ഇന്ത്യയിലെയും നാസി ജര്‍മനിയിലെയും മുസ്‌ലിം-ജൂത പ്രതിഷേധങ്ങൾ

മുസ്‌ലിം വംശഹത്യക്കു വേണ്ട നിയമങ്ങളും ചട്ടങ്ങളും പദ്ധതികളുമായി ഭരണകൂടം മുന്നേറുമ്പോൾ സ്വന്തം വിശ്വാസവും സംസ്കാരവും സംരക്ഷിക്കാൻ മുസ്‌ലിങ്ങൾ സ്വീകരിക്കുന്ന നടപടികളെയും പ്രതിരോധത്തിന്റെ ഭാഗമായി തന്നെ കാണണം.

പ്രതിഷേധ-പ്രതിരോധ പ്രവർത്തനങ്ങളിൽ അവരിൽ നിന്നെങ്കിലും അല്ലാഹു അക്ബർ, ഇൻ ഷാ അല്ലാ, മാഷാ അല്ലാ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സംരക്ഷിക്കാനാണ് സമരം ? എന്തിനെതിരെയാണ് സമരം?

നാസി ജർമനിയുടെയും കൂട്ടാളികളുടെയും വംശഹത്യാ പദ്ധതികളെ യൂറോപ്പിലെ ജ്യൂതർ വേണ്ട രീതിയിൽ പ്രതിരോധിച്ചില്ലെന്ന പറച്ചിലുകളെ ചരിത്രജ്ഞർ തള്ളികളയുന്നത് അവരുടെ പ്രതിരോധത്തിലെ വൈവിധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.

ഇന്ത്യയിൽ മുസ്‌ലിങ്ങളെ പൈശാചികവൽക്കരിക്കുന്ന പോലെ ജ്യൂതരെ പൈശാചികവൽക്കരിച്ച ശേഷമാണ് ജർമനിയിലും നാസികൾ സമയമെടുത്ത് പല ഘട്ടങ്ങളിലൂടെ കൂട്ടക്കൊലകളിലേക്ക് കടന്നത്. നാസികൾ ഭാവിയിൽ അത്തരം നടപടികളിലേക്ക് കടക്കുമെന്ന് പലരും ആദ്യം വിശ്വസിച്ചുമില്ല.

കൂട്ടത്തോടെ താമസിക്കാൻ നിർബന്ധിക്കപ്പെട്ട പ്രദേശങ്ങളിലും കോൺസൻട്രേഷൻ ക്യാമ്പുകളിലും അവർ സ്വന്തം വിശ്വാസവും സംസ്കാരവും സംരക്ഷിക്കാൻ ശ്രമിച്ചു. രഹസ്യ പ്രാർത്ഥനാ ഗ്രൂപ്പുകളും സാംസ്കാരിക ക്ലബ്ബുകളും ലൈബ്രറികളും സ്ഥാപിച്ചു. കുട്ടികളെ പഠിപ്പിച്ചു. നേരിട്ട ക്രൂരതകൾ ലോകത്തെ അറിയിക്കാൻ പലരും ഡയറികൾ എഴുതി. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ലോക ശ്രദ്ധ പിടിച്ചുപറ്റി.

നാസി അടിച്ചമർത്തലിന് എതിരെ പല ചേരികളിലും കോൺസൻട്രേഷൻ ക്യാമ്പുകളിലും ഉയർത്തെഴുന്നേൽപ്പുകളുണ്ടായി. ഗറില്ലാ യുദ്ധതന്ത്രത്തിൽ ഊന്നിയ ബീൽസ്കി ബ്രിഗേഡ് തുടങ്ങി നിരവധി ജ്യൂത സംഘങ്ങളും വിമോചനത്തിനായി പ്രവർത്തിച്ചു.

അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ സ്വന്തം വിശ്വാസവും സംസ്കാരവും പ്രകടിപ്പിക്കരുതെന്ന് പറയുമ്പോൾ ഓർക്കേണ്ടത് എന്തിനെതിരെയാണ് പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമെന്നാണ്.
_ അനീബ് അബ്ദുല്ല

Leave a Reply