ബോബ്മാര്‍ലി അനുസ്‍മരണത്തിനെതിരെ ഭരണകൂടം

ഫോര്‍ട്ടുകൊച്ചി ‘ബോബ്മാര്‍ലി- പാട്ടുംപോരാട്ടവും’ പരിപാടിക്ക് ഉച്ചഭാഷിണി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിക്കുക…
_ റഷീദ് മട്ടാഞ്ചേരി, ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തകസംഘം

2009 മുതല്‍ കൊച്ചി കടപ്പുറത്ത് നടത്തിവരുന്ന ജനകീയ സാംസ്കാരിക പരിപാടിയാണ് ‘ബോബ് മാര്‍ലി- പാട്ടും പോരാട്ടവും’. പരിപാടിയുടെ സാംസ്കാരിക ഉള്ളടക്കം കൊണ്ട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പരിപാടിയില്‍ കവി സച്ചിദാനന്ദന്‍ അടക്കം പ്രശസ്തരായ സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുത്തുവരുന്നു. ദേശീയ -അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ ജനകീയ നാടകക്കാരന്‍ പി.എം. ആന്റണി, ചാരുനിവേദിത, മീന കന്തസാമി, ഗുജറാത്തി നാടോടി ഗായകരായ വിനയ്,ചാരുള്‍ എന്നിവരോടൊപ്പം സംഘപരിവാര്‍ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷ്, ഭീമാകൊറഗാവ് കള്ളക്കേസില്‍ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം തടവിലടച്ച വിപ്ലവകവി വരവര റാവു എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ ഈ പരിപാടിയുടെ ഉദ്ഘാടകരായിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള ജനകീയ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ ആവിഷ്കാരങ്ങളും അവതരണങ്ങളുമായി ഒത്തുചേരുന്ന ഈ പരിപാടിയില്‍ ഉച്ചഭാഷിണി അനുമതിക്കായി നിയമപരമായതും അതിനുപുറമേ ആവശ്യപ്പെട്ടതുമായ മുഴുവന്‍ രേഖകളോടൊപ്പം അപേക്ഷ നല്‍കിയിട്ടും വിവിധകാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ടുപോകുകയും അവസാന സമയത്ത്,

‘യുവാക്കള്‍ കൂട്ടം കൂടാന്‍ സാധ്യതയുണ്ട്..’

‘ലഹരി ഉപതോഗിക്കുന്ന ബോബ് മാര്‍ലിയെ ഇവിടെ നിങ്ങള്‍ അനുസ്മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല..’

‘ഹിന്ദുത്വ ഫാസിസത്തിനെതിരെ യുള്ള പരിപാടി ക്രമസമാധാന പ്രശ്നമുണ്ടാക്കും..’

‘2009ല്‍ ഞാനിവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ പരിപാടി ഒരിക്കലും ഇവിടെ നടത്താന്‍ അനുവദിക്കില്ലായിരുന്നു..’

എന്നൊക്കെ പറഞ്ഞുകൊണ്ട് മട്ടാഞ്ചേരി പോലീസ് അസി. കമ്മീഷണര്‍ V.G.രവീന്ദ്രനാഥ് ഉച്ചഭാഷിണി അനുമതിക്കുള്ള അപേക്ഷ നിരസിക്കുന്നു എന്ന് അറിയിച്ചു. രേഖാപരമായി കാരണം വ്യക്തമാക്കണം എന്ന ആവശ്യം പരിഗണിച്ചതേയില്ല.

ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ഒരു പരിപാടിയും നടത്തിക്കരുതെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇടതുപക്ഷമെന്ന് അവകാശപ്പെപ്പെടുന്ന കേരള സര്‍ക്കാരും നടപ്പിലാക്കുന്നത്. ഫലത്തില്‍ ഇത് സംഘപരിവാര്‍ സേവ തന്നെയാണ്.

ഉച്ചഭാഷിണി നിഷേധിച്ചതില്‍ മുഴുവന്‍ പുരോഗമന സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തണമെന്നും നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ ഭേദഗതികളോടെ ‘ബോബ് മാര്‍ലി പാട്ടുംപോരാട്ടവും2022’ പരിപാടി മെയ് 15 ന് തന്നെ കൊച്ചി കടപ്പുറത്ത് നടത്തുമെന്നും ഹിന്ദുത്വ ഭീകരരാല്‍ ആക്രമിക്കപ്പെട്ട നാടക-സിനിമാസംവിധായകന്‍ സൂവീരന്‍ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ അറിയിക്കുന്നു.

എന്ന്,
റഷീദ് മട്ടാഞ്ചേരി
പ്രോഗ്രാം കണ്‍വീനര്‍,
ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തകസംഘം
9778773641

Follow | Facebook | Instagram Telegram | Twitter