ശബരിമല പറയുന്നു, കേരളത്തിൽ സ്ത്രീകൾക്കുമേൽ അയിത്തം നിലനിൽക്കുന്നുവെന്ന്

ശബരമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന  സുപ്രീം കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലെ തുല്യനീതി സ്ത്രീക്കും പുരുഷനും ഒരുപോലെ നടപ്പാക്കണമെന്ന തത്വം അനുസരിച്ചുള്ളതാണ്. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ബാധ്യതയുമാണ്. പ്രസ്തുത വിധിക്കാധാരമായ വ്യവഹാരങ്ങള്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷക്കാലമായി. ഈ കാലയളവില്‍ ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയ സംഘ് പരിവാര്‍ സംഘടനകള്‍ ഒന്നും തന്നെ സുപ്രീം കോടതിയില്‍ നടന്നിരുന്ന വ്യവഹാരങ്ങളില്‍ ഇടപെടുകയോ കക്ഷി ചേരുകയോ ഒന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല, സുപ്രീം കോടതിയുടെ വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും, ബി.ജെ.പി യുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്‍റിന്‍റെ ആഭ്യന്തരവകുപ്പ് വിധിനടപ്പാക്കുന്നതിന് കേരള ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയും പിന്‍തുണക്കുകയും ചെയ്തു.

എന്നാല്‍, കോടതിവിധി തുടക്കത്തില്‍ സ്വാഗതം ചെയ്ത കേരളത്തിലെ സംഘ് പരിവാര്‍ സംഘടനകള്‍, പിന്നീട് തങ്ങള്‍ക്ക് വിശ്വാസവും ആചാരവുമാണ് പ്രധാനമെന്നും കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലായെന്നും പറഞ്ഞുകൊണ്ട് സവര്‍ണ്ണ ജാതി ബ്രാഹ്മണവാദികളുടെ നേതൃത്വത്തില്‍ സ്ത്രീകളെയുംകൂട്ടി തെരുവില്‍ ഇറങ്ങുയായിരുന്നു.

ശബരിമലയില്‍ 10നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്ടപെടുമെന്നും അയ്യപ്പന്‍റെ ചൈതന്യം ഇല്ലാതാകുമെന്നും, അതുകൊണ്ട് ഇപ്പോള്‍ തുടര്‍ുന്നുവരുന്ന ആചാരങ്ങളും അയിത്തവും ഇല്ലാതാക്കരുതെന്നുമാണ് സംഘ് പരിവാര്‍ നേതൃത്വത്തിലുള്ള സമരക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമ നിര്‍മ്മാണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് ആര്‍.എസ്.എസ്, ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ ഹിന്ദുത്വ മതേതരർ ഒരേസ്വരത്തിൽ പറയുന്നത്.

ആചാരങ്ങളെകുറിച്ച് വായിട്ടലക്കുന്നവര്‍ ഈ ആചാരങ്ങള്‍ ആരാണ് ഉണ്ടാക്കിയതെന്ന്‍ വ്യക്തമാക്കണം. എന്തിനുവേണ്ടിയാണെന്നും വ്യക്തമാക്കണം. ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന്‍ വാശിപിടിക്കുന്ന പന്തളം രാജകുടുംബവും തന്ത്രിയും ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ട് സ്ത്രീവിരുദ്ധവും തുല്യനീതിയും നിഷേധിച്ചുകൊണ്ട് സ്ത്രീകൾക്ക് അയിത്തം നടപ്പിലാക്കുകയാണ് ചെയ്യുന്നത്.

സ്ത്രീകളുടെ ആര്‍ത്തവം പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് ആചാര സംരക്ഷകര്‍ ഉറഞ്ഞുതുള്ളുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവമില്ലായെങ്കില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലായെന്ന സാമാന്യമായ തിരിച്ചറിവ് പോലും മറന്നാണ് ഭക്തകളായ സ്ത്രീകള്‍ ആചാര സംരക്ഷകരായി തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതു. സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ലൈംഗീക പീഢനങ്ങള്‍ക്കെതിരെ രംഗത്തുവരാത്ത ഈ സ്ത്രീകള്‍ ആര്‍ക്കുവേണ്ടിയാണീ കുഴലൂത്ത് നടത്തുന്നത് ?

