ലിബറേഷന്റെ ബിഹാർ തിരഞ്ഞെടുപ്പ് വിജയവും പ്രതീക്ഷയും


ശ്രീകാന്ത്, പ്രസിഡന്റ്
പുരോഗമന യുവജന പ്രസ്ഥാനം
9496969445

തിരുത്തൽവാദം പലരൂപത്തിലും ഭാവത്തിലും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് നുഴഞ്ഞ്‌ കയറിയ ബൂർഷ്വാ ആശയമാണ് തിരുത്തൽവാദം. വിപ്ലവത്തിൽ നിന്നും ജനങ്ങളെ അകറ്റുന്നതിനുള്ള ഭരണവർഗ്ഗ താല്പര്യങ്ങളെ സേവിക്കുന്ന ഉപകരണമായി തിരുത്തൽവാദം എന്നും പ്രവർത്തിച്ചു.
അതിനെതിരായ പോരാട്ടം വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തെ ഉജ്ജ്വലമാക്കി. ചുരുക്കത്തിൽ തിരുത്തൽവാദത്തെ പരാജയപ്പെടുത്തിയാണ് ലെനിനും മാവോയുമടക്കമുള്ള വിപ്ലവകാരികൾ വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോവുകയും മാർക്സിസം, ലെനിനിസം, മാവോയിസം എന്ന നിലയിലേക്ക് തൊഴിലാളിവർഗ്ഗ ആശയ ശാസ്ത്രത്തെ വിപ്ലവകരമായി വികസിപ്പിക്കുകയും ചെയ്തിട്ടുള്ളത്. തിരുത്തൽവാദം അടിസ്ഥാനപരമായി മാർക്സിസത്തോട് എല്ലായിപ്പോഴും ഏറ്റുമുട്ടിയിട്ടുള്ളത് വിപ്ലവ ബലപ്രയോഗവുമായി ബന്ധപ്പെട്ടാണ്. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ തന്നെ ഇതിനു കൃത്യമായി മറുപടി നൽകുന്നു. “സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മറച്ചുവെക്കുന്നതിനെ കമ്മ്യുണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യക്രമങ്ങളെയാകെ ബലംപ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യം നേടാനാവൂ എന്നവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യുണിസ്റ്റ് വിപ്ലവം കണ്ട് ഭരണാധികാരി വർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല, നേടുവാനോ ഒരു ലോകമുണ്ടുതാനും.” വിപ്ലവ ബലപ്രയോഗത്തെ സംബന്ധിച്ച നിലപാട് ഇവിടെ വ്യക്തം.
മാവോ സേതുങ് നിരീക്ഷിച്ചതുപോലെ ചെങ്കൊടിയേന്തി ചെങ്കൊടിയെ വഞ്ചിക്കുന്നവരെ തുറന്നു കാട്ടാതെ ഒരു വിപ്ലവ മുന്നേറ്റം അസാധ്യമാകുന്നു. ഈ ഒരു പശ്ചാത്തലത്തിൽ നിന്ന് വേണം ലിബറേഷൻ്റെ തിരഞ്ഞെടുപ്പു വിജയവും അതിൻ്റെ നിലപാടും പരിശോധിക്കേണ്ടത്.

ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയെ സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ വികസിപ്പിക്കാൻ സാധിക്കുമെന്ന നിലപാട് ആണ് പാർട്ടി പരിപാടിയിലൂടെയും ഭരണഘടനയിലൂടെയും സി.പി.ഐ(എംഎൽ) ലിബറേഷൻ മുന്നോട്ട് വെക്കുന്നത്.
ഈ കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്, സി.പി.ഐ, സി.പി.എം തുടങ്ങിയവർ ഉൾക്കൊള്ളുന്ന കൂട്ടുമുന്നണിയിൽ മത്സരിച്ച ലിബറേഷന് 12 നിയമസഭാ സീറ്റുകൾ ലഭിക്കുകയുണ്ടായി. പല കോണുകളിൽ നിന്നും ഈ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടു അഭിപ്രായങ്ങൾ ഉയർന്നു വരികയും വിശാല ഇടതുപക്ഷത്തിനകത്തെ സാധാരണക്കാരിൽ ഒരു പുതിയ പ്രതീക്ഷ അത് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലിബറേഷന്റെ സാമാജികർ ഇന്ത്യൻ ജനതയെ ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും അർദ്ധ ഫ്യുഡൽ അർദ്ധ കൊളോണിയൽ ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നു.

പ്രതീക്ഷയും പ്രതിസന്ധിയും

ലിബറേഷന്റെ വിജയത്തെ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളും പത്രങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഉയർത്തിക്കാട്ടിയത്. ഇടതുപക്ഷത്തിന്റെ പാരമ്പര്യ ശക്തി കേന്ദ്രങ്ങളിൽ സംഘ്പരിവാർ ശക്തി പ്രാപിക്കുകയും അസ്ഥിരപ്പെടുത്തുകയും ത്രിപുരയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ കൈയ്യടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിഹാറിൽ ലിബറേഷന് ലഭിച്ച 12 സീറ്റുകൾ പുത്തൻ പ്രതീക്ഷയായി അവതരിപ്പിക്കപ്പെടുന്നത്. അധികാരം ലഭിച്ച സംസ്ഥാനങ്ങളിൽ അതായത്, കേരളം, ബംഗാൾ, ത്രിപുര തുടങ്ങിയ ഇടങ്ങളിൽ സി.പി.എം മുന്നണി സാമ്രാജ്യത്വ വികസന പരിപാടികൾ നടപ്പിലാക്കുന്നതായാണ് ലിബറേഷന് മറ്റു പാർലമെന്ററി ഇടതുപക്ഷ പാർട്ടികളോടുള്ള വിയോജിപ്പ്.

