ഫോട്ടോഗ്രാഫർ ബെന്നിയുടെ കൊലപാതകവും തണ്ടര്‍ബോള്‍ട്ടും

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്, രമേശ് ചെന്നിത്തല ആഭ്യന്തരം കൈയ്യാളുമ്പോഴാണ് അട്ടപ്പാടി ഭവാനിപ്പുഴയിൽ മീൻ പിടിക്കാൻ പോയ മുക്കാലിയിലെ മുപ്പത്തിരണ്ടുകാരനായ ഫോട്ടോഗ്രാഫർ ചോലക്കാട് ബെന്നി വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2015 ഫെബ്രുവരി 13ന് പുലർച്ചെയാണ് ബെന്നിക്ക് വെടിയേറ്റത്. ആദ്യഘട്ടത്തിൽ പല മാധ്യമങ്ങളും മാവോയിസ്റ്റുകളാണ് വെടിവച്ചു കൊന്നതെന്ന പോലിസ് ഭാഷ്യം ഏറ്റുപാടി. മാവോയിസ്റ്റുകളാണ് വെടിവച്ചു കൊന്നതെന്ന പൊതുബോധം സൃഷ്ടിച്ച് മേൽക്കോയ്മാ മാധ്യമങ്ങൾ കളംവിട്ടു. ആറ് വർഷവും മൂന്ന് മാസവുമായി ഈ സംഭവം നടന്നിട്ട്, അന്വേഷണം എങ്ങുമെത്തിയതായും അറിയില്ല.

ബെന്നിയുടെ തുടയുടെ പിറകുവശത്തായാണ് വെടിയേറ്റതെങ്കിലും വെടിയുണ്ട ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സുഹൃത്ത് ഷെല്ലിയോടൊപ്പം തടുക്കുണ്ട് കുമ്പളമലയിൽ വനഭാഗത്താണ് ബെന്നി മീൻ പിടിക്കാൻ പോയത്. മീൻ പിടിക്കുന്നതിനിടെ ഇവർക്കുനേരെ ഒരു ടോർച്ച് വെളിച്ചം മിന്നി. അതാരാണെന്ന് കൈയിലുണ്ടായിരുന്ന ടോർച്ച് തെളിച്ച് നോക്കുന്നതിനിടെയാണ് അജ്ഞാതർ വെടിയുതിർത്തത്. ബെന്നിയുടെ പിറകുവശത്തായി തുടയ്ക്കാണ് വെടിയേറ്റത്. ബെന്നിക്ക്‌ വെടിയേറ്റയുടനെ ഓടിരക്ഷപ്പെട്ട ഷെല്ലി, അടുത്തുള്ള ഊരിലെത്തി പ്രദേശവാസികളെയും കൂട്ടി തിരിച്ചെത്തിയെങ്കിലും ബെന്നി മരിച്ചിരുന്നു.

യഥാർത്ഥത്തിൽ ആധുനിക തോക്കുപയോഗിച്ച് തൊട്ടടുത്തു നിന്നാണ് വെടിയുതിർത്തിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ട്. സംഭവത്തിൽ മാവോയിസ്റ്റുകൾക്കെതിരേയായിരുന്നു ആദ്യത്തെ ആരോപണങ്ങൾ. എന്നാൽ തണ്ടർബോൾട്ട് സേന, കാട്ടിൽ വേട്ടയ്ക്ക് പോയവർ, സുഹൃത്ത് ഷെല്ലി തുടങ്ങിയവർക്കെതിരേയും പിന്നീട് ആരോപണമുയർന്നിരുന്നു. ബെന്നിയെ വെടിവച്ചത് തങ്ങളല്ലെന്ന് മാവോവാദികൾ എടവാണി ഊരിലെത്തി പറഞ്ഞതായി ഊരുവാസികൾ അന്നുതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

മാവോവാദികളാണെന്ന് തെറ്റിദ്ധരിച്ച് സായുധസേനയായ തണ്ടർബോൾട്ട് വെടിയുതിർത്തതാണെന്ന വാദം പോലീസും നിഷേധിച്ചു. പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് ബെന്നിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രണ്ട്‌ വർഷങ്ങൾക്കു ശേഷം ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല. കാരണം ഈ കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്താനായാൽ പോലിസിന് ​ഗുണമുള്ളതൊന്നും കിട്ടാനില്ല എന്നതു തന്നെയായിരിക്കാം ബെന്നി കൊലക്കേസ് അന്വേഷണത്തിലെ വീഴ്ച്ചകൾക്ക് കാരണം.