സംഘ് പരിവാര്‍ സംഘടനകള്‍ ശബരിമല പ്രശ്‌നം ഒരു തുറുപ്പ് ശീട്ടായി മാറ്റിയിരിക്കുകയാണ്. വോട്ടുബാങ്കാണ് അവരുടെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കും. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുന്നത് ഒരു അശ്ലീലമായിട്ടാണ് സമരക്കാര്‍ കാണുന്നത്. സ്ത്രീകളുടെ ആര്‍ത്തവം അശ്ലീലമായി കാണുന്ന പ്രതിഷേധക്കാരും പന്തളം രാജകുടുംബവും തന്ത്രിമാരും സ്ത്രീകള്‍ അശ്ലീലം ചുമന്നുകൊണ്ടാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു.

ആര്‍ത്തവം ജൈവപരമായ പ്രതിഭാസമാണ്. ആര്‍ത്തവമില്ലായെങ്കില്‍ മനുഷ്യരാശിയില്ല. വൈദ്യശാസ്ത്രം നമ്മളെ ബോധ്യപെടുത്തുന്ന വലിയ സത്യമാണിത്. ശാസ്ത്രീയമായ സത്യങ്ങളൊന്നും അംഗീകരിക്കാതെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ സവര്‍ണ്ണ താല്‍പര്യങ്ങള്‍ വിശ്വാസമായി ഏറ്റെടുത്തുകൊണ്ട് കഥകളി നടത്തുന്നവര്‍ കേരളീയ സമൂഹത്തെ ബോധം കെടുത്തുകയാണ്.

സവര്‍ണ്ണരുടെ അവര്‍ണ്ണ ജനതയോടുള്ള അനീതിയുടെ മറ്റൊരു വശമാണ് ശബരിമല. ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തി നിയമനങ്ങളില്‍ ഈഴവ, ദളിത്, വിശ്വകര്‍മ്മജ,  ധീവര സമുദായങ്ങൾക്കും, തദ്ദേശവാസികളായവര്‍ക്കും മേല്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ആചാരത്തിന്‍റെ പേരിലാണ് അവകാശങ്ങള്‍ നിഷേധിക്കുന്നത്. സവര്‍ണ്ണ ജാതി ബ്രാഹ്മണ മേധാവിത്വത്തിന്‍റെ അധീനതയിലായിരിക്കണം അധികാരങ്ങളും പദവികളും സമ്പത്തുമെല്ലാമെന്ന മനുസ്മൃതി നിയമം നടപ്പിലാക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്, ശബരിമലയിലെ സമരം അതാണ് വ്യക്തമാക്കുന്നത്.

കേരളത്തില്‍ നവോത്ഥാന നായകര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉയര്‍ത്തികൊണ്ടുവന്ന ജനാധിപത്യബോധത്തെയും സ്വാതന്ത്ര്യത്തെയും അതിലൂടെ ഉയര്‍ന്നുവന്ന മുന്നേറ്റത്തെയും തടയുകയാണ് ശബരിമല സമരക്കാര്‍. അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ ബ്രാഹ്മണ മതത്തിന്‍റെതാണ് എന്ന് ഇതര ജാതി സമൂഹങ്ങള്‍ മനസിലാക്കണം. പകരം അവര്‍ അയിത്താചാര സംരക്ഷകരായി ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുകയാണ്.

അറിവിന്‍റെയും അധികാരത്തിന്‍റെയും ഭൂമിയുടെയും സമ്പത്തിന്‍റെയും അധിപന്മാര്‍ തങ്ങള്‍ മാത്രമാണെ് അഹങ്കരിക്കുന്നവരാണ് ബ്രാഹ്മണ മേധാവിത്വം. അതിന്‍റെ പുതിയ പ്രഖ്യാപനമാണ് ശബരിമല തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്‍റെയും. സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് പ്രവേശിച്ചാല്‍ ക്ഷേത്ര നട അടച്ചുപൂട്ടി പോകുമെന്ന്‍ പറയുന്ന ആ ധിക്കാരമുണ്ടല്ലോ, കോടതി വിധിയോടുള്ള യുദ്ധപ്രഖ്യാപനമാണ്. സുപ്രീം കോടതിക്കെതിരെ കോടതിയലക്ഷ്യത്തിന് സമാനമായ തന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സര്‍ക്കാരും പോലീസും സുപ്രീം കോടതിയും അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്.

