ദലിതരെ വിമോചിപ്പിക്കുവാൻ ഒരു മിശിഹായും ഇറങ്ങി വരില്ല, സ്വയം വിമോചിതരാവണം
സ്വാതന്ത്ര്യത്തിന്‍റെ 74 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്ത്യൻ ജനതയുടെ 25 ശതമാനത്തോളം വരുന്ന ദലിതരുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. ബ്രാഹ്മണ ഹിന്ദുത്വ വിഭാഗങ്ങളുടെ അടിമകളെ പോലെ ജീവിക്കേണ്ടി വരുന്നു എന്നുള്ളതാണ്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഓരോ 16 മിനിറ്റിലും ഒരു ദലിതനെങ്കിലും ആക്രമണത്തിന് ഇരയാകുന്നു. ദിവസത്തിൽ 10 ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു. പ്രതിദിനം 27 അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, (റിപ്പോർട്ട് ചെയ്യപ്പെടാത്തവ ഇതിലും ഇരട്ടിയാകാം). ഓരോ ആഴ്ച്ചയിലും 13 ദലിതരെയെങ്കിലും തട്ടിക്കൊണ്ടുപോവുകയോ കാണാതാവുകയോ ചെയ്യുന്നു. ഓരോ ആഴ്ച്ചയിലും 5 ദലിത് വീടുകൾ അഗ്നിക്കിരയാക്കുന്നു. ഇതിനു പുറമെ നഗ്നരാക്കി നടത്തൽ, ബലം പ്രയോഗിച്ച് മലം തീറ്റിക്കൽ, മൂത്രം കുടിപ്പിക്കൽ, ഭൂമി കൈയ്യേറ്റം, സാമൂഹ്യ ബഹിഷ്ക്കരണം എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങൾ വേറെയും ഉണ്ടാകുന്നു.
2012ൽ ലോകം മുഴുവൻ റിപ്പോർട്ട് ചെയ്യപ്പെട്ട ദില്ലിയിലെ കൂട്ടബലാത്സംഗം (നിർഭയ) നടന്ന അതേ വർഷം 1574 യുവതികൾ ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും ദലിത്, ആദിവാസി സ്ത്രീകളായിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ദലിതർക്കെതിരെയുള്ള ആക്രമണങ്ങളിൽ പൊതുസമൂഹം പ്രതികരിക്കുന്നില്ല എന്നൊരു പരിഭവം ദലിതരിൽ ചിലർ പറയുന്നത് കേൾക്കാം. അത് ബ്രാഹ്മണ മൂല്യങ്ങളും അതിലടങ്ങിയ ജാതി ഭീകരതയും മനസിലാക്കാത്തതു കൊണ്ടാകാം!
ജാതി വ്യവസ്ഥയ്ക്ക് രണ്ടു ഭാവങ്ങളുണ്ട്. ഒന്ന്, ജനങ്ങളെ പ്രത്യേക സമുദായങ്ങളായി വിഭജിക്കുന്നു. രണ്ട്, ഈ സമുദായങ്ങളെ സാമൂഹ്യ പദവിയിൽ ഒന്നിനു മുകളിൽ മറ്റൊന്നായി തരം തിരിച്ചു പ്രതിഷ്ഠിക്കുന്നു. ഒരു ജാതി മറ്റൊന്നിനു മുകളിലാണെന്ന വസ്തുതയിൽ നിന്നാണ് ഓരോ ജാതിയും അഭിമാനവും ആശ്വാസവും നേടുന്നത്!
ഈ തരംതിരിക്കലിന്‍റെ ബാഹ്യ ലക്ഷണമെന്ന നിലയിൽ സാമൂഹികവും മതപരവുമായ അവകാശങ്ങളുടെ മറ്റൊരുതരം തിരിക്കൽ കൂടിയുണ്ട്. ഒരു ജാതിയുടെ പദവി ഉയർന്നതാണെങ്കിൽ അതിന്‍റെ അവകാശങ്ങൾ കൂടുതലായിരിക്കും. താഴ്ന്നതാണെങ്കിൽ അവകാശങ്ങൾ കുറവായിരിക്കും. ജാതികളുടെ ഈ തരംതിരിവും ആരോഹണവും ജാതി വ്യവസ്ഥയ്ക്കെതിരായ ഒരു പൊതു മുന്നണി സംഘടിപ്പിക്കുന്നതിനെ അസാധ്യമാക്കി തീർക്കുന്നു!
എല്ലാവരും ജാതി വ്യവസ്ഥയുടെ അടിമകളാണെങ്കിലും എല്ലാ അടിമകളും പദവിയിൽ സമന്മാരല്ല. പുലയൻ പറയനെക്കാൾ മുകളിലാണെന്നുള്ള ധാരണ. അത്രകണ്ട് ഭീകരമാണ് ജാതി വ്യവസ്ഥ. ഈ ജാതി വ്യവസ്ഥയെ മാറ്റിമറിക്കേണ്ടത് ഇതിന്‍റെ പീഡനമനുഭവിക്കുന്ന ദലിതർ തന്നെയാണ്.
ബ്രാഹ്മണ ഹിന്ദുത്വ ഭരണകൂട ശക്തികൾ നയിക്കുന്ന ചീഞ്ഞളിഞ്ഞ നിയമസംവിധാനങ്ങളെ ആശ്രയിക്കാതെ ദലിതർ സ്വയം സംഘടിക്കുകയും പ്രതിരോധ നിര കെട്ടിപ്പടുക്കുകയുമാണ് ചെയ്യേണ്ടത്. ദലിതരെ വിമോചിപ്പിക്കുവാൻ ഒരു മിശിഹായും ഇറങ്ങി വരില്ല, സ്വയം വിമോചിതരാവുകയാണ് വേണ്ടത്.
ചരിത്രത്തിൽ ദലിതരുടെ സായുധ പോരാട്ടങ്ങൾ ഒന്നും കാണാൻ കഴിയുന്നില്ലെങ്കിലും (1818ൽ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പമുള്ള ഭീമാ കൊറേഗാവ് ഉണ്ടെങ്കിലും) ആദിവാസി വിഭാഗത്തിന്‍റെ ധീരോജ്ജ്വലവും, ത്യാഗോജ്ജ്വലവുമായ പോരാട്ടങ്ങൾ ഇന്ത്യൻ ചക്രവാളത്തിൽ ജ്വലിച്ചു നിൽക്കുന്നു. 1770 മുതൽ 1802 വരെ നീണ്ടു നിന്ന സാമ്രാജ്യത്വ വിരുദ്ധ ആദിവാസി പോരാട്ടങ്ങൾ. 1789ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്ത് പോരാടിയതിന്‍റെ ഫലമായി ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയ ബാബാ തിൽക്കാമഞ്ചി, വീര സുരേന്ദ്ര സായി, ഭഗീരഥ് മഞ്ചി, മുർമു സഹോദരങ്ങൾ, ബിർസാ മുണ്ട തുടങ്ങിയവരുടെ സന്താൾ വിപ്ലവം ഇതൊക്കെ ചരിത്രമാണ്. അത്തരം ഒരു പോരാട്ട വീര്യം ദലിതർക്കില്ലെങ്കിലും കേരളത്തിലെ മഹാനായ അയ്യങ്കാളിയുടെ പാതയെങ്കിലും പിന്തുടരേണ്ടതുണ്ട്!
_ ആദിമ ദ്രാവിഡന്‍
Painting_ Unite, Barbara Jones-Hogu, 1971