സിദ്ദിഖ്‌ കാപ്പന്‍റെ മോചനത്തിനായി ഇടപെടണം; മുഖ്യമന്ത്രിക്ക് സിദ്ദിഖ്‌ കാപ്പന്‍റെ ഭാര്യയുടെ കത്ത്

“ഏകദേശം ഒരു മാസമായി അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചിട്ട്. ഫോൺ ചെയുന്നത് പോലുള്ള അടിസ്ഥാന അവകാശ൦ പോലൂം നിഷേധിക്കുകയാണ് ജയിൽ അധികൃതർ. എൺപതു കഴിഞ്ഞ രോഗിയായ ഉമ്മ മകനെ അന്വേഷിക്കുമ്പോൾ ഞങ്ങൾക്ക് ഒരു മറുപടി പറയാൻ പോലുമാകാതെ വിഷമിക്കുകയാണ്. പണി തീരാത്ത ഒരു വീടും പഠിക്കുന്ന മൂന്ന് കുട്ടികളുടെ ഭാവിയും ഇന്ന് വലിയൊരു ചോദ്യ ചിഹ്നമായിരിക്കുകയാണ്…”
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക്‌ കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പടെ കേരളത്തിലെ 21 മന്ത്രിസഭാംഗങ്ങൾക്ക് സിദ്ദിക്ക്‌ കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദിഖ് അയച്ച കത്ത്;

പ്രേഷിത

റൈഹാനത്
വേങ്ങര

സ്വീകർത്താവ്

പിണറായി വിജയൻ
മുഖ്യമന്ത്രി
ഗവ. സെക്രട്ടറിയേറ്റ്
തിരുവനന്തപുരം

വിഷയം :- മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ മോചനം

സർ

ഡൽഹിയിൽ അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടലിൽ ജോലി ചെയ്തിരുന്ന ഇപ്പോൾ ഉത്തർ പ്രദേശ് സർക്കാർ അന്യായമായി യു എ പി എ ചാർത്തി തടവിലിട്ടിരിക്കുന്ന മലപ്പുറം സ്വദേശിയും ദൽഹി കെ യു ഡബ്ലിയു ജെ സെക്രട്ടറിയുമായ സിദ്ദിക്ക് കാപ്പൻ എന്ന മാധ്യമ പ്രവർത്തകന്റെ ഭാര്യയാണ് ഞാൻ. ഇന്ത്യയിൽ തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു സംസ്ഥാനമായ ഉത്തർപ്രദേശിൽ സവർണ്ണ താക്കൂർ വിഭാഗത്തിപ്പെട്ടവർ മാനഭംഗപ്പെടുത്തിയ ദളിത് പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് വാർത്ത തയ്യാറാക്കാനാണ് ഹദ്രാസിലേയ്ക്ക്‌ ഒക്ടോബർ അഞ്ചിന് അദ്ദേഹം പുറപ്പെട്ടത്. എന്നാൽ സംഭവ സ്ഥലമെത്തുന്നതിനു മുൻപ് സിദ്ദിക്കിനെയും ഒപ്പം സഞ്ചരിച്ചവരെയും അറസ്റ്റ് ചെയ്ത് ആദ്യം നിസാര വകുപ്പുകൾ ചുമത്തിയ പോലീസ് പിന്നീട് മറ്റൊരു എഫ് ഐ ആർ തയ്യാറാക്കി; യു എ പി എ പോലുള്ള ഭീകര നിയമ ചാർത്തി ജയിലിൽ അടയ്ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ രണ്ടു ദിവസം കേസിനെക്കുറിച്ചുള്ള യാതൊരു വിവരവും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്നില്ല. ഒരു കൊടും ഭീകരനാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഉത്തര പ്രദേശിലെ യോഗി സർക്കാർ ശ്രമിച്ചത്.

അറസ്റ്റ് നടന്ന് ഏകദേശം ഇരുപത് ദിവസങ്ങൾ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു. അറസ്റ്റും തുടർന്നുണ്ടായ നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പു തരുന്ന മൗലീക അവകാശങ്ങളുടെയും ലംഘനങ്ങളാണ്. ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ അദ്ദേഹത്തിന്റെ തൊഴിൽ നിർവഹിക്കാൻ പുറപ്പെടുന്ന ഉദ്യമത്തിനിടയിലാണ് വ്യാജമായ കുറ്റം ചാർത്തപ്പെട്ട് ജയിലിലായത്. ഏറ്റവും ഒടുവിൽ ഹദ്രാസിൽ കലാപത്തെ നടത്താൻ ശ്രമിച്ചു എന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥലത്തു പോകുന്നത് അഞ്ചാം തീയതിയും കേസ് നാലാം തീയതിയുമാണ് എടുത്തിരിക്കുന്നത്.

ഏകദേശം ഒരു മാസമായി അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചിട്ട്. ഫോൺ ചെയുന്നത് പോലുള്ള അടിസ്ഥാന അവകാശ൦ പോലൂം നിഷേധിക്കുകയാണ് ജയിൽ അധികൃതർ. എൺപതു കഴിഞ്ഞ രോഗിയായ ഉമ്മ മകനെ അന്വേഷിക്കുമ്പോൾ ഞങ്ങൾക്ക് ഒരു മറുപടി പറയാൻ പോലുമാകാതെ വിഷമിക്കുകയാണ്. പണി തീരാത്ത ഒരു വീടും പഠിക്കുന്ന മൂന്ന് കുട്ടികളുടെ ഭാവിയും ഇന്ന് വലിയൊരു ചോദ്യ ചിഹ്നമായിരിക്കുകയാണ്. മുഹമ്മദ് മുസമ്മിൽ (17)എന്ന ഏറ്റവും മൂത്ത മകൻ പ്ലസ്ടുവിന് പഠിക്കുന്നു. മുഹമദ് സിദാൻ(12 ) ഏഴാം ക്‌ളാസിൽ പഠിക്കുന്നു, ഏറ്റവും ഇളയ പെൺകുട്ടി മെഹനാസ്(7) രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെയും ഒപ്പം വൃദ്ധയായ ഉമ്മയുടെയും ജീവിതം കഴിയുന്നത് സിദ്ദിഖിന്‍റെ ഏക വരുമാനത്തിലാണ്. ഇന്ന് ഞങ്ങളുടെ കുടുംബം എല്ലാ രീതിയിലും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

ദൽഹി കെ യു ഡബ്ലിയൂ ജെയുടെ സെക്രട്ടറി പദം വഹിക്കുന്ന ഒരു പത്രപ്രവർത്തകൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും സർക്കാർ ഇടപെട്ടില്ല എന്നത് മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് തീർത്തും ഖേദകരമാണ്. മലയാളിയായ ഒരു മാധ്യമ പ്രവർത്തകനെ അന്യായമായി തടവിലിട്ടിരിക്കുന്ന യു പി സർക്കാരിനോട് നമ്മുടെ സർക്കാർ ഔദ്യോഗികമായി ഇടപെടേണ്ടതാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അഭ്യർത്ഥിക്കുന്നു.
ആദരപൂർവം
റൈഹാന സിദ്ദിഖ്

Like This Page Click Here

Telegram
Twitter