കർഷകർക്ക് മേൽ പുതിയ സൽവാ ജുദം

“കർഷകർ ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദിക്കുന്നു, “ഈ നഗരം തകർത്ത് തരിപ്പണമാക്കി കഴിഞ്ഞാൽ പിന്നെ ആർക്ക് നേരെയാണ് നിങ്ങൾ ഉന്നം പിടിക്കുക” കൊല്ലാതിരിക്കു, ശബ്ദങ്ങളെ കഴുത്ത് ഞെരിച്ച്…”
_ അനാമിക

കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കർഷക സമരം പുതിയ തലത്തിലേക്ക് ഉയരുകയാണ്. 2020 ജൂൺ 4ന് വിവിധ സംസ്ഥനങ്ങളിൽ ആരംഭിച്ച കർഷക സമരം 2021 ജനുവരി 26ന് റിപ്പബ്ലിക്ക് ദിന പരേഡിനോടെ “നിർണ്ണായ ഘട്ടത്തിലേക്ക് കടക്കുകയാണ്”. അന്ന് രണ്ട് പരേഡിന് നമ്മൾ സാക്ഷ്യംവഹിച്ചു. ഭരണകുടത്തിൻ്റെ പരേഡ് പതിവുപോലെ നശീകരണ ആയുധ പ്രദർശനവും പൊങ്ങച്ച ദൃശ്യങ്ങളുമായിരുന്നു.
കർഷകരുടെ പരേഡ് മനുഷ്യസ്നേഹത്തിൻ്റെയും അനിഷേധ്യമായ മനുഷ്യശക്തിക്കു മുന്നിൽ ഫാസിസ്റ്റ് ഭരണാധികാരികൾക്ക് മുട്ടുമടക്കേണ്ടി വരും എന്ന പ്രഖ്യാപനവുമായി മാറിയിരുന്നു.

കർഷക സമരത്തിൻ്റെ ഓരോ ചുവടുവെപ്പിനേയും നിരീക്ഷിച്ചവന്ന അധികാരികൾ സ്ഥിതിഗതികളുടെ അപകടം നേരിടുന്നതിൽ സജീവമായിരുന്നു, ഡ്രോൺ നിരീക്ഷണം, കേന്ദ്ര – സംസ്ഥാന രഹസ്യ പോലീസ്, സംഘ്പരിവാർ ഗുണ്ടകൾ, എല്ലാം സജീവമായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കൽ, ക്രൂരമായ ലാത്തിച്ചാർജ്ജുകൾ, കള്ളകേസുകൾ എന്നീ പതിവ് പരിപാടികൾ തുടർന്നു, കൂടാതെ മാവോയിസ്റ്റ്, ഖാലിസ്ഥാൻ, ചൈനാ, പാക്കിസ്ഥാൻ ആരോപണങ്ങളും.

ഡിസംബർ 14ന് ഏററവും വലിയ ഒരു പോലീസ് ആക്ഷൻ ഡൽഹിയിൽ നടന്നു. ഡൽഹി – ആഗ്ര ഹൈവേയിൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ആക്രമണം നടത്തിയത്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്കാണ് കൂടുതൽ പരിക്ക്. കണ്ണ് നഷ്ടപ്പെടൽ, തുടയെല്ല് തകർന്ന്, കൈകാലുകൾ ഒടിഞ്ഞ് അവശരായവർ സമരഭൂമി വിട്ട് ഇതുവരെ പോയിട്ടില്ല. ലുധിയാന, അംബ എന്നിവിടങ്ങളിൽ സമാനമായ അക്രമണം ഉണ്ടായി.

