരുപാട് വേദനകൾ സഹിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന ഒരു മേജർ സർജറിയിലൂടെ കടന്നുപോയി. അതിനുശേഷവും ഒരുപാട് വേദനകളിലൂടെ കടന്നുപോയപ്പോഴും എന്‍റെ പൊന്നുമ്മ ഒരു അസഹ്യതയും പ്രകടിപ്പിച്ചിരുന്നില്ല. എല്ലാ വേദനയോടെയും വിളിക്കുമ്പോഴും ആദ്യം എന്‍റെ കാര്യമാണ് ചോദിച്ചിരുന്നത്. എന്‍റെ രോഗങ്ങളെ പറ്റിയാണ് ചോദിക്കുന്നത്. ഇപ്പൊ ഈ അടുത്ത് സ്ട്രോക്ക് പോലെ വിഷമകരമായ ഒരു അവസ്‌ഥ ഉണ്ടായപ്പോഴും എന്‍റെ അനുജൻ സിദ്ദീഖ് ഫോണ് ചെയ്ത സമയത്തു സംസാരിക്കാൻ കൊടുത്തു ഉമ്മാന്‍റെ അടുത്ത്. സ്പീക്കറിൽ ഇട്ട് ഉമ്മാ ഫോൺ അടുത്തുവെച്ചു സംസാരിച്ചു.

വളരെ ദുർബലമായ അവസ്ഥയിൽ ആയിരുന്നു. അപ്പോഴും എന്റെ ആരോഗ്യപ്രശ്നമായിരുന്നു ഉമ്മ ചോദിച്ചത്. അതിനെല്ലാം ശേഷം അതികഠിനമായ വേദന സഹിച്ചു ഉമ്മ ആശുപത്രിയിൽ കിടപ്പിലായിരുന്നു. നമ്മുടെ പള്ളിയിലെ വലിയ ഉസ്താദ് സൂചിപ്പിച്ചത് പോലെ അള്ളാഹുവിന്‍റെ മഹത്തായ ഫൾല് കൊണ്ട് എനിക്കിവിടെ എത്താനും ഉമ്മാന്റെ അടുത്ത് ഇരിക്കാനും ഞാനിരിക്കുന്ന സമയത്തെല്ലാം യാസീൻ അതുപോലെ ആയത്തുൽ കുർസി ഒക്കെ എന്നെക്കൊണ്ട് ഉറക്കെ ചൊല്ലിച്ചുകൊണ്ടിരുന്നു.

ഇടക്ക് ഞാനൊന്നു നിസ്കരിക്കാൻ വേണ്ടി, മുകളിൽ ഹോസ്പിറ്റലിൽ ഒരു റൂം എടുത്തിരുന്നു. ആ റൂമിലേക്ക് പോകുമ്പോൾ പറയാതെ ആണ് ഞാൻ പോകുന്നത്, പറയുമ്പോൾ വിഷമമാകുന്നത് കൊണ്ട്. അപ്പോൾ എന്‍റെ ശബ്ദം കേൾക്കാതിരിക്കുമ്പോൾ ഉമ്മ അനിയന്മാരോട് ചോദിക്കും വലിയിക്ക പോയോ എന്ന് ചോദിക്കും. നിസ്കരിക്കാൻ പോയതാണെന്ന് പറയും. അങ്ങനെ എന്നോടുള്ള ആ അതിശക്തമായ ബന്ധത്തിന്‍റെ അവസാന നിമിഷങ്ങളിൽ എനിക്ക് എന്റെ ഉമ്മാന്‍റെ അടുത്ത് എത്താൻ അള്ളാഹു അനുഗ്രഹിച്ചു. അതുകൊണ്ട് എനിക്ക് വരാൻ പറ്റി, അവസാന നിമിഷങ്ങളിൽ ഉമ്മാന്‍റെ അടുത്ത് ഇരിക്കാൻ പറ്റി, ഉമ്മാന്‍റെ മയ്യത്ത് നിസ്കരിക്കാൻ പറ്റി. വലിയ അനുഗ്രഹമാണ് അത്.

മുമ്പ് ഞാൻ പറയാറുള്ളത് പോലെ പരീക്ഷണങ്ങൾ ഉണ്ടാകലല്ല പ്രശ്നം, അതെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. ആ പരീക്ഷണങ്ങളിൽ അല്ലാഹുവിന്‍റെ അനുഗ്രഹവും ഫൾലും അവന്‍റെ സഹായവും എങ്ങനെയാണ് ഉണ്ടാകുന്നത് എന്നാണ്. അതികഠിനമായ പരീക്ഷണ വേളകളിൽ അള്ളാഹു അവന്റെ സഹായത്തിന്റെ വാതിലുകൾ തുറന്നു തന്നില്ലയിരുന്നെങ്കിൽ ഇന്ന് ഞാനവിടെ ബംഗളൂരുവിൽ ഇരിക്കേണ്ട അവസ്ഥയാകുമായിരുന്നു. അൽഹംദുലില്ലാഹ് എനിക്ക് എത്താൻ കഴിഞ്ഞു. ഞാൻ നിസ്കരിക്കാൻ പോകുകയാണ്.കഴിയുന്ന എല്ലാവരും എന്‍റെ ഉമ്മായ്ക്ക് വേണ്ടി ഒരു ഖത്തം ഓതാൻ ശ്രമിക്ക്, ഉമ്മായ്ക്കാണ് അതിന്‍റെ ആദ്യത്തെ പ്രതിഫലം കിട്ടേണ്ടത്. അതുകൊണ്ട് എല്ലാവരും ഇൻശാ അല്ലാഹ്‌ ഉമ്മായ്ക്ക് വേണ്ടി ദുആ ചെയ്യണം…..”
കടപ്പാട് _ കീബോർഡ് ജേർണൽ

Leave a Reply