പ്രതിഷേധിക്കുന്നവരെ കേസില്‍ പെടുത്തുന്ന നടപടി പിന്‍വലിക്കുക

“ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസില്‍ പെടുത്തുന്ന സമീപനം ഭരണഘടനാ തത്വങ്ങളോടും സുപ്രീം കോടതി വിധികളോടുമുള്ള വെല്ലുവിളിയും ജനാധിപത്യ-പൗരാവകാശങ്ങളുടെ ലംഘനവും, നിഷേധവുമാണെന്നു ഞങ്ങള്‍ കരുതുന്നു…”
_ സംയുക്ത പ്രസ്താവന

കേരളത്തിലെ പോലീസ്‌ അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുക, സര്‍വീസില്‍ നിന്നും പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി മഞ്ചേരിയിലെ പുതിയ ബസ്‌ സ്റ്റാന്‍ഡിന്‌ സമീപം ഒക്ടോബര്‍ 31, 2022-ല്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്‌. കരുതിക്കൂട്ടി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അനുമതിയില്ലാതെ യോഗം ചേര്‍ന്നുവെന്ന പേരിലാണ്‌ പരിപാടി ഉത്ഘാടനം ചെയ്‌ത അഡ്വ. പി.എ പൗരന്‍, മുഖ്യ പ്രഭാഷകനായ സി.കെ അബ്ദുല്‍ അസീസ്‌ എന്നിവര്‍ക്കും മറ്റുള്ള 8 പേര്‍ക്കുമെതിരെ പോലീസ്‌ കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്‌.

പ്രതിഷേധയോഗം നടക്കുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുൻപ് തന്നെ നോട്ടീസുകളും, പോസ്‌റ്ററുകളും പൊതുവിടങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതിനു ശേഷം നടത്തിയ പൊതുയോഗം ലഹളയുണ്ടാക്കാനായി കരുതിക്കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് കണ്ടെത്തിയ പോലീസിന്റെ ഭാവനാവിലാസം അപാരമാണെന്നു പറയാതെ വയ്യ. ദേശീയ തലത്തില്‍ അറിയപ്പെടുന്ന പൗരവാകാശ പ്രവര്‍ത്തകനും, പിയുസിഎല്‍-ന്റെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പൗരനും കേരളത്തിലെ പൊതുണ്ഡലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അബ്ദുല്‍ അസീസും ലഹളയുണ്ടാക്കുവാന്‍ പ്രേരിപ്പിക്കുന്നവരാണെന്ന്‌ അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ ഇടപെടലുകളെയും കുറിച്ച്‌ അറിയുന്നവര്‍ ആരും പറയില്ല. പ്രതിഷേധ പരിപാടി സംഘടിപ്പിച്ച പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും, പരിപാടിയിൽ പങ്കെടുത്ത ഡി എസ് എ പ്രവർത്തകരുമാണ് കേസില്‍ പെടുത്തപ്പെട്ട മറ്റുള്ളവര്‍.

വൈകുന്നേരം 5 മണിക്ക്‌ തുടങ്ങി ഏകദേശം 6.30-ഓടെ തികച്ചും സമാധാനപരമായി അവസാനിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസില്‍ പെടുത്തുന്ന സമീപനം ഭരണഘടനാ തത്വങ്ങളോടും സുപ്രീം കോടതി വിധികളോടുമുള്ള വെല്ലുവിളിയും ജനാധിപത്യ-പൗരാവകാശങ്ങളുടെ ലംഘനവും, നിഷേധവുമാണെന്നു ഞങ്ങള്‍ കരുതുന്നു. മഞ്ചേരി പോലീസ്‌ കൈക്കൊണ്ട ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ബന്ധപ്പെട്ട അധികാരികളോട്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സമാധാനപരമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും അവയില്‍ പങ്കെടുക്കാനുളള ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും അവകാശത്തിലും ഒരു തരത്തിലുമുള്ള പോലീസ്‌-ഭരണകൂട കൈകടത്തലുകളും അനുവദിക്കാനാവില്ലെന്നും ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

#stand_against_police_atrocities
#stop_police_raj

ഒപ്പ്
ബി ആർ പി ഭാസ്കർ, ബി രാജീവൻ, പി കെ പോക്കർ, കല്പറ്റ നാരായണൻ, അൻവർ അലി, കുരീപുഴ ശ്രീകുമാർ, എം ഗീതാനന്ദൻ, എം എൻ രാവുണ്ണി, അഡ്വ. കെ എസ് മധുസൂദനൻ, രേഖ രാജ്, മൃദുലാദേവി എസ്, ജി ഗോമതി, എൻ സുബ്രഹ്മണ്യൻ, സജീദ് ഖാലിദ്, കെ മുരളി, ജോളി ചിറയത്ത്, ലാലി പി.എം, അഡ്വ. ജെ സുഗതൻ പോൾ, അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ പി ചന്ദ്രശേഖർ, സുൽഫത്ത് എം, അബിക പി, ഡോ : ഹരി പി ജി, അഡ്വ. തുഷാർ നിർമൽ, സുജാ ഭാരതി, അഡ്വ. കെ നന്ദിനി, രവി എസ്, വി സി ജെന്നി, അജയൻ മണ്ണൂർ

Follow us on | Facebook | Instagram Telegram | Twitter