പോലീസ് സേനയോടൊപ്പം, മധ്യേന്ത്യയിൽ ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും എതിരെ പരീക്ഷിച്ചു വിജയിച്ച പഴയ സൽവാ ജുദം പോലുള്ള കൊലയാളി സംഘവും ഡൽഹിയിൽ അരങ്ങേറ്റം കുറച്ചു. ഈ സംഘം സമര സ്ഥലത്ത് കയറി ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ നശിപ്പിക്കുന്നത് കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ട് ഒരു കേസുപോലും എടുത്തില്ല. വൈദ്യുതി വയറുകൾ മോഷ്ടിക്കുക, സോളാർ പാനൽ എടുത്തു മാറ്റുക, കക്കൂസുകൾ കേടുവരുത്തുക എന്നിവ ചെയ്തിരുന്നവർ ജനുവരി 26ന് ശേഷം പോലീസിനൊപ്പവും സംഘം ചേർന്നും കർഷകരെ ആക്രമിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകർ കരുതൽ തടങ്കലിൽ ആണ്. തമിഴ്നാട്ടിൽ 300 കർഷകർ എവിടെയാണെന്ന് അന്വേഷിക്കുന്നു. 4000 കർഷകർ കസ്റ്റഡിയിൽ ഉണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. 149 പേർ സമരമുഖത്ത് ജീവൻ വെടിഞ്ഞു. ജനുവരി 26ന് നടന്ന ആക്രമത്തെ തുടർന്ന് 122 കർഷകരെ കാണാതായി. ഈ അടിച്ചമർത്തലിനും പീഢനങ്ങൾക്കുമൊന്നും സമരത്തെ തകർക്കാൻ കഴിഞ്ഞില്ല. പ്രവർത്തിക്കുക – മരിക്കുക എന്ന മുദ്രവാക്യമുയർത്തി സമരം കൂടുതൽ തീഷ്ണമാക്കിയിരിക്കുന്നു കർഷകർ.
കർഷകൻ്റെ സ്വഭിമാനം, മണ്ണിൻ്റെ പോരാട്ടവീര്യം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് കർഷക-ചെറുകിട വ്യാപാര -തൊഴിലാളി ഐക്യമാണ് ഈ സമരത്തിൻ്റെ ചാലകശക്തി.

1971ന് ശേഷം ഡൽഹി കണ്ട ഏറ്റവും വലിയ തണുപ്പിൽ മോദി – അമിത് ഷാ സംഘം വിയർക്കുകയാണ്. ചട്ടപ്പടി പ്രതിഷേധങ്ങൾ ഡൽഹിക്കുള്ളിൽ നടത്താൻ ശേഷിയില്ലാത്ത പ്രതിപക്ഷം നിസംഗരാണ്. പുതിയ ജാലിയൻവാലാബാഗ് ഡൽഹിയിൽ തീർക്കാനാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾ അവരെ നായ്കുട്ടികളെ ശാസിക്കുന്നതു പോലെ തല്ലുകയും തലോടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

“20 വർഷം മുമ്പ് തുടക്കം കുറിച്ച കർഷക സമരം ഇന്ന് അതിൻ്റെ അന്തിമഘട്ടത്തിലാണ്”. കാർഷികമേഖലയെ ഒന്നാകെ സാമാജ്യത്വ കുത്തകകൾക്ക് തീറെഴുതുന്നതിനെതിരെ പച്ചക്കറി, പഴം, പാൽ വിതരണം നിർത്തികൊണ്ട് ഗാവ് ബന്ദ് നടത്തി സമരത്തിന് തുടക്കം കുറിച്ചു. പഞ്ചാബിൽ നിന്ന് 37 കർഷ സംഘടനകളും, ഹരിയാനയിലെ 17 സംഘടനകളും ചേർന്ന് സമരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിവിധ കർഷക സംഘടനകൾ (500) പങ്കുചേർന്ന് സംയുക്ത സമതിയാണ് സമരം നയിക്കുന്നത്. സമരങ്ങൾ ജനങ്ങളുടെ പാഠപുസ്തകമാണ്. “രക്തസാക്ഷികളുടെ രക്തത്തിൻ്റെ അംശങ്ങൾ അതിവേഗം പരിപക്വമായി എന്ന് കർഷകർ നമ്മെ പഠിപ്പിക്കുന്നു.”