കാൽനൂറ്റാണ്ടോളം ത്രിപുരയും ബംഗാളും ഭരിച്ച സി.പി.എം മറ്റു ഭരണവർഗ്ഗ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അധികാര രാഷ്ട്രീയത്തിന്റെ ചളിക്കുഴിയിൽ വീണു ഉരുളുകയാണ് ചെയ്യുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. സിംഗൂർ, ലാൽഗഡ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സി.പി.എം സർക്കാർ കുത്തക കമ്പനികൾക്കും സാമ്രാജ്യത്വ ശക്തികൾക്കും വേണ്ടി ജനങ്ങളെ അടിച്ചമർത്താൻ തയ്യാറായപ്പോൾ ജനങ്ങൾ പരസ്യമായി ആയുധങ്ങളുമായി അവരെ വെല്ലുവിളിച്ച് രംഗത്തുവന്നതും നാം കണ്ടു. സി.പി.എമ്മിന് പുറത്ത് നിന്നുള്ള ഇടപെടലുകൾക്കുപരി സി.പി.എമ്മിന് അകത്ത് തന്നെ ഉണ്ടായിവന്ന ജീർണതയാണ് സി.പി.എമ്മിന്റെ പരാജയത്തിന്റെ മുഖ്യകാരണം. കേരളത്തിലെ കപട ഇടത് ഇപ്പോഴും ഈ വഴിയിലൂടെ തന്നെ പോയിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പിറകെ പോകുന്ന ഏതൊരു കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനും സംഭവിക്കുന്ന അപചയം മാത്രമാണിവ. ഇത് തന്നെയാണ് മറ്റു പാർലമെന്ററി ഇടതു കക്ഷികളുടെയും സ്ഥിതി. പിന്നെ പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന കോൺഗ്രസ്സ് നാഥനില്ലാത്ത കളരിയായി ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ തീവ്ര വലതുപക്ഷത്തേക്ക് കാലുമാറിയപ്പോൾ അന്ത്യശ്വാസം വലിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. ഒപ്പം വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ചൂഷണവും എല്ലാ വിധത്തിലും ഇന്ത്യൻ ജനത ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്.

വിപ്ലവ പ്രക്ഷോഭങ്ങളിലേക്കു ജനങ്ങളെ തിരിച്ചു വിടാതെ ഭരണകൂട സേവയുമായി കഴിഞ്ഞ കക്ഷിരാഷ്ട്രീയക്കാരിൽ ജനങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുകയും, ഭരണവർഗ്ഗത്തിന്റെ “സേഫ്റ്റി വാൽവുകൾ” ആയ കപട ഇടതുപക്ഷത്തെ ജനങ്ങൾ തിരിച്ചറിയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ആണ് നക്സലൈറ്റ് പാരമ്പര്യം അവകാശപ്പെടുന്ന സിപിഎമ്മിനെക്കാൾ ചുവന്ന കുപ്പായമിട്ട ലിബറേഷൻ ഈ കക്ഷികളുമായി അധികാര രാഷ്ട്രീയത്തിൽ മഹാസഖ്യം ചേരുന്നത്. ഇവരുടെ മാവോയിസ്റ്റ് ചുകപ്പ് ലേബൽ തങ്ങളുടെ സഖ്യത്തിനകത്ത് വിപ്ലവം ആഗ്രഹിക്കുന്നവരെ തളച്ചിടാൻ ഉപകരിക്കുമെന്നും സി.പി.എം കരുതുന്നുണ്ടാകണം. ഒറ്റനോട്ടത്തിൽ തന്നെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ജീർണ്ണതയാണ് ലിബറേഷനിൽ പ്രതീക്ഷ നൽകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രതീക്ഷ എത്രത്തോളം കാപട്യമാണ്‌ അല്ലെങ്കിൽ എത്രത്തോളം ഗുണകരമാണ് എന്നാണ് ഇനി നമുക്ക് നോക്കേണ്ടത്.

ആദിതൊട്ടന്ത്യം വരെ കാപട്യം നിറഞ്ഞ ലിബറേഷൻ

1972ൽ സഖാവ് ചാരുമജൂംദാറിന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് 1969ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകൃതമായ CPIML പാർട്ടി പല ഗ്രൂപ്പുകളായി വിഭജിക്കപ്പെടുകയുണ്ടായി. ബിഹാറിൽ പ്രവർത്തിച്ചിരുന്ന സുബ്രതാ ദത്ത (ജൗഹർ എന്ന് പാർട്ടി പേര്)യുടെ നേതൃത്വത്തിൽ സായുധസമരം നടത്തിയിരുന്ന ഗ്രൂപ്പ് വിനോദ് മിശ്രയുടെ ഗ്രൂപ്പുമായി 1974 ജൂലൈ 28ന് സഖാവ് ചാരുമജൂംദാറിന്റെ രണ്ടാം രക്തസാക്ഷി ദിനത്തിൽ ലയിക്കുകയും പിന്നീട് സി.പി.ഐ (എംഎൽ) ലിബറേഷൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സഖാവ് ജൗഹറിന്റെ നേതൃത്വത്തിൽ ചാരുമജൂംദാറിന്റെ സായുധസമര രാഷ്ട്രീയത്തിൽ അടിയുറച്ചു നിന്ന ലിബറേഷൻ ‘ലിംപിയാവോ വിരുദ്ധ സംഘം’ എന്നാണു മറ്റ് എംഎൽ പാർട്ടികൾക്കിടയിൽ ആ സമയത്ത് അറിയപ്പെട്ടിരുന്നത്. ലിബറേഷന്റെ സ്ഥാപക നേതാവും ആദ്യ സെക്രട്ടറിയുമായ സഖാവ് ജൗഹർ 1975ൽ രക്തസാക്ഷിത്വം വരിച്ചു. തുടർന്ന് വിനോദ് മിശ്ര ലിബറേഷന്റെ ജനറൽ സെക്രട്ടറിയായി മാറി.

ജൗഹറിന്റെ കൊലപാതകത്തെ തുടർന്ന് വിനോദ് മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ്സ് ഇതേസമയം സാർവ്വദേശീയ തലത്തിൽ തിരുത്തൽവാദം മുന്നോട്ടുവെച്ച മൂന്ന് ലോക സിദ്ധാന്തത്തിന്റെ വർഗ്ഗസഹകരണ തത്വത്തെ പിൻപറ്റി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മജൂംദാറിന്റെ സായുധ സമരപാത മാത്രം പോരെന്നും വിശാലമായ കോൺഗ്രസ്സ് വിരുദ്ധ ബഹുജന മുന്നണി ആവശ്യമാണെന്ന് വിലയിരുത്തി. 1982ൽ ലിബറേഷൻ അതിന്റെ പരസ്യ സംഘടനയായ ‘ഇന്ത്യൻ ജനങ്ങളുടെ മുന്നണി’ അഥവാ ഐപിഎഫിന് രൂപം നൽകി. മൂന്നാം പാർട്ടി കോൺഗ്രസ്സ് ഐപിഎഫിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. 1990ൽ IPFനു ബിഹാർ നിയമസഭയിൽ 7 സീറ്റുകൾ ലഭിച്ചു. തുടർന്ന് 1992ൽ കൽക്കത്തയിൽ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസോടെ ലിബറേഷൻ സായുധസമരം അവസാനിപ്പിക്കുകയും ഒരു തിരഞ്ഞെടുപ്പ് അധിഷ്ഠിത പാർട്ടിയായി, രഹസ്യ പ്രവർത്തനത്തിൽ നിന്ന് പുറത്ത് വരികയും ചെയ്തു. ഇതാണ് ഇന്ന് നമ്മൾ കാണുന്ന ലിബറേഷന്റെ ചരിത്രം.

