ആൺ തൊഴിലാളികളുടെ ലോകം ഒരു പെൺകാഴ്ച്ചയിൽ

മാർഷൽ ടിറ്റോ പോയി ഒരു വ്യാഴവട്ടം പൂർത്തിയാക്കിയില്ല യുഗോസ്ലാവിയ. സെർബിയയും ക്രൊയേഷ്യയുമൊക്കെ വേറിട്ടു പോന്നു. ശീതയുദ്ധകാലം മുഴുവൻ സോഷ്യലിസ്റ്റ് പരീക്ഷണം നടന്ന രാജ്യം. കിഴക്കൻ യൂറോപ്യൻ മേഖലയിലും യു എസ് എസ് ആറിലും അത് തകർന്നു. പോസ്റ്റ് സോഷ്യലിസ്റ് കാലത്ത് പുതുമുതലാളിത്ത വാഗ്ദാനങ്ങൾ നടപ്പായോ? കോർപറേറ്റ് വികസന തീവ്രവാദം ചൂഷിതരെ വീണ്ടും കൊടിയ ചൂഷണത്തിന് ഇരയാക്കുന്നത് എങ്ങനെയെന്ന് സെർബിയൻ ചലച്ചിത്രകാരനായ മിലോസ് പൂസിച് തന്റെ പുതിയ ചലച്ചിത്രത്തിൽ തുറന്നുകാട്ടുന്നു.

മിലോസ് തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. സെർബിയയിലെ പ്രധാന നഗരമായ നൊവി സാദിൽ. അവിടെ ഇപ്പോൾ പുതിയ വികസനത്തിന്റെ ആഘോഷം. അതിൽ നിർമാണ വ്യവസായ മാഫിയയുടെ അഴിഞ്ഞാട്ടം ജനങ്ങൾക്കും തൊഴിലാളികൾക്കും കടുത്ത ഭീഷണിയാണ്. ‘വർക്കിംഗ് ക്ലാസ് ഹീറോസ്’ എന്ന സിനിമ തുടങ്ങുന്നത് ഒരു ദരിദ്ര കുടുംബത്തെ കുടിയൊഴിപ്പിക്കുന്ന ദൃശ്യത്തോടെയാണ്. കയ്യേറ്റവും കുടിയൊഴിക്കലും നിയമവിരുദ്ധ നിർമ്മാണവും കൂലി തട്ടിപ്പും മർദ്ദനവും കൊലപാതകം ഉൾപ്പെടെയുള്ള അധോലോക മാഫിയാ പ്രവർത്തനങ്ങളും നിറഞ്ഞാടുന്നു. ഒരിക്കൽ ചെങ്കൊടി വിളഞ്ഞ വയലാണ്. സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴങ്ങി നിന്നിടം.

ബർലിൻ മേളയിൽ സിനിമാപ്രദർശനം കണ്ട വാഞ്ചാ സുഞ്ജിക് എന്ന നിരൂപക സോഷ്യലിസ്റ്റ് മൂല്യങ്ങൾ അന്യം നിൽക്കുന്നതിന്റെ വേദനിപ്പിക്കുന്ന അനുഭവസാക്ഷ്യമെന്ന് എഴുതിയിട്ടുണ്ട്. ആ മൂല്യങ്ങളുടെ കനലുകൾ അവശേഷിക്കുന്നത് ഈ അദ്ധ്വാനിക്കുന്ന വിഭാഗങ്ങളിലാണെന്ന് മിലോസ് സമർത്ഥമായി ആവിഷ്കരിച്ചു എന്നും അവർ എഴുതി.