ശത്രുരാജ്യത്തോട് എന്ന പോലെയാണ് ഭരണകൂടം സ്വന്തം ജനങ്ങളോട് പെരുമാറുന്നത്. 1947ന് ശേഷം ഒന്നുകിൽ അയൽരാജ്യങ്ങളോട്, അല്ലെങ്കിൽ സ്വന്തം ജനങ്ങളോട് യുദ്ധത്തിലാണ് ഭരണകൂടം. ഓപ്പറേഷൻ ഗ്രീൻഹണ്ട് എന്ന പേരിൽ ആദിവാസി – ദളിത്- ഭൂരഹിത കർഷകർ, കമ്മ്യുണിസ്റ്റ് വിപ്ലവകാരികൾ എന്നിവർക്കെതിരെ മാത്രമായി യുദ്ധം ത്വരിതപ്പെടുത്തിയെങ്കിലും അത് മതിയാവാതെ വന്ന മോദി സംഘം സമാധാൻ19 എന്ന പേരിൽ ദേശവ്യാപകമായി സൈനികനീക്കം നടത്തുന്നു, ജനങ്ങളെ വംശഹത്യയിലേക്ക് തള്ളിവിടുന്നു. ഈ പട്ടാളനീക്കത്തിൻ്റെ ഭാഗമാണ് ഇന്ന് കർഷക സമരകേന്ദ്രങ്ങളെ ചുറ്റിവളഞ്ഞ് ഉപരോധം കടുപ്പിക്കുന്നത്.

സംസാരിക്കാനുള്ള അവകാശത്തിൽ പോലും അധികാരത്തിൻ്റെ കുരുക്ക് മുറുക്കിയിരിക്കയാണ് ഫാസിസ്റ്റുകൾ. കർഷകർ ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദിക്കുന്നു, “ഈ നഗരം തകർത്ത് തരിപ്പണമാക്കി കഴിഞ്ഞാൽ പിന്നെ ആർക്ക് നേരെയാണ് നിങ്ങൾ ഉന്നം പിടിക്കുക” കൊല്ലാതിരിക്കു, ശബ്ദങ്ങളെ കഴുത്ത് ഞെരിച്ച്…” ജീവിതചക്രം തിരിക്കാൻ മാത്രമല്ല കർഷകർ സമരം ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കളുടെ പരമാധികാരവും രാജ്യത്തിൻ്റെ പരമാധികാരവും അന്യാധീനപെടാതിരിക്കാനുള്ള സമരമാണ്. ജനപ്രാതിനിധ്യ സഭയിലെ ഭൂരിപക്ഷം, എന്തും ചെയ്യാനുള്ള അവകാശമല്ലെന്ന് കർഷകർ നമ്മളെ പഠിപ്പിക്കുന്നു.

1999ൽ ബിജെപി-വാജ്പെയ് സർക്കാർ തുടങ്ങിയതും രണ്ടാം മോദി സർക്കാർ സംഘടിപ്പിച്ചതുമായ പാർലമെൻ്റ്, കോടതി, നിയമം, പോലീസ്, സൈന്യം എന്നിവയെല്ലാം സംഘ്പരിവാർ സംഘടനകളോട് ചേർന്ന് ഒന്നായി തീരുന്ന അസാധാരണ കാലമാണ് നമ്മൾ കാണുന്നത്. നിയോ ലിബറൽ പരിഷ്കാരങ്ങൾ തീവ്രമാക്കി കോർപ്പറേറ്റ് സൗഹൃദ സമീപനങ്ങൾ കൂടുതൽ കൃത്യത വരുത്തി കാർഷിക വിരുദ്ധനിയമങ്ങളിലൂടെ.

