സവർണ്ണ ഗുണ്ടാസേനകളെ സൈന്യത്തെ ഉപയോഗിച്ചു നേരിടുമോ ?
ഇന്ത്യൻ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതാണല്ലോ മാവോയിസ്റ്റുകൾക്ക് എതിരായ പ്രധാന വിമർശനം. എന്നാൽ ഇതേ ഇന്ത്യൻ നിയമവ്യവസ്ഥയെ ലംഘിച്ചുകൊണ്ട് തന്നെ വര്ഷങ്ങളോളം ഇന്ത്യയിൽ പ്രവർത്തിച്ച സവർണ്ണ സംഘടനകളാണ് ഭൂമി സേന, രൺവീർ സേന, കൂവർ സേന തുടങ്ങിയവ. ദളിത് ആദിവാസി വിഭാഗങ്ങളെ കൂട്ടക്കൊല നടത്തിയിട്ടുള്ള സംഘടനകളാണ് ഇവയെല്ലാം. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹനുമാൻ സേന, കാർണി സേന മുതലായവയും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇവയൊന്നും തന്നെ ഇന്ത്യൻ ആഭ്യന്തര വകുപ്പിൻറെ UAPA നിയമപ്രകാരം ഭീകരസംഘടനകൾ എന്ന് മുദ്ര കുത്തപ്പെട്ട സംഘടനകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.
ഭരണകൂടത്തിനെതിരെ ‘ഉണ്ട’
_ കിരണ് കുമാര്
2014ലെ ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ടു കേരളത്തിൽ നിന്നും പത്തംഗ പോലീസ് സേന ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയമിക്കപ്പെടുന്നതാണ് ഉണ്ട എന്ന സിനിമയുടെ പ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ മണികണ്ഠൻ എന്ന സബ് ഇൻസ്പെക്ടറാണ് ഒരു യൂണിറ്റിനെ നയിക്കുന്നത്. ഈ യൂണിറ്റ് ഒരു ആദിവാസി മേഖലയിലെ ബൂത്തിലാണ് നിയമിക്കപ്പെടുന്നത്. ഈ ആദിവാസി മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ ഇന്ത്യയിലെ ആദിവാസി ജീവിതത്തിൻറെ ഒരു പരിശ്ചേദമാണ്. മാവോയിസം പോലുള്ള അക്രമ പ്രവർത്തനങ്ങളുടെ മൂലകാരണം ഇത്തരത്തിലുള്ള പിന്നോക്കാവസ്ഥകളാണെന്ന് ചിത്രം ആദ്യമായി സാക്ഷ്യപ്പെടുത്തുന്നു.
ഇലക്ഷൻ തുടങ്ങുന്നതിന് നാല് ദിവസം മുൻപേ കേരള സംഘം ബൂത്തിലെത്തുന്നുണ്ട്. ഓരോ നിമിഷവും മാവോയിസ്റ്റ് ആക്രമണം പ്രതീക്ഷിച്ചു കൊണ്ടാണ് സംഘം ദിവസങ്ങൾ തള്ളി നീക്കുന്നത്. ആദിവാസികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം തൊട്ടടുത്ത ഗ്രാമത്തിലെ ആദിവാസിയെയും എന്തിനേറെ സ്വന്തം സംഘത്തിലെ ഒരു ആദിവാസി യുവാവിനെപ്പോലും സംശയത്തോടെ വീക്ഷിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നു. മാവോയിസ്റ്റ് ഭീതി ഒരേസമയം ആദിവാസി വിരുദ്ധ പൊതുബോധങ്ങളും രൂപപ്പെടുത്തുന്നുണ്ട് എന്നർത്ഥം.
ഇലക്ഷൻ ദിവസം മാവോയിസ്റ്റുകളുടെ ആക്രമണം പ്രതീക്ഷിച്ചിരിക്കുന്ന സംഘത്തിന് നേരിടേണ്ടി വരുന്നത് മറ്റൊരു ആക്രമണമാണ്. ഗ്രാമത്തിലെ ഒരു സവർണ്ണ ജൻമി ബൂത്ത് കയ്യടക്കി സ്വന്തം സ്ഥാനാർത്ഥിക്ക് വേണ്ടി EVM ഇൽ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിക്കുന്നതാണ് സംഭവിക്കുന്നത്. ഹിന്ദു വർഗ്ഗീയ ശക്തികളുടെ കാവിക്കൊടി, കാവി റിബൺ മുതലായ ചിനങ്ങളോടെയാണ് ഈ സവർണ്ണ ജൻമിയുടെ അക്രമകാരികളായ ഗുണ്ടാസംഘം അവതരിപ്പിക്കപ്പെടുന്നത്.