സിപിഎമ്മിന്റെ തിരുത്തൽവാദത്തിനെതിരെ സമരം ചെയ്ത് ജനകീയ യുദ്ധത്തിന്റെ വിപ്ലവ പാത വെട്ടിത്തുറന്ന സിപിഐ എംഎല്ലിൽ നിന്നും രൂപം കൊണ്ട ജൗഹറിന്റെ നേതൃത്വത്തിൽ, സഖാവ് ചാരു മജൂംദാറിന്റെ സായുധപാതയിൽ ഉറച്ചു നിന്ന, ലിംപിയാവോ വിരുദ്ധ സമരം നയിച്ച ലിബറേഷൻ ഒടുവിൽ വിനോദ് മിശ്രയുടെ നേതൃത്വത്തിൽ സിപിഎമ്മിന്റെ തിരുത്തൽവാദ പരിഷ്ക്കരണവാദ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയിൽ തന്നെ എത്തിച്ചേർന്നു.

സ്ഥാപക നേതാവിനെ മറക്കുന്ന തിരുത്തൽവാദം

ഇന്നലെകളെ മറക്കുക എന്നത് തിരുത്തൽവാദത്തിന്റെ മൗലിക സ്വഭാവമാണ്. ലിബറേഷന്റെ സ്ഥാപക നേതാവായ ജൗഹറിനെ കുറിച്ച് ഇന്ന് അവർ കൂടുതലൊന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. സായുധ സമരത്തിലൂടെയല്ലാതെ ഇന്ത്യയിൽ വിപ്ലവം സാധ്യമാകില്ലെന്ന തിരിച്ചറിവ് നയിച്ചിരുന്ന സഖാവ് ജൗഹറിനെ ലിബറേഷൻ നേതൃത്വം കാപട്യപൂർവ്വം മറന്നിരിക്കുകയാണ്. ലിബറേഷന്റെ സ്ഥാപകനേതാവ് തിരുത്തൽവാദത്തിന്റെ ആചാര്യനായ വിനോദ് മിശ്രയാണെന്ന് സ്ഥാപിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ജനസംഘവുമായുള്ള ചങ്ങാത്തം ജനവഞ്ചനയാണെന്നും അത് ഫാസിസ്റ്റു ശക്തികളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നും വിമർശനം ഉന്നയിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ച സിപിഎമ്മിന്റെ ആദ്യ സെക്രട്ടറി സഖാവ് പി സുന്ദരയ്യയെ സിപിഎം ബോധപൂർവ്വം മറന്നുകളയുന്നതു പോലെ തന്നെയാണ് ജൗഹറിന്റെ കാര്യത്തിൽ ലിബറേഷന്റെ സമീപനവും. ആദ്യ സെക്രട്ടറിയെ, സ്ഥാപക നേതാക്കളെ ബോധപൂർവ്വം മായ്ച്ചു കളയേണ്ടുന്ന ഗതികേടിലേക്കാണ് പുത്തൻ തിരുത്തൽവാദികളുടെ രാഷ്ട്രീയം അവരെ എത്തിച്ചിരിക്കുന്നത്.

സിപിഐ എംഎല്ലും ലിബറേഷനും

പാർട്ടി പേര് ഉപയോഗിക്കുന്ന കാര്യത്തിലാണ് ലിബറേഷന്റെ മറ്റൊരു ജനവഞ്ചന. 70കളിലെ നക്സൽബാരിയുടെ മഹത്തായ പാരമ്പര്യത്തെ ഭരണവർഗ്ഗത്തിന് അനുഗുണമായ ഉപയോഗിക്കുന്നതിന് ലിബറേഷൻ സ്ഥാനത്തും അസ്ഥാനത്തും തങ്ങളുടെ പാർട്ടി പേര് സിപിഐ എംഎൽ എന്ന് മാത്രമായി ചുരുക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എഴുപതുകളിലെ രണോത്സുക പോരാട്ടങ്ങൾ നയിച്ച സിപിഎംഎല്ലിന്റെ പേര് ഉപയോഗിക്കുന്നതിലൂടെ അന്നത്തെ പാർട്ടിയുടെ ശരിയായ പിന്തുടർച്ച തങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇതിനു പിന്നിലെ ജനവഞ്ചന.

മജൂംദാറിനെ ഉപയോഗിച്ചും കാപട്യം

ഇന്ത്യൻ വിപ്ലവത്തിന്റെ സൈദ്ധാന്തികനായ സഖാവ് ചാരു മജൂംദാറിന്റെ രാഷ്ട്രീയത്തെ 76കളോട് കൂടി തന്നെ വഞ്ചിച്ച ലിബറേഷൻ ഇപ്പോഴും സഖാവിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കാണാം. സിഎമ്മിന്റെ ജനകീയ യുദ്ധപാത തെറ്റാണെന്നു പ്രഖ്യാപിച്ച ലിബറേഷന്റെ കേന്ദ്രകമ്മറ്റി ഓഫീസിന്റെ പേര് ചാരു മന്ദിരം എന്നാണെന്നത് ഇതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. മാവോയിസ്റ്റുകളെന്നാൽ തങ്ങളാണെന്നും മജൂംദാറിന്റെ പിന്തുടർച്ചക്കാർ തങ്ങളാണെന്നും കാണിക്കുന്നതിനായാണ് അവർ മജൂംദാറിനെ അവസരവാദപരമായി ഉപയോഗിക്കുന്നത്.

ഇനി കാര്യത്തിലേക്കു കടക്കാം, ലിബറേഷനെ പോലെ അവസരവാദികളും തിരുത്തൽവാദികളുമായ ഒരു പാർട്ടിക്ക് ഇന്ത്യൻ ജനതയെ വിമോചിപ്പിക്കാൻ സാധിക്കുമോ എന്നതാണ് നമുക്ക് പരിശോധിക്കേണ്ടുന്നത്. അതിനു അവരുടെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾ വിലയിരുത്തേണ്ടതുണ്ട്.

അവസരവാദ രാഷ്രീയത്തിന്റെ മാലിന്യ കൂമ്പാരം

ഒരു പാർട്ടിയുടെ നയവും അടവുമാണ് പാർട്ടിയുടെ ജീവൻ എന്നു മാവോ സേതുങ് ഹുനാൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കമ്മ്യുണിസ്റ്റ് പാർട്ടികൾ അതിന്റെ വിപ്ലവപദ്ധതിയും നിലവിലെ സാമൂഹ്യ സാഹചര്യങ്ങളും പ്രഖ്യാപിക്കുന്നത് തങ്ങളുടെ പാർട്ടി പരിപാടിയിൽ കൂടിയാണ്. അതുകൊണ്ടു തന്നെ ഒരു പാർട്ടിയുടെ വർഗ്ഗ രാഷ്ട്രീയം തിരിച്ചറിയുന്നതിനു അതിന്റെ പാർട്ടി പരിപാടി വിശകലനം ചെയ്താൽ മതിയാകും.

“സാധാരണ സാഹചര്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിൽ കമ്മ്യുണിസ്റ്റുകാർക്ക് നിയമവിധേയമായും പാർലമെന്ററി മാർഗ്ഗത്തിലൂടെയും ഉള്ള പരസ്യ പ്രവർത്തനം സാധ്യമാണ്. അതിനാൽ ദീർഘകാലത്തേക്ക് വിപ്ലവ സ്വഭാവമുള്ള ഒരു പ്രതിപക്ഷമായി പാർലമെന്റിൽ പ്രവർത്തിക്കാൻ ഉതകുന്ന പരിശ്രമങ്ങൾ പാർട്ടി നടത്തുന്നതായിരിക്കും. ഇതിനായി പാർട്ടിയുടെ അടിസ്ഥാനപരമായ ഐക്യമുന്നണി നയത്തിലൂടെ അനുയോജ്യമായ അടവുകൾ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചിലപ്പോൾ സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ തന്നെയും ഭൂരിപക്ഷം നേടാൻ കമ്മ്യുണിസ്റ്റുകൾക്ക് സാധിച്ചിട്ടുണ്ട്‌. പാർട്ടിക്ക് വോട്ടർമാരോടുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റാൻ കഴിയുന്നിടത്തോളം സ്വതന്ത്രമായോ സമാന ചിന്താഗതിക്കാരായ ഇതര സംഘടനകളുമായി ഐക്യപ്പെട്ടോ ദീർഘകാലാടിസ്ഥാനത്തിൽ രാഷ്ട്രീയ സമരങ്ങളിൽ ശക്തമായ പങ്കാളിത്തം വഹിച്ചുകൊണ്ട് വർഗ്ഗബന്ധങ്ങളുടെ സന്തുലനത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ആ സൂചിപ്പിച്ച എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ പാർട്ടി പരിശ്രമിക്കുന്നതായിരിക്കും. 1ലിബറേഷന്റെ പാർട്ടി പരിപാടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ന്യായീകരിക്കുന്നത് മുകളിൽ പറഞ്ഞ പ്രകാരമാണ്. പാർട്ടിക്ക് കടപ്പാട് വോട്ടർമാരോടാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ ഏതൊരു കക്ഷിയുമായും കൂട്ടുചേരുന്നതിനും വോട്ടു രാഷ്ട്രീയത്തിനായി ഏതു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറാണെന്നും പറഞ്ഞു വെക്കേണ്ടിയിരുന്നു. വിപ്ലവം ആഗ്രഹിക്കുന്ന മർദ്ദിത ബഹുജനങ്ങളുടെ കമ്മ്യുണിസ്റ്റുകാരുടെ വിപ്ലവാവബോധത്തെയാണ് ഇന്ത്യൻ ഭരണവ്യവസ്ഥയുടെ പന്നിക്കൂട്ടിൽ തളച്ചിട്ടുന്നതെന്നും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. എത്ര നിഷ്ക്കളങ്കമായാണ് ലിബറേഷൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രീയയെ വിലയിരുത്തുന്നതിന് നോക്കു. സാധാരണ സാഹചര്യങ്ങളിൽ കമ്മ്യുണിസ്റ്റുകളെ പരസ്യമായി പ്രവർത്തിക്കാൻ ഇന്ത്യൻ രാഷ്ട്രീയം അനുവദിക്കുന്നതായാണ് ലിബറേഷൻ പറയുന്നത്. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ 100ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വിപ്ലവം എന്ന തങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന കമ്മ്യുണിസ്റ്റുകളെ അധികാര കൈമാറ്റത്തിന് ശേഷമോ അതിനു മുമ്പോ ഇന്ത്യൻ ഭരണവർഗ്ഗം കടന്നാക്രമിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല എന്ന് കാണാം. 1857ലെ വിമോചന പോരാളികളിലൂടെ ഭഗത് സിംഗിൽ നിന്നും തെലുങ്കാനയിലൂടെ തേഭാഗയിലൂടെ നക്സൽബാരിയിൽ കൂടി ബസ്തറിൽ എത്തി നിൽക്കുന്ന വിപ്ലവ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തോട് ഇന്ത്യയിലെ ബഹുജനങ്ങളോട് ഇന്ത്യൻ ഭരണകൂടം യുദ്ധം ചെയ്യാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒരു ആഭ്യന്തരയുദ്ധത്തിന്റെ തലത്തിലേക്ക് ഈ നീണ്ടു നിൽക്കുന്ന ജനകീയ യുദ്ധത്തെ വികസിപ്പിക്കാൻ വിപ്ലവ കമ്മ്യുണിസ്റ്റ് ധാരയ്ക്കു സാധിച്ചിട്ടുമുണ്ട്. അടിച്ചമർത്തപ്പെട്ട നിരവധി ദേശീയതകളും ജാതികളും മതങ്ങളും ഹിന്ദുത്വ ഫാസിസത്തിനു കീഴിൽ വർഷങ്ങളായി സ്വയം പ്രതിരോധ പോരാട്ടത്തിൽ ഏർപ്പിട്ടിരിക്കുന്ന ഇന്ത്യയിലെ പ്രത്യേക ജനാധിപത്യ രാഷ്ട്രീയത്തെ, ഒരു സാധാരണ സാഹചര്യമായാണ് ജനങ്ങളെ വിമോചിപ്പിക്കാൻ ഇറങ്ങി തിരിച്ച ലിബറേഷന് മനസ്സിലാക്കാൻ സാധിക്കുന്നത്. അസാധാരണമായ സാഹചര്യത്തിലൂടെയല്ലാതെ, സാമ്പത്തികവും സൈനികവും സാംസ്കാരികവുമായ അടിച്ചമർത്തൽ ജനങ്ങൾക്കുമേൽ നടത്തിക്കൊണ്ടല്ലാതെ ഇന്ത്യയിലെ ഭരണകൂടം ഒരു ദിവസം പോലും നിലനിന്നിട്ടില്ല എന്ന വസ്തുത പരിപാടിയിൽ ലിബറേഷൻ തന്നെ ചൂണ്ടി കാട്ടുന്നുണ്ട്. എന്നാൽ ബോധപൂർവ്വം ഇവയെല്ലാം മറച്ചുവെച്ചുകൊണ്ടു മറ്റു ഭരണവർഗ്ഗ പാർട്ടികളെ പോലെ തന്നെ അസാധാരണമായ അടിച്ചമർത്തലിനെ സാധാരണവൽക്കരിക്കുന്ന വഞ്ചന ഇവിടെ തുറന്നുകാട്ടപ്പെടുന്നു.

ഇങ്ങനെ ഒരു സാധാരണ സാഹചര്യം ഇല്ലെന്നും ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ 70നു ശേഷം ഇവിടെ നിലനിൽക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അടിച്ചമർത്തപ്പെടുന്നതായും ഭരണകൂടം പലപ്പോഴും പാർലമെന്റിനെയോ ജനങ്ങളെയോ പരിഗണിക്കാതെ കോപ്പറേറ്റുകളുമായി ചേർന്ന് ഏകാധിപത്യപരമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതായും പരിപാടിയുടെ മറ്റൊരു ഭാഗത്ത് ലിബറേഷൻ പറയുന്നുണ്ട്. 2020 നവംബറിൽ പാർട്ടിയുടെ മുഖപത്രമായ ലിബറേഷനിൽ വന്ന “ദേശീയ സാഹചര്യത്തെ കുറിച്ച്”3 എന്ന 18ആം പാർട്ടി കോൺഗ്രസ്സിന്റെ പ്രമേയം വിശിദീകരിക്കുന്നത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് അധികാരം കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും പാർലമെന്ററി സംവിധാനം തകിടം മറിയുകയും ചെയ്തതായാണ്. രാജ്യത്ത് ഫാസിസ്റ്റു ശക്തികൾ അധികാരം കീഴടക്കിയതായി പ്രമേയം സമ്മതിക്കുന്നു. പ്രമേയം അവസാനിക്കുന്നത് ഫാസിസത്തെ ചെറുക്കുക, ജനകീയ ഇന്ത്യയിലേക്ക് മുന്നേറുക എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്. തുടർന്ന് ഫാസിസത്തെ ചെറുക്കുന്നതിന് ആശയപരവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടാക്കണം, കലാപമുണ്ടാക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പാർട്ടി ജാഗ്രതയോടെ പ്രവർത്തിക്കണം, ജനങ്ങളിൽ നിന്നും ഉയർന്നു വരുന്ന പ്രതിരോധങ്ങളെ പിന്തുണയ്ക്കണം, ഫാസിസ്റ്റുകൾ കടന്നുവരുന്ന ജനങ്ങൾക്കിടയിലെ വിടവിനെ ജനകീയ ഐക്യത്തിലൂടെ മറികടക്കണം. എന്നീ നാല് നിർദ്ദേശങ്ങളും മുന്നോട്ടുവെച്ച് പ്രമേയം അവസാനിക്കുന്നു. മഹത്വരമായ ഫാസിസ്റ്റു പ്രതിരോധ തന്ത്രം തന്നെ! ഒപ്പം ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു ഫാസിസ്റ്റു ശക്തികളുടെ മഹാസഖ്യങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് മാമാങ്കത്തിലെ ഫാസിസ്റ്റു പ്രതിരോധവും.

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത സംഘ്പരിവാർ ഫാസിസ്റ്റു ശക്തികളെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽപ്പിക്കാം എന്ന് ചിന്തിക്കുന്നത് തന്നെ രാഷ്ട്രീയ സൈദ്ധാന്തിക അപക്വത തുറന്നുകാട്ടുന്നുണ്ട്. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ഫാസിസം ഒരു പ്രത്യേക ചരിത്ര സന്ദർഭത്തിന്റെ സൃഷ്ടിയായിരുന്നെങ്കിൽ ഇന്ത്യയിൽ സംഘപരിവാർ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റു ശക്തികൾ ഒരു നൂറ്റാണ്ടിലേറെയായി തങ്ങളുടെ ആധിപത്യം സായുധമായി തന്നെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. ദിവസം കഴിയുംതോറും ഇവരുടെ ശക്തി വർദ്ധിച്ചു വരുന്നതായും കാണും. അധികാരത്തിൽ ഇരിക്കുമ്പോൾ അവർ അവരുടെ പ്രഖ്യാപിത അജണ്ടകൾ നടപ്പിലാക്കാനും ഫാസിസ്റ്റു രാഷ്ട്ര നിർമ്മാണത്തിനും ശ്രമിക്കുന്നു എന്ന് മാത്രം. രാജ്യത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും ശാഖകളായി അവർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ജാതിഘടനയും അർദ്ധ ഫ്യുഡൽ ബന്ധങ്ങളും ദല്ലാൾ മുതലാളിത്തത്തിലൂടെ നിലനിൽക്കുന്ന അർദ്ധ കൊളോണിയൽ ചൂഷണവും ഇവ സൃഷ്ടിക്കുന്ന ജനങ്ങളുടെ പിന്നോക്ക ബോധവും നിലനിൽക്കുന്ന കാലത്തോളം ബ്രാഹ്മണ്യ ഫാസിസ്റ്റുകളുടെ വളക്കൂറുള്ള മണ്ണായി ഇന്ത്യ തുടരുക തന്നെ ചെയ്യും. ജാതി ഫ്യുഡൽ ബന്ധങ്ങളെയും ദല്ലാൾ മുതലാളിത്തത്തെയും ബലപ്രയോഗത്തിലൂടെ തച്ചുടയ്ക്കുന്നതിലൂടെ അല്ലാതെ ഒരു കമ്യുണിസ്റ്റ് പാർട്ടിക്കും ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെ ഇല്ലാതാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ സാധിക്കില്ല.

ഫാസിസമാണ് ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതെന്ന് സമ്മതിക്കുന്ന ലിബറേഷൻ പാർലമെന്ററി സംവിധാനങ്ങൾ അട്ടിമറിക്കപ്പെട്ടതായും വിലപിക്കുന്നു. ഈ സാഹചര്യത്തിൽ സോഷ്യലിസ്റ്റു പരിവർത്തനായി പ്രവർത്തിക്കുന്ന ലിബറേഷന് എങ്ങനെയാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താൻ സാധിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഫാസിസത്തെ ഗുണദോഷിച്ച് നന്നാക്കാം എന്ന പ്രതീക്ഷയിലാണ് ലിബറേഷൻ ഇപ്പോഴത്തെ ദേശീയ സാഹചര്യത്തെ വിലയിരുത്തുന്നതെന്ന് പ്രമേയത്തിൽ പറയുന്നത് കണ്ട് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ സാധിക്കില്ല. ഫാസിസത്തെ കേവലം പാർലമെന്ററി പാതയിലൂടെയോ ആശയപോരാട്ടത്തിലൂടെയോ നശിപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് ചരിത്രപരമായ അനുഭവമാണ്. ഫാസിസ്റ്റു ഭരണകൂടത്തിനകത്ത് അതിനു ആപൽക്കരമായി തോന്നുന്ന എന്തിനെയും ഭൗതികമായി തന്നെ ഇല്ലാതാക്കിയാണ് അത് മുന്നേറിയിട്ടുള്ളത്. അതുതന്നെയാണ് ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും. കായികമായും ആശയപരമായും ഫാസിസത്തെ എതിരിടാൻ സാധിക്കുന്ന ഒരു ജനതയ്ക്കു മാത്രമേ അതിൽ നിന്നും വിമോചനം നേടാൻ സാധിക്കുകയുള്ളു. 2025ൽ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഫാസിസ്റ്റു ശക്തികൾ അതിനായുള്ള അജണ്ടകൾ ഓരോന്നായി പൂർത്തീകരിച്ച് മുന്നോട്ടു പോവുകയാണ്. ഭരണകൂടത്തെ പൂർണ്ണമായും ഫാസിസ്റ്റുകൾ കൈയ്യടക്കി എന്ന് പറഞ്ഞ ലിബറേഷൻ ബിഹാറിൽ നേടിയ വിജയത്തെ ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം വിലയിരുത്താൻ. ഇത്രയുംകാലം ഇന്ത്യൻ ജനതയുടെ ചോരയൂറ്റാൻ കൂട്ടുനിൽക്കുകയും ബ്രാഹ്മണ്യ ഫാസിസത്തിന് എല്ലാ ഒത്താശയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന കോൺഗ്രസ്സുമായി ചേർന്നുകൊണ്ടാണ് ബിഹാറിലെ വിജയമെന്നതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