കമ്പികൾ അഴിച്ചുവെച്ച വയലിൻ വായനയിലാണ് കേരളത്തിലെ ഇടതു ചർച്ചാ വിദഗ്ധർ. കർഷക സമരത്തിൽ മതമില്ല, ജാതിയില്ല, കർഷകർ ഒരു വർഗമെന്ന നിലയിൽ കേവല സാമ്പത്തിക സമരവാദത്തിലൂന്നിയ സമരവുമല്ല ചെയ്യുന്നത് എന്നൊക്കെയാണ് അവരുടെ കണ്ടെത്തൽ. സമരം ചെയ്യുന്ന കർഷകർ അധികാരം പിടിക്കാനല്ല ജീവിക്കാനായിട്ടാണ് സമരം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കർഷകസമരത്തോട് ക്രിയാത്മക സമീപനം എടുക്കാൻ കഴിയാതെ നാട്ടുവൈദ്യൻമാരുടെ ഒറ്റമൂലി പോലെ പൊതുതത്വം തട്ടിവിടുകയാണ് ചർച്ചാവേദിക്കാർ. ഇന്ത്യൻ സമൂഹത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി മേധാവിത്വം പുലർത്തുന്ന നാടുവാഴിത്ത ബ്രാഹ്മണ്യവാദ ആശയശാസ്ത്ര അടിത്തറയിൽ കെട്ടി പൊക്കിയിരിക്കുന്ന ജാത്യാധിഷ്ഠിത അർദ്ധ നാടുവാഴിത്ത സമൂഹത്തിൽ ജാതി ചെലുത്തന്ന സ്വാധീനം നമ്മൾ കാണാതിരുന്നൂകൂട. ഈ സമരത്തിൻ്റെ പ്രധാനശക്തിയെ ഖാലിസ്ഥാൻവാദികളെന്ന് വിളിച്ചപ്പോൾ ഇടതുപക്ഷം കർഷകവർഗ്ഗം എന്നും (CPIM പരിപാടിയിൽ തന്നെ പൊളിച്ചെഴുത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്ന) വിളിക്കുന്നു. പഞ്ചാബ് കർഷകരിലെ ഏറ്റവും വലിയ വിഭാഗം ജാട്ട് സിഖ്, ചെറുകിട കച്ചവടക്കാരായ ഭാവ സിഖ്, സോബി സിഖ്, റായ് സിഖ്, പീസസിഖ്, ലി ഗർ ദളത് സിഖ്, എന്നീ വിഭാഗമാണ്. സമരത്തിൽ ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർഖണ്ഡ് എന്നിവിടങ്ങളിലും സമാനമായ ജാതി സ്വാധീനമാണ് കാർഷിക മേഖലയെ നിയന്ത്രിക്കുന്നത്. കാർഷിക വ്യവസായ സംസ്കരണ മേഖലയിലെല്ലാം ബ്രാഹ്മണ ഹിന്ദുത്വ സ്വാധീനമാണ് നിലനിൽക്കുന്നത്. ‘കേന്ദ്ര ഭരണകൂടങ്ങൾ എല്ലാ കാലത്തും ഹിന്ദുക്കളെ സഹായിച്ചു വന്നതിൻ്റെ വൈരുദ്ധ്യത്തെ നമ്മൾ കാണാതിരുന്നുകൂട. നമുക്ക് ആവശ്യമായ നെല്ല്, ഗോതമ്പ് എന്നിവയുടെ മുപ്പത് ശതമാനവും ഉൽപ്പാദിപ്പിക്കുന്ന സിഖുകാർ സമരനേത്യത്വത്തിൽ വരുന്നത് ഈ വൈരുദ്ധ്യത്തിൽ നിന്നാണ് . ഹരിയാനയിൽ ചരൺ സിംഗാണ് കർഷക സംഘടന ഉണ്ടാക്കിയത്. ജാട്ട്, ബലിയൻ വിഭാഗമാണ് ഈ സംഘടനയുടെ കരുത്ത്. അതുകൊണ്ടാണ് ചരൺ സിംങ്ങ്, ദേവിലാൽ, ചൗതാലമാരെ മറികടന്ന് മഹേന്ദ്ര സിംഗ് ടിക്കായത്തിലേക്ക് നേതൃത്വം എത്തിയത്. ഏഴാം നൂറ്റാണ്ട് മുതൽ കൊയത്ത് പാരമ്പര്യവും ബലിയൻ സമുദായത്തിന് അവകാശപെട്ടതുമാണ്.
ഇന്ത്യയിലെ കർഷക സംഘടനകൾ എല്ലാം തന്നെ ഇത്തരം ജാതി ഘടകങ്ങളുമായി വേർപിരിയാനാവാത്ത വിധം ഇഴുകി ചേർന്നിരിക്കുന്നു. അതാണ് അതിൻ്റെ ശക്തിയും ശക്തിക്ഷയവും.

നാടുവാഴിത്ത കാലത്ത് തന്നെ രൂപംകൊണ്ട മണ്ഡികൾ കർഷകർക്ക് എന്നും ചോദനമായിരുന്നു.’ വികസിതവും നിയന്ത്രിതവുമായ മണ്ഡികൾ വഴിയാണ് കർഷകർ തങ്ങളുടെ വിപണി കണ്ടെത്തിയിരുന്നത്. 45 ദിവസം കൊണ്ട് 130 – 140 ലക്ഷം ടൺ നെല്ല് മണ്ഡികളിൽ വിറ്റഴിയുന്നു. പരിശോധന, തൂക്കം, പാക്കിംഗ്, ചരക്ക് ഗതഗതം എന്നിവയെല്ലാം ഒരേസമയം നടക്കുന്നു. 130 ലക്ഷം ടൺ നെല്ല് പാക്ക് ചെയ്യാൻ 26 കോടി ബാഗുകൾ, നാലര ലക്ഷം തൊഴിലാളികൾ വേണം. 20 ലക്ഷം കർഷകർ അദ്ധ്വാനത്തിൽ ഏർപ്പെടുന്ന
1200 ടാക്ടറുകൾ, 1500 കാളവണ്ടി, 1000 ട്രക്കുകൾ എന്നിവ മണ്ഡികളിലെ ചരക്കുനീക്കത്തിൽ കർഷകരെ സഹായിക്കുന്നു. നെല്ലിൻ്റെ വിളവെടുപ്പ് കഴിഞ്ഞാൽ ഗോതമ്പ് കൃഷിക്ക് വളരെ കുറച്ച് ഇടവേളയേ ഉള്ളു. 3 മുതൽ 5 ദിവസത്തിനകം കർഷകന് അവൻ്റെ ഉത്പന്നം വിറ്റഴിക്കാൻ കഴിയുന്നു. FCIയിലേക്ക് ഈ ധന്യങ്ങൾ മാറ്റുമ്പോൾ ലഭിക്കുന്ന 2.5 ശതമാനം പണമാണ് മണ്ഡികളുടെ വരുമാനം. ഒരേസമയം ഉത്പ്പാദകരും വിതരണക്കാരും, ഉപഭോക്താക്കളുമാണ് മണ്ഡികൾ.
പുതിയ നിയമമനുസരിച്ച് കാർഷിക വിപണി പൂർണ്ണമായും സ്വകാര്യവൽക്കരണത്തിന് വിധേയമാകുന്നതോടെ ഈ മേഖല പൂർണ്ണമായും കത്തകകളുടെ പൂർണ്ണ നിയന്ത്രണത്തിലാവും. ഒറ്റ വിപണി – ഒരിന്ത്യ എന്ന ലക്ഷ്യം ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുക മാത്രമല്ല ഭക്ഷ്യ-ഭക്ഷണ രംഗത്തെ ഭീമൻമാർക്ക് വേണ്ടിയാണ് ഈ നിയമം. ഫലത്തിൽ കർഷക സമരം സാമ്യാജ്യത്വ-കത്തക വിരുദ്ധ – ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരം കൂടിയാണ്. സ്റ്റീൽ വടികളും, ഇരുമ്പ് കൈയുറകളും ഹെൽമറ്റും ധരിച്ച് പുതിയ സൽവാ ജുദം ഡൽഹിയിൽ ഇറങ്ങിയിരിക്കുന്നതിനെ നമ്മൾ നേരിട്ടേ മതിയാവൂ. പുതിയ അടിച്ചമർത്തലുകൾക്കെതിരെ ആദിവാസി-ദളിത്-മത ന്യൂനപക്ഷങ്ങളും, ഭൂരഹിത കർഷകരും അണിനിരക്കണം. കാരണം, കൊളോണിയൽ കാലം മുതൽ മുഴങ്ങിയ “കൃഷിഭൂമി കർഷകന്” എന്ന മുദ്രവാക്യം സ്വയം റദ്ദുചെയ്യുകയാണ് ഈ കർഷക വിരുദ്ധനിയമമങ്ങൾ. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം സഫലമാക്കാൻ കർഷക സമരം വിജയിച്ചേ മതിയാവു.
_ അനാമിക

Like This Page Click Here

Telegram
Twitter