അപ്പോൾ ചോദ്യം ഇതാണ്. ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ കേവലം നോക്കി കുത്തിയാക്കി മാറ്റി പരിഹസിക്കുന്നത് യഥാർത്ഥത്തിൽ ആരാണ് ? മാവോയിസ്റ്റുകൾ എന്ന് മുദ്ര കുത്തപ്പെട്ട ആദിവാസികളോ അതോ ബൂത്തുകൾ കയ്യടക്കി ഗുണ്ടായിസം കാണിക്കുന്ന സവർണ്ണ ജൻമികളോ ?
ഇന്ത്യൻ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതാണല്ലോ മാവോയിസ്റ്റുകൾക്ക് എതിരായ പ്രധാന വിമർശനം. എന്നാൽ ഇതേ ഇന്ത്യൻ നിയമവ്യവസ്ഥയെ ലംഘിച്ചുകൊണ്ട് തന്നെ വര്ഷങ്ങളോളം ഇന്ത്യയിൽ പ്രവർത്തിച്ച സവർണ്ണ സംഘടനകളാണ് ഭൂമി സേന, രൺവീർ സേന, കൂവർ സേന തുടങ്ങിയവ. ദളിത് ആദിവാസി വിഭാഗങ്ങളെ കൂട്ടക്കൊല നടത്തിയിട്ടുള്ള സംഘടനകളാണ് ഇവയെല്ലാം. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹനുമാൻ സേന, കാർണി സേന മുതലായവയും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇവയൊന്നും തന്നെ ഇന്ത്യൻ ആഭ്യന്തര വകുപ്പിൻറെ UAPA നിയമപ്രകാരം ഭീകരസംഘടനകൾ എന്ന് മുദ്ര കുത്തപ്പെട്ട സംഘടനകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. എന്നാൽ ലിബറൽ ഇടതുപക്ഷം വിപ്ലവപാത ഉപേക്ഷിച്ചപ്പോൾ അതിൽ നിന്നും വഴുതി മാറിക്കൊണ്ട് വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് പോലുള്ള സംഘടനകൾ ഗ്രാമീണ ഇന്ത്യയിലെ ദളിത് ആദിവാസി വിഭാഗങ്ങളിൽ വേരുറക്കുകയും ഭീകരസംഘടനകളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?
മാവോയിസം ആദിവാസികളിൽ വേര് പിടിക്കുമ്പോൾ അതിനെ അടിച്ചമർത്താൻ സൈനിക ശക്തി ഉപയോഗിക്കുന്ന ഇന്ത്യൻ ഭരണകൂടം ബീഹാർ, ജാർഖണ്ഡ്, യുപി, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ വർഷങ്ങളായി ബൂത്തുകൾ കയ്യേറി ഇലക്ഷനുകൾ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന സവർണ്ണ ഗുണ്ടായിസങ്ങളെ നേരിടുവാൻ സൈനിക ശക്തി ഉപയോഗിക്കാത്തതെന്തുകൊണ്ട് ?
ഓപ്പറേഷൻ GREEN HUNTകൾ കേവലം ആദിവാസികൾക്കെതിരെ പ്രയോഗിക്കപ്പെടുകയും എന്നാൽ ഹിന്ദി മേഖലയിൽ നിരന്തരം സംഘർഷം സൃഷ്ടിക്കുന്ന രൺവീർ സേന പോലുള്ള സവർണ്ണ ജൻമി-ഭൂമിഹാർ വിഭാഗങ്ങളുടെ സംഘടനകളെ സ്പർശിക്കാതിരിക്കുന്നതും എന്തുകൊണ്ട് ? ‘ഉണ്ട’ എന്ന സിനിമ ഭരണകൂടത്തിൻറെ ഇരട്ടത്താപ്പിനെതിരെ മുന്നോട്ട് വെക്കുന്ന വിമർശന ഉണ്ടകൾ ആണിതെല്ലാം.