അംബേദ്ക്കർ രാഷ്ട്രീയത്തിന്‍റെ ബോക്സോഫീസ് ഹിറ്റ്
അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ നീല രാഷ്ട്രീയം പറയുന്ന തമിഴ് സിനിമ…
_ റെനീഷ് പി എൻ
പരിയേറും പെരുമാൾ BA. BL മേലെ ഒരു കോഡ്
‘കറുപ്പീ യെൻ കറുപ്പീ…’ കഴിഞ്ഞ മൂന്ന് മാസമായി കാറിലും വീട്ടിലും ഫോണിലും കേട്ട് ഞാൻ ആഘോഷിച്ചു കൊണ്ടിരുന്ന ഒരു പാട്ടാണിത്. പക്ഷേ ഈ പാട്ടിന്റെ ദൃശ്യാവിഷ്കരണം കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. സ്വത്വം കൊല ചെയ്യപ്പെട്ടവന്റെ വിരഹമാണ് ഈ ഗാനത്തിൽ ദൃശ്യവൽകരിച്ചിരിക്കുന്നത്.
ദൃശ്യാവിഷ്ണക്കരണത്തിലെ മാസ്മരികത
കഴിഞ്ഞ മൂന്ന് മാസം ഞാൻ മരണവീട്ടിലായിരുന്നു തുള്ളിച്ചാടിയിരുന്നത് എന്നൊരു നീറ്റൽ നെഞ്ചിൽ. ഇത്രയും പറഞ്ഞത് പരിയേറും പെരുമാളിന്റെ ഓപണിങ്ങ് സീനിനെ കുറിച്ച് മാത്രമാണ്, ശേഷം സ്ക്രീനിൽ.
സാമ്പത്തികമായും സാമൂഹികമായും അടിച്ചമർത്തപ്പെട്ടവന്റെ കഥയാണ്, ഡോക്ടറാകാൻ വേണ്ടി ലോ കോളജിൽ വന്നവന്റെ കഥയാണ്, നെറ്റി ചുളിക്കണ്ടാ, ഡോക്ടറെന്ന് പറഞ്ഞാൽ
ഡോ. അംബേദ്കറാകാൻ വേണ്ടി വന്നവൻ.
ബോക്സോഫീസ് വിജയം നേടിയൊരു റൊമാൻസ് -ഡ്രാമ സിനിമയിലാണ് ഇത്ര മനോഹരമായി അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവന്റ ഉയിർത്തെഴുന്നേൽപ്പിന്റെ നീല രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. അതിന് “നീലം” പ്രൊഡക്ഷൻസിനും നിർമ്മാതാവ് പാ രഞ്ജിത്തിനും സംവിധായകൻ മാരി സെൽവരാജിനും കയ്യടികൾ. എന്ത് വില കൊടുത്തും കണ്ടാൽ നഷ്ടമാകാത്ത സിനിമയാണ്. നവ തമിഴ് സിനിമാ ലോകം ഭാവി പ്രതീക്ഷയുമാണ്.
എന്‍റെ മാർക്ക് പത്തിൽ ഒൻപത് ❤️