സിപിഎമിൽ നിന്നോ സിപിഐയിൽ നിന്നോ വ്യത്യസ്തമായി ഒരു രാഷ്ട്രീയ വഴിയും മുന്നോട്ടു വെക്കാനില്ലാത്ത സമാനമനസ്കരാണ് തങ്ങളെന്നും ലിബറേഷൻ സമാനാ മനസ്കർക്കൊപ്പം ചേരുക എന്ന് പറഞ്ഞ തങ്ങളുടെ പരിപാടിയിലൂടെ സമ്മതിക്കുകയാണ്.

ഒരുവശത്ത് ഫാസിമാണ് എന്നു പറയുകയും മറ്റൊരു വശത്ത് ഇന്ത്യൻ ജനാധിപത്യത്തെ പൂർണമായും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന ലിബറേഷന് എന്തുകൊണ്ടാണ് ഫാസിസത്തെ നേരിടുന്നതിന് രഹസ്യ പാർട്ടി സംവിധാനത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കാത്തത്. സ്റ്റാലിന്റെ ചെമ്പടയെ സിപിഎം ചുവന്ന കുപ്പായമണിഞ്ഞ കോമാളി സംഘമാക്കിയതിന്റെ അനുകരണം തന്നെയാണ് ലിബറേഷനും ഇപ്പോൾ പിന്തുടരുന്നത്. കാരണം ആ പാർട്ടിയെ സംബന്ധിച്ചു നിലനിൽക്കുന്ന സംവിധാനം തകർക്കപ്പെടണം എന്നവർ ആഗ്രഹിക്കുന്നില്ല, മറിച്ചുള്ള വ്യവസ്ഥയെ പരിഷ്കരിച്ച് ഫാസിസത്തിന്റെ കീഴിൽ പോലും സോഷ്യലിസം സാധ്യമാകുന്ന മഹത്തായ ജനാധിപത്യമാണ് ഇന്ത്യയിലെന്നു അവർ പ്രചരിപ്പിക്കുകയാണ് ഇതുവഴി.

ലിബറേഷന്റെ പത്താം പാർട്ടി കോൺഗ്രസും പാർട്ടി പരിപാടിയും വളരെ വ്യക്തമായി പ്രസ്താവിക്കുന്നത് തങ്ങളുടെ മുഖ്യ അജണ്ട വിപ്ലവമല്ല, അത് ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കുക എന്നത് മാത്രമാണ് എന്നാണ്. എങ്ങനെ കമ്മ്യുണിസ്റ്റ് പാർട്ടി വിപ്ലവം നടത്തും എന്നുള്ള ചോദ്യത്തിന് അതുകൊണ്ടു തന്നെ പാർട്ടി പരിപാടി പഠിക്കുന്ന ഒരാൾക്ക് കിട്ടുന്ന ഉത്തരം വ്യവസ്ഥാപിത ഭരണവർഗ്ഗ പാർട്ടികളായ സിപിഐ, സിപിഎം കക്ഷികളുമായി ചേർന്ന് (ഇപ്പോൾ ആ നിരയിലേക്ക് കോൺഗ്രസ് അടക്കമുള്ള എല്ലാ ബൂർഷ്വാ പാർട്ടികളെയും ഉൾക്കൊള്ളിച്ചിരിക്കുന്നു) തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം നേടലാണ് എന്നതാണ്. ഈ ഐക്യം സാധ്യമാകുന്നത് അവരുടെ തിരുത്തൽവാദ രാഷ്ട്രീയത്തിലും ഫാസിസമെന്ന ആശയത്തോടുള്ള സോഷ്യൽ ഫാസിസ്റ്റ് പാർട്ടികളുടെ മൃദു സമീപനത്തിലും അതിന്റെ ബൂർഷ്വ ആശയ അടിത്തറയിലുമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ഭരണവർഗ്ഗ ഫാസിസത്തിന്റെ ശക്തികളായ കോൺഗ്രസിനോടും സിപിഎമ്മിനെ പോലുള്ള മറ്റു പാർട്ടികളോടും ചേർന്ന് അവർക്ക് അധികാരം പങ്കിടാൻ സാധിക്കുന്നത്.

ബീഹാറിലെ ഈ തിരുത്തൽവാദ പ്രസ്ഥാനത്തിന്റെ വിജയം കണ്ടു പ്രത്യാശ പൂണ്ടവരിൽ ജിഗ്നേഷ് മേവാനിയെപ്പോലുള്ള ദളിത് യുവനേതാക്കളും ഉൾപ്പെടുന്നു. അംബേദ്കറെ പലപ്പോഴും എടുത്തുപയോഗിക്കുന്ന ലിബറേഷൻ ഇലക്ഷനിൽ മത്സരിക്കുന്നതിലൂടെ മേവാനിയെയും മറ്റു ദളിത് സംഘടനകളെയും പോലെത്തന്നെ അംബേദ്കകറെയും ഇന്ത്യൻ ജനതയെയും വഞ്ചിക്കുകയാണ്. ജാതി നിലനിൽക്കുന്ന ഒരു സമൂഹം ഒരിക്കലും ജനാധിപത്യപരമാകില്ലെന്നും അത്തരമൊരു സമൂഹമായ ഇന്ത്യൻ സമൂഹത്തിലെ രാഷ്ട്രീയ ഭൂരിപക്ഷമെന്നത് ജനാധിപത്യ ഭൂരിപക്ഷമല്ലെന്നും മറിച്ച് ജാതീയ ഭൂരിപക്ഷമാണെന്നും അംബേദ്കർ നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും പുരോഗമനപരമായി മുന്നോട്ടു പോകുന്നതിനു പകരം ഈ തിരഞ്ഞെടുപ്പ് , ജാത്യാധികാര, പണ ചൂതാട്ടത്തിലേക്ക് കടക്കുന്ന ഏതൊരു പാർട്ടിയും അതിന്റെ അധികാരവർഗ്ഗത്തിന്റെ ഭാഗമാവുകയാണെന്നും കാണാം. സിപിഎമ്മിനെ പോലുള്ള പാർട്ടികൾ ജാതി ശതമാന കണക്കെടുത്ത് സ്ഥാനാർഥി നിർണ്ണയം നടത്തുന്നതും മതമേധാവികളുടെ അരമന നിരങ്ങുന്നതും ഇതിനൊരു ചെറിയ പ്രത്യക്ഷ ഉദാഹരണം മാത്രമാണ്. അതേ രീതിയും പാതയും തന്നെയാണ് തിരഞ്ഞെടുപ്പ് സംഖ്യത്തിലും സ്ഥാനാർഥി നിർണ്ണയത്തിലും എല്ലാം തന്നെ ലിബറഷനും പിൻപറ്റുന്നത്.