കേരളം പൊരുതി നേടിയെടുത്ത എല്ലാവിധത്തിലുമുള്ള നവോത്ഥാന നേട്ടങ്ങളെയും ഇല്ലായ്മ ചെയ്യുന്ന വിധത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും എന്‍. എസ്.എസും  കോണ്‍ഗ്രസിന്‍റെ പിന്‍തുണയോടെ ഒത്തുചേര്‍ന്ന്‍ മതേതരത്വത്തെ വെല്ലുവിളിച്ച് സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കേരളത്തെ കാലാപ ഭൂമിയാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതനുവദിച്ചു കൊടുക്കുവാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് കഴിയില്ല.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ആര്‍.എസ്.എസും പറയുന്നതുപോലെ ഏതാനും ‘മതവിശ്വാസികളുടെ വിശ്വാസമാണ് പ്രധാനം,’ പക്ഷെ ഇന്ത്യന്‍ ഭരണഘടന അത്തരമൊരു മതവിശ്വാസമല്ലായെന്ന് മനസിലാക്കാനുള്ള വിവേകം ശ്രീധരന്‍ പിള്ളക്ക് ഇല്ലാതെ പോയത് സഹതാപം അര്‍ഹിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ ജനാധിപത്യവും മതേതരത്വവും മൗലികാവകാശങ്ങളും തുല്യനീതിയും നടപ്പിലാക്കാനുള്ള ഭരണഘടനയാണ് ഇന്ത്യക്കുള്ളതെന്നും ആ ഭരണഘടനാ തത്വമനുസരിച്ചുള്ള സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനമാണ് രാജ്യത്ത് നിയമമായി മാറിയിരിക്കുന്നത്. അതു നടപ്പിലാക്കുകയെന്നത് ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത ഏതൊരു ഗവണ്‍മെന്‍റിന്‍റെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്.

അവര്‍ണ്ണരായ സ്ത്രീകള്‍ മാറ് മറക്കാതെ നടക്കണമെന്ന്‍ ആചാരമുണ്ടായിരുന്നു. പൊതുവഴിയിലൂടെ അയിത്തജാതിക്കാര്‍ നടക്കാന്‍ പാടില്ലായെന്ന ആചാരമുണ്ടായിരുന്നു. മുട്ടിന് കീഴെ മുണ്ടുടുക്കരുതെന്ന്‍ ആചാരമുണ്ടായിരുന്നു. അവര്‍ണ്ണരായ അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നത് ആചാരമായിരുന്നു. വിദ്യ അഭ്യസിക്കാൻ സ്‌കൂളുകളില്‍ പ്രവേശനം നിഷിദ്ധമായിരുന്നു, അതും ആചാരമായിരുന്നു. അസംബന്ധമായ സംബന്ധങ്ങളും ആചാരമായിരുന്നു. അങ്ങിനെ നൂറുകണക്കിന് അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങള്‍ കേരളം തൂത്തെറിഞ്ഞത് പോരാട്ടങ്ങളിലൂടെയാണ്. ആ നവോത്ഥാനത്തെയെല്ലാം പിന്നോട്ടടിപ്പിക്കുന്ന ശബരിമലയിൽ യുവതികൾക്കുമേലുള്ള അയിത്തം അവസാനിപ്പിക്കുവാന്‍ ശ്രീനാരായിണീയരും അയ്യങ്കാളിയുടെ ചെറുമക്കളും പുരോഗമനവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും ധീരമായി രംഗത്തുവരണം. സ്ത്രീകള്‍ക്കുമേല്‍ അയിത്തം അടിച്ചേല്‍പ്പിക്കുന്ന ദുരാചാരങ്ങള്‍ക്കെതിരെ ജനാധിപത്യവാദികള്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ തയ്യാറാകണം.
_ പി എ കുട്ടപ്പന്‍
ഫോണ്‍: 8593915983
മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍.

Leave a Reply