ശീതയുദ്ധത്തിനും യുഗോസ്ലാവിയാ വിഭജനത്തിനും ശേഷം കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയും നേർത്ത ധാരകളായി സെർബിയയിൽ പുലർന്നിരുന്നു. രണ്ടും ചേർന്ന് സെർബിയൻ ലെഫ്റ്റ് എന്ന പുതിയ പ്രസ്ഥാനം രൂപം കൊണ്ടത് സമീപഭൂതകാലത്താണ്. ആ ദിവസങ്ങളിൽ തന്നെയാവണം മിലോസ് പൂസിച്ചിന്റെ തൊഴിലാളിവർഗ സിനിമ പുറത്തുവന്നതും. പാർട്ടിയ്ക്കകത്ത് എങ്ങനെ പുതിയ വർഗം (New Class) വളർന്നു വന്നുവെന്ന് ആദ്യത്തെ വിമത ശബ്ദം ഉയർന്നു വന്നത് യുഗോസ്ലാവിയയിലായിരുന്നു. (ഇപ്പോൾ അധികാരബദ്ധ കമ്യൂണിസ്റ്റുകളുടെ പുതുതാൽപ്പര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യപ്പെടുംവിധം പ്രകടമാണ്.) അവിടെ ആ വിമതശബ്ദംപോലെ പുതു ഉദ്ദീപന ശബ്ദവും പുറത്തുവരുന്നു എന്നത് ലോകത്തിനു പ്രതീക്ഷ നൽകുന്നു.

വികസനഫണ്ടു നേടിയെടുക്കാനും കൊള്ളയടിക്കാനുമുള്ള ആർത്തിയും അധികാരഭ്രാന്തും അതിന്റെ പാരമ്യതയിൽ കാണാം. തൊഴിലവകാശങ്ങളും വേതന നിശ്ചയങ്ങളും അട്ടിമറിക്കപ്പെടുന്നു. തൊഴിലാളികൾ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടുകയാണ്. വർക്ക് സൈറ്റിലുണ്ടാകുന്ന അപകടങ്ങൾ മറച്ചുവെക്കാനാണ് കമ്പനിയുടെ താൽപ്പര്യം. ചെറിയ അപകടങ്ങളിൽ പെട്ടവർക്കു പോലും ചികിത്സ ലഭിക്കില്ല. പലരും കൊല ചെയ്യപ്പെടുന്നു. വികസന തീവ്രവാദം മതപൗരോഹിത്യവുമായി ഉണ്ടാക്കുന്ന സഖ്യവും വിശദമാക്കപ്പെടുന്നു. സെർബിയൻ ജീവിതത്തിലെ അനുഭവ യാഥാർത്ഥ്യം പുറത്തുവരുമ്പോൾ അതു പുതിയലോകത്തിന്റെ കഥയാകുന്നു.

പോസ്റ്റ് സോഷ്യലിസ്റ്റ് ലോകത്തു കനക്കുന്ന പുതുമുതലാളിത്ത വികസന മാഫിയകളെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്ന് ഒരു അഭിമുഖത്തിൽ മിലോസ് പറയുന്നുണ്ട്. കഥയും നിർമ്മാണവും സംവിധാനവും പുസിച്ചാണ് നിർവ്വഹിച്ചിരിക്കുന്നത്. വർഗകലയുടെ കരുത്തും സൗന്ദര്യവും ഈ ചലച്ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
ആൺതൊഴിലാളികളുടെ ലോകം ഒരു പെൺകാഴ്ച്ചയിൽ അവതരിപ്പിക്കാൻ മിലോസ് ശ്രമിച്ചിട്ടുണ്ട്. ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ലിഡിജ. വർഗസമരങ്ങളുടെയും വർഗകലയുടെയും കാലം കഴിഞ്ഞു എന്നു വാദിക്കുന്നവരെ അമ്പരപ്പിക്കുന്ന ചലച്ചിത്രമാണ് തൊഴിലാളിവർഗ നായകർ. സെർബിയൻ തൊഴിലാളികൾക്കും മിലോസിനും അഭിവാദ്യം.
_ ആസാദ്
10 ഡിസംബർ 2022

Follow us on | Facebook | Instagram Telegram | Twitter