ഞാനൊരു മോദിവിരുദ്ധനാണ്, അയാൾ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ വെറുക്കുന്നു

മോദിയെ അയാളുടെ വിഡ്ഢിത്തരങ്ങളുടെ പേരിലല്ല ഞാന്‍ വെറുക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഇന്ത്യന്‍ വംശഹത്യയില്‍ അയാള്‍ക്ക് പങ്കുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ്…


എസ് എ അജിംസ്

മോദിയുടെ തമാശകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ പറയാനുണ്ട്. അസമിലെ നെല്ലി കലാപത്തിന് കാരണമായത് വാജ്‌പേയിയുടെ ഒരു പ്രസംഗമായിരുന്നു. ‘ വിദേശികള്‍ ഇങ്ങനെ കടന്നു കൂടിയത് പഞ്ചാബിലെങ്ങാനുമായിരുന്നെങ്കില്‍ ഇവരെയൊക്കെ കഷണം കഷണമാക്കുമായിരുന്നു’ എന്ന് വാജ്‌പേയി പ്രസംഗിച്ചയുടനെയാണ്. നെല്ലിയില്‍ 1983ല്‍ നടന്ന നെല്ലി കലാപത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. 1996ല്‍ പാര്‍ലമെന്റില്‍ നടന്ന ഒരു അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ സി.പി.ഐ നേതാവായിരുന്ന ഇന്ദ്രജിത് ഗുപ്ത ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍, വാജ്‌പേയി പിന്നീട് ഉദാരവാദിയായ സംഘിയായി പുനരവതരിപ്പിക്കപ്പെട്ടു. കവിയും ജനാധിപത്യവാദിയുമായി. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദി സര്‍ക്കാരിനെ പിരിച്ചു വിടാനൊരുങ്ങിയ പ്രധാനമന്ത്രിയായി ചിത്രീകരിക്കപ്പെട്ടു. രാജധര്‍മത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മോദിയെ ഓര്‍മിപ്പിച്ചു. അതേ വാര്‍ത്താ സമ്മേളനത്തില്‍ ഞാന്‍ മോദിയെ അല്ല ഉദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി.

നെല്ലി കലാപത്തില്‍ വാജ്‌പേയിക്ക് ഉള്ളതിനെക്കാള്‍ പങ്ക് ഗുജറാത്ത കലാപത്തില്‍ മോദിക്കുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല, കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ ബാബു ബജരംഗിയാണ്. തെഹല്‍ക നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ എങ്ങനെയാണ് കൂട്ടക്കൊലയെ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായും നരേന്ദ്ര ഭായിയും സഹായിച്ചതെന്ന് മണി മണി പോലെ പറയുന്നുണ്ട്.

മോദിയെ അയാളുടെ വിഡ്ഢിത്തരങ്ങളുടെ പേരിലല്ല ഞാന്‍ വെറുക്കുന്നത്. രാഷ്ട്രീയമായ വകതിരിവുണ്ടായതിന് ശേഷം, ഞാന്‍ കണ്ട, ടെലിവിഷന്‍ ക്യാമറകള്‍ വഴി ലോകം കണ്ട ഏറ്റവും വലിയ ഇന്ത്യന്‍ വംശഹത്യയില്‍ അയാള്‍ക്ക് പങ്കുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്നത് കൊണ്ടാണ്. ആ കലാപത്തിന് ശേഷം അയാള്‍ ഗുജറാത്തില്‍ നടത്തിയ ഗൗരവ് യാത്രയില്‍ കലാപത്തിന്റെ ഇരകളെ വംശീയമായി അധിക്ഷേപിച്ച് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടു തട്ടാന്‍ ശ്രമിക്കുന്നതു കൊണ്ടാണ്.

2014ലെ തെരഞ്ഞടെടുപ്പില്‍ ഇന്ത്യയില്‍ അയാള്‍ക്ക് കിട്ടിയ പിന്തുണ അയാളുടെ ക്രിമിനലിസത്തിനുള്ള പിന്തുണ കൂടിയായിരുന്നു. ഇത്രയും ഇന്‍കംപാറ്റബിള്‍ ആയ ഒരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് വകതിരിവുള്ള ആര്‍ക്കും ബോധ്യമായിരിക്കെ, ഇനിയും അയാളെ പിന്തുണക്കുന്നവര്‍ പിന്തുണക്കുന്നത് മോദിയെ അല്ല, ആ വംശഹത്യയെ മാത്രമാണെന്ന് ഞാന്‍ ഇന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഞാനൊരു മോദിവിരുദ്ധനാണ്. അത് മോദി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തോടുള്ള വെറുപ്പ് തന്നെയാണ്.
Photos Courtesy_ Various Media

Leave a Reply