തുറമുഖാനുകൂലികളെ അദാനിയുടെ സ്വകാര്യസേനയെ പോലെ അഴിഞ്ഞാടാൻ അനുവദിച്ചു

“സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്…”
_ “വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഢ്യ സമിതി”യുടെ പ്രസ്താവന

പോലീസ്‌ ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കരുത്

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 130 ദിവസത്തിലേറെയായി സമാധാനപരമായി നടക്കുന്ന സത്യഗ്രഹ സമരത്തെ പോലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങണം. ഇന്നലെ തുറമുഖ നിർമ്മാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികളെ സമരസമിതി സമാധാനപരമായി തടഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത് തമ്പടിച്ചിരുന്ന ഒരു കൂട്ടം തുറമുഖാനുകൂലികൾ സമരക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയുംചെയ്തു. സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്.

തിരുവനന്തപുരം അതിരൂപത ബിഷപ്, വികാരി ജനറൽ എന്നിവരെയടക്കം പ്രതികളാക്കി 9 കേസുകൾ ചാർജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്. സാമൂഹിക സൗഹാർദ്ദവും മൈത്രിയും സംരക്ഷിക്കാൻ അവസരോചിതമായ ഇടപെടലുകൾ നടത്തിയ സമരസമിതി പ്രവർത്തകർക്കെതിരെ വർഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ഗൗരവതരമായി കണ്ട് നിയന്ത്രിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അത് തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകർക്കുകയും ചെയ്യും. വർഗീയ സംഘർഷത്തിനു കോപ്പുകൂട്ടുന്നവരെ കർശനമായി നേരിടുന്നതിനു പകരം സംരക്ഷിക്കുകയും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സമീപനം സർക്കാർ സ്വീകരിച്ചാൽ അത് അപരിഹാര്യമായ നഷ്ടങ്ങൾക്കിടയാക്കും. കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

26.11.22ന് വിഴിഞ്ഞത്തുണ്ടായ അതിക്രമങ്ങളിലും തുടർന്ന് വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കള്ളക്കേസിൽ കുടുക്കി സമര നേതൃത്വത്തെയും നാട്ടുകാരെയും പീഢിപ്പിക്കുന്നതിനെതിരെയും മുഴുവൻ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 28.11.22ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഐക്യദാർഢ്യ സമിതിക്കു വേണ്ടി
അഡ്വ.തമ്പാൻ തോമസ് (ചെയർമാൻ)
ജൂഡ് ജോസഫ് (ജനറൽ കൺവീനർ)
27 Nov. 2022

Photos_ Reuters and Various Media

Follow us on | Facebook | Instagram Telegram | Twitter