ചോര കുടിക്കുന്ന ബ്രാഹ്മണ്യത്തിന്റെ മുഖം കാണുന്നില്ലേ, ദേ ഇതാണ്
“ഈ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.ഓരോ 3 മണിക്കൂറിലും ഒരു സ്ത്രി ബലാൽസംഗത്തിനിരയാകുന്ന സംസ്ഥാനം. 2021ലെ ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണിത്. അതിൽ ബഹുഭൂരിപക്ഷം സ്ത്രീകളും ദലിതരാണ്. ബലാൽസംഗവും തുടർന്നുള്ള കൊലകളും തീവയ്പും ഒക്കെ യോഗി ഭീകരന്റെ യുപിയിൽ സർവ്വ സാധാരണമായി മാറി…”
ശ്രീജ നെയ്യാറ്റിൻകര
യോഗി ഭീകരന്റെ ഉത്തർപ്രദേശിൽ നടക്കുന്നതൊന്നും ആർക്കും ഞെട്ടൽ പോയിട്ട് അസ്വസ്ഥത പോലുമുണ്ടാക്കാത്തത് സവർണ്ണ ഭീകരത ഒരു നിത്യസംഭവമായി മാറി എന്നത് കൊണ്ടാണോ? യാതൊരു പ്രതിഷേധ ശബ്ദങ്ങളുടെ പ്രതിസന്ധികളുമില്ലാതെ, ഹിന്ദുത്വ ഭീകരർ യു പിയിൽ വേട്ട തുടരുകയാണ്. അനീതി നിറഞ്ഞ ഓരോ വാർത്ത കേൾക്കുമ്പോഴും ആ സംഭവത്തേക്കാൾ വേദനിപ്പിക്കുന്നത് മനുഷ്യരുടെ പ്രതികരണ ശേഷിയില്ലായ്മയെ കുറിച്ചോർത്താണ്. നിശബ്ദത കൊണ്ട് സവർണ്ണ ഭീകരതയ്ക്ക് സഹായം നൽകുന്നവരെ കുറിച്ചോർത്താണ്. എന്തുകൊണ്ടാകും പലരും മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് പൊതുബോധത്തിനെതിരെ നിരന്തരം ശബ്ദിച്ചിരുന്നവർ പോലും പതിയെ പതിയെ മൗനവാത്മീകങ്ങളിലൊളിച്ചത്? ഭയം കൊണ്ടാണോ? അതോ പ്രതികരിച്ചിട്ടും കാര്യമില്ലെന്ന തോന്നലിൽ നിന്നുടലെടുത്ത നിസംഗത കൊണ്ടാണോ? എന്തായാലും മനുഷ്യരേ നമ്മുടെ മൗനത്തിന്റെ നിഴലിലാണ് ബ്രാഹ്മണ്യം ചോര കുടിച്ച് വീർക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണ്.
നോക്കൂ, ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ മൗറവാനിൽ 2022 ഫെബ്രുവരി പതിമൂന്നാം തീയതിയാണ് കേവലം 13 വയസുള്ള ഒരു ദലിത് ബാലികയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ തിങ്കളാഴ്ച രാത്രി ഇരയാക്കപ്പെട്ട ബാലികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കേസ് പിൻവലിക്കണം എന്ന് ഭീഷണി മുഴക്കുകയും, തയ്യാറല്ല എന്ന് പറഞ്ഞതോടെ ബാലികയേയും അവളുടെ മാതാപിതാക്കളേയും ക്രൂരമായി ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തു. ബലാൽസംഗത്തിനിരയായ ബാലിക ഒരു കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുഞ്ഞിനേയും ബന്ധുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും ഭീകരർ തീയിലെറിഞ്ഞു. ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞുങ്ങൾ ആശുപത്രിയിലാണ്.
ഇന്ത്യയിൽ നടന്നതാണീ സവർണ്ണ ഭീകരത. എത്രപേർ ഇതറിഞ്ഞു? അറിഞ്ഞ എത്രപേർ പ്രതികരിച്ചു. ചലച്ചിത്ര പ്രവർത്തക നിഖില വിമൽ സ്ത്രീ വിരുദ്ധതയ്ക്ക് നേരേ ഒരു പ്രസ്താവന നടത്തിയപ്പോൾ പ്രതികരിച്ചത് ആയിരക്കണക്കിന് മനുഷ്യരാണ്. അവരിൽ എത്ര പേർ നമ്മുടെ രാജ്യത്ത് ഒരു ദലിത് ബാലികയ്ക്കും അവളുടെ കുടുംബത്തിനും നേരേ നടന്ന സവർണ്ണ ഭീകരതയ്ക്കെതിരെ നാവുയർത്തി? നമ്മുടെ പ്രതികരണ ശേഷിയ്ക്കല്ല പ്രശ്നം മനുഷ്യരേ നമ്മുടെ നീതിബോധത്തിനാണ് പ്രശ്നം. ചില അനീതികൾ മാത്രേ നമ്മൾ കാണുന്നുള്ളൂ ചില അനീതികൾ നമ്മൾ അറിയുന്നു പോലുമില്ല, അഥവാ അറിയാൻ നമുക്ക് താൽപര്യമേയില്ല.
ഈ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.ഓരോ 3 മണിക്കൂറിലും ഒരു സ്ത്രി ബലാൽസംഗത്തിനിരയാകുന്ന സംസ്ഥാനം. 2021ലെ ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കാണിത്. അതിൽ ബഹുഭൂരിപക്ഷം സ്ത്രീകളും ദലിതരാണ്. ബലാൽസംഗവും തുടർന്നുള്ള കൊലകളും തീവയ്പും ഒക്കെ യോഗി ഭീകരന്റെ യുപിയിൽ സർവ്വ സാധാരണമായി മാറി. ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ പ്രായപൂർത്തിയാകാത്ത ദലിത് ബാലികയെ ബലാൽസംഗം ചെയ്ത സംഭവം നമുക്കറിയാം. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് എംഎൽഎയ്ക്കെതിരെ പോലീസ് കേസ് ചാർജ്ജ് ചെയ്തത് പോലും. ഹത്രാസിലെ ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്തും നാവറുത്തും സമാനതകളില്ലാത്ത ആക്രമണങ്ങൾക്ക് ഇരയാക്കി കൊന്നതും, പാതിരാത്രിയിൽ പോലീസ് ഇടപെട്ട് മൃതദേഹം സംസ്കരിച്ചതും യുപിയിലാണ്. ഹത്രാസ് സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതാണ്. ആ കേസിന്റെ അവസ്ഥ പക്ഷേ എന്തായെന്ന് നമുക്കറിയാം. ഒരു മാസത്തിനു മുൻപാണ് ഹത്രാസ് കേസിലെ 3 പ്രതികളെ കോടതി വെറുതെ വിട്ടത്.
നിരവധി ദലിത് പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് നഗ്നരാക്കി കൊന്ന് കെട്ടിത്തൂക്കുന്ന വാർത്തകൾ ഇടയ്ക്കിടെ യു പിയിൽ നിന്ന് കേൾക്കുന്നതാണ്. ബ്രാഹ്മണ്യം ബലാൽസംഗം ചെയ്യുന്ന, കൊന്നു തള്ളുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സ്ത്രീകളുടെ, എണ്ണം ദിനംപ്രതിയെന്നവണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.