ജീവിതം മുഴുവൻ മർദ്ദിതരുടെ പക്ഷത്തു നിന്ന കുറ്റത്തിനാണ് ഭരണകൂടം വരവരറവുവിനെ വേട്ടയാടുന്നത്

തന്റെ ജീവിതം മുഴുവൻ മർദ്ദിതരുടെ പക്ഷത്തു നിലയുറപ്പിച്ച കുറ്റത്തിനാണ് ഭരണകൂടം വരവര റാവുവിനെ വേട്ടയാടുന്നത്. തടവിലിട്ട് അദ്ദേഹത്തെ കൊല്ലുന്നതിനുള്ള നീക്കത്തെ ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യാവകാശങ്ങളുടേയും ജനാധിപത്യ മൂല്യങ്ങളുടേയും കാര്യത്തിൽ കനത്ത തിരിച്ചടിയായിരിക്കുമത്…

_ അഡ്വ. തുഷാർ നിർമ്മൽ സാരഥി

“ഞങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നടത്തുന്ന ഈ പത്രസമ്മേളനത്തിൽ യാതൊരു രാഷ്ട്രീയ പ്രസ്താവനയും നടത്തുന്നില്ല. അദ്ദേഹത്തിനെതിരായ കേസ്സ് കളവായി കെട്ടിച്ചമച്ചതാണെന്നോ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നോ ഞങ്ങൾ ഈ അവസരത്തിൽ പറയുന്നില്ല. ഒറ്റ കാര്യമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. അദ്ദേഹത്തിന് നല്ല ചികിത്സ ലഭ്യമാക്കുക. അദ്ദേഹത്തെ ഒരു നല്ല ആശുപതിയിലേക്കു ഉടനടി മാറ്റുക”
( സാമൂഹ്യ പ്രവർത്തകൻ എൻ.വേണുഗോപാൽ വരവരറാവുവിന്റെ കുടംബാംഗങ്ങൾ നടത്തിയ അടിയന്തിര പത്രസമ്മേളനത്തിൽ പറഞ്ഞത്. )

ഇന്നലെ മുതൽ ഭീമാ കൊറേഗാവ് കേസ്സിൽ യുഎപിഎ ചുമത്തപ്പെട്ടു തടവിൽ കഴിയുന്ന പ്രശസ്ത കവിയും സാമൂഹ്യപ്രവർത്തകനുമായ വരവര റാവുവിന്റെ ആരോഗ്യ നില സംബന്ധിച്ചു ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ ജയിലിൽ നിന്നും അദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നു. എങ്ങനെയിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ചോദ്യത്തിന് അദ്ദേഹം ബുദ്ധിഭ്രമം ബാധിച്ചത് പോലെയാണ് മറുപടി പറഞ്ഞത്. അദ്ദേഹത്തിന് 3 വയസ്സുള്ളപ്പോൾ മരിച്ചു പോയ അദ്ദേഹത്തിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകളേ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നതിനിടക്കു അദ്ദേഹത്തിന്റെ സഹതടവുകാരനായ വെർനൊൺ ഗോണ്സാൽവെസ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങുകയും അദ്ദേഹത്തിന്റെ വീട്ടുകാരോട് സംസാരിക്കുകയും ചെയ്തു. വരവര റാവുവിനു പരസഹായമില്ലാതെ നടക്കാനോ,കുളിക്കാനോ, പല്ലുതേക്കാനോ കഴിയുന്നില്ല എന്നും അദേഹം ഇടക്കിടക്ക് ബുദ്ധിഭ്രമം ബാധിച്ച പോലെ സംസാരിക്കുന്നുവെന്നും തന്നെ വിട്ടയക്കാൻ ഉത്തരവായതായും ജയിൽ കവാടത്തിൽ തന്നെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ കാത്തു നിൽക്കുന്നതായും അദ്ദേഹം പറയുന്നതായും വെർനൊൺ വീട്ടുകാരെ അറിയിച്ചുവെന്നും വേണുഗോപാൽ അറിയിക്കുന്നു.

ഭീമാ കോറേഗാവ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് ശേഷം വരവര റാവുവിനെ മുംബൈയിലെ തലോജാ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മെയ് മാസം 28 ന് ജയിലിൽ വച്ച് ബോധരഹിതനായ അദ്ദേഹത്തെ ജെ.ജെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണമെന്ന് അപേക്ഷിച്ച് ബോംബേ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ എൻ. ഐ. എ ധൃതി പിടിച്ച് ജൂൺ ഒന്നിന് തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യിക്കുകയും അദ്ദേഹത്തിന് മതിയായ ചികിത്സ നൽകിയെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും കോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യഹർജി കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വരവരറാവുവിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ വരുന്നത്.

തന്റെ ജീവിതം മുഴുവൻ മർദ്ദിതരുടെ പക്ഷത്തു നിലയുറപ്പിച്ച കുറ്റത്തിനാണ് ഭരണകൂടം വരവര റാവുവിനെ വേട്ടയാടുന്നത്. തടവിലിട്ട് അദ്ദേഹത്തെ കൊല്ലുന്നതിനുള്ള നീക്കത്തെ ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യാവകാശങ്ങളുടേയും ജനാധിപത്യ മൂല്യങ്ങളുടേയും കാര്യത്തിൽ കനത്ത തിരിച്ചടിയായിരിക്കുമത്. നിയമവാഴ്ച്ചയുടെ ലോലമായ മറ പോലും വേണ്ടാത്ത വിധം നഗ്നമായ ഭരണകൂട അതിക്രമത്തിന്റെ നാളുകളുടെ പ്രഖ്യാപനമായിരിക്കും അത്. അതു കൊണ്ട് വരവര റാവുവിന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ എല്ലാ ജനാധിപത്യ പുരോഗമന ശക്തികളും മുന്നോട്ടു വരണം.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail