NRCയെ എതിര്‍ക്കുമ്പോള്‍ തന്നെ UAPAയുടെ നടത്തിപ്പുകാരാകുന്ന സര്‍ക്കാര്‍
കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കേൾക്കാനായി പോയിരുന്നു. സംഘപരിവാർ ഈ രാജ്യത്ത് നിന്നും ആട്ടിയോടിക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങളുടെ സംരക്ഷകരായി ഈ നാടും ഇവിടുത്തെ സർക്കാറും എക്കാലവും ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, കടപ്പുറത്ത് തടിച്ചുകൂടിയവർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിരുന്നു.
ഹർഷാരവങ്ങൾ മുഴക്കി പിണറായിയെ അഭിവാദ്യം ചെയ്തവർക്കിടയിൽ നിശബ്ദനായി നിന്ന് സൂക്ഷമതയോടെ വേദിയിലേക്ക് നോക്കി നിൽക്കുന്ന ഒരാളെ കണ്ടു. പേര് ഷുഹൈബ്. സി.പി.ഐ.എം അനുഭാവിയായ കമ്മ്യൂണിസ്റ്റുകാരൻ.
അദ്ദേഹത്തിന്റെ മകനെയും മകന്റെ കൂട്ടുകാരനെയും രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിനും മാർക്സിസ്റ്റ് സാഹിത്യമടക്കമുള്ള, അച്ചടിച്ച കടലാസുകളും പുസ്തകങ്ങളും കൈവശം വെക്കുകയും ചെയ്തതിന് ഇതേ മുഖ്യമന്ത്രിയുടെ സർക്കാർ ഈ രാജ്യത്ത് നിലവിലുള്ള ഏറ്റവും ഭീകരമായ നിയമം ചുമത്തി തടവിലിട്ടിരിക്കുകയാണ്. പോരാത്തതിന് അവർക്ക് മേലുള്ള കേസ് എൻ.ഐ.എ യ്ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു.
എൻ.ആർ.സി യും, സി.എ.എ യും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന തിരിച്ചറിവിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ അത്ര തന്നെ ഭരണഘടനാ വിരുദ്ധമായ യു.എ.പി.എയുടെ നടത്തിപ്പുകാരാകുന്നത് എത്രമാത്രം പരിതാപകരമാണ്.
_ ഷഫീഖ് താമരശ്ശേരി