വംശഹത്യക്ക് ശേഷവും പൊലീസ് മുസ്‌ലിം വേട്ട തുടരുന്നു; സോളിഡാരിറ്റി
ഫെബ്രുവരി 23ാം തിയ്യതി മുതൽ ദൽഹിയിലെ വടക്കു കിഴക്കൻ ജില്ലയിലെ ജാഫറാബാദ്, മുസ്തഫാബാദ്, ശിവ് വിഹാർ, ചാന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഡൽഹി പോലീസിന്റെ സഹായത്തോടെ സംഘപരിവാർ നടത്തിയ ആസൂത്രിതമായ വംശഹത്യക്ക് ശേഷവും ഡൽഹി പോലീസ് മുസ്‌ലിം വേട്ട തുടരുകയാണ്. അക്രമങ്ങളുടെ പേരിൽ ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചു ഭരണകൂടം സൃഷ്ടിച്ച ആഖ്യാനങ്ങളിലൂടെ മുസ്‌ലിങ്ങൾ നടത്തിയ കലാപമാണ് എന്ന പ്രചാരണം നടത്താൻ ഡൽഹി പോലീസ് ബോധപൂർവ്വം ശ്രമിച്ചു. അതിന് ബലം പകരുന്ന സ്വഭാവത്തിലാണ് ഡൽഹി പോലീസ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
അക്രമത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്ത നൂറു കണക്കിന് എഫ് ഐ ആറുകളിൽ മുസ്‌ലിം ചെറുപ്പക്കാരെ പ്രതി ചേർക്കുകയാണ് പോലീസ്. അക്രമങ്ങളെ കുറിച്ചു പരാതി പറയാനെത്തുന്ന ഇരകളാക്കപ്പെട്ട മുസ്‌ലിങ്ങളെ കലാപത്തിനും കടകളും വീടുകളും കത്തിച്ചതിനും വധശ്രമത്തിനും ആയുധം നിയമപ്രകാരവുമൊക്കെ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായി ചേർത്ത് അറസ്റ്റ് ചെയ്തു ജയിലടക്കുന്ന പദ്ധതിയാണ് ഡൽഹി പോലീസ് നടപ്പാക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ചെറുപ്പക്കാരെയും മറ്റും ബോധപൂർവ്വം ഇത്തരം കേസുകളിൽ പ്രതികളാക്കുന്നുണ്ട്.
വംശഹത്യക്ക് ഇരയായ ആളുകളെ മാത്രമെ ഇതുവരെ പ്രതികളായി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിട്ടുള്ളൂ എന്ന് അഭിഭാഷകർ പറയുന്നു. ഇരകൾ നൽകുന്ന പരാതികളിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് എങ്കിൽ ആ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നില്ല. നഷ്ടപരിഹാരത്തിന് ഉപകാരപെടുന്ന വിധത്തിൽ അന്വേഷണത്തിന് സാധ്യമല്ലാത്ത രീതിയിൽ ലഭിക്കുന്ന പരാതികളാണ് മിക്കവരുമിപ്പോൾ പോലീസിന് നൽകുന്നത്. അതിലും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നുമില്ല. ഇരകളുടെ മൊഴി രേഖപെടുത്താനോ തെളിവു ശേഖരിക്കാനോ പോലീസ് ഒരു ശ്രമവും നടത്തുന്നില്ല.
ദുരിതാശ്വാസ സംഘങ്ങൾക്ക് പോലും പരമാവാധി തടസ്സം നിൽക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അറസ്റ്റ് രേഖപെടുത്താതെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ആളുകളെ കുറിച്ച് ഒരു വിവരവും പുറത്തുവിടാൻ പോലീസ് തയ്യാറല്ല. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും കള്ളക്കേസിൽ പ്രതികളാക്കുന്നതും അന്യായമായി പോലീസ് കസ്റ്റഡിയിൽ പാർപ്പിക്കുന്നതും ഇപ്പോഴും നിർബാധം തുടരുകയാണ്.ഡൽഹി പോലീസിന്റെ ഇത്തരം നിയമവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിയമ പോരാട്ടം അനിവാര്യമാണ്.
അല്ലാത്ത പക്ഷം മുസഫർ നഗർ വംശഹത്യയിലെ പ്രതികളെല്ലാം രക്ഷപെട്ടതിന് സമാനമായ സാഹചര്യമാണ് ഡൽഹിയിലും വരാനിരിക്കുന്നത്. അതിലുപരി വംശ്യഹത്യയിൽ ബാക്കിയായവർ ജയിലറകളിലും കോടതികളിലുമായി ശിഷ്ടജീവിതം നയിക്കേണ്ടുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തിൽ ഡൽഹി പോലീസ് അന്വേഷണ ചുമതലയിൽ തുടർന്നാൽ ഒരു യഥാർത്ഥ പ്രതിയും ശിക്ഷിക്കപെടുകയില്ലെന്നു മാത്രമല്ല ആസൂത്രിത വംശഹത്യയുടെ ഇരകൾ കുറ്റവാളിക്കപെടും.
അതിനാൽ തന്നെ അടിയന്തിരമായി ഡൽഹി പോലീസിനെ മാറ്റി നിർത്തി കോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന ഒരു അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഇരകളിൽ നിന്ന് പുതിയ പരാതികൾ സ്വീകരിക്കുകയും അവരുടെ മൊഴികൾ രേഖപെടുത്തിയും തെളിവുകൾ ശേഖരിച്ചും കൃത്യവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പു വരുത്തുകയും വേണം. ഡൽഹി വംശഹത്യയുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്ന ബഹുമുഖമായ നിയമ പോരാട്ടങ്ങൾക്ക് സോളിഡാരിറ്റി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളും സംഘടനകളും വ്യക്തികളുമായി സഹകരിച്ചു നേതൃത്വം നൽകും.
_ സോളിഡാരിറ്റി, പത്രപ്രസ്താവന