ഒപ്പം ലിബറേഷന്റെ ഈ വോട്ടുനേട്ടത്തെ വിപ്ലവശക്തികൾക്കെതിരായ പ്രചാരണ ആയുധമാക്കി മാറ്റാനും ഈ ഭരണവർഗ്ഗത്തിന്റെ ഉപകാരണങ്ങളായ പാർട്ടി നേതൃത്വം മറന്നില്ല. മാവോയിസ്റ്റുകൾ ബീഹാർ തിരഞ്ഞെടുപ്പിൽ നിന്നും പാഠം4 ഉൾക്കൊള്ളണമെന്നു പറഞ്ഞുകൊണ്ട് ലിബറേഷന്റെ മുൻ ലോകസഭാ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ അജയ് കുമാർ രംഗത്ത് വരികയുണ്ടായി. ഒരു വിധത്തിലും ജനാധിപത്യപരമായല്ല ഇന്ത്യൻ ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന് പലയിടത്തും പ്രതിപാദിക്കുന്ന പരിപാടി തന്നെ തിരഞ്ഞെടുപ്പിലൂടെ കമ്മ്യുണിസ്റ്റുകൾക്കു അധികാരം നേടാൻ സാധിക്കുമെന്നും പറയുന്നത് എന്തൊരു വിരോധാഭാസമാണ്.

വിപ്ലവത്തിന്റെ ഘട്ടങ്ങൾ എന്ന അധ്യായത്തിൽ കൃത്യമായ ഒരു നിലപാട് ഇന്ത്യൻ വിപ്ലവത്തെ സംബന്ധിച്ച് മുന്നോട്ടു വെക്കാൻ സാധിക്കാതെ ഇരുട്ടിൽ തപ്പുന്ന അവ്യക്തത കാണാവുന്നതാണ്. നാല് വൈരുദ്ധ്യങ്ങളെ കുറിച്ച് പറയുകയും അവ ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടങ്ങളെ നിർണ്ണയിക്കുകയും ചെയ്യും എന്നാണു പരിപാടി മുന്നോട്ടുവെക്കുന്ന വിപ്ലവഘട്ടങ്ങൾ. വൈരുദ്ധ്യങ്ങളിൽ ഏതാണ് മുഖ്യ വൈരുദ്ധ്യമെന്നോ ഏതാണ് വിപ്ലവ പ്രക്രിയയ്ക്കു ആക്കം കൂട്ടുകയെന്നോ ലിബറേഷന് പറയാൻ സാധിക്കുന്നില്ല. കാർഷിക വിപ്ലവത്തിലൂന്നിയ ജനകീയ വിപ്ലവമാണ് ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടമെന്നാണ് ലിബറേഷൻ പറയുന്നത്. വിപ്ലവത്തിന്റെ പ്രാഥമിക ലക്‌ഷ്യം ഫ്യുഡൽ അവശിഷ്ടങ്ങൾ ഇല്ലാതാക്കലും (5 ഇതിനു മുമ്പ് പരിപാടിയിൽ സൂചിപ്പിച്ചിരുന്നത് അവശിഷ്ടങ്ങളല്ല ഇന്ത്യയിൽ അർദ്ധ ഫ്യുഡൽ വ്യവസ്ഥ നിലനിൽക്കുന്നു എന്നാണു!) സാമ്രാജ്യത്വത്തെ തുടച്ചു നീക്കലുമാണ് വിപ്ലവ ഘട്ടം എന്ന് പരിപാടി പറയുന്നുണ്ട്.

അവശിഷ്ടങ്ങളായി നിലനിൽക്കുന്ന ഫ്യുഡൽ ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് ഒരു വിപ്ലവ പാർട്ടിയുടെയോ വിപ്ലവത്തിന്റെയോ ആവശ്യം ഇല്ല. കാരണം അവ അവശിഷ്ടമായ പ്രക്രിയ തന്നെ അതിനെ ഇല്ലാതാക്കുകയും ചെയ്യും. പുത്തൻ ജനാധിപത്യ വിപ്ലവ ഭരണകൂടത്തെ കുറിച്ചോ സോഷ്യലിസത്തെ കുറിച്ചോ വ്യക്തമായ ഒരു കാഴ്ചപ്പാടും മുന്നോട്ടുവെക്കാതെ ഇന്ത്യൻ സമൂഹത്തിലെ വൈരുദ്ധ്യങ്ങൾ വിപ്ലവഘട്ടങ്ങളെ നിർണയിക്കും എന്ന് പറഞ്ഞുവെക്കുന്ന ലിബറേഷന്റെ ആശയവാദപരമായ സമീപനമാണ് ഇതിൽ കാണാനാവുക.

ലിബറേഷന്റെ ഇന്ത്യൻ വിപ്ലവം നടത്തുന്നതിനായുള്ള അടവും തന്ത്രവും പരിശോധിച്ചാൽ അതിൽ ഒരിടത്ത് പോലും വിപ്ലവത്തെ കുറിച്ചൊരു ലഘുവായ വിവരണം പോലും കാണാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ടു നേടുന്നതിനെ കുറിച്ചും അധികാരത്തിൽ പങ്കുപറ്റുന്നതിനെയുമാണ് വിപ്ലവത്തെ സംബന്ധിച്ച അടവും തന്ത്രവുമായി അവർ മുന്നോട്ടുവെക്കുന്നത്. ബഹുജനങ്ങളുടെ സായുദ്ധമായ മുന്നേറ്റം ജനാധിപത്യത്തിന്റെ അടിത്തറ ഏറ്റവും ലഘുവായിട്ടുള്ള രാജ്യത്ത് ആവശ്യമായി വരും എന്ന് പരിപാടിയിൽ ഒരിടത്ത് ഒരു വരിയിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള മുന്നൊരുക്കത്തെ കുറിച്ച് ഒരു രേഖയിലും പരാമർശിച്ചിട്ടില്ല. അവർ അത് ആഗ്രഹിക്കുന്നുമില്ല എന്നതാണ് സത്യം. വിപ്ലവം നടത്താൻ ആഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടി അതിനുള്ള മുന്നൊരുക്കവും നടത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സഖ്യമുണ്ടാക്കുന്നതിനും ഇടയിൽ അവർ വിപ്ലവ ബലപ്രയോഗം, ജനകീയ യുദ്ധം തുടങ്ങിയ ഘടകങ്ങളെ ബോധപൂർവ്വം അവഗണിച്ചിരിക്കുകയാണ്. ഇതവർ എത്തിച്ചേർന്ന രാഷ്ട്രീയ പാപ്പരത്തത്തെ കൂടിയാണ് കാണിച്ച് തരുന്നത്.