മാവോവാദി വേട്ടയുടെ പേരിൽ തണ്ടർബോൾട്ട് സേന കാടുകയറാൻ തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ വ്യാജ എറ്റുമുട്ടൽ കൊലയായിരുന്നു ബെന്നിയുടേതെന്ന് സംശയിക്കാൻ തക്ക കാരണങ്ങൾ പോലിസ് തന്നെ ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. ആധുനിക തോക്കിൽ നിന്നാണ് വെടിയുതിർത്തതെന്നും ക്ലോസ് റേഞ്ചിൽ നിന്നാണ് വെടിയേറ്റതെന്നും പോസ്റ്റ്മോർട്ടം റിപോർട്ട് പറയുന്നു. ഇവിടെ ആധുനിക തോക്കുകൾ ഉപയോ​ഗിക്കുന്നത് തണ്ടർബോൾട്ട് സേനയും മാവോവാദികളുമാണ്.

തങ്ങളല്ല വെടിവച്ചുകൊന്നതെന്ന് പോലിസിന് അത്രമേൽ ആത്മവിശ്വാസമുണ്ടെങ്കിൽ‍ മാവോവാദികൾക്ക് നേരെ ഉപയോ​ഗിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആയുധമായിരുന്നില്ലേ ഇത്? നാലു വർഷമിപ്പുറം മഞ്ചക്കണ്ടിയിൽ മാവോവാദികളെ കൂട്ടക്കൊല നടത്തി ഇല്ലായ്മ ചെയ്ത് സർക്കാരിനെതിരായ രോക്ഷം ഉയർത്താതെ തന്നെ ഈ ഒരൊറ്റ വിഷയത്തിൽ മാവോവാദി സാന്നിധ്യം തന്നെ ഇല്ലാതാക്കാമായിരുന്നു. സംഭവത്തിന് ശേഷം ഒരു വർഷമിപ്പുറം അധികാരമേറ്റ പിണറായിയും മറന്നുപോയോ ആവോ. ചെന്നിത്തലയ്ക്കിട്ട് കൊട്ടാൻ കഴിയുന്ന ആയുധമായിട്ടും പിണറായിയും ഒഴിവാക്കി.

എന്നാൽ അട്ടപ്പാടി വനമേഖലയിൽ മാവോയിസ്റ്റുകൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന്‍റെ വെടിയേറ്റാണ് ബെന്നി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. അവർ ഉറച്ചു വിശ്വസിച്ചിരുന്നു, തണ്ടർബോൾട്ടാണ് ബെന്നിയെ വെടിവച്ചു കൊന്നതെന്ന്. അന്ന് ആരും വലിയ ശബ്ദമൊന്നും ഉണ്ടാക്കിയില്ല, തുടർന്നുവന്ന പിണറായി സർക്കാരും അതിനേക്കാൾ ഭീകരമായി എട്ട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. സിപി ജലീലിന്‍റെ കൊലപാതകം കൃത്യമായ ​ഗൂഡാലോചനയിൽ നടന്ന വ്യാജ ഏറ്റുമുട്ടൽക്കൊലയാണെന്ന ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നുവെങ്കിലും നടുക്കമില്ലാതെ കേരള ജനത മുന്നോട്ട് പോയി.

തണ്ടർബോൾട്ട് സേന എന്ന പേരിൽ ഇവർ ചെയ്തുകൂട്ടുന്നതെന്തെന്ന് ആദിവാസി ഊരുകളിൽ ചെന്ന് ആത്മാർത്ഥമായി അന്വേഷിച്ചാൽ മതിയാകും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇരച്ചു കയറി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആദിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മാവോയിസ്റ്റുകളുടെ ഭീഷണി നേരിടാൻ കെട്ടിയിറക്കിയ തണ്ടർബോൾട്ട് സേന ആദിവാസികൾക്ക്, അവരുടെ ജീവിതത്തിന് തന്നെ ഭീഷണിയായി കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ താൽപര്യത്തിനല്ല ഈ സേന എന്നത് ചക്കിട്ടപ്പാറ ഖനനത്തിനുള്ള നീക്കത്തിലൂടെ നമുക്ക് മനസിലാക്കാം. കേരളത്തിലെ പ്രകൃതി വിഭവകൊള്ളയ്ക്ക് കാവൽ നിൽക്കുന്ന കാവൽനായ്ക്കളെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ പ്രാകൃത സൈനികവൽകരണത്തെ ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. അല്ലാത്ത പക്ഷം നമ്മുടെ ഓരോ അവകാശങ്ങളും ഈ സേന വികസിച്ച് വികസിച്ച് കവർന്നെടുത്തു കൊണ്ടേയിരിക്കും.
_ നീതു

Follow | Facebook | Instagram Telegram | Twitter