നിങ്ങള്‍ മർദ്ദകരായ പൊലീസുകാരോടൊപ്പമാണ്

പീരുമേട്ടില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതാണ്. ഏറ്റവും ക്രൂരമായ പൊലീസ് മര്‍ദനമാണ് ഉരുട്ടല്‍, ഓരോ ഞരമ്പും നാഡിയും തകര്‍ന്ന് തരിപ്പിണമാവും…


എസ് എ അജിംസ്

കേരളത്തിലെ ഒരു സ്‌റ്റേഷനില്‍ ഇലയനങ്ങിയാല്‍ അത് ഡി.ജി.പിക്ക് അറിയാന്‍ കഴിയും. രണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുണ്ട് ഓരോ സ്‌റ്റേഷനിലും. പീരുമേട്ടില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതാണ്. ഏറ്റവും ക്രൂരമായ പൊലീസ് മര്‍ദനമാണ് ഉരുട്ടല്‍, ഓരോ ഞരമ്പും നാഡിയും തകര്‍ന്ന് തരിപ്പിണമാവും.

അടിയന്തിരാവസ്ഥയെ റഫര്‍ ചെയ്ത് മുഖ്യമന്ത്രി നിയമസഭയില്‍ പൊലീസിനെ വിമര്‍ശിക്കുന്നു. എന്തൊരു കാപട്യമാണിത്. ഒറ്റ ഒരാള്‍ ഈ ഭരണത്തില്‍ മൂന്നാം മുറ പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷനോട് ആവശ്യപ്പെട്ടാല്‍ അവിടെ അവസാനിക്കും ഈ ക്രൂരകൃത്യം. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിക്കുന്നതിന്റെ ദുരന്തമാണിത്. രാജ്കുമാറിനെ ഉരുട്ടിക്കൊല്ലുമ്പോള്‍ അത് മേലധികാരികള്‍ അറിയാതിരുന്നത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ണടച്ചതു കൊണ്ടാണ്.

ആള് മാറി കസ്റ്റഡിയിലെടുത്ത് വാരാപ്പുഴയില്‍ ശ്രീജിത്തിനെ തല്ലിക്കൊന്ന പൊലീസുകാരെ തിരിച്ചെടുത്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ച റൂറല്‍ എസ്. പി എ. വി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ നടപടികളിലൂടെ ഈ സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്നാണ് ജനം മനസിലാക്കേണ്ടത്? നിയമസഭയില്‍ അടിയന്തരാവസ്ഥ റഫര്‍ ചെയ്തുള്ള ഡയലോഗടിയിലല്ല, സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ നിന്നാണ് സര്‍ക്കാരിന്റെ പൊലീസ് നയം ജനം മനസിലാക്കുന്നത്. നിങ്ങള്‍ മർദ്ദകരായ പൊലീസുകാരോടൊപ്പമാണ് !

Leave a Reply