അവസാനമായി, ലിബറേഷന്റെ ഭരണഘടന അതിന്റെ പ്രതിവിപ്ലവ ബൂർഷ്വാ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു. ലിബറേഷന്റെ ഭരണഘടന6 ആർട്ടിക്കിൾ 45 ഇപ്രകാരം പറയുന്നു, “പാർട്ടി നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും മതേതരത്വം, സോഷ്യലിസം, ജനാധിപത്യം എന്നീ മൂല്യങ്ങളോടും കൂറ് പുലർത്തുകയും ഇന്ത്യയുടെ പരമാധികാരം ഐക്യം അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.” അതുകൊണ്ടു തന്നെ ലിബറേഷൻ പ്രസ്താവിക്കുന്നത് നിലനിൽക്കുന്ന അർദ്ധ ഫ്യുഡൽ അർദ്ധ കൊളോണിയൽ വ്യവസ്ഥയെ അത് ഉയർത്തിപ്പിടിക്കുമെന്നു മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് രാജ്യത്തിനകത്ത് നടക്കുന്ന മർദ്ദിത ദേശീയതകളുടെ വിമോചന സമരങ്ങളെ അടിച്ചമർത്തുന്ന ഭരണവർഗ്ഗ ക്രൂരതകളെയും വ്യാപനവാദത്തെയും ലിബറേഷൻ അംഗീകരിക്കുക കൂടിയാണ്.

വിപ്ലവത്തിന്റെ ലക്‌ഷ്യം സാമ്രാജ്യത്വ വിരുദ്ധവും ഫ്യുഡൽ വിരുദ്ധവുമാണെന്ന് ലിബറേഷന്റെ പരിപാടി പ്രഖ്യാപിക്കുന്നുണ്ട്. ഒപ്പം തന്നെ ലിബറേഷന്റെ ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിൽ നിന്നും ഉള്ള മോചനം ലക്ഷ്യമാക്കുന്നു എന്നുപറഞ്ഞാൽ ആ രാജ്യത്തിനെ സാമ്രാജ്യത്വം പ്രത്യക്ഷമായോ പരോക്ഷമായോ (പുത്തൻ കോളനി ചൂഷണം) ചൂഷണം ചെയ്യുകയും അടിമപ്പെടുത്തുകയും വേണം സാമ്രാജ്യത്വ ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ആ രാജ്യത്തിലെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടാനും നിയന്ത്രിക്കാനും സാമ്രാജ്യത്വ ശക്തികൾക്ക് സാധിക്കണം. ഇങ്ങനെയുള്ള ഒരു രാജ്യത്തെ സ്വതന്ത്രമെന്നോ പരമാധികാരമുള്ളതെന്നോ പറയാൻ സാധിക്കില്ല. ഇന്ന് ലോകത്തിൽ ഏതൊരു മൂന്നാം ലോക രാജ്യത്തിലെ ജനതയും ഈ സാമ്രാജ്യത്വ ചൂഷണത്തിന് പുറത്തല്ല. ലിബറേഷന്റെ പരിപാടി ഇന്ത്യൻ ജനത സാമ്രാജ്യത്വത്തിന്റെ എല്ലാ ചൂഷണവും അനുഭവിക്കുന്നതായും ഭരണഘടന ഇന്ത്യയൊരു സ്വാതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും പറയുന്നത് എന്തൊരു വിരോധാഭാസമാണ്. ഒരേസമയം അർദ്ധ ഫ്യുഡൽ അർദ്ധ കൊളോണിയൽ ചൂഷണങ്ങൾ അനുഭവിക്കുന്ന ദല്ലാൾ മുതലാളിത്തം ജനങ്ങളെ സാമ്രാജ്യത്വത്തിന് കൂട്ടിക്കൊടുക്കുന്ന നിലനിൽക്കുന്ന പരമാധികാരമെന്ന കാപട്യത്തെ സംരക്ഷിക്കുമെന്നും സാമ്രാജ്യത്വ വിരുദ്ധ സമരം നടത്തുമെന്നും പറയുന്ന ലിബറേഷന്റേത് അവസരവാദവും കാപട്യവുമല്ലാതെ മറ്റെന്താണ്?

ഈ നിലപാടുകളിലൂടെ കശ്മീർ വിഷയത്തിലടക്കം ആദിവാസി, ദളിത്‌, മുസ്‌ലിം, കർഷക പ്രശ്നങ്ങളിലെല്ലാം തന്നെ ലിബറേഷന്റെ നിലപാട് കാപട്യമാണെന്ന് ലിബറേഷന്റെ രേഖകൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഈ തിരുത്തൽവാദ ശക്തികളെ തകർത്തു കൊണ്ടല്ലാതെ മർദ്ദിതരായ ഇന്ത്യൻ ജനതയ്ക്ക് വിമോചനം സാധ്യമാകില്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ചുരുക്കത്തിൽ ലിബറേഷന്റെ തിരഞ്ഞെടുപ്പ് വിജയമെന്നത് ഇന്ത്യയിലെ ഭരണവർഗത്തിന്റെ രാഷ്ട്രീയത്തിന്റെ തന്നെ വിജയമാണ്.

അവലംബം:
1. http://cpiml.net/documents/10th-party-congress/general-programme-of-cpiml

2. https://sites.google.com/site/vote4changeindia/history-of-cpi-ml-liberation

3. http://cpiml.net/documents/10th-party-congress/resolution-on-the-national-situation

4. https://www.thehindu.com/news/national/andhra-pradesh/cpi-mls-show-in-bihar-an-eye-opener-for-left-parties/article33087917.ece/amp/

5.http://cpiml.net/documents/10th-party-congress/general-programme-of-cpiml

6. http://cpiml.org/party-documents/constitution-of-cpiml/11/

Like This Page Click Here

Telegram
Twitter