ഹിന്ദുത്വയ്ക്ക് റാൻ മൂളുന്ന നെറികെട്ടൊരു ഭരണകൂടമാണ്‌ ഇവിടുള്ളത്

“സൈബർ സെല്ലിൽ നിന്ന് എവിഡൻസ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്ക് കേസ് ചാർജ്ജ് ചെയ്യാനാകൂ…” ഇന്ദിരാ കേസിൽ കൊടുങ്ങല്ലൂർ എസ് ഐ ഇന്ന് രാവിലെ ഫോണിൽ പറഞ്ഞത്.

മുസ്‍ലിങ്ങൾക്കു പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന ഗുളിക ചേർത്തു നൽകണമെന്ന്, മുസ്‍ലിങ്ങളെ സ്റ്റെറിലൈസ് ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്ത ഹിന്ദുത്വ വാദിയാണ് കെ ആർ ഇന്ദിര എന്ന ആകാശവാണി ഉദ്യോഗസ്ഥ. അഥവാ കൊടും വംശീയ വിദ്വേഷം വമിപ്പിക്കുന്ന കുറിപ്പ് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ച ക്രിമിനൽ. ആ ക്രിമിനലിനെതിരെ നിരവധി പ്രതികരണങ്ങൾ പൊതുസമൂഹത്തിൽ നിന്നുണ്ടായി. ഇന്ദിരയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നു. രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ നിരവധി പേർ ഒപ്പിട്ട സംയുക്ത പ്രസ്താവന മുസ്‍ലിങ്ങൾക്ക് പിന്തുണ അറിയിക്കുകയും ഇന്ദിരയ്ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ സാമൂഹിക പ്രവർത്തകൻ വിപിൻദാസിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഇതിനിടെ സാമൂഹിക പ്രവർത്തകരായ രേഖാരാജ്, ഷഫീഖ് തുടങ്ങിയവർ നൽകിയ പരാതിക്ക്‌, നിലവിൽ ഒരു പോലീസ് സ്റ്റേഷനിൽ കേസെടുത്ത വിഷയമായതുകൊണ്ട് സ്വീകരിക്കാൻ സാധ്യമല്ല എന്ന ആഭ്യന്തര വകുപ്പിന്റെ മറുപടിയും കിട്ടി. മാസങ്ങൾ കടന്നുപോയി കേസെടുത്തു എന്നല്ലാതെ യാതൊരു തുടർനടപടിയുമില്ല എന്നാൽ പരാതിക്കാരനായ വിപിൻദാസിന്റെ ജാതകം തിരക്കി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നെട്ടോട്ടം തുടർന്നു കൊണ്ടിരിക്കുന്നു താനും. ആയിടയ്ക്കാണ് കേസെന്തായി എന്നന്വേഷിച്ചു കൊണ്ട് ഞാൻ കൊടുങ്ങല്ലൂർ എസ്. ഐയെ ഫോണിൽ ബന്ധപ്പെട്ടത്. പരാതി സൈബർ സെൽ അന്വേഷിക്കുന്നു എന്നും ഫേസ്‌ബുക്കിൽ നിന്ന് വിവരങ്ങൾ കിട്ടാൻ കാത്തിരിക്കുന്നു എന്നും മറുപടി.

അക്കാലയളവിലാണ് ഇന്ദിരയ്ക്കെതിരെ നടപടി വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ഒയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടക്കുന്നത്. ഒരു സംഘർഷങ്ങളും ആ മാർച്ചിൽ സംഭവിച്ചിട്ടില്ല എന്നിട്ടും പോലീസ് കേസെടുത്തു, സ്വാഭാവികം. പക്ഷേ നോക്കൂ എത്ര വേഗത്തിലാണ് ആ കേസ് ചാർജ്ജ് ചെയ്യപ്പെട്ടതെന്ന്. നീതി ചോദിച്ചു സമരം ചെയ്ത എസ്.ഐ.ഒ പ്രവർത്തകരെ പോലീസ് നൽകിയ ചാർജ്ജ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ കോടതി ഇന്നലെ ശിക്ഷിച്ചു.

ഇവിടെ ആർക്കൊപ്പമാണ് നീതി ? മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ഹിന്ദുത്വ ക്രിമിനൽ ഇന്ദിരയ്ക്കെതിരെ നടപടിയില്ല. നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ജനാധിപത്യപരമായി സമരം ചെയ്ത എസ്. ഐ.ഒ പ്രവർത്തകർക്കെതിരെ പിണറായി പോലീസ് അതിവേഗത്തിൽ ചാർജ്ജ് ചെയ്ത കേസിൽ നടപടി.

ക്രിമിനൽ കുറ്റകൃത്യം നടത്തിയ ശേഷം ഫേസ്ബുക്കും പൂട്ടിപ്പോയ ആ നരഭോജി സ്ത്രീയുണ്ടല്ലോ, അവരുടെ കേസ് ചാർജ്ജ് ചെയ്തോ എന്നറിയാൻ ഞാൻ ഇന്ന് വീണ്ടും കൊടുങ്ങല്ലൂർ എസ്.ഐ യെ ഫോണിൽ വിളിച്ചു. സൈബർ സെല്ലിൽ നിന്നും കിട്ടേണ്ട എവിഡൻസിനായി കാത്തിരിക്കുന്നു എന്ന മറുപടി, എവിഡൻസ് കിട്ടുമോ സർ എന്ന എന്റെ ചോദ്യത്തിന്, അറിയില്ല മാഡം എന്ന മറുപടി. ഇന്ദിരയ്ക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ എസ്.ഐ.ഒ പ്രവർത്തകർക്കെതിരെ കേസെടുക്കാനും അത് അതിവേഗത്തിൽ ചാർജ്ജ് ചെയ്യാനും കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് മുസ്‌ലിം വംശഹത്യ ആഹ്വാനം ചെയ്ത ക്രിമിനലിനു നേരെ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് സൈബർ സെൽ എവിഡൻസ് നൽകിയാലുടൻ ചാർജ്ജ് ചെയ്യും എന്ന മറുപടി.

മുസ്‌ലിം വംശഹത്യ ലക്‌ഷ്യം വയ്ക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ നാവായി മാറിയൊരു സ്ത്രീ കേരളത്തിലിരുന്നു കൊണ്ട് പച്ചയ്ക്ക് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുമ്പോൾ പിടിച്ചകത്തിടാൻ മാത്രം നട്ടെല്ലുള്ള ഒരു ആഭ്യന്തര വകുപ്പല്ല കേരളത്തിൽ ഉള്ളത്. സൈബർ സെല്ലിൽ നിന്ന് വേഗത്തിൽ എവിഡൻസുകൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെങ്കിൽ പ്രതിക്കെതിരെ നിലപാടുണ്ടാകണം. ഇവിടെ പ്രതിയുടെ പക്ഷത്താണ് പോലീസ്. നിമിഷംപ്രതിയെന്നവണ്ണം ഹിന്ദുത്വയ്ക്ക് റാൻ മൂളുന്ന നെറികെട്ടൊരു ഭരണകൂടമാണ്‌ ഇവിടുള്ളത്, ക്രിമിനലുകളെ സംരക്ഷിക്കുകയാണ് ഭരണകൂടം. ഇരകളായ മുസ്‍ലിങ്ങളോട് പച്ചയ്ക്ക് അനീതി കാണിക്കുകയാണ് ഭരണകൂടം.
_ ശ്രീജ നെയ്യാറ്റിന്‍കര

Leave a Reply