സംഘ് പരിവാർ ഹിംസകൾ തിരിച്ചറിയുന്ന അറബ് ലോകം

ഗൾഫിലെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വര്‍ഗീയതയും വിദ്വേഷവും വ്യാജ വാര്‍ത്തകളും യുഎഇയിലെയും സൗദിയിലേയും പ്രമുഖരും രാജ കുടുംബാഗങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതിനകം തന്നെ സംഘ് പരിവാർ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത അധികൃതർ ഇവരെ ജോലിയിൽ നിന്നും പുറത്താക്കുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. അറബ് ലോകത്ത് നിന്നും സംഘ് പരിവാറിനെതിരെ ഉയരുന്ന പ്രതികരണങ്ങളെ കുറിച്ചു അഷ്‌കർ ലെസ്സിറേയ് എഴുതുന്നു…

എന്താണ് അറബികൾ പെട്ടെന്ന് ഇങ്ങനെ ഇളകാൻ കാരണം എന്ന് പലരും ചോദിക്കുന്നുണ്ട്. മനസ്സിലാക്കിയ കാര്യങ്ങൾ വിശദമായി പറയാം. ഇപ്പോൾ പൊടുന്നനെ ഒരു പൊട്ടിത്തെറി പോലെ അറബികൾ മൊത്തത്തിൽ ഇന്ത്യൻ മുസ്‌ലിങ്ങളുടെ വിഷയം ഏറ്റെടുത്തിട്ടുണ്ട്, എങ്കിലും ഇത് നീറി തുടങ്ങിയത് CAA വന്നത് മുതലാണ്. കശ്മീർ വിഷയം വന്നപ്പോൾ തന്നെ പലരും ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അറബികൾ പൊതുവേ മറ്റു ഭാഷകളിലുള്ള മാധ്യമങ്ങൾ കാര്യമായി ഫോളോ ചെയ്യാറില്ല. ലോക്കൽ മാധ്യമങ്ങളിലും അവരുടെ സോഷ്യൽ നെറ്റ്‌വർക്കുകളിലും സജീവമായി വരാത്ത കാര്യങ്ങൾ പൊതുജനം അറിയണമെന്നില്ല. അല്ലെങ്കിലും ലോക കാര്യങ്ങൾ മൊത്തം സജീവമായി ശ്രദ്ധിക്കുന്ന സ്വഭാവം മലയാളികളെ പോലെ ലോകത്ത് വേറെ ആർക്കും ഇല്ല.

അറബി മാധ്യമങ്ങളിൽ ഇത്രയും കാലം ഇന്ത്യൻ വാർത്തകൾ എന്ന് പറഞ്ഞാൽ പലപ്പോഴും അത് ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും സൽമാൻ ഖാനും ഒക്കെ ആയി തീരുന്ന വാർത്തകളായിരുന്നു. അവർക്ക്‌ അറബികൾക്കിടയിൽ ഗംഭീര ഫോളോവേഴ്സ് ഉണ്ട്. പക്ഷേ ഗൾഫ് ന്യൂസ് പോലുള്ള മാധ്യമങ്ങളിൽ ഇപ്പോൾ കുറച്ചായി തന്നെ ഹിന്ദുത്വ അക്രമങ്ങൾ വാർത്തകളായി വന്ന് തുടങ്ങി, നിരന്തരം ഇവരെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള വാർത്തകൾ മുടങ്ങാതെ വരുന്നുണ്ട്. ഡൽഹി വംശഹത്യ നല്ല രീതിയിൽ തന്നെ അവർ കവർ ചെയ്തു. എന്തിന് അവരുടെ പ്രിയ താരങ്ങളായി സൽമാനും ഷാരൂഖും ഒക്കെ മിണ്ടാതെ ഇരുന്നത് ഒക്കെയാണ് പിന്നെ എന്റർടൈന്മെന്റ് സെക്ഷനിൽ വാർത്തകളായി വന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സാഹചര്യം അറബികൾ ഞെട്ടലോടെ ആദ്യമായി സീരിയസ്സ് ആയി കേട്ട് തുടങ്ങി. ഇപ്പോൾ തല്ലിക്കൊല്ലൽ, ദലിത് പീഡനം, പൗരത്വ വിവാദം ഒക്കെ മെയിൻ ഹെഡ്‌ഡിങ്ങ് ആയി ഫ്രണ്ട് പേജിൽ തന്നെ വാർത്തയായി വന്ന് തുടങ്ങി.

ആദ്യത്തെ അവിശ്വാസമാംവിധമുള്ള ഞെട്ടലും വാം അപ്പ് സ്റ്റേജും കഴിഞ്ഞു, ഇന്ത്യൻ സാഹചര്യം സീരിയസ് ആണ് എന്ന് എല്ലാവരും മനസ്സിലാക്കി. അറബികളുടെ സ്വഭാവം അറിയുന്നവർക്ക് അറിയാം, അവർ മറ്റുള്ളവരുടെ വിഷയങ്ങളിലോ സ്വകാര്യതയിലോ പൊതുവേ തല ഇടാത്ത പ്രകൃതം ഉള്ളവരാണ്. പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. ചിത്രം മൊത്തം മാറിയത് സുബ്രമണ്യൻ സ്വാമിയുടെ ഒരു ഇന്റർവ്യൂ പുറത്ത് വന്നതോടെയാണ്. ഒരു ഇംഗ്ളീഷ് ചാനലിൽ വന്ന മൂപ്പരുടെ ഇന്റർവ്യൂവിൽ CAAയെ ന്യായീകരിക്കുകയും, മുസ്‌ലിങ്ങളെ മൊത്തം നികൃഷ്ടരായും, രണ്ടാംതരം പൗരന്മാർ ആയി പറയുന്നതും കൂടെ കണ്ടപ്പോൾ അവരുടെ സകല കണ്ട്രോളും തെറ്റി. ഒരു പാർലിമെന്റ് അംഗം ആണല്ലോ ഈ പറയുന്നത് ! ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ അറബികൾക്കിടയിൽ കാട്ട് തീ പോലെ പടർന്നു. അറബി സബ്ടൈറ്റിൽ ഒക്കെ വച്ച് അവർ വ്യാപകമായി ഷെയർ ചെയ്തു. പല മലയാളി സുഹൃത്തുക്കളും അവർക്ക് അറബികൾ തന്നെ അറബ് സബ്ടൈറ്റിൽ ഉള്ള വീഡിയോ അയച്ച് കൊടുത്ത കാര്യം പറഞ്ഞിരുന്നു. ഇതോടെ RSS എന്നത് എന്താണെന്ന് അറിയതിരുന്നവർക്ക് ഇപ്പോൾ അത് കേട്ടാൽ തന്നെ കലി വരുന്ന സ്ഥിതിയായി.

അപ്പോൾ ആണ് ഗൾഫിൽ ഉള്ള പല പ്രമുഖരും സംഘികൾ ആണെന്ന് അവർ തിരിച്ചറിയുന്നത്, അവരുടെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും മറ്റും ഇസ്‌ലാമിനെയും അവരുടെ സംസ്കാരത്തെയും വരെ അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ അവഹേളിക്കുന്നത് കൂടെ ആയപ്പോൾ എല്ലാവരും മൊത്തത്തിൽ അങ്ങ് ഇളകി. അതിന്റെ ഇടയിലാണ് മുസ്‌ലിങ്ങളാണ് കൊറോണ പരത്തുന്നത് എന്ന സംഘികളുടെ പ്രചരണവും. പണ്ഡിതരും, പ്രമുഖരും, നിയമ വിദഗ്ധരും, രാജ കുടുംബാംഗങ്ങളും വരെ വരിവരിയായി ഇറങ്ങി തുടങ്ങി. ഇത്തരം വിഷയങ്ങളിൽ ഒരിക്കലും പരസ്യമായി അഭിപ്രായം പറയുകയോ തല ഇടുകയോ ചെയ്യാത്തവരാണ് ഇവർ എന്നോർക്കണം. യുഎന്നിൽ പോകുന്നത് മുതൽ ഇന്ത്യൻ പ്രൊഡക്ടുകൾ ബഹിഷ്ക്കരിക്കുന്നത് വരെ കാര്യങ്ങൾ എത്തി. ചുരുക്കി പറഞ്ഞാൽ, ഇപ്പൊ മൊത്തം കയ്യീന്ന് പോയി!

ഇന്ത്യൻ സർക്കാരിന്റെയും എംബസിയുടെയും ഒക്കെ പിന്തുണയുടെ പുറത്തും, മോഡി എല്ലാവരും ഭയക്കുന്ന ലോക നേതാവായി എന്നൊക്കെ ധരിച്ച് ഊക്കോടെ നടന്നിരുന്ന സംഘികൾ മൊത്തം യാഥാർഥ്യം തിരിച്ചറിഞ്ഞു. മോഡിയെ പേടിച്ച് അമ്പലം ഉണ്ടാക്കാൻ വരെ സ്ഥലം കൊടുത്തു എന്ന് വിശ്വസിച്ച് നടന്നവർക്ക് പിന്നെ ആരെ പേടിക്കാൻ. ഇപ്പോൾ അറബികൾ വിചാരധാര മുതൽ പലരും പഠിച്ച് തുടങ്ങിയിട്ടുണ്ട്. വിദ്വേഷം പോസ്റ്റ് ചെയ്യുന്ന ഗൾഫ് സങ്കികളെ തേടിപ്പിടിച്ച് റിപ്പോർട്ട് ചെയ്യാനും തുടങ്ങി. എന്തായാലും കൂട്ടക്കൊല നടക്കുമ്പോൾ പോലും മിണ്ടാതിരിക്കുന്ന മോഡിക്ക് വരെ ഇപ്പോൾ നമ്മുടെ പെരുമാറ്റം ഒക്കെ മാന്യമാവണം എന്നൊക്കെ പോസ്റ്റ് ഇടേണ്ട ഗതി വന്നു എന്നത് തന്നെ സംഭവം അതീവ ഗുരുതരം ആണെന്നതിന്റെ മുന്നറിയിപ്പാണ്.
_ അഷ്‌കർ ലെസ്സിറേയ്

Follow us on | Facebook | Instagram Telegram | Twitter | Threads