“ഞങ്ങൾക്ക് ലാഭകരമായിട്ടുള്ളത് നിങ്ങൾ ചെയ്യും”


രാജേഷ് വേലൂർ

ബെർണാഡ് ഷായുടെ നാടകങ്ങളൊന്നിൽ ധനാഢ്യനായ അണ്ടർ ഷാഫ്റ്റ് തന്റെ മകനോട് ഇങ്ങനെ പറയുന്നുണ്ട്. ” നിന്റെ രാജ്യത്തിലെ ഗവൺമെന്റ് ഞാനാണ്. ഞാനും ലാസറുമാണ്. നിന്നെ പോലുള്ള അര ഡസൻ രാഷ്ടീയക്കാർ ഒന്നിനും കൊള്ളാത്ത ആ ജല്പനശാലയിൽ നിരന്നിരുന്നത് കൊണ്ട് ഭരിക്കാൻ കഴിയുമോ? ഇല്ല എന്റെ ചങ്ങാതി ഞങ്ങൾക്ക് ലാഭകരമായിട്ടുള്ളത് നിങ്ങൾ ചെയ്യും.” അതിശയോക്തിപരമായ സാഹിത്യ പ്രയോഗമായി ഇന്ന് ഇതാരും കാണുകയില്ലല്ലോ. അംബാനിയും അദാനിയും തുടങ്ങി ചെറുതും വലുതുമായ രാജ്യ-രാജ്യാന്തര കുത്തക കമ്പനികളാണ് രാജ്യത്തെ ഭരണത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തിന്റെ പൊതു സമ്പത്തിനെ എങ്ങനെ വീതം വെക്കണമെന്നും തീരുമാനിക്കുന്നതും അവരാണ്. മോദിയും താടിയുമെല്ലാം വെറുതെയാണ്.

ഇത്തവണത്തെ നിർമ്മല സീതാരാമന്റെ ബജറ്റ് അവതരണം നൂറ് ശതമാനം ഈ വഴിക്കുള്ളതാണ്. ടാഗോറിന്റെ വരികളിലൂടെ ആരംഭിച്ചതുകൊണ്ട് അത് മറച്ചുവെക്കാനാവില്ല. രാജ്യത്തെ അനേക തലമുറകളുടെ അധ്വാന ഫലം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ആദയ വിലയ്ക്ക് (വില്പനയെന്ന് പറയാനാവില്ല) കൊടുത്തു തീർക്കുമ്പോൾ കൊള്ളയെന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കുകളും LIC അടക്കമുള്ള ഇൻഷൂറൻസ് സ്ഥാപനങ്ങളും റയിൽവേയും വൈദ്യുതി ഉല്പാദന-വിതരണ സ്ഥാപനങ്ങളും കാർഷിക മേഖലയും അതിന്റെ വിപണികളും കുത്തകൾക്ക്‌ കൈമാറുമ്പോൾ നിങ്ങൾ അതിൽ നിന്ന് അടിച്ചു മാറ്റുന്നത് എത്രയാണെന്ന് വ്യക്തമാവുന്നുണ്ട്.
പൊതു ഫണ്ടിൽ നിന്ന് നിങ്ങളും നിങ്ങളുടെ യജമാനമാരും കിട്ടാക്കടമെന്ന പേരിൽ കൊള്ളചെയ്യുന്ന പണം ആരുടേതാണെന്നും കാണുന്നുണ്ട്.

റോഡ് വികസനമടക്കമുള്ള അടിസ്ഥാന വികസന വാഗ്ദാനങ്ങളുണ്ടല്ലോ അതാർക്ക് വേണ്ടിയാണെന്നും അതിന്റെ മുതൽമുടക്കും ലാഭവും ആരെ ലക്ഷ്യം വെച്ചാണെന്നും തെളിയുന്നുണ്ട്. ജനങ്ങളത് കേരളമുൾപ്പടെയുള്ള പ്രദേശങ്ങളിൽ കണ്ടതാണ്. നിങ്ങൾ കടൽകൊള്ളക്കാരെ പോലും ലജ്ജിപ്പിക്കുന്ന കടൽ കൊള്ളക്കാരാണ്. കശാപ്പുകാരെ ലജ്ജിപ്പിക്കുന്ന കശാപ്പുകാരാണ്. റോഡുകളിൽ മതിലുകൾ ഉയർത്തിയും മുനകൂർപ്പിച്ച കമ്പികൾ പാകി കൊണ്ടും സ്വന്തം ജനങ്ങൾക്കെതിരെ പ്രയോഗിക്കാൻ വാളുകളും കമ്പിപാരകളും സൈനീകർക്കും ഗുണ്ടകൾക്കും നൽകി കൊണ്ടും അതിജീവനത്തിന്നായ് ജീവൻ നൽകുന്നവരെ തോല്പിക്കാനാവില്ല.
മസിൽ പവർ കൊണ്ടും വിവരമില്ലായ്മ കൊണ്ടും അങ്ങേയറ്റത്തെ ക്രൂരതകൊണ്ടും നിങ്ങൾക്കിത് അതിജീവിക്കാനാവില്ല. ജനങ്ങളുടെ അതിജീവനം നിങ്ങളുടെ കാപട്യങ്ങളെ തകർത്തു കൊണ്ട് മുന്നേറും. ഒരുനാൾ നിങ്ങളുടെ അണികളാൽ തന്നെ നിങ്ങൾ തൂക്കിലേറ്റപ്പെടും.

Like This Page Click Here

Telegram
Twitter