ഭാരതീയരെന്ന് അമിത്ഷാ പറയുന്ന പൊള്ളത്തരം നോർത്ത് ഈസ്റ്റ് ഡൽഹി കാണിച്ചു തരും

കൊല്ലപ്പെട്ടവരെ മതം തിരിച്ചു പറയരുതെന്നാണ് അമിത്ഷാ പറയുന്നത്. 52 ഭാരതീയർ കൊല്ലപ്പെട്ടു; 526 ഭാരതീയർക്ക് പരുക്കേറ്റു; 371 ഭാരതീയരുടെ കടകൾ കത്തിച്ചു; 142 ഭാരതീയരുടെ വീടുകൾ കത്തിച്ചു… അങ്ങനെയങ്ങനെ.

മുസ്തഫാബാദിലും ചാന്ദ്ബാഗിലും ശിവ് വിഹാറിലും ഇന്ന് പോയിരുന്നു. ഫാറൂഖിയ മസ്ജിദ് പോലെ സംഘ്‌പരിവാർ കത്തിച്ചാക്രമിച്ച പള്ളികളുടെ ചുമരുകളിൽ ഞങ്ങൾക്ക് നീതി വേണമെന്നെഴുതി വെച്ചിട്ടുണ്ട്. ഹാജി അജ്മീരി അലി എന്ന കച്ചവടക്കാരന് നേരിട്ട നഷ്ടം ഒന്നേകാൽ കോടിയുടെതാണ്. ബിസിനസ് നടത്തിയിരുന്ന ബഹുനില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ അദ്ദേഹം എല്ലാ ദിവസവും വന്നിരിക്കും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോലും അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ കൂടെ നിൽക്കണമെന്നാണ് അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്ന ഏക കാര്യം. കൊള്ളയടിക്കപ്പെട്ട വീടുകളുടെ ഉടമസ്ഥർ എല്ലാം അതേപടി തന്നെ വെച്ചിരിക്കുകയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും അതൊക്കെ നേരിൽ കണ്ട് ബോധ്യപ്പെടാൻ വരുമെന്ന പ്രതീക്ഷയിൽ.

തെരഞ്ഞു പിടിച്ചു അക്രമം നടന്ന ഒരു ഗല്ലിയിൽ നിന്ന് മടങ്ങും വഴി ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിക്കുന്നു. കൊള്ള നടന്ന സംഭവങ്ങൾ തെളിവ് സഹിതം നാട്ടുകാർ കാണിച്ചിട്ടും എന്തോ ഒരു മോഷണക്കേസ് കൈകാര്യം ചെയ്യുന്ന മട്ടിൽ എല്ലാം ഒരൊറ്റ എഫ്.ഐ.ആറിൽ എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ് പോലീസ്. ഡി.ആർ.പി, രാജ്ധാനി സ്‌കൂളുകൾ അക്രമിക്കപ്പെട്ടെങ്കിലും അക്രമികൾക്ക് സഹായം ചെയ്തു കൊടുത്തെന്നാരോപിച്ചു രാജ്ധാനി സ്‌കൂൾ അധികൃതരെ മാത്രം ഇപ്പോൾ പോലീസ് വേട്ടയാടുകയാണ്. രാജ്ധാനി സ്‌കൂൾ അധികൃതർ അമിത്ഷാ പറഞ്ഞ ഏതോ ‘ഭാരതീയർ’ അല്ല; മുസ്‌ലിങ്ങളാണ്. ഓരോ ദിവസവും മുസ്‌ലിങ്ങളെ അക്രമികളെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്യുന്നുമുണ്ട്.

ഭാരതീയർ എന്നൊക്കെ അമിത്ഷാ പറയുന്നതിന്റെ പൊള്ളത്തരം എന്തെന്ന് നോർത്ത് ഈസ്റ്റ് ഡൽഹി കാണിച്ചു തരും. വംശഹത്യ നടന്നത് മുസ്‌ലിങ്ങൾക്കെതിരിലാണ്. ഡൽഹി പോലീസിന്റെ സഹായത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആസൂത്രങ്ങളുടെ കൃത്യത അവിടം സന്ദർശിക്കുന്ന ആർക്കും ബോധ്യപ്പെടും. ചുട്ടെരിക്കാനും കൊന്നൊടുക്കാനും 72 മണിക്കൂർ വിട്ടു കൊടുത്തതിന് ശേഷം എല്ലാം നിയന്ത്രണ വിധേയമാണെന്നു പറയുന്ന അമിത്ഷായുടെ വർത്തമാനം 2002ൽ ഗുജറാത്തിൽ മോഡി പറഞ്ഞതിന്റെ ആവർത്തനമാണ്.
Call a spade a spade
It’s Delhi Pogrom against Muslims.
_ ഷംസീര്‍ ഇബ്